ADVERTISEMENT

ചോദ്യം : എനിക്ക് 56 വയസ്സുണ്ട്. ഹൃദയമിടിപ്പ് സാധാരണയിലും വേഗത്തിലാണ്. ഭയങ്കര ക്ഷീണവും ചിലപ്പോഴൊക്കെ തലകറക്കവും ഉണ്ടാകാറുണ്ട്. ഇത് ഹൃദയസംബന്ധമായ പ്രശ്നമാണെന്നാണ് ഡോക്ടർ പറയുന്നത്. അസാധാരണമായ ഹൃദയമിടിപ്പ് എന്തുകൊണ്ടാണുണ്ടാകുന്നത്? ഈ രോഗം ഹൃദയാഘാതത്തിലേക്കു നയിക്കുമോ?

ഉത്തരം : സാധാരണ ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ 72 പ്രാവശ്യം എന്ന തോതിലാണ്. അത് 90 വരെ കൂടാം, 60 വരെ കുറയാം. അതിൽ മാറ്റം എപ്പോഴും ഉണ്ടാകും. കായികതാരം അല്ലെങ്കിൽ നല്ല ആരോഗ്യവാനായ ഒരാൾക്ക് പലപ്പോഴും ഹൃദയമിടിപ്പ് 60–62 എന്ന തോതിലായിരിക്കും അത്. എന്നാൽ സാധാരണയായി തന്നെ  80 ഉം 90 ഉം അടിസ്ഥാന ഹാർട്ട് റേറ്റ് പലപ്പോഴും അതിലും കൂടുതലായിരിക്കും. ജനനസമയത്ത് ഇത് 100–120 വരെ പോകാം. ഹൃദയമിടിപ്പിന്റെ എണ്ണവും താളവും പ്രധാനമാണ്. പല അവസ്ഥകളിൽ ഇതിന് മാറ്റം സംഭവിക്കാം. സമ്മർദവും ഉത്കണ്ഠയും ഉറക്കമില്ലായ്മയും ഉണ്ടാകുമ്പോൾ ഹൃദയമിടിപ്പ് കൂടാവുന്നതാണ്. ചില ആഹാരപദാർഥങ്ങൾ കഫെയിൻ അടങ്ങിയ കാപ്പി, ചോക്ലേറ്റ് മുതലായവയും ഹൃദയമിടിപ്പ് കൂട്ടുന്നവയാണ്. ചില മരുന്നുകൾ ആസ്മയ്ക്ക് ഉപയോഗിക്കുന്ന സൽബ്യൂട്ടമോൾ പോലുള്ള മരുന്നുകളും ഹൃദയമിടിപ്പ് കൂടാൻ കാരണമാകും.

അതിനു പുറമേ പരോക്സിസ്മൽ, ടക്കി കാർഡിയ, വെൻട്രിക്കുലാർ ടക്കികാർഡിയ എന്നിങ്ങനെ പല അവസ്ഥകളും ഹൃദയമിടിപ്പിൽ വ്യത്യാസം വരുത്തും. ഹൃദയത്തിന്റെ മുകളിലത്തെ അറയായ ഏട്രിയത്തിൽ അസാധാരണമായ ഇടിപ്പ് കൂടുന്ന അവസ്ഥയെ ‘പരോക്സിസ്മൽ ഏട്രിയൽ ടക്കി കാർഡിയ’ എന്നു പറയുന്നു. വെറുതെ ഇരിക്കുന്ന സാഹചര്യത്തിൽ പെട്ടെന്നു ഹൃദയമിടിപ്പ് വല്ലാതെ കൂടുകയും കുറച്ചു കഴിയുമ്പോൾ അത് താനെ കുറയുകയും ചെയ്യും. ഹൃദയമിടിപ്പ് കൂടുന്ന സമയം ശ്വാസംമുട്ടൽ, തലകറക്കം പോലെയുള്ള അസ്വസ്ഥതകളും ഉണ്ടാകാം. അതുപോലെ എടിഎഫ് ഫിബ്രില്ലേഷൻ എന്ന അവസ്ഥ ചിലർക്ക് ഇടയ്ക്കും മറ്റു ചിലർക്ക് സ്ഥിരമായിട്ടും വരാറുണ്ട്. അങ്ങനെ വന്നാൽ ഹൃദയമിടിപ്പ് കൂടുകയും താളക്രമത്തിൽ വ്യത്യാസം വരികയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിലും നേരത്തേ പറഞ്ഞ മാറ്റങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. അതേസമയം, വെൻട്രിക്കിൾസ് കൊണ്ടുണ്ടാകുന്ന ഹൃദയത്തിന്റെ താളക്രമത്തിലെ മാറ്റങ്ങൾ കുറച്ചു കൂടി അപകടകരമണ്. പലപ്പോഴും രക്തസമ്മർദം കുറയാനും ഹൃദയാഘാതം വരെ ഉണ്ടാകാനും സാധ്യതയുണ്ട്.

