തലവേദന വന്നാൽ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുണ്ടോ? തലച്ചോറിന്റെ ആരോഗ്യത്തിന് ഇവ ശ്രദ്ധിക്കൂ

Mail This Article
പ്രായമേറും തോറും നമ്മുടെ തലച്ചോറിന്റെ ശക്തി ക്ഷയിക്കാനുള്ള സാധ്യതയും വര്‍ധിക്കും. നമ്മുടെ പെരുമാറ്റം, ഓര്മ, തനിയെ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി എന്നിങ്ങനെ പലതും തലച്ചോറിന്റെ ക്ഷമതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. മേധാശക്തി ക്ഷയിച്ചത് മൂലമുള്ള ലക്ഷണങ്ങളെ വൈകിക്കാനും തലച്ചോറിന്റെ ആരോഗ്യം കാക്കാനും നാഡീരോഗ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇനി പറയുന്നവയാണ്.
1. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുക
ദിവസവുമുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, നല്ല ഉറക്കം എന്നിങ്ങനെ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തലച്ചോറിനെയും ദീര്‍ഘകാലം കാത്ത് രക്ഷിക്കും.
2. പുകവലിയും മദ്യപാനവും ഒഴിവാക്കാം
പുകവലിയും മദ്യപാനവുമൊക്കെ തലച്ചോറിന് കേടായതിനാല്‍ ഇവ ഒഴിവാക്കുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തും.
3. ഒറ്റക്കാലില്‍ നില്ക്കാം
ഒറ്റക്കാലില്‍ നില്ക്കാന് നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ നിങ്ങളുടെ ബാലന്‍സ് നിലനിര്‍ത്തുന്ന നല്ലൊരു വ്യായാമമാണ്. ഇത്തരം എയറോബിക് വ്യായാമങ്ങള്‍ തലച്ചോറിനെ പോഷിപ്പിക്കുന്ന രാസവസ്തുക്കള്‍ പുറപ്പെടുവിക്കുകയും ന്യൂറോണുകളെ സഹായിക്കുകയും ചെയ്യും. ഇതിനൊപ്പം കുറച്ച് റെസിസ്റ്റന്‍സ് വ്യായാമങ്ങളും കൂടി ചെയ്യുന്നത് പേശികളുടെ മാസ് നിലനിര്‍ത്തുകയും മേധാക്ഷയത്തെ തടയുകയും ചെയ്യുന്നു.
4. വെണ്ണ ഒഴിവാക്കാം
പാകം ചെയ്യുമ്പോള്‍ വെണ്ണയ്ക്ക് പകരം ഒലീവ് എണ്ണ ഉപയോഗിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. മീനുകളിലും മറ്റും അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡും തലച്ചോറിന് കരുത്തേകുന്നു. സസ്യാഹാരികളും മാംസാഹാരികളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വൈറ്റമിന്‍ ബി12 സപ്ലിമെന്റുകള്‍ എടുക്കുന്നതും സഹായകമാണ്.
5. തലവേദന വരുമ്പോള്‍ കോഫിയല്ല വെള്ളം കുടിക്കാം
തലവേദന വരുന്നെന്ന് പറഞ്ഞ് ഉടനെ പോയി കാപ്പിയും ചായയും കുടിക്കാതെ വെള്ളം കുടിക്കുന്നതും തലച്ചോറിനെ സഹായിക്കും. ദിവസവും കുറഞ്ഞത് രണ്ട് ലീറ്റര്‍ വെളളം കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കുകയും തലച്ചോറിന് തെളിച്ചം നല്‍കുകയും ചെയ്യും.

6. സമ്മര്‍ദ്ദം ഒഴിവാക്കി 'ചില്' ആകാം
എപ്പോഴും സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് മസിലും പിടിച്ചിരിക്കുന്നത് തലച്ചോറിനെ പെട്ടെന്ന് പ്രായമുള്ളതാക്കും. മറവിരോഗം പോലുള്ളവയുടെ സാധ്യത വര്‍ധിപ്പിക്കുന്നതാണ് സമ്മര്‍ദ്ദം. ഇതിനാല്‍ എപ്പോഴും ടെന്‍ഷന്‍ അടിച്ചിരിക്കാതെ ജീവിതത്തെ കുറച്ച് ലളിതമായി കണ്ട് 'ചില്' ആയി ഇരിക്കാന്‍ ശ്രമിക്കാം.
7. ഫോണിന് അതിര്‍വരുമ്പുകള്‍ തീര്‍ക്കാം
അമിതമായ ഫോണ്‍ ഉപയോഗം എന്നിവയെല്ലാം തലച്ചോറിന്റെ ശക്തി ക്ഷയിപ്പിക്കും. ഇതിനാല്‍ ദിവസത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക സമയം സന്ദേശങ്ങള്‍ പരിശോധിക്കാനും മറുപടി അയക്കാനും നീക്കി വച്ചിട്ട് ശേഷിക്കുന്ന സമയം ഫോണ്‍ അകറ്റി വയ്ക്കണം. അത്യാവശമുണ്ടെങ്കില് മാത്രമേ മറ്റ് സമയത്ത് ഫോണ്‍ കൈ കൊണ്ട് തൊടാവൂ.
8. സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്താം
ഊഷ്മളമായ സൗഹൃദങ്ങള്‍ തലച്ചോറിനെ ചെറുപ്പമാക്കി വയ്ക്കാന്‍ സഹായിക്കും. സാമൂഹിക മാധ്യമങ്ങള്‍ ഒക്കെ ഫോര്‍വേര്‍ഡ് സന്ദേശങ്ങളും വീഡിയോയും കാണാതെ സൗഹൃദം വളര്‍ത്താന്‍ ഉപയോഗിക്കാം. യഥാര്‍ത്ഥ ലോകത്തിലെ ബന്ധുജന സംസര്‍ഗ്ഗവും സൗഹൃദ കൂട്ടായ്മകളുമൊക്കെ തലച്ചോറിന് നല്ലതാണ്.
9. ഹോബികള്‍ പിന്തുടരാം
ചിത്രംവര, പൂന്തോട്ട പരിപാലനം എന്നിങ്ങനെ സര്‍ഗ്ഗാത്മകമായ എന്തെങ്കിലും ഹോബികള്‍ തിരഞ്ഞെടുക്കുന്നത് തലച്ചോറിനെ സജീവമാക്കി നിലനിര്‍ത്തും.

10. പുതുതായി എന്തെങ്കിലും പഠിക്കാം
പുതുതായി ഒരു ഭാഷയോ സംഗീത ഉപകരണമോ ഒക്കെ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നത് തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കി നിലനിര്‍ത്തും.
11. കേള്‍വിക്കും കാഴ്ചയ്ക്കുമുള്ള തകരാറുകള്‍ പരിഹരിക്കാം
കേള്‍വിശക്തിക്കും കാഴ്ചയ്ക്കും സംഭവിക്കുന്ന തകരാറുകള്‍ നിങ്ങളുടെ പുറം ലോകവുമായുള്ള ബന്ധം കുറയ്ക്കും. ഇത് മറവിരോഗം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടി കേള്‍വിയും കാഴ്ചയും മെച്ചപ്പെടുത്താന്‍ പരിശ്രമിക്കേണ്ടതാണ്.