മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാന് ഭയമാണോ? നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരമുണ്ട്!

Mail This Article
മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന ഒരാളാണോ നിങ്ങൾ? എന്നാൽ സ്വാഭാവികമായും ചില ആശങ്കകളും സംശയങ്ങളും നിങ്ങള്‍ക്കുണ്ടാകാം. ഈ കാര്യങ്ങൾ അറിഞ്ഞാൽ സുഖമായി നിങ്ങൾക്ക് അനുയോജ്യമായ കപ്പ് തെരഞ്ഞെടുക്കാനും ഭയമില്ലാതെ ഉപയോഗിക്കാനും കഴിയും.
∙ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ലാത്തവർ സ്മോൾ സൈസിലുള്ള കപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം കപ്പ് ഉപയോഗിക്കുമ്പോൾ വേദനയുണ്ടായേക്കാം. പ്രസവിച്ചവർ തുടക്കത്തിൽ മീഡിയം സൈസിലുള്ളത് ഉപയോഗിച്ച് നോക്കുക. ലീക്കേജ് ഉണ്ടാകുന്നെങ്കിൽ ലാർജിലേക്ക് മാറുക. സ്ഥിരമായി ലൈംഗികബന്ധത്തിലേർപ്പെടുന്നവർക്ക് സാധാരണ ഗതിയിൽ മീഡിയം യോജ്യമാകാറുണ്ട്. തുടക്കത്തിൽ ഉപയോഗിക്കുമ്പോൾ ചെറിയ അസൗകര്യങ്ങളുണ്ടായേക്കാം. ഇത് പരിഹരിക്കാൻ തുടക്കത്തിൽ മാത്രം പാഡ് കൂടി ഉപയോഗിച്ചുനോക്കുക. അധികം വൈകാതെ തന്നെ കപ്പ് പരിചിതമാകുകയും സൗകര്യപ്രദമാകുകയും ചെയ്യുമെന്നു അനുഭവസ്ഥർ പറയുന്നു. തുടക്കത്തിൽ തന്നെ, അമിത രക്തസ്രാവമുള്ള ദിവസങ്ങളിൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തീരെ കുറഞ്ഞ രക്തസ്രാവമുള്ള ദിവസങ്ങളിൽ ആദ്യ ഉപയോഗത്തിന്റെ വേദനയുണ്ടായേക്കാം. മിതമായ രീതിയിൽ രക്തസ്രാവമുള്ള ദിവസം കപ്പ് ആദ്യ ഉപയോഗത്തിനായി തിരഞ്ഞെടുക്കുക. ആദ്യ തവണത്തെ വേദനയെ ഭയപ്പെടുന്നവർക്ക് ഇങ്ങനെ ഈ പ്രശ്നത്തെ പരിഹരിക്കാം.
ചെറുപ്രായത്തിൽ ആർത്തവത്തിലെത്തിയ കുട്ടികൾക്ക് ഉപയോഗിക്കാമോ?
∙ പല കൗമാരക്കാരും ഇത് ഉപയോഗിക്കുന്നതായി കേൾക്കുന്നു. പക്ഷേ ഇതു അകത്തേക്ക് വയ്ക്കുമ്പോൾ വജൈനയുടെ ഏരിയയിൽ ഇവർക്ക് വലിയ വേദനയുണ്ടാകും. 18 വയസ്സിന് മുകളിലുള്ളവർ ഉപയോഗിക്കുന്നത്ര എളുപ്പം കൗമാരക്കാർക്കുണ്ടാകണമെന്നില്ല. 18 വയസ്സിനു മുകളിലുള്ളവർക്ക് അനുയോജ്യമെന്ന് പറയാം.
പിസിഒഎസ്, പിസിഒഡി തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകളുടെ എണ്ണം കൂടിയവരുന്ന കാലമാണ്. ഇവർ പലപ്പോഴും അമിതരക്തസ്രാവമുണ്ടാകുന്നവരാകാം. ഇവർക്ക് ഉപയോഗിക്കാനാകുമോ?
∙ ഇക്കൂട്ടർക്ക് ആർത്തവസമയത്ത് പലപ്പോഴും കട്ടപ്പിടിച്ച രക്തമായിരിക്കും വരുന്നത്. അതുകൊണ്ട് ഇവർക്ക് ഇടയ്ക്കിടെ മെൻസ്ട്രുവൽ കപ്പ് വൃത്തിയാക്കേണ്ടിവരും. പാഡ് ഉപയോഗിക്കുമ്പോഴും ഇവർക്ക് ഇത് ചെയ്യേണ്ടി വരാറുണ്ടല്ലോ? അതുപോലെത്തന്നെ ഈ സമയങ്ങളിൽ പാഡ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥകൾ കുറയാനും മെൻസ്ട്രുവൽ കപ്പ് ഗുണം ചെയ്യും.

