ടൈപ്പ് 5 പ്രമേഹം: അറിയാം ലക്ഷണങ്ങളും നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളും

Mail This Article
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെ കുറിച്ചെല്ലാം നിങ്ങള്‍ പലപ്പോഴും കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഇക്കൂട്ടത്തില്‍പ്പെടാത്ത ടൈപ്പ് 5 എന്നൊരു പ്രമേഹം കൂടിയുണ്ട്. ലോകത്ത് 20 മുതല്‍ 25 ദശലക്ഷം ആളുകളെ ബാധിക്കുന്ന ഈ പ്രമേഹം കുട്ടിക്കാലത്തെ പോഷണമില്ലായ്‌മയുടെ ഫലമായി ഉണ്ടാകുന്നതാണ്. ബാല്യത്തിലെയും കൗമാരകാലത്തിലെയും നിരന്തമായ പോഷണമില്ലായ്‌മ മൂലം പാന്‍ക്രിയാസിന്റെ വികസനത്തിലുണ്ടാകുന്ന തകരാറുകളാണ് ടൈപ്പ് 5 പ്രമേഹത്തിലേക്ക് നയിക്കുന്നത്. ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിലാണ് ടൈപ്പ് 5 പ്രമേഹം കൂടുതലായി കണ്ട് വരുന്നത്.
18.5 കിലോഗ്രാം പെര്‍ മീറ്റര്‍ സ്‌ക്വയറിനും താഴെ ബോഡി മാസ് ഇന്‍ഡെക്‌സുള്ളവരിലാണ് ടൈപ്പ് 5 പ്രമേഹം അധികമായും കാണപ്പെടുന്നതെന്ന് നോയ്‌ഡ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ ഡയറക്ടര്‍ ഡോ. അജയ് അഗര്‍വാള്‍ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ടൈപ്പ് 5 പ്രമേഹത്തില്‍ ടൈപ്പ് 2 ല്‍ നിന്ന് വ്യത്യസ്‌തമായി കരള്‍ രക്തപ്രവാഹത്തിലേക്ക് പുറത്ത് വിടുന്ന ഗ്ലൂക്കോസിന്റെ തോത് കുറവായിരിക്കും. ടൈപ്പ് 2 രോഗികളെ അപേക്ഷിച്ച് ഈ രോഗികളുടെ ശരീരത്തിലെ കൊഴുപ്പിന്റെ തോതും വളരെ പരിമിതമാണ്. ആരോഗ്യമുള്ള മുതിര്‍ന്നൊരാളില്‍ കൊഴുപ്പിന്റെ തോത് 20-25 ശതമാനം ആണെങ്കില്‍ ടൈപ്പ് 5 പ്രമേഹ രോഗിയുടെ ശരീരത്തില്‍ ഇത് 10 മുതല്‍ 12 ശതമാനമായിരിക്കും. ഇവരുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍, ഫൈബര്‍, അവശ്യ മൈക്രോ ന്യൂട്രീയന്റ് എന്നിവയുടെ തോതും വളരെ കുറവാണെന്ന് കാണാം.
അമിതമായ ക്ഷീണം, ഭാരനഷ്ടം, അടിക്കടി ഉണ്ടാകുന്ന അണുബാധകള്‍ എന്നിങ്ങനെ ടൈപ്പ് 5 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ഏതാണ്ട് മറ്റ് പ്രമേഹത്തിന്റേതിന് സമാനമായിരിക്കും. ചെറിയ തോതിലുള്ള ഇന്‍സുലിനും വായിലൂടെ കഴിക്കുന്ന മരുന്നുകളും ടൈപ്പ് 5 പ്രമേഹ ചികിത്സയില്‍ ഉപയോഗിക്കാമെന്ന് ഡോ. അജയ് ചൂണ്ടിക്കാട്ടി. ടൈപ്പ് 5 പ്രമേഹ രോഗികളില്‍ ഇന്‍സുലിന്‍ അഭാവമുണ്ടാകാമെങ്കിലും ഇന്‍സുലിന്‍ പ്രതിരോധം ഇവരില്‍ കാണപ്പെടില്ല. വര്‍ഷങ്ങളോളം ഒരു പ്രത്യേക വിഭാഗം പ്രമേഹമായി ഇതിനെ അംഗീകരിച്ചിരുന്നില്ല. ഈ വര്‍ഷം ബാങ്കോക്കില്‍ നടന്ന ലോക പ്രമേഹ കോണ്‍ഗ്രസില്‍ ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്‍ ടൈപ്പ് 5 പ്രമേഹത്തിന് ഔദ്യോഗിക രോഗനിര്‍ണ്ണയ മാനദണ്ഡങ്ങളും ചികിത്സാ മാര്‍ഗരേഖയും രൂപപ്പെടുത്താനായി ഒരു വര്‍ക്കിങ് ഗ്രൂപ്പിന് രൂപം നല്‍കിയിരുന്നു.