വിറയൽ മുതൽ കോട്ടുവാ വരെ; ശരീരം പ്രകടമാക്കുന്ന ഈ സൂചനകൾ രോഗലക്ഷണമോ?

Mail This Article
മനുഷ്യശരീരം ഒരദ്ഭുതമാണ്. എന്തെങ്കിലും പന്തികേടുണ്ടെങ്കിൽ ശരീരം അടയാളങ്ങൾ തരും. മനുഷ്യശരീരം തുടർച്ചയായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സൂചനകളെ നമ്മൾ ചിലപ്പോൾ അവഗണിച്ചെന്നു വരും. പേശികൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തം മുതൽ അമിതമായ കോട്ടുവാ വരെ ഇത്തരത്തിൽ ശരീരം നൽകുന്ന സൂചനകളാണ്. ചിലപ്പോൾ പോഷകങ്ങളുടെ അഭാവം ആകാം ഇവയ്ക്ക് കാരണം. ഇത്തരത്തിൽ അസാധാരണമായ ചില ലക്ഷണങ്ങൾ ചില വൈറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം മൂലമാണെന്ന് ആരോഗ്യവിദഗ്ധനായ ഡോ. എറിക് ബർഗ് പറയുന്നു. ഇത്തരത്തിൽ നമ്മൾ ദിവസവും അവഗണിക്കുന്ന ചില ലക്ഷണങ്ങളും ആരോഗ്യത്തിനും സൗഖ്യത്തിനും ഭക്ഷണത്തിൽ വരുത്തേണ്ട ചെറിയ മാറ്റങ്ങളും എന്തൊക്കെ എന്നു നോക്കാം.
∙ ചെവിയിൽ മുഴക്കം
ചെവിക്കുള്ളില്‍ അസാധാരണമായ ശബ്ദമോ ചെണ്ടയുടെ മുഴക്കമോ പോലെ കേൾക്കാറുണ്ടോ? പ്രത്യേകിച്ച് കിടക്കുമ്പോൾ ഈ അസാധാരണമായ അവസ്ഥയ്ക്ക് കാരണം പൊട്ടാസ്യത്തിന്റെ അഭാവമാകാം. ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുന്നതിലും പേശികൾ ചുരുങ്ങുന്നതിലും എല്ലാം പൊട്ടാസ്യം പ്രധാനപങ്കുവഹിക്കുന്നു. പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോൾ ചെവിക്കുള്ളിലെ പ്രഷർ നിയന്ത്രിക്കാനുള്ള ശീരത്തിന്റെ കഴിവിനെ ബാധിക്കുന്നു. പൊട്ടാസ്യം ധാരാളമടങ്ങിയ വാഴപ്പഴം, പച്ചച്ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി പൊട്ടാസ്യത്തിന്റെ അഭാവം തടയാൻ സാധിക്കും.

∙ പേശീസങ്കോചം
നമ്മളറിയാതെ തന്നെ പേശികൾ പ്രത്യേകിച്ച് കണ്ണിലും കാലുകളിലുമുള്ള പേശികള്‍ സങ്കോചിക്കാറുണ്ട്. മഗ്നീഷ്യത്തിന്റെ അഭാവം ആകാം ഇതിനു കാരണം. നാഡികളുടെ പ്രവർത്തനത്തിനും പേശികളുടെ വിശ്രാന്തിക്കും മഗ്നീഷ്യം ആവശ്യമാണ്. മഗ്നീഷ്യത്തിന്റെ അഭാവം പേശികളുടെ സങ്കോചത്തിനു കാരണമാകും. മഗ്നീഷ്യം ധാരാളമടങ്ങിയ നട്സ്, സീഡ്സ്, ഇലക്കറികൾ, മുഴുധാന്യങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ പ്രവർത്തനം നിയന്ത്രിക്കാനും പേശീസങ്കോചം ഒഴിവാക്കാനും സഹായിക്കും.
∙ അമിതമായ കോട്ടുവാ
ക്ഷീണിച്ചിരിക്കുമ്പോൾ കോട്ടുവായിടുന്നത് സാധാരണയാണ്. എന്നാൽ ഇത് അമിതമായാൽ അതിനു കാരണം സിങ്കിന്റെ അഭാവമാകാം. എൻസൈമുകളുടെ പ്രവർത്തനത്തിനും പ്രതിരോധസംവിധാനത്തിന്റെ ആരോഗ്യത്തിനും നാഡീസന്തുലനത്തിനും സിങ്ക് ആവശ്യമാണ്. സിങ്കിന്റെ അഭാവം ഊർജനില കുറയാനും ഇടയ്ക്കിടെ കോട്ടുവാ വരാനും കാരണമാകും. സിങ്ക് ധാരാളമടങ്ങിയ മത്തങ്ങാക്കുരു, കടല, ഇറച്ചി, പാലുൽപന്നങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സിങ്കിന്റെ അളവ് കൂട്ടുകയും ഊർജനില വർധിക്കുകയും ഉപാപചയപ്രവർത്തനം മെച്ചപ്പെടുകയും ചെയ്യും.

