കൈകാലുകളിൽ മരവിപ്പ്, കറുത്ത പാടുകൾ, കാഴ്ച മങ്ങൽ, ക്ഷീണം; ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ?

Mail This Article
പ്രമേഹം നിശ്ശബ്ദമായാണ് കടന്നുവരാറ്. അത് പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കണമെന്നില്ല, പ്രത്യേകിച്ച് സ്ത്രീകളിൽ ഓരോ വർഷവും ദശലക്ഷക്കണക്കിന് സ്ത്രീകളെയാണ് പ്രമേഹരോഗം ബാധിക്കുന്നത്. പലരും പ്രീഡയബറ്റിക് അവസ്ഥയിലും ആയിരിക്കും. എങ്കിലും ഇത് തിരിച്ചറിയപ്പെടാതെ പോകുന്നു. ശരീരഭാരത്തെയും ഊർജനിലയെയും മാത്രമല്ല, ഹൃദയാരോഗ്യം, വൃക്കകളുടെ പ്രവർത്തനം, കാഴ്ചശക്തി എന്നിവയെ പ്രമേഹം ബാധിക്കുന്നു. എന്തിനേറെ വന്ധ്യതയ്ക്ക് പോലും ഇത് കാരണമാകുന്നു. സ്ത്രീകളിൽ ഗ്ലൂക്കോസും ഇൻസുലിനും ശരീരം പ്രോസസ്സ് ചെയ്യുന്നത് പുരുഷൻമാരുടേതിൽ നിന്നും വ്യത്യസ്തമായാണ്.
ആർത്തവം, ഗർഭം, ആർത്തവവിരാമം തുടങ്ങിയ സമയങ്ങളിലുണ്ടാകുന്ന ഹോർമോൺ മാറ്റം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനെ ബാധിക്കുന്നു. സ്ത്രീകളിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ആയി പ്രമേഹം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ഇത് രോഗനിർണയവും ചികിത്സയും വൈകാന്‍ കാരണമാകുന്നു. പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങൾ പുരുഷന്മാരെക്കാളധികം ബാധിക്കുന്നത് സ്ത്രീകളെയാണ്. ഉദാഹരണമായി പ്രമേഹം ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹമുള്ളവർക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയേണ്ടത് അതുകൊണ്ടു തന്നെ ഏറെ പ്രധാനമാണ്. എന്തൊക്കെയാണ് സ്ത്രീകളിൽ പ്രകടമാകുന്ന പ്രമേഹ ലക്ഷണങ്ങൾ എന്ന് നോക്കാം.
∙ വിട്ടുമാറാത്ത ക്ഷീണം
എട്ടുമണിക്കൂർ ഉറങ്ങിയതിനു ശേഷവും ക്ഷീണം അനുഭവപ്പെടാറുണ്ടോ? ഇത് പ്രമേഹം ഉണ്ടെന്നതിന്റെ സൂചനയാണ്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ്, ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിൽ നിന്നും കോശങ്ങളെ തടയുന്നു. ഇതുമൂലം ശരീരത്തിൽ ഊർജം നഷ്ടപ്പെടുന്ന അവസ്ഥ വരുന്നു. ഇതിന്റെ ഫലമായി പെട്ടെന്ന് ഊർജം ലഭിക്കാൻ മധുരമുള്ള ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള തോന്നലുണ്ടാകും. ഇത് കൂടുതൽ ദോഷം ചെയ്യും. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, വർധിച്ച ദാഹം, കാഴ്ച മങ്ങുക തുടങ്ങിയവയും രക്തത്തിലെ പഞ്ചസാരയുടെ അസന്തുലനത്തിന്റെ സൂചനയാണ്. ക്ഷീണം മാറുന്നില്ലെങ്കിൽ ആരോഗ്യവിദഗ്ധന്റെ സഹായം തേടി വേണ്ട പരിശോധനകള്‍ നടത്തണം.

