ADVERTISEMENT

 ആസ്മയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരുണ്ടാവില്ല. ലോകമെമ്പാടുമുള്ള എല്ലാ പ്രായക്കാർക്കിടയിലും കണ്ടുവരുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണിത്. വർഗ വർണ ലിംഗ ഭേദമന്യേ ആരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാം. ഏകദേശം 300 ദശലക്ഷത്തിലധികം ആളുകൾ  ആസ്മ മൂലം കഷ്ടപ്പെടുന്നു എന്നാണ് കണക്കുകൾ. പ്രതിവർഷം നാലുലക്ഷത്തിൽപരം മരണങ്ങൾ, ചുമച്ചും ശ്വാസംമുട്ടിയും ജീവിക്കേണ്ടി വരുന്ന ദശലക്ഷങ്ങൾ -  ആസ്മ ഉണ്ടാക്കുന്ന സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല.

ഇന്ത്യയിൽ ജനസംഖ്യയുടെ ഏതാണ്ട് മൂന്നു മുതൽ അഞ്ചു ശതമാനം പേർ  ആസ്മ ബാധിതരാണെന്നു പറയാം. ലോകാരോഗ്യ സംഘടനയുടെ അനുസരിച്ച് ആഗോള  ആസ്മ മരണങ്ങളിൽ ഇരുപത്തിരണ്ടു ശതമാനം മരണങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. കൗമാരക്കാരുടെ ഇടയിൽ പത്തു ശതമാനത്തോളം പേർക്ക്  ആസ്മ ഉണ്ടെന്നാണ് കേരളത്തിൽ നടന്നിട്ടുള്ള ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശരിയായ ചികിത്സ ലഭിച്ചാല്‍ മിക്കപ്പോഴും പൂര്‍ണമായി നിയന്ത്രിക്കാനാകുന്ന ഒരു രോഗാവസ്‌ഥയാണ്‌ ഇത്. കടുത്ത ശ്വാസംമുട്ടുമായി ആശുപത്രികളിൽ എത്തുന്നവര്‍ക്കു പോലും മിനിട്ടുകള്‍ക്കുള്ളില്‍ രോഗശമനം ലഭിക്കും. എന്നിട്ടും സ്ഥിതി ഇങ്ങനെയൊക്കെ ആണെന്നുള്ളത് ഒട്ടും ആശാസ്യമല്ല .

രോഗനിയന്ത്രണം പ്രധാനം
സാധാരണഗതിയില്‍ ചികിത്സിക്കാന്‍ ഏറെ എളുപ്പമായ  ആസ്മ നല്ലൊരുപങ്ക്‌ രോഗികളിലും ശരിയായി നിയന്ത്രിക്കപ്പെടാറില്ല എന്നതാണ് യാഥാർഥ്യം. അതെന്തു കൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഒറ്റ വാക്കില്‍ ഉത്തരം പറയാനാവില്ല. പാരമ്പര്യ ഘടകങ്ങള്‍ മുതല്‍ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ വരെ, അലര്‍ജി മുതല്‍ അനുബന്ധ രോഗങ്ങള്‍ വരെ ഈ സ്‌ഥിതിവിശേഷത്തിനു കാരണമാകുന്നു.. പൊടിപടലങ്ങള്‍, പൂമ്പൊടി, കാലാവസ്‌ഥ മാറ്റങ്ങള്‍ തുടങ്ങിയവ   ആസ്മ വഷളാക്കാനിടയാകുന്നവയാണ്‌. പലപ്പോഴും ഇത്തരം ഘടകങ്ങളുടെ സാന്നിധ്യം നമ്മുടെ ശ്രദ്ധയില്‍പെട്ടെന്നു പോലും വരില്ല.

