അഞ്ച് ആരോഗ്യപ്രശ്നങ്ങൾ: നിങ്ങളുടെ വായ പരിശോധിച്ചാൽ ലക്ഷണങ്ങൾ കാണാം!

Mail This Article
ഹൃദയത്തിന് ഒരു ഡോക്ടര്‍. കണ്ണിനൊരു ഡോക്ടര്‍. ചര്‍മ്മത്തിനൊരു ഡോക്ടര്‍. വായക്കൊരു ഡോക്ടര്‍. ഇത്തരത്തില്‍ ശരീരത്തിലെ പ്രശ്നങ്ങളെ വേര്‍തിരിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിലെ സ്പെഷലൈസേഷനുകള്. അതേ സമയം നമ്മുടെ ശരീരത്തിന് ഇത്തരം വേര്‍തിരിവുകളൊന്നുമില്ല. പല രോഗങ്ങളും കൂട്ടമായി വിരുന്നു വരുന്നതാണ് നാം കണ്ടിട്ടുളളതും. ചില ഘട്ടങ്ങളില്‍ ഒരു അവയവം തന്നെ പല രോഗങ്ങളെ കുറിച്ചും മുന്നറിയിപ്പ് നല്‍കിയെന്നും വരാം. ഉദാഹരണത്തിന് വായൊന്ന് തുറന്ന് നോക്കിയാല്‍ ഹൃദ്രോഗം മുതല്‍ ഓട്ടോഇമ്മ്യൂണ്‍ രോഗം വരെ പല പ്രശ്നങ്ങളെയും കുറിച്ചുള്ള സൂചന ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഇനി പറയുന്ന അഞ്ച് രോഗാവസ്ഥകളെ കുറിച്ചുള്ള ആദ്യ സൂചനകള്‍ വായില്‍ നിന്ന് ലഭിക്കുമെന്ന് സ്കാന്‍ ഒ സഹസ്ഥാപകനും സിഇഒയുമായ ഡോ. വിഥി ഭാനുശാലി എച്ച്ടി ലൈഫ്സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
1. ലൈംഗികപരമായി പടരുന്ന രോഗങ്ങള്‍
ലൈംഗികരോഗങ്ങള്‍ ആദ്യം പ്രകടമാകുന്നത് ലൈംഗികാവയവങ്ങളില്‍ തന്നെ ആകണമെന്നില്ല. വായ്പ്പുണ്ണ് ഹെര്പെസിന്റെയും എച്ച്ഐവിയുടെയും സിഫിലിസിന്റെയുമൊക്കെ ലക്ഷണമാകാം.
2. അര്‍ബുദം
വായിലെ വിട്ടുമാറാത്ത ഒരു പുണ്ണ്, നിറംമാറ്റ വന്ന ഒരു പാട്, ഒരു തടിപ്പ് എന്നിങ്ങനെയെല്ലാമാണ് വായിലെ അര്‍ബുദവും ആരംഭിക്കുക. മുറുക്കും പുകവലിയുമെല്ലാം വ്യാപകമായ നമ്മുടെ രാജ്യത്ത് ഇത്തരം ചെറിയ ലക്ഷണങ്ങള്‍ കൂടി ഗൗരവതരമായി എടുക്കണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
3. വയറിലെയും കുടലിലെയും രോഗങ്ങള്‍
ക്രോണ്‍സ് രോഗം, ഗാസ്ട്രോഈസോഫാഗല്‍ റിഫ്ളക്സ്, സൂക്ഷ്മ പോഷണങ്ങളിലെ അഭാവം എന്നിവയും ആദ്യ സൂചന നല്‍കുന്നത് വായിലായിരിക്കും. ചുണ്ടിന്റെ കോണിലുള്ള വിണ്ടുകീറല്‍, ആവര്‍ത്തിച്ച് വരുന്ന വായ്പ്പുണ്ണ്, ആസിഡ് മൂലം ഇനാമലില്‍ വരുന്ന ദ്രവീകരണം എന്നിവയെല്ലാം ഗ്യാസ്ട്രോ പ്രശ്നങ്ങള്‍ മൂലമാകാം. ഈ ലക്ഷണങ്ങള്‍ കണ്ട് രോഗം നേരത്തെ നിര്‍ണ്ണയിക്കാനായാല്‍ പല സങ്കീര്‍ണ്ണതകളും ഒഴിവാക്കാം.
4. ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍
മോണ, കവിളിന്റെ ഉള്‍വശം എന്നിങ്ങനെ വായ്ക്കുള്ളിലെ ഭാഗങ്ങളില്‍ നിശ്ശബ്ദമായാണ് പല ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളും ആരംഭിക്കുക. ലൂപസ്, പെംഫിഗസ് വള്ഗാരിസ്, ലിചന് പ്ലാനസ് തുടങ്ങി പല ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും വായില്‍ തൊലി പോകല്‍, കുമിളകള്‍, വെളുത്ത കുരുക്കള്‍ എന്നിവയുണ്ടാക്കാം.
5. പ്രമേഹം
വായിലുണ്ടാകുന്ന പൂപ്പല്‍ അനിയന്ത്രിതമായ പ്രമേഹം, മോശം പ്രതിരോധശേഷി, കീമോതെറാപ്പി എന്നിവ മൂലമുണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതും ചികിത്സ തേടേണ്ടതുമാണ്.