ഈ ഒന്‍പത് ലക്ഷണങ്ങള്‍ അര്ബുദത്തിന്റേതാവാം എന്ന് ആരും പ്രതീക്ഷിക്കില്ല, സൂക്ഷിക്കണം!

Mail This Article
അപ്രതീക്ഷിതവും എളുപ്പം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതുമായ നിരവധി ലക്ഷണങ്ങള്‍ അര്‍ബുദം വരുമ്പോള്‍ ശരീരം പ്രകടിപ്പിക്കാറുണ്ട്. ഇവ മനസ്സിലാക്കേണ്ടത് നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും പ്രധാനമാണ്. ആരും പൊതുവേ പ്രതീക്ഷിക്കാത്തതായ ഒന്‍പത് അര്‍ബുദ ലക്ഷണങ്ങള്‍ ഇനി പറയുന്നു.
1. ചുമയും തൊണ്ടയടപ്പും
വിട്ടുമാറാത്ത ചുമയും ശബ്ദത്തിലെ മാറ്റങ്ങളുമൊക്കെ പലപ്പോഴും ജലദോഷത്തിന്റെയും അലര്‍ജിയുടെയും ലക്ഷണമായി കരുതാറുണ്ട്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ആഴ്ചകളായി തുടര്‍ന്നാല്‍ ശ്വാസകോശ അര്‍ബുദം, തൊണ്ടയിലെ അര്‍ബുദം എന്നിവ സംശയിക്കാവുന്നതാണ്. പ്രത്യേകിച്ച് പുക വലിക്കുന്നവര്‍ ഈ ലക്ഷണങ്ങളെ ഗൗരവത്തോടെ എടുക്കേണ്ടതാണ്.
2. ആഹാരം വിഴുങ്ങാന്‍ ബുദ്ധിമുട്ട്
ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് അഥവാ ഡിസ്ഫാജിയയും പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു അര്‍ബുദ ലക്ഷണമാണ്. അന്നനാളി, തൊണ്ട, വയര്‍ എന്നിവിടങ്ങളിലെ അര്‍ബുദ ലക്ഷണമാകാം ഈ ബുദ്ധിമുട്ട്.

3. രാത്രിയിലെ വിയര്‍പ്പ്
രാത്രിയില്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ശരീരം അമിതമായി വിയര്‍ക്കുന്നത് അണുബാധ, ആര്‍ത്തവവിരാമം എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ലിംഫോമ, ലുക്കീമിയ പോലുള്ള അര്‍ബുദങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്ന് കൂടിയാണ് ഇത്. ഇതിനൊപ്പം ഭാരനഷ്ടം പോലുള്ള ലക്ഷണങ്ങള്‍ കൂടി വന്നാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്.
4. എപ്പോഴും നെഞ്ചെരിച്ചില്‍
നമ്മുടെ ഭക്ഷണക്രത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് നെഞ്ചെരിച്ചില്‍ പലപ്പോഴും അടയാളപ്പെടുത്താറുള്ളത്. എന്നാല്‍ ഇതും വയറിലെയും അന്നനാളിയിലെയും അര്‍ബുദ സൂചനയാകാം.
5. ചര്‍മ്മത്തിനടിയിലെ മുഴ
ശരീരത്തിലെ ചില ഭാഗങ്ങളില്‍ ചര്‍മ്മത്തിനടിയിലായി കാണപ്പെടുന്ന വേദനയില്ലാത്തെ മുഴകള്‍ ചിലപ്പോള്‍ സാര്‍കോമ പോലുള്ള അര്‍ബുദങ്ങളുടെ മുന്നറിയിപ്പാകാം.
6. വിട്ടുമാറാത്ത പുതിയൊരു വേദന
പ്രത്യേകിച്ച് കാരണം കണ്ടെത്താന്‍ കഴിയാത്ത വിട്ടുമാറാത്ത പുതിയൊരു വേദനയെയും കരുതിയിരിക്കണം. ഏതെങ്കിലും പ്രത്യേക ഭാഗത്തെ കേന്ദ്രീകരിച്ചാണ് ഈ വേദന പലപ്പോഴും വരിക.

7. കരിയാത്ത വായ്പ്പുണ്ണ്
വായ്പ്പുണ്ണുകള്‍ പൊതുവേ ഉപദ്രവകാരികളല്ല. അത് വന്നപോലെ തന്നെ പോകാറാണ് പതിവ്. എന്നാല്‍ ഏതാനും ആഴ്ചകള്‍ കഴിഞ്ഞിട്ടും കരിയാത്ത വായ്പ്പുണ്ണുകള്‍ ചിലപ്പോള്‍ വായിലെ അര്‍ബുദ ലക്ഷണമാകാം. ഇതിനൊപ്പം അകാരണമായ രക്തസ്രാവം, വായില്‍ നിരന്തരമായ വെള്ള, ചുവപ്പ് പാടുകള്‍ എന്നിവയുമുണ്ടെങ്കില്‍ ഉറപ്പായും ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തണം.
8. വിട്ടുമാറാത്ത ചൊറിച്ചില്‍
അലര്‍ജികള്‍, ചര്‍മ്മത്തിലെ ചില പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് ചൊറിച്ചില്‍. എന്നാല്‍ വിട്ടുമാറാത്ത ചൊറിച്ചില്‍ ലിംഫോമ പോലുള്ള അര്‍ബുദത്തിന്റെ ലക്ഷണമാകാം.
9. അണുബാധയില്ലാത്ത ചെവി വേദന
അണുബാധയോ, പരുക്കോ ഇല്ലാതെ ചെവിക്ക് വരുന്ന വേദന തൊണ്ടയിലെ അര്‍ബുദത്തിന്റെ ലക്ഷണമാകാം. ഇതിനൊപ്പം കഴുത്തില്‍ മുഴ, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് പോലുള്ള ലക്ഷണങ്ങളും വരാം.
ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ അധികം വൈകാതെ ഒരു ഡോക്ടറിനെ കണ്ട് സംശയനിവാരണം നടത്തുന്നതാണ് നല്ലത്. ഇത്തരം വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് ആരോഗ്യത്തോടെ ജീവിക്കാനും നേരത്തേ രോഗം കണ്ടെത്താനും ചികിത്സ തേടാനും സഹായിക്കും. ഇത് സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ ആരോഗ്യവിദഗ്ധരെ സമീപിക്കാവുന്നതാണ്.