താങ്കൾക്ക് 56 വയസ്സില്‍ ഹൃദയമിടിപ്പ് ഇടയ്ക്കിടയ്ക്കു കൂടുന്നു എന്നു പറയുമ്പോൾ പ്രധാനമായും പരിഗണിക്കേണ്ടത് ശാരീരികാവസ്ഥയാണ്. സമ്മർദവും ഉത്കണ്ഠയും തന്നെയാകാം ഒരു പ്രധാന കാരണം. കൂടുതലായിട്ട് കാപ്പി, ചോക്ലേറ്റ് എന്നിവ ഉപയോഗിക്കുന്നതിനാലും തൈറോയ്ഡ് ഹോർമോണിന്റെ തോത് കൂടുന്നതുപോലുളള പ്രത്യേക കാരണങ്ങൾ കൊണ്ടും ഇതു സംഭവിക്കാം. ഇതാണോ കാരണം എന്ന് കണ്ടെത്തുക. ഇതൊന്നുമല്ലെങ്കിൽ ഇസിജി എടുത്തു നോക്കണം. ഇസിജിയിൽ കൃത്യമായിട്ട് കിട്ടിയില്ല എങ്കിൽ 24 മണിക്കൂർ നിരീക്ഷണം വേണ്ടിവരും. ഹൃദയമിടിപ്പിന്റെ കാരണം മനസ്സിലായിക്കഴിഞ്ഞാൽ നിയന്ത്രിക്കാനുളള മരുന്നുണ്ട്. പ്രഷർ, പ്രമേഹം, തുടങ്ങിയ കാര്യങ്ങൾ കൃത്യമായി നിയന്ത്രിക്കേണ്ടതുണ്ട്. തൈറോയ്ഡിന്റെ ഹോർമോണിൽ അമിതമായ പ്രവർത്തനം ഉണ്ടെങ്കിൽ അതിനുള്ള മരുന്നുകൾ കഴിക്കണം.

മരുന്നുകള്‍ കൊണ്ട് സാധിക്കാത്ത ചില അസുഖങ്ങൾ ഇലക്ട്രോ ഫിസിയോളജിക്കൽ പഠനം നടത്തി നമ്മുടെ ഹൃദയത്തിലെ വൈദ്യുത ചാലകങ്ങൾ ശരിയായ രീതിയിലാണോയെന്ന് പരിശോധിക്കുകയും ആവശ്യമെങ്കിൽ ശസ്ത്രക്രിയ വേണ്ടി വരികയും ചെയ്യും. ശസ്ത്രക്രിയ എന്നാൽ ഇലക്ട്രോഫിസിയോളജിക്കൽ ലാബിൽ വച്ചു തന്നെ അങ്ങനെയുള്ള ഭാഗങ്ങൾ കരിച്ചു കളയാനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും സാധിക്കും. ഹൃദയമിടിപ്പ് കൂടുന്നതോടൊപ്പം തലകറക്കവും ക്ഷീണവും ഉണ്ടെങ്കിൽ ഇസിജി എടുക്കുകയും ഹൃദ്രോഗവിദഗ്ധനെ കണ്ട് മറ്റ് പരിശോധനകൾ ആവശ്യമാണോയെന്ന് സ്ഥിരീകരിക്കുകയും വേണം.

English Summary:

High Heart Rate at 56? Understanding Causes, Risks & Treatments. Racing Heart, Dizziness, Fatigue Understanding Your Heart Rate's Warning Signs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com