∙ തുടർച്ചയായ അണുബാധ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ തുടർച്ചയായി യോനിയിൽ യീസ്റ്റ് ഇൻഫക്‌ഷനും മൂത്രനാളിയിലെ അണുബാധയും ഉണ്ടാകും.
∙ കാഴ്ച മങ്ങൽ
കാഴ്ച മങ്ങുന്നത് പ്രമേഹത്തിന്റെ പ്രാരംഭലക്ഷണങ്ങളിൽപ്പെടും. ഗ്ലൂക്കോസിന്റെ ഉയർന്ന അളവ് കണ്ണിലെ ലെൻസിന് വീക്കം ഉണ്ടാക്കുകയും ഫോക്കസ് ചെയ്യാൻ പ്രയാസം ആകുകയും ചെയ്യും. ക്രമേണ കാഴ്ചക്കുറവ് മാറാത്ത അവസ്ഥവരാം.

∙ അകാരണമായി ശരീരഭാരം കുറയുക
ശരീരഭാരം കാരണമില്ലാതെ കുറയുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്. ശരീരത്തിന് ഗ്ലൂക്കോസിനെ ഉപയോഗിക്കാൻ സാധിക്കാതെ വരുകയും അത് കൊഴുപ്പിനെയും പേശികളെയും ഉപയോഗിക്കുകയും ചെയ്യും.
∙ വര്‍ധിച്ച ദാഹം
എപ്പോഴും ദാഹം തോന്നുന്നതും ഇടയ്ക്കിടെയുള്ള മൂത്രശങ്കയും പ്രമേഹലക്ഷണമാണ്. എന്നാൽ ഈ ലക്ഷണങ്ങളെ പലരും അവഗണിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ കലകളിൽ നിന്ന് കൂടുതൽ ഫ്ലൂയിഡിനെ വലിച്ചെടുക്കുകയും ഇതുവഴി ദാഹം തോന്നുകയും ചെയ്യും. ദാഹം കൂടുമ്പോൾ വെള്ളം കൂടുതൽ കുടിക്കും. അങ്ങനെ ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകാൻ തോന്നലുണ്ടാകും.
∙ മുറിവ് ഉണങ്ങാൻ താമസം
ചെറിയ ഒരു മുറിവ് ഉണങ്ങാൻ സാധാരണഗതിക്ക് ആഴ്ചകളൊന്നും എടുക്കില്ല. എന്നാൽ പ്രമേഹരോഗികളിൽ മുറിവ് ഉണങ്ങാൻ താമസമെടുക്കും. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ്, രക്തചംക്രമണത്തെയും പ്രതിരോധപ്രതികരണത്തെയും ബാധിക്കും. ഇതുവഴി മുറിവ് ഉണങ്ങുന്ന പ്രക്രിയ സാവധാനത്തിലാകുകയും അണുബാധകൾക്കുള്ള സാധ്യത കൂടുകയും ചെയ്യും.
∙ ചർമത്തിൽ കറുത്തപാടുകൾ
ചർമത്തിൽ പ്രത്യേകിച്ച് കഴുത്തിന് ചുറ്റും ഇരുണ്ടപാടുകൾ ഉണ്ടാകാം. അകാൻതോസിസ് നെഗ്രിക്കൻസ് എന്നാണ് ഇതിനെ വിളിക്കുക. ഇൻസുലിൻ റസിസ്റ്റൻസ് ഉള്ള സ്ത്രീകളിൽ ഇത് സാധാരണമാണ്. ശരീരത്തിലെ മടക്കുകളിൽ, കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നിവിടങ്ങളിൽ ഇരുണ്ടനിറമുണ്ടാവും. ഇങ്ങനെ വന്നാൽ ബ്ലഡ്ഷുഗർ പരിശോധിക്കണം. ടൈപ്പ് 2 പ്രമേഹത്തിന്റെയോ പ്രീഡയബറ്റിസിന്റെയോ ലക്ഷണമാകാം ഇത്. ഭക്ഷണം നിയന്ത്രിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, പതിവായി വ്യായാമം ചെയ്യുക ഇതെല്ലാം ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