ചന്ദനത്തിരി, കൊതുകുതിരി, പെര്‍ഫ്യൂമുകള്‍ തുടങ്ങി മുഖത്തിടുന്ന പൗഡര്‍ വരെ  ആസ്മ നിയന്ത്രണത്തെ ബാധിച്ചേക്കാം. പുകവലിക്കുന്നവർ പുറത്തേക്ക്‌ വിടുന്ന പുക ശ്വസിക്കാനിടയാകുന്നത്‌ അനിയന്ത്രിത  ആസ്മയുടെ പ്രധാന കാരണങ്ങളിലൊന്നാണ്‌, പ്രത്യേകിച്ച്‌ കുട്ടികളിലും സ്‌ത്രീകളിലും. ഇങ്ങനെ പുക ശ്വസിക്കാനിടയാകുന്നവരിലും പുകവലിക്കാരിലും  ആസ്മക്കുള്ള മരുന്നുകള്‍ വേണ്ടത്ര ഫലിക്കുന്നില്ല എന്ന്‌ വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. രോഗം തീവ്രമായ അവസ്‌ഥയില്‍ തന്നെ തുടരുന്നതിനു പിന്നില്‍ ഇത്തരം ഘടകങ്ങളുണ്ടോ എന്ന്‌ പരിശോധിക്കുകയും അവയില്‍ നിന്നെല്ലാം കഴിവതും ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യേണ്ടത്‌ രോഗനിയന്ത്രണത്തില്‍ സുപ്രധാനമാണ്.

Representative image. Photo Credit:ljubaphoto/istockphoto.com
Representative image. Photo Credit:ljubaphoto/istockphoto.com

ഇൻഹേലർ ചികിത്സ: സുരക്ഷിതം, ഫലപ്രദം
ആവശ്യമായ മരുന്നുകള്‍ തീരെ ചെറിയ അളവില്‍ ശ്വാസനാളികളിലേക്ക് നേരിട്ട്‌ എത്തിക്കുന്ന ഇൻഹേലർ വഴിയുള്ള ചികിത്സയാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവും. വിരോധാഭാസമെന്നു പറയാം, ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ചികിത്സാ രീതിയും ഇത് തന്നെ. ഇന്‍ഹേലറുകള്‍ ഉപേക്ഷിച്ച്‌ ഗുളികകളിലേക്ക്‌ മടങ്ങാം - എന്ന രീതിയിലുള്ള പരസ്യങ്ങള്‍ കണ്ടുവരാറുണ്ടല്ലോ. രൂക്ഷതയേറിയ മരുന്നുകളാണ്‌ ഇന്‍ഹേലര്‍ രൂപത്തില്‍ നല്‍കുന്നതെന്നും ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ അതു നിര്‍ത്തുവാനാവില്ലെന്നും മറ്റും നിവൃത്തിയില്ലെങ്കില്‍ മാത്രമേ ഈ ചികിത്സ അവലംബിക്കാവൂ എന്നൊക്കെ കരുതുന്ന ഏറെ ആളുകളുണ്ട്‌. ഇന്‍ഹേലറുകള്‍ കുട്ടികളുടെ വളര്‍ച്ച മുരടിപ്പിക്കും എന്നു കരുതുന്നവരും കുറവല്ല. എന്നാൽ ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയല്ല. വിഷമകരമായ  ആസ്മയ്‌ക്ക്‌ കാരണമാകുന്നു. ഇന്‍ഹേലര്‍ ഒറ്റമൂലികളോ അത്ഭുത രോഗശാന്തിക്കുള്ള മരുന്നുകളോ അല്ല. മറിച്ച്‌ അവ സാധാരണ ആസ്‌ത്‌മയ്‌ക്കുള്ള ഗുളികകളും കുത്തിവയ്‌പ്പു മരുന്നുകളും തീരെ ചെറിയ അളവില്‍ ഇന്‍ഹേലര്‍ രൂപത്തിലാക്കി എന്നു മാത്രമേയുള്ളൂ എന്നത്‌ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടത്‌  ആസ്മ നിയന്ത്രണത്തില്‍ പ്രധാനമാണ്‌.

