ഗർഭകാലത്തെ ദന്താരോഗ്യ പ്രശ്നങ്ങൾ കുഞ്ഞിനെ ബാധിക്കുമോ?ചികിത്സ തേടേണ്ടതെപ്പോൾ?

Mail This Article
സ്വന്തം ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ പിന്നീടു നോക്കാം എന്ന ചിന്തയാണ് ഭൂരിപക്ഷം സ്ത്രീകൾക്കുമുള്ളത്. കുടുംബത്തിന്റെ കാര്യത്തിനു മുൻഗണന നൽകി ചികിത്സ തേടാൻ സമയം വൈകുന്നതോടെ രോഗാവസ്ഥ ഗുരുതരമാകാനിടയുണ്ട്. രണ്ടാമതായി സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളിൽ വീട്ടുകാർ വേണ്ടത്ര പരിഗണന നൽകാതിരിക്കുന്നതും രോഗാവസ്ഥ വീണ്ടു വഷളാക്കും. സ്ത്രീ ആരോഗ്യ പ്രവർത്തന ദിനത്തിൽ (മേയ് 28) ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചുമാത്രം ചിന്തിച്ചാൽ മതിയോ? പല്ലുകളുടെ ആരോഗ്യം ശാരീരികാരോഗ്യത്തെ ബാധിക്കുന്നതിനാൽ ദന്താരോഗ്യത്തിനു പ്രാധാന്യം നൽകണം. ദന്തസംരക്ഷണം ചെറുപ്രായത്തിൽ തുടങ്ങണമെങ്കിലും ഏറ്റവും ശ്രദ്ധ വേണ്ടത് ഗർഭകാലത്താണ്.
‘അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെ ആരോഗ്യം...’ ഗർഭകാലത്ത് സ്ത്രീകൾ ഏറ്റവുമധികം കേൾക്കുന്ന വാചകമിതാകും. ശരീരത്തിനും മനസ്സിനും മാറ്റങ്ങൾ സംഭവിക്കുന്നതു പോലെ വായ്ക്കുള്ളിലും മാറ്റങ്ങൾ സംഭവിക്കുന്നു. പല്ലുകളുടെ ആരോഗ്യം ശാരീരികാരോഗ്യത്തെ ബാധിക്കുന്നതിനാൽ ഗർഭകാലത്തെ പ്രശ്നങ്ങളും മോണരോഗവും കൃത്യമായി ചികിത്സിക്കാതിരുന്നാൽ കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കാം. അതിനാൽ, ഗർഭധാരണത്തിനു മുൻപ് ദന്തഡോക്ടറെ കാണുന്നതാണു നല്ലത്. മോണയിലെ കോശങ്ങളുടെ സൂക്ഷ്മനിരീക്ഷണം നടത്തി എന്തെങ്കിലും ദന്തരോഗമുണ്ടെങ്കിൽ അതു നേരത്തേ കണ്ടെത്തി ചികിത്സിക്കാനും വിദഗ്ധ സഹായത്തോടെ പല്ലുകൾ വൃത്തിയാക്കി ഗർഭകാലം സുരക്ഷിതമാക്കാം. മോണയുടെ ആരോഗ്യത്തിനായി പല്ലുകളിലും മോണയിലും അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാക്കും കാൽകുലസും യഥാസമയം നീക്കം ചെയ്യുകയും പോടുകൾ ഉള്ള പല്ലുകൾ അടച്ചു സംരക്ഷിക്കുകയും വേണം.
ഹോർമോണുകളുടെ അമിതപ്രഭാവം മൂലം മോണയിലെ കോശങ്ങൾ പ്ലാക്കിനോടു സാധാരണയിൽനിന്നും വ്യത്യസ്തമായി പ്രതികരിക്കുന്നു. പ്ലാക്ക് എന്നാൽ പല്ലുകളുടെ മുകളിലുള്ള പശപശപ്പുള്ള നേർത്ത അണുക്കളുടെ ഒരു ആവരണമാണ്. പ്ലാക്ക് ദിവസവും നീക്കം ചെയ്തില്ലെങ്കിൽ അതു ക്രമേണ കഠിനമായി റ്റാർറ്റാർ ആയി മാറുകയും തന്മൂലം ദന്തക്ഷയം, മോണരോഗം, പെരിയോഡോണ്ടൈറ്റിസ് തുടങ്ങിയവയ്ക്കു കാരണമാവുകയും ചെയ്യുന്നു. അങ്ങനെ രോഗം വഷളാകുന്നു. ഗർഭകാലത്തുണ്ടാകുന്ന ദന്തരോഗങ്ങൾ ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ കുഞ്ഞിന്റെ പല്ലുകളിൽ പെട്ടെന്നു ദന്തരോഗങ്ങൾ ഉണ്ടാകും.

