ആർത്തവവിരാമം ആരോഗ്യകരമാക്കാം, ഇവ ശ്രദ്ധിക്കൂ

Mail This Article
ആർത്തവവിരാമം എന്നാൽ ഒരു സ്ത്രീയുടെ ആർത്തവചക്രത്തിന്റെ അവസാനമാണ്. ഈ ഘട്ടത്തിൽ എല്ലാ സ്ത്രീകളിലും മാറ്റങ്ങൾ ഉണ്ടാവും. ചിലർക്ക് ഇത് നേരത്തെയാവും. ഇന്ത്യയിലെ സ്ത്രീകളിൽ ആർത്തവ വിരാമത്തിന്റെ ഫലങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധയായ പൂജ മഖിജ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. മധ്യവയസ്സിൽ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ പറയുന്നുണ്ട്. ആർത്തവവിരാമം എല്ലാവരിലും ഒരുപോലെയല്ല. ഇന്ത്യയിലെ സ്ത്രീകളിൽ ഇത് അൽപം വ്യത്യസ്തമാണ്.
ആർത്തവ വിരാമത്തിന്റെ ആഗോളശരാശരി 51 ആയിരിക്കുമ്പോൾ ഇന്ത്യൻ സ്ത്രീകളിൽ അത് 46.7 വയസ്സാണ്. അതിനർഥം മധ്യവയസ്സിലെ ആരോഗ്യകാര്യത്തിൽ നാം നേരത്തെ തന്നെ ശ്രദ്ധകൊടുക്കേണ്ടതുണ്ട് എന്നാണ്. ഒരു സ്ത്രീക്ക് ആർത്തവവിരാമം സംഭവിക്കുമ്പോൾ അവൾക്ക് ഹൃദ്രോഗസാധ്യത ഏറുകയാണ്. ഒപ്പം ബോൺ ഡെൻസിറ്റി വളരെ വേഗം കുറയുകയുമാണ്. വൈറ്റമിൻ ഡി വളരെ കുറവായതിനാൽ ഇത് പ്രത്യേകിച്ചും ഇന്ത്യൻ സ്ത്രീകളെ ഇത് വളരെയധികം ബാധിക്കും.
ആർത്തവ വിരാമത്തെപ്പറ്റി ചർച്ച ചെയ്യുന്നത് ലോകത്തു തന്നെ കുറവാണ്. ഇന്ത്യൻ വീടുകളിൽ അത് ഒരിക്കലും ചർച്ച ആവുന്നില്ല. അതിനു മാറ്റം വരേണ്ടതായുണ്ട്. മധ്യവയസ്സ് എന്നാൽ ആർത്തവവിരാമം അതിജീവിക്കുക എന്നതു മാത്രമല്ല. അതിലൂടെ വളർച്ച പ്രാപിക്കുക എന്നതുകൂടിയാണ്. പൂജ മഖിജ പറയുന്നു. ആർത്തവ വിരാമത്തെക്കുറിച്ച് ലജ്ജിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഒരുമിച്ചു ചേർന്ന് ഈ അവസ്ഥയെ മറികടക്കാനുള്ള ഉത്തരവാദിത്തവും നേതൃത്വവും ഏറ്റെടുക്കണമെന്നും പൂജ തന്റെ കുറുപ്പിൽ പറയുന്നു.