കപ്പ് നിറയുന്നത് എങ്ങനെ തിരിച്ചറിയും?
∙ ഗർഭാശയ മുഖത്തിലൂടെ രക്തം ഇറങ്ങിവരുമ്പോഴാണ് ആർത്തവരക്തമെത്തുന്നത് തിരിച്ചറിയുന്നത്. അതു മെൻസ്ട്രുവൽ കപ്പ് വയ്ക്കുമ്പോഴും നമുക്ക് അറിയാനാകും. രക്തം ഒഴുകി അകത്തിരിക്കുന്ന കപ്പിൽ നിറയുമെന്നു മാത്രം. തുടക്കത്തിൽ അതു നിറയുന്നത് നമുക്ക് മനസ്സിലാകണമെന്നില്ല. അപ്പോൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ ശ്രദ്ധിക്കണം. ശീലമായി കഴിഞ്ഞാൽ പാഡ് നിറയുമ്പോൾ നോക്കാതെ തന്നെ സ്ത്രീകൾക്ക് മനസ്സിലാകാറില്ലേ? അതുപോലെ ഉപയോഗിച്ചു പരിചയമായാൽ കപ്പ് നിറയുന്നതും നമുക്ക് മനസ്സിലാകും.
ആർത്തവസമയത്തെ ശുചിത്വമില്ലായ്മ സെർവിക്കൽ കാൻസറിന് വരെ കാരണമാകാറുണ്ടല്ലോ.പാഡ് കൃത്യമായ ഇടവേളകളിൽ മാറ്റാൻ ശ്രദ്ധിക്കണമെന്നു പറയുന്നതിന് ഇതും ഒരു കാരണമാണല്ലോ. കപ്പ് ഉപയോഗിക്കുമ്പോൾ രക്തം കപ്പിൽ അകത്ത് തന്നെയാണ്. അതു രോഗങ്ങൾക്ക് കാരണമാകില്ലേ?
∙ കപ്പ് ഉപയോഗിക്കുമ്പോഴും ശുചിത്വം പാലിക്കണം. കപ്പ് അകത്തേക്ക് വയ്ക്കുമ്പോൾ കൈ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ദിവസവും 2 തവണയെങ്കിലും കപ്പ് വൃത്തിയാക്കണം. രക്തം അകത്തിരിക്കുന്നു എന്നതുകൊണ്ട് അസുഖങ്ങളുണ്ടാകില്ല. പക്ഷേ ശുചിത്വം പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധവേണം. വൃത്തിയാക്കുന്നതിലോ സൂക്ഷിക്കുന്നതിലോ ഉപയോഗിക്കുന്നതിലോ ശ്രദ്ധിക്കാതിരുന്നാൽ അണുബാധയ്ക്കു സാധ്യതയുണ്ട്.

വൃത്തിയാക്കാൻ ഏതെങ്കിലും പ്രത്യേക ഉൽപന്നങ്ങൾ ഉപയോഗിക്കണോ?
∙ കപ്പ് വൃത്തിയാക്കാൻ കെമിക്കൽസ് ഉപയോഗിക്കേണ്ടതില്ല. ചൂടുവെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്താൽ തന്നെ ഇതു വൃത്തിയാകും. സിലിക്കൺ വസ്തുവായതിനാൽ സ്റ്റെറിലൈസ് ചെയ്യുന്നതുകൊണ്ട് ഇതിന് കേടുപാടുണ്ടാകില്ല. പിരിയഡ്സിന്റെ തുടക്കത്തിലും അവസാനിച്ച ശേഷവും ചൂടുവെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്യണം. ശേഷം വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കുകയും ചെയ്യാം.
ഈ സിലിക്കൺ വസ്തു അകത്തിരിക്കുമ്പോൾ ഉണ്ടാകുന്ന മർദം ഗർഭാശയത്തെ ബാധിക്കുമോ?
∙ കപ്പ് ഗർഭാശയത്തിന്റെ താഴെഭാഗത്ത് ഒട്ടിച്ചേർന്നാണ് ഇരിക്കുന്നത്. സാധാരണഗതിയിൽ ഇതുകൊണ്ട് പ്രശ്നങ്ങളുമുണ്ടാകില്ല. പക്ഷേ വലിയ ഒരു വിഭാഗം ആളുകൾ അതു പുറത്തെടുക്കുന്നത് കപ്പിന്റെ അറ്റത്തെ വാൽഭാഗത്തിൽ പിടിച്ചുവലിച്ചാണ്. ഇതു നിരന്തരമാകുമ്പോൾ ഈ ഭാഗത്ത് ചെറിയ മുറിവുണ്ടായേക്കാം. ശരിയായ രീതിയിൽ പുറത്തെടുത്താൽ പ്രശ്നങ്ങളൊന്നുമില്ല. നമ്മുടെ തള്ളവിരലും ചൂണ്ടുവിരലും അകത്തേക്കിട്ട് വേണംകപ്പ് പുറത്തെടുക്കാൻ. കാൽ അൽപം ഉയരത്തിൽ കയറ്റിവച്ചശേഷം എടുക്കുന്നതാകും കൂടുതൽ നല്ലത്. കപ്പ് ഉപയോഗിച്ചാൽ വജൈനൽ ഇൻഫെക്ഷനുണ്ടാകുമോ എന്നും ഭയപ്പെടേണ്ടതില്ല.
(വിവരങ്ങൾക്കു കടപ്പാട്: ഡോ.വിനീത വേണുഗോപാൽ, കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്)