ADVERTISEMENT

രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വളരെയധികം കൂടുന്ന അവസ്ഥയാണ് ഹൈപ്പർ യൂറിസെമിയ. ഏതാനും വർഷങ്ങളായി ഇത് വളരെ സാധാരണമാണ്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എങ്കിലും ചികിത്സിക്കാതിരുന്നാല്‍ ഇത് വൃക്കകളെ ബാധിക്കുകയും ഹൃദയാഘാതത്തിനു പോലും കാരണമാകുകയും ചെയ്യും. പാരമ്പര്യമായി ഹൃദയാഘാതത്തിന്റെ സാധ്യതാ ഘടകങ്ങൾ ഒന്നുമില്ലെങ്കില്‍പോലും യൂറിക് ആസിഡിന്റെ അളവ് വളരെ കൂടിയാൽ അത് ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകും. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ ഇതാ

∙ ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
പ്യൂരിൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ആയ റെഡ് മീറ്റ്, കരൾ പോലുള്ള ഓർഗൻ മീറ്റ്, ബേക്കൺ, കടൽവിഭവങ്ങളായ നത്തൽ അഥവാ കൊഴുവ, മത്തി, കക്ക തുടങ്ങിയവ ഒഴിവാക്കുകയോ ഇവയുടെ അളവ് കുറയ്ക്കുകയോ ചെയ്യണം. ഈ ഭക്ഷണങ്ങൾ ശരീരത്തിലെ യൂറിക് ആസിഡിന്റെ ഉൽപാദനം കൂട്ടുന്നു. ഇവ കഴിക്കുകയാണെങ്കിൽ വളരെ ചെറിയ അളവിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. 

Representative Image. Photo Credit : Satoshi-K / iStockPhoto.com
Representative Image. Photo Credit : Satoshi-K / iStockPhoto.com

∙ ഒഴിവാക്കാം മദ്യപാനം
ചെറിയ അളവിൽ പോലും മദ്യം ദോഷകരമാണ്; പ്രത്യേകിച്ചും ബിയർ. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടും. മദ്യത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യും. 

∙ ധാരാളം വെളളം കുടിക്കാം
ധാരാളം വെളളം കുടിക്കുന്നത് വഴി വൃക്കകൾക്ക് കൂടുതൽ ഫലപ്രദമായി യൂറിക് ആസിഡിനെ പുറന്തള്ളാൻ സാധിക്കും. ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കാം. വെള്ളം കുടിക്കാൻ പറ്റുന്നില്ലെങ്കിൽ നാരങ്ങയോ കുക്കുമ്പറോ ഇഞ്ചിയോ ചേർത്ത ഡീടോക്സ് പാനീയം കുടിക്കാം. 

Representative image. Photo Credit:ozgurdonmaz/istockphoto.com
Representative image. Photo Credit:ozgurdonmaz/istockphoto.com

∙ നിയന്ത്രിക്കാം ശരീരഭാരം
അമിതഭാരം യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കും. ഇത് ഹൃദയത്തിന് മേൽ ആയാസം കൂട്ടും. സമീകൃത ഭക്ഷണത്തിലൂടെയും പതിവായ വ്യായാമത്തിലൂടെയും യൂറിക് ആസിഡിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താം. അമിതഭാരം ഇല്ലാത്ത ആളാണെങ്കിൽ ശരീരഭാരം കൂടാതെ ശ്രദ്ധിക്കാം. 