∙ എപ്പോഴും ഉത്കണ്ഠ
അസാധാരണമായ ഉത്കണ്ഠ, ആധി ഇവയെല്ലാം സമ്മർദം കൊണ്ട് മാത്രമാവണമെന്നില്ല. മറിച്ച് വൈറ്റമിൻ ബി1 (തയാമിൻ) ന്റെ അഭാവമാകാം ഇതിനു കാരണം. നാഡികളുടെ പ്രവർത്തനത്തിനും ശരീരത്തിന്റെ പ്രതിരോധ പ്രതികരണം നിയന്ത്രിക്കാനും വൈറ്റമിൻ ബി1 ആവശ്യമാണ്. മുഴുധാന്യങ്ങൾ, സൂര്യകാന്തി വിത്ത്, പയർവർഗങ്ങൾ ഇവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൈറ്റമിൻ ബി1 ന്റെ അളവ് കൂട്ടാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.
∙ കൊളസ്ട്രോൾ കൂടുതൽ
ഉയർന്ന കൊളസ്ട്രോളിന് പലപ്പോഴും കാരണം, ഭക്ഷണരീതിയും ജീവിതശൈലിയുമാണ്. നിയാസിൻ അഥവാ വൈറ്റമിൻ ബി3 യുടെ അളവ് കുറയുന്നതും കൊളസ്ട്രോൾ കൂടുന്നതിനും ഒരു കാരണമാണ്. കൊഴുപ്പിന്റെ ഉപാപചയ പ്രവർത്തനത്തിനും ആരോഗ്യകരമായ രക്തചംക്രമണത്തിനും നിയാസിൻ സഹായിക്കും. ശരീരത്തിൽ നിയാസിന്റെ അളവ് കുറയുമ്പോൾ കൊളസ്ട്രോൾ കൂടും. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. മത്സ്യം, കോഴിയിറച്ചി, നിലക്കടല, മുഴുധാന്യങ്ങൾ, തുടങ്ങി നിയാസിൻ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

∙ ഇരുട്ടിൽ കാഴ്ച മങ്ങുന്നു
മങ്ങിയ വെളിച്ചത്തിൽ വ്യക്തമായി കാണാൻ പ്രയാസം അനുഭവപ്പെടുന്നത് വൈറ്റമിൻ എ യുടെയോ സിങ്കിന്റെയോ അഭാവം മൂലമാകാം. ഈ രണ്ടു പോഷകങ്ങളും കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. വെളിച്ചം കുറഞ്ഞ അന്തരീക്ഷത്തോട് പൊരുത്തപ്പെടാനും ഇവയ്ക്കാകും. സിങ്കിന്റെയോ വൈറ്റമിൻ എയുടെയോ അഭാവം നിശാന്ധതയ്ക്കും കാഴ്ചത്തകരാറുകൾക്കും കാരണമാകും. വൈറ്റമിൻ എ ധാരാളമടങ്ങിയ കാരറ്റ്, മധുരക്കിഴങ്ങ്, ലിവർ, ഒപ്പം സിങ്ക് ധാരാളമടങ്ങിയ നട്സ്, പാലുൽപന്നങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രാത്രിയിലെ കാഴ്ച മെച്ചപ്പെടുത്തുകയും കണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും.