ADVERTISEMENT

പുരുഷന്മാരുടെ വന്ധ്യതയുടെ കാരണങ്ങള്‍ തിരഞ്ഞ്‌ പോകുമ്പോള്‍ പലപ്പോഴും ചെന്ന്‌ നില്‍ക്കാറുള്ളത്‌ ബീജത്തിന്റെ എണ്ണക്കുറവിലും ഗുണക്കുറവിലുമൊക്കെയാകാം. വന്ധ്യതയുടെ കാരണങ്ങള്‍ അറിഞ്ഞ്‌ വേണം ഏത്‌ തരം ചികിത്സ വേണമെന്ന്‌ തീരുമാനിക്കാന്‍. കുട്ടികളുണ്ടാകാതിരിക്കുന്ന ദമ്പതിമാര്‍ ഇനി പറയുന്ന സാഹചര്യങ്ങളില്‍ ചികിത്സ തേടണമെന്ന്‌ ഗര്‍ഭഗുഡി ഐവിഎഫ്‌ സെന്ററിലെ റീപ്രൊഡക്ടീവ്‌ മെഡിസിന്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. വന്ദന രാമനാഥന്‍ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

1. ഒരു വര്‍ഷമായി ശ്രമിച്ചിട്ടും ഗര്‍ഭധാരണം നടക്കാത്ത സാഹചര്യത്തില്‍.
2. സ്‌ത്രീ പങ്കാളിക്ക്‌ 35 വയസ്സിന്‌ മുകളില്‍ പ്രായമുണ്ടാകുകയും ആറ്‌ മാസത്തെ ശ്രമങ്ങള്‍ക്ക്‌ ശേഷവും ഗര്‍ഭധാരണം നടക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍.
3. ശുക്ലത്തിന്റെ അളവിലും നിറത്തിലും സാന്ദ്രതയിലും പ്രകടമായ മാറ്റങ്ങള്‍ അനുഭവപ്പെടുന്ന പക്ഷം
4. ലൈംഗിക ഉദ്ധാരണപ്രശ്‌നം, സ്‌ഖലനത്തിലെ പ്രശ്‌നങ്ങള്‍, ഉദ്ധാരണസമയത്തോ ബന്ധപ്പെടുന്ന സമയത്തോ ഉള്ള വേദന എന്നിവ അനുഭവപ്പെട്ടാല്‍
5. പുരുഷ പങ്കാളി കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവ നേരിടുകയും മറ്റ്‌ മാറാരോഗങ്ങളുടെ ചരിത്രം ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഗര്‍ഭധാരണത്തിന്‌ മുന്‍പ്‌ ഡോക്ടറെ കാണേണ്ടത്‌ അത്യാവശ്യമാണ്‌.
6. ലൈംഗികാവയവങ്ങള്‍ക്ക്‌ എന്തെങ്കിലും ശസ്‌ത്രക്രിയക്ക്‌ വിധേയരായിട്ടുള്ളവരും കുട്ടിക്കാലത്ത്‌ ജനനേന്ദ്രിയത്തിന്‌ അണുബാധകള്‍ വരുകയും ചെയ്‌തിട്ടുള്ളവര്‍. ഇനി പറയുന്ന ചികിത്സ മാര്‍ഗ്ഗങ്ങളാണ്‌ പുരുഷ വന്ധ്യതയെ പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്‌.

1. ജീവിതശൈലി മാറ്റങ്ങള്‍
പുകവലി, മദ്യപാനം, ഹാനികരങ്ങളായ രാസവസ്‌തുക്കളുമായുള്ള സമ്പര്‍ക്കം എന്നിവ ഒഴിവാക്കാന്‍ ആവശ്യപ്പെടും.
2. മാറാരോഗങ്ങള്‍ക്ക്‌ ചികിത്സ
പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ പോലുള്ള മാറാ രോഗങ്ങള്‍ക്ക്‌ ചികിത്സ തേടുന്നതും വന്ധ്യത ചികിത്സയില്‍ നിര്‍ണ്ണായകമാണ്‌.
3. മരുന്നുകളും ആന്റി ഓക്‌സിഡന്റുകളും
ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും എണ്ണം കൂട്ടാനുമുള്ള മരുന്നുകളും ആന്റി ഓക്‌സിഡന്റുകളും 2-3 മാസത്തേക്ക്‌ നിര്‍ദ്ദേശിക്കാറുണ്ട്‌.
4. ശസ്‌ത്രക്രിയ
കടുത്ത വെരിക്കോസീല്‍(ഗ്രേഡ്‌ 3) രോേഗികള്‍ക്ക്‌ ശസ്‌ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ ആവശ്യമായി വരാറുണ്ട്‌.
5. അസിസ്‌റ്റഡ്‌ റീപ്രൊഡക്ടീവ്‌ സങ്കേതങ്ങള്‍
പ്രകൃതിദത്തമായ ഗര്‍ഭധാരണം നടക്കാത്തവര്‍ക്ക്‌ ഇന്‍ട്രാ യൂട്ടറിന്‍ ഇന്‍സെമിനേഷന്‍, ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെയുള്ള ഗര്‍ഭധാരണം ഇന്ന്‌ സാധ്യമാണ്‌. സമ്മര്‍ദ്ധം ലഘൂകരിക്കുന്നതും സന്തുലിതമായ ഭക്ഷണശൈലി പിന്തുടരുന്നതും വ്യായാമം അടക്കമുള്ള ജീവിതശൈലി മാറ്റങ്ങള്‍ വരുത്തുന്നതും ലക്ഷണങ്ങള്‍ക്ക്‌ കൃത്യസമയത്ത്‌ ചികിത്സ തേടുന്നതും പുരുഷന്മാരുടെ വന്ധ്യത നിവാരണത്തില്‍ സ്വാധീനം ചെലുത്തുമെന്നും ഡോ. വന്ദന കൂട്ടിച്ചേര്‍ക്കുന്നു. 

English Summary:

Boost Your Fertility: The Ultimate Guide to Male Infertility Diagnosis & Treatment. Male Infertility, 6 Signs You Shouldn't Ignore & Effective Treatments Explained.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com