∙ മൂഡ് സ്വിംഗ്സ്
പ്രമേഹം കേവലം ശാരീരികമായ അവസ്ഥമാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും മനോനില, ഏകാഗ്രത, ഓർമശക്തി എന്നിവയെയും ബാധിക്കും. തുടർച്ചയായി ഉണ്ടാകുന്ന മറവി, ഉത്കണ്ഠ, അസ്വസ്ഥത ഇതെല്ലാം പ്രമേഹ ലക്ഷണമാകാം.
∙ കൈകാലുകൾക്ക് മരവിപ്പ്
ഡയബറ്റിക് ന്യൂറോപ്പതി വളരെ സാവധാനത്തിലേ ആരംഭിക്കുകയുള്ളൂ. കൈകൾക്കും കാലുകൾക്കും ചെറുതായി മരവിപ്പ് അനുഭവപ്പെടാം. തുടർച്ചയായി ഇങ്ങനെ സംഭവിക്കുന്നതു വഴി നാഡികൾക്കും ക്ഷതം സംഭവിക്കും.
∙ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം
പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം പ്രമേഹം മൂലമല്ല ഉണ്ടാകുന്നത്. എന്നാൽ ഇവ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. പിസിഒഎസ് ഉള്ള മിക്ക സ്ത്രീകൾക്കും ഇൻസുലിൻ റസിസ്റ്റൻസ് ഉണ്ട്. ക്രമരഹിതമായ ആർത്തവം, മുഖക്കുരു തുടങ്ങിയവയുണ്ടെങ്കിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് പരിശോധിക്കണം.

∙ ചെയ്യേണ്ടത്
ലക്ഷണങ്ങളെ ശ്രദ്ധിക്കാം. രക്തപരിശോധന, എ1സി, ഫാസ്റ്റിങ്ങിലെ ഗ്ലൂക്കോസ്, ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് തുടങ്ങിയ പരിശോധനകൾ നടത്താം. കുടുംബത്തിൽ ആർക്കെങ്കിലും പ്രമേഹമുണ്ടോ എന്നന്വേഷിക്കാം. പാരമ്പര്യത്തിന് ഒരു പ്രധാന പങ്കുണ്ട്. നടത്തം ശീലമാക്കാം. ഒപ്പം യോഗ, നൃത്തം ഇവയും പരിശീലിക്കാം. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാം. ഇലക്കറികൾ, ഓട്സ്, ചിയ സീഡ്സ്, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മധുരപാനീയങ്ങൾ ഒഴിവാക്കാം. ആരോഗ്യകരമെന്നു കരുതുന്ന സ്മൂത്തികൾ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ശരിയായ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കാം. സമ്മർദം നിയന്ത്രിക്കാം.
പ്രമേഹത്തിന്റെ അപകടസാധ്യതകൾ സ്ത്രീകളിൽ
സ്ത്രീകളിൽ പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങൾ ഇവയാണ്.
∙ കുടുംബചരിത്രം, അമിതഭാരം പ്രത്യേകിച്ച് കുടവയർ, ചടഞ്ഞുകൂടിയുള്ള ജീവിതശൈലി, റിഫൈൻഡ് കാർബ്സും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണം, ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ (ഗർഭകാല പ്രമേഹം), പിസിഒഎസ്, ആർത്തവവിരാമം ഇവ പ്രമേഹ സാധ്യത കൂട്ടും. ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗ ചരിത്രം ഇവയുള്ള സ്ത്രീകൾക്കും പ്രമേഹസാധ്യത കൂടുതലാണ്. പുകവലി, സ്ട്രെസ്സ്, ഉറക്കക്കുറവ് ഇവയും പ്രമേഹസാധ്യത കൂട്ടും. സ്ത്രീകൾക്ക് പുരുഷൻമാരെക്കാൾ കുറഞ്ഞ ബിഎംഐ ഉള്ളപ്പോൾ തന്നെ പ്രമേഹം വരാം. പ്രമേഹം തടയാൻ അതുകൊണ്ടു തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതും പരിശോധനകൾ നടത്തേണ്ടതും പ്രധാനമാണ്. പതിവായുള്ള പരിശോധനകൾ രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കും. പ്രമേഹം തടയാൻ വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കാം. സ്ത്രീകളിൽ പതിവായുള്ള വ്യായാമം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. ഇതുവഴി ഇൻസുലിൻ സംവേദനം മെച്ചപ്പെടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യും.