ഒരു കാര്യം കൂടെ ഉറപ്പാക്കേണ്ടതുണ്ട്. ഇൻഹേലർ രൂപത്തിലുള്ള മരുന്നുകൾ എല്ലാ ആസ്ത്മ രോഗികൾക്കും പ്രാപ്യമാക്കുക എന്നത് ആസ്ത്മ നിയന്ത്രണത്തിൽ ഏറെ പ്രധാനമാണ്. പല ഇന്‍ഹേലറുകളുടെയും വില സാധാരണക്കാരന് താങ്ങാനാവുന്നതല്ല എന്നത് ഒരു നഗ്ന യാഥാർഥ്യമത്രെ. ഈ സാഹചര്യം മാറേണ്ടതുണ്ട്. ഇത് മുന്നിൽ കണ്ടാണ് ഇൻഹേലർ ചികിത്സ എല്ലാവർക്കും പ്രാപ്യമാക്കുക ( Make inhaled treatments accessible for all ) എന്ന സന്ദേശവുമായി ഗ്ലോബൽ ഇനിഷ്യറ്റീവ് ഫോർ  ആസ്മയും ലോകാരോഗ്യ സംഘടനയും ചേർന്ന് ഇത്തവണ ആസ്ത്മ ദിനം ആചരിക്കുന്നത്. മെയ് മാസത്തെ ആദ്യ ചൊവ്വാഴ്ചയാണ്  ആസ്മ ദിനം. ഈ വർഷം അത് മെയ് ആറിന്.

നിര്‍ദേശിക്കപ്പെട്ട മരുന്നുകള്‍ ശരിയായ അളവിലും രീതിയിലും കൃത്യമായി ഉപയോഗിക്കേണ്ടത് ആസ്‌ത്‌മ രോഗനിയന്ത്രണത്തില്‍ സുപ്രധാനമാണ്‌. ഡോക്‌ടര്‍മാരുടെ നിര്‍ദേശമില്ലാതെ തന്നെ മരുന്നുകളുടെ ഉപയോഗത്തില്‍ സ്വയം മാറ്റങ്ങള്‍ വരുത്തുന്നത്‌ നാമൊക്കെ ചെയ്യാറുള്ള കാര്യമാണ്‌. ആസ്‌ത്‌മയുടെ കാര്യത്തില്‍ ഇതപകടം ചെയ്യും. രോഗലക്ഷണങ്ങള്‍ കുറയുന്നതിനെ രോഗശമനമായി ധരിക്കുന്നത്‌ പലപ്പോഴും കുഴപ്പത്തില്‍ ചാടിച്ചേക്കാം. ആവശ്യമായ മരുന്നുകളെല്ലാം തന്നെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും അവ ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതെങ്കില്‍ ആസ്‌ത്‌മ വിഷമകരമാകാം. നിരവധി മരുന്നുകള്‍ ഇന്ന്‌ ഇന്‍ഹേലര്‍ രൂപത്തില്‍ ലഭ്യമാണ്‌. ഇന്‍ഹേലര്‍ ഉപകരണങ്ങള്‍ തന്നെ നിരവധി രൂപത്തില്‍ പ്രാചാരത്തിലുണ്ട്‌. അവയില്‍ പലതും വ്യത്യസ്‌ത രീതികളിലാണ്‌ ഉപയോഗിക്കേണ്ടത്‌. അവയൊക്കെ എങ്ങനെയാണ്‌ ശരിയായി ഉപയോഗിക്കേണ്ടത്‌ എന്നത്‌ ഓരോ രോഗിയേയും പരിശീലിപ്പിക്കേണ്ടതുണ്ട്.

രോഗിയുടെ പ്രായം, രോഗത്തിന്റെ കാഠിന്യം, വ്യക്‌തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ ഇതൊക്കെ പരിഗണിച്ചു വേണം ഉചിതമായ ഇന്‍ഹേലര്‍ നിര്‍ദേശിക്കേണ്ടത്‌. അവ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ രോഗനിയന്ത്രണം കൈവരിക്കാനാവില്ല എന്നു മാത്രമല്ല അവ കൂടിയ അളവില്‍ ഉപയോഗിക്കാനും അതു വഴി വലിയ സാമ്പത്തിക ഭാരത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമൊക്കെ കാരണമാവുകയും ചെയ്യുന്നു. ഇന്‍ഹേലറുകള്‍ കൊണ്ട്‌ മെച്ചമൊന്നുമില്ല എന്നൊരു ചിന്താഗതി രോഗികളിലും കുടുംബാംഗങ്ങളിലും വരാനും ഇതിടയാക്കും. വിദ്യാഭ്യാസ നിലവാരമോ, സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളോ ഇന്‍ഹേലര്‍ ഉപയോഗത്തിലെ ശരി തെറ്റുകളെ സ്വാധീനിക്കുന്നില്ല എന്നതാണ്‌ സത്യം. ഉന്നത ബിരുദധാരികളായ ഡോക്‌ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പോലും  ഇന്‍ഹേലറുകള്‍ ശരിയായി ഉപയോഗിക്കും എന്നു മുന്‍കൂര്‍ പറയുക വയ്യ. തങ്ങള്‍ക്കിതൊക്കെ അറിയാമെന്നുള്ള ചിന്താഗതി വെച്ചു പുലര്‍ത്തുന്ന അവരായിരിക്കും ഇതൊക്കെ ഏറ്റവും തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിലും മുന്നിൽ. അതുകൊണ്ട്‌ തന്നെ രോഗി ആരായാലും അവരെ ശരിയായ  രീതിയിലുള്ള ഇന്‍ഹേലര്‍ ഉപയോഗം പഠിപ്പിക്കുക എന്നത്‌ ചികിത്സകന്റെ ഉത്തരവാദിത്തമാണ്‌.