∙ കൊഴുപ്പു കുറഞ്ഞ പാലുൽപന്നങ്ങൾ
കൊഴുപ്പുകുറഞ്ഞ പാലും യോഗർട്ടും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിനും ആരോഗ്യമേകും. കൊഴുപ്പ് കുറഞ്ഞ ടോൺഡ് മിൽക്ക്, പനീർ, തൈര് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

Photo Credit: pixelfit/ Istockphoto
Photo Credit: pixelfit/ Istockphoto

∙ ഒഴിവാക്കാം മധുരപാനീയങ്ങൾ
സോഫ്റ്റ് ഡ്രിങ്കുകളിലും  പ്രോസസ് ചെയ്ത മിക്ക ഭക്ഷണങ്ങളിലും അടങ്ങിയ ഷുഗർ ആയ ഫ്രക്ടോസ്, യൂറിസ് ആസിഡിന്റെ അളവ് കൂട്ടും. മധുരപാനീയങ്ങളും മധുരമുള്ള ലഘുഭക്ഷണങ്ങളും ഒഴിവാക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയാൻ സഹായിക്കും. അമിതമായി ശരീരഭാരം കൂടുന്നത് തടയാനും ഇത് സഹായിക്കും. 

∙ കാപ്പി കുടിക്കാം
ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന പാനീയമാണ് കാപ്പി. 2015 ൽ നടത്തിയ ഒരു പഠനമനുസരിച്ച് ദിവസം 4–5 കപ്പ് കാപ്പി കുടിക്കുന്നവർക്ക് കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ഗൗട്ട് വരാനുള്ള സാധ്യത 40 മുതൽ 59 ശതമാനം വരെ കുറവാണെന്നു കണ്ടു. 

medicine-antibiotic-tablet-liderina-istock-photo-com
Representative image. Photo Credit:liderina/istockphoto.com

∙ വൈദ്യനിർദേശം തേടാം
ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടും മാറ്റങ്ങൾ ഇല്ലെങ്കിൽ യൂറിക് ആസിഡ് കുറയാൻ ഡോക്ടർ ചില മരുന്നുകൾ കുറിക്കും. യൂറിക് ആസിഡിന്റെ ഉൽപാദനം കുറയ്ക്കാനും ശരീരം അതിനെ ഫലപ്രദമായി നീക്കം ചെയ്യാനും ചില മരുന്നുകൾ സഹായിക്കും. ഡോക്ടറുടെ നിർദേശം പാലിക്കുക. ഒപ്പം ഹൃദയാരോഗ്യം പരിശോധിക്കാൻ ആരോഗ്യപരിശോധനകൾ പതിവായി ചെയ്യാം. ഇവ ചെയ്യുക വഴി യൂറിക് ആസിഡ് കൂടാതെ ആരോഗ്യത്തോടെയിരിക്കാൻ സാധിക്കും. 

∙ ഭക്ഷണം
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും ഗൗട്ട് പോലുള്ള അവസ്ഥകളെ നിയന്ത്രിക്കാനും പ്യൂരിൻ വളരെ കുറഞ്ഞതും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതുമായ ഭക്ഷണം സഹായിക്കും. ഇലക്കറികൾ, കാരറ്റ് തുടങ്ങിയ പച്ചക്കറികള്‍, ചെറി, നാരകഫലങ്ങൾ തുടങ്ങിയ പഴങ്ങൾ, ക്വിനോവ പോലുള്ള മുഴുധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ ഇവ യൂറിക് ആസിഡിനെ പുറന്തള്ളാൻ സഹായിക്കും. പ്യൂരിൻ കൂടുതലടങ്ങിയ ഭക്ഷണങ്ങളായ റെഡ്മീറ്റ്, ഓർഗൻ മീറ്റ്, മത്തി, കൊഴുവ പോലുള്ള ചില കടൽ വിഭവങ്ങൾ കൂടാതെ മദ്യം, മധുരപാനീയങ്ങൾ തുടങ്ങിയവ യൂറിക് ആസിഡിന്റെ ഉൽപാദനം വർധിപ്പിക്കും എന്നതിനാൽ ഒഴിവാക്കാം.

English Summary:

Lower Uric Acid Naturally: 8 Simple Steps for Better Heart Health. High Uric Acid Symptoms & Solutions Protect Your Kidneys & Heart.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com