ADVERTISEMENT

പല പ്രശ്നങ്ങളെയും ഒറ്റച്ചവിട്ട് കൊടുത്തു മാറ്റിയാലോ? ആരോഗ്യകരമായ ആ ചവിട്ട് ഏതാണ് ? സൈക്ലിങ് എന്ന വട്ടത്തിൽ ചവിട്ടി നീളത്തിൽ പോകുന്ന വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ കൂടുതൽ അറിയാം.
മാനസികാരോഗ്യം
ഏകമായ ചലനത്തിലൂടെ ശരീരത്തെയും മനസ്സിനെയും സൈക്ലിങ് സ്ഥിരതയുള്ളതാക്കുന്നു. മാനസിക സമ്മർദം, വിഷാദം തുടങ്ങിയവ കുറയ്ക്കുന്നു. വിവിധ റൂട്ടുകളിലൂടെ സൈക്കിൾ ചവിട്ടുന്നത് മാനസിക ഉല്ലാസവും നൽകുന്നു. ആത്മവിശ്വാസം വർധിപ്പിക്കാനും സാധിക്കും. നിർദിഷ്ട സമയത്തിനുള്ളിൽ ഉദ്ദേശിച്ച ദൂരം താണ്ടാവുന്ന അവസ്ഥയിലേക്കുള്ള സൈക്ലറുടെ വളർച്ച അയാളുടെ ആത്മവിശ്വാസവും വർധിപ്പിക്കും. ജോലിയിലും പഠനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഗുണം. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സൈക്ലിങ് സഹായിക്കും.


ശരീര ഘടന
ശരീര ഘടന മികച്ചതാക്കി നിർത്താൻ സൈക്ലിങ് സഹായിക്കുന്നു. സൈക്ലിങ് നടത്തുമ്പോൾ ശരീരത്തിന്റെ പോസ്ചർ ശരിയായി നിൽക്കുന്നു. നട്ടെല്ലിന് അടക്കം ഈ വ്യായാമം പ്രയോജനം നൽകുന്നു.



ഹൃദയം
ധമനികളിൽ കൊഴുപ്പ് അടിയുന്നത് അടക്കം ഹൃദയാഘാതത്തിന് വഴിയൊരുക്കുന്ന എല്ലാ ഘടകങ്ങളും സൈക്ലിങ് വഴി ഇല്ലാതാകും. സ്ഥിരമായ സൈക്ലിങ് ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഏറ്റവും മികച്ച കാർഡിയോ വ്യായാമങ്ങളിൽ ഒന്നാണു സൈക്ലിങ്. കൊഴുപ്പ് ഏറ്റവും നന്നായി അലിയിച്ച് കളയുന്ന വ്യായാമവും സൈക്ലിങ് തന്നെ.