Representative image. Photo Credit:skynesher/istockphoto.com
Representative image. Photo Credit:skynesher/istockphoto.com

അനുബന്ധ രോഗങ്ങളും  ആസ്മയും
നിരവധി അസുഖങ്ങള്‍ ആസ്‌ത്‌മയോടൊപ്പം ഉണ്ടായെന്നുവരാം. അലര്‍ജിക്‌ തുമ്മല്‍, സൈനസൈറ്റിസ്‌, അന്നനാളത്തിലേക്ക്‌ ആമാശയത്തിലെ അമ്ലം ഇരച്ചുകയറുന്ന അവസ്‌ഥ (Gastro oesophageal reflux disease) തുടങ്ങിയവ  ആസ്മ നിയന്ത്രണത്തിന്റെ താളം തെറ്റിക്കാം. ഇതൊക്കെ കണ്ടെത്തി അതിനനുസൃതമായ ചികിത്സ കൂടി നടത്തിയാലെ ഇത്തരം കേസുകളില്‍ ആസ്‌ത്‌മ നിയന്ത്രിക്കാനാവുകയുള്ളൂ.

അസുഖം വഷളാവാതിരിക്കാൻ
ഒരിക്കലെങ്കിലും ശ്വാസം മുട്ടല്‍ അനുഭവിച്ചവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട്‌ ശരിക്കും മനസിലാകൂ. വെള്ളത്തില്‍ നിന്ന്‌ കരയിലേക്കിട്ട മീനിനെ പോലെ എന്നൊക്കെ സാഹിത്യ ഭാഷയിൽ  വിശദീകരിക്കാമെങ്കിലും അത്‌ പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്‌.  ആസ്മ വഷളാകാനിടയുള്ള സാഹചര്യങ്ങളിലുള്ള ജീവിതം, ശരിയായ ചികിത്സയുടെ അഭാവം, ഇന്‍ഹേലര്‍ പേടിയും ലഭ്യതാ പ്രശ്നങ്ങളും, മറ്റ്‌ അനുബന്ധ രോഗാവസ്‌ഥകള്‍, മാനസിക സമ്മര്‍ദം, രോഗനിര്‍ണയത്തില്‍ സംഭവിക്കുന്ന തകരാറുകള്‍ തുടങ്ങിയവ  ആസ്മ വിഷമകരമാക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നു. ശരിയായ ചികിത്സ ശരിയായ രീതിയിൽ ശരിയായ സമയത്ത്‌ നല്‍കിയാല്‍  ആസ്മ നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളൂ. ഏതൊരു ആസ്‌ത്‌മ ബാധിതനും മറ്റാരെയും പോലെ തന്നെ സാധാരണ ജീവിതം സാധ്യമാണ്‌. ഓർക്കുക; നിയന്ത്രണ വിധേയമായ  ആസ്മ ആരോഗ്യത്തേയോ ആയുര്‍ദൈര്‍ഘ്യത്തേയോ ബാധിക്കുന്നേയില്ല.
(ലേഖകന്‍ ആലപ്പുഴ ഗവ. ടി.ഡി.മെഡിക്കൽ കോളേജ് ശ്വാസകോശ വിഭാഗം പ്രൊഫസർ ആണ്)

English Summary:

Asthma: Uncontrolled Suffering & The Simple Solution You're Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com