ADVERTISEMENT

മുതിര്‍ന്ന പുരുഷന്മാരില്‍ മൂത്രതടസ്സമുണ്ടാക്കുന്ന കാരണങ്ങളില്‍ പ്രധാനമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസുഖങ്ങള്‍. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം (ബിപിഎച്ച്), പ്രോസ്റ്റേറ്റ് കാന്‍സര്‍, അണുബാധ തുടങ്ങിയവയാണ് പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന പ്രധാന അസുഖങ്ങള്‍. ഇവയെല്ലാം ഉണ്ടാക്കുന്ന മൂത്രതടസ്സ പ്രശ്‌നങ്ങള്‍ ഏതാണ്ട് ഒരുപോലെയാണ്.

പ്രോസ്റ്റേറ്റ് വീക്കം
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലം മൂത്രതടസ്സമുള്ളവര്‍ക്ക് അസുഖത്തിന്റെ തീവ്രതയനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. ആരംഭദശയിലുള്ള പ്രോസ്റ്റേറ്റ് വീക്കത്തിന് ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍, ആല്‍ഫാബ്ലോക്കര്‍ മരുന്നുകള്‍ തുടങ്ങിയവ ആശ്വാസം പകരും. മൂത്രം ഒട്ടും പോകാത്ത അവസ്ഥ, വൃക്കകള്‍ക്ക് വീക്കം, വൃക്കപരാജയം, മൂത്രത്തില്‍ കൂടിയുള്ള അമിത രക്തപ്രവാഹം തുടങ്ങിയവ ഉള്ള രോഗികളില്‍ ശസ്ത്രക്രിയ വേണ്ടിവരാം.

prostate-cancer-antoniodiaz-Shutterstock
Representative image. Photo Credit:antoniodiaz/Shutterstock.com

അണുബാധ
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ രോഗാണുബാധ മൂലം മൂത്രതടസ്സത്തോടൊപ്പം വിറയലോടുകൂടിയ പനി, മൂത്രത്തില്‍ പഴുപ്പ്, രോഗാണുബാധ രക്തത്തിലേക്ക് വ്യാപിച്ചാലുണ്ടാകുന്ന സെപ്റ്റിസീമിയ തുടങ്ങിയ അവസ്ഥകളുണ്ടാകാം. അണുബാധ മൂലം മൂത്രതടസ്സമുള്ളവര്‍ക്ക് ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍, ആല്‍ഫാബ്ലോക്കറുകള്‍, കത്തീറ്ററൈസേഷന്‍ തുടങ്ങിയവ കൊണ്ട് ആശ്വാസം ലഭിക്കും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ പഴുപ്പ് ഉള്ളവര്‍ക്ക് എന്‍ഡോസ്‌കോപ്പി വഴി പഴുപ്പ് എടുത്തുകളയേണ്ടിവരും.

പ്രോസ്റ്റേറ്റ് കാന്‍സര്‍
പ്രോസ്റ്റേറ്റ് കാന്‍സറിന് മൂത്രതടസ്സത്തോടൊപ്പം നട്ടെല്ല്, ഇടുപ്പെല്ല് മുതലായവയില്‍ വേദന, ഒടിവ്, കാലുകള്‍ക്ക് തളര്‍ച്ച, നീര് തുടങ്ങിയവയും ഉണ്ടാകാം. ആരംഭദശയിലുള്ള പ്രോസ്റ്റേറ്റ് കാന്‍സറിന് ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും രോഗമുക്തി സാധ്യമാണ്. രോഗം വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഹോര്‍മോണ്‍ ചികിത്സ, റേഡിയേഷന്‍, കീമോതെറപ്പി തുടങ്ങിയവ വേണ്ടിവരാം.
(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.എന്‍.ഗോപകുമാര്‍ യൂറോളജിസ്റ്റ് &  ആന്‍ഡ്രോളജിസ്റ്റ്, യൂറോകെയര്‍, തിരുവനന്തപുരം)

English Summary:

Prostate Inflammation, Infection, Cancer: Understanding Your Risk & Treatment Options. Prostate Problems: BPH, Infection, Cancer – Diagnosis & Treatment Guide.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com