ശ്വാസകോശം
സൈക്ലിങ് വഴി ശ്വസനം മികച്ചതാകും. ഇതു ശ്വാസകോശത്തിന്റെ ആരോഗ്യവും വർധിപ്പിക്കുന്നു.
മസിലുകൾ
മാംസപേശികളുടെ ദൃഢത വർധിപ്പിക്കുന്നു. കാലിലെ മസിലുകൾ, കോർ മസിലുകൾ എന്നിവയ്ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് സൈക്ലിങ്.
സന്ധികൾ
കൃത്യമായ ചലനങ്ങൾ വഴി സന്ധികൾക്ക് മികച്ച വ്യായാമം സൈക്ലിങ് നൽകുന്നു. സന്ധികൾക്കുണ്ടാകുന്ന അർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നു. ശരീരത്തിന്റെ മുഴുവൻ ഭാരവും മറ്റ് വ്യായാമങ്ങളിലെ പോലെ കാലിലേക്ക് നൽകാത്തതിനാൽ കാലിനും കണങ്കാലിനും ചെറിയ പ്രശ്നങ്ങൾ ഉള്ളവർക്കും സൈക്ലിങ് അനുയോജ്യമായ വ്യായാമമാണ്.
വയർ
വണ്ണം കുറയ്ക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സൈക്ലിങ് അനുയോജ്യമാണ്. വയർ ചാടുന്നതും കുറയ്ക്കാം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
∙ സൈക്ലിങ് ആരംഭിക്കുന്ന ഒരാൾ തുടക്കത്തിൽ തന്നെ ദീർഘദൂരം ചവിട്ടാൻ ശ്രമിക്കരുത്. നിശ്ചിത സമയം പാലിച്ച് ദൂരം കൂട്ടിക്കൊണ്ട് വരുന്നതാണ് നല്ലത്.∙ ആയാസമായി സൈക്ലിങ് നടത്തരുത്. സീറ്റിന്റെ കുഷനും സൈക്കിളിന്റെ ഉയരവും അടക്കം നമുക്ക് അനുയോജ്യമാക്കി വേണം സൈക്ലിങ് നടത്താൻ.
∙ ലോങ് റൈഡ് പോകുന്നവർ ഉറപ്പായും കയ്യിൽ വെള്ളം കരുതണം. സാധാരണ വെള്ളത്തിനു പുറമേ ഇലക്ട്രോലൈറ്റുകൾ ചേർത്ത വെള്ളം കുടിക്കുന്നത് നല്ലത്. ഇതു മസിൽപിടിത്തം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കും.

∙ നമ്മുടെ നാട്ടിലെ സാഹചര്യത്തിൽ രാവിലെ സൈക്കിൾ ചവിട്ടുന്നതാണ് കൂടുതൽ നല്ലത്. സൈക്ലിങ് പാത്തുകൾ  ഇല്ലാത്തതിനാൽ അധികം ട്രാഫിക് ആകും മുൻപ് സൈക്കിൾ ചവിട്ടുന്നത് അഭികാമ്യം.
∙ ഹെൽമറ്റ് ഉറപ്പായും ധരിക്കണം. കണ്ണിന്റെ സംരക്ഷണത്തിന് ഗ്ലാസുകളും ധരിക്കണം. പൊടി, ചെറിയ പ്രാണികൾ എന്നിവ കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.
∙ വാണിങ് ലൈറ്റ് മറ്റ് ഡ്രൈവർമാർക്ക് കാണാനാകും വിധം സൈക്കിളിലോ ദേഹത്തോ ഉണ്ടാകണം.
∙ ഇടുന്ന ജഴ്സി ഫ്ലൂറസന്റ് നിറങ്ങൾ പോലുള്ളവ ആകണം, മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാണാവുന്നത് ആകണം. ഇരുണ്ട നിറങ്ങൾ ഉപയോഗിക്കരുത്.

career-work-experience-series-dr-bibin-p-mathew-memoir
ഡോ. ബിബിൻ പി.മാത്യു

ഉയരത്തിനനുസരിച്ച് സൈക്കിൾ തിരഞ്ഞെടുക്കാം (ഉയരം, സൈക്കിൾ സൈസ് ക്രമത്തിൽ)
155 സെന്റീമീറ്ററിൽ താഴെ: എക്സ്ട്രാ സ്മോൾ
155–165: സ്മോൾ
165– 175: മീഡിയം
175– 185: ലാർജ്
185ന് മുകളിൽ: എക്സ്ട്രാ ലാർജ് ‌
(ഇത് പൊതുവായ കണക്കാണ്. ഓരോരുത്തരും അവർക്ക് യോജ്യമായ സൈക്കിളുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.)

വിവരങ്ങൾ: ഡോ. ബിബിൻ പി.മാത്യു.സീനിയർ കൺസൽറ്റന്റ്, ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി. മസ്കത്തിൽ നടന്ന അയൺമാൻ 70.3 ട്രയാത്‌ലൺ ചാംപ്യൻഷിപ്പിലെ ഫിനിഷർ കൂടിയാണ് 

English Summary:

Cycling offers numerous health benefits, improving cardiovascular health and boosting mental well-being. Regular cycling strengthens muscles, improves joint health, and aids in weight loss, contributing to an overall healthier lifestyle.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com