ദന്തരോഗങ്ങൾ യഥാസമയം ചികിൽത്സിക്കാതെയിരുന്നാൽ വായിലുള്ള രോഗാണുക്കൾ രക്തക്കുഴൽ വഴി ഗർഭസ്ഥശിശുവിനെ ബാധിച്ചേക്കാം. ചിലപ്പോൾ മാസം തികയാതെയുള്ള പ്രസവത്തിന് ഇതു കാരണമായേക്കും. കുഞ്ഞുങ്ങളുടെ ഭാരക്കുറവിനും മോണരോഗങ്ങൾ കാരണമാകുന്നതായി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് ദന്താരോഗ്യം വേണ്ടവിധം ശ്രദ്ധിക്കാതെയിരുന്നാൽ ഗർഭസ്ഥശിശുവിനു ദോഷം വരുമെന്നു പറയുന്നത്. ഗർഭകാലത്ത് ചികിത്സയുടെ ഭാഗമായി എക്സ്റേ എടുക്കുന്നതും ചില മരുന്നുകൾ കഴിക്കുന്നതുമെല്ലാം കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാം.
ഗർഭകാലത്ത് സ്ത്രീകൾക്കു പല്ലുകൾക്കും മോണകൾക്കും ധാരാളം പ്രശ്നങ്ങൾ കാണാറുണ്ട്. ഗർഭണികളുടെ ഉമിനീരിൽ സോഡിയത്തിന്റെ അളവും പിഎച്ചും (pH - എന്തെങ്കിലുമൊരു ദ്രാവകത്തിലോ വസ്തുവിലോ അടങ്ങിയ അമ്ലാംശത്തിന്റെയും ക്ഷാരാംശത്തിന്റെയും അളവ്) കുറയുകയും പൊട്ടാസ്യം, പ്രോട്ടീൻ, ഈസ്ട്രജൻ തുടങ്ങിവയുടെ അളവുകൾ കൂടുതലാവുകയും ചെയ്യുന്നു. ഉമിനീരിലുള്ള ഈസ്ട്രജൻ വായിലെ കോശങ്ങളെ കട്ടിയുള്ളതാക്കുകയും അങ്ങനെ പല്ല് പെട്ടെന്നു കൊഴിയുവാൻ കാരണമാകുന്നു.

ഗർഭകാലത്ത് സ്ത്രീകളുടെ ഭക്ഷണരീതികൾക്കും കഴിക്കുന്ന സമയത്തിനും മാറ്റം സംഭവിക്കാറുണ്ട്. ഭക്ഷണങ്ങളോട് ഇഷ്ടവും ഇഷ്ടക്കുറവും തോന്നുന്നതിനൊപ്പം മധുരം കലർന്ന പലഹാരങ്ങൾ കഴിച്ചശേഷം പല്ലുകൾ വൃത്തിയാക്കാതെ വരുമ്പോൾ വായിലുളള ബാക്ടീരിയകൾ പല്ലുകളിൽ അടിഞ്ഞു കൂടിയ ഭക്ഷണപദാർഥങ്ങളിൽ പ്രവർത്തിച്ച് കേടുകളുണ്ടാക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന അസ്വസ്ഥതകളും തലകറക്കവും ഛർദിയും എല്ലാം ദിനചര്യയുടെ താളം തെറ്റിക്കാം. പല്ലു തേക്കുമ്പോഴും ഓക്കാനവും ഛർദിയും തോന്നാം. ഛർദിയിലൂടെ വയറ്റിൽ നിന്നും വായിലെത്തുന്ന ഗ്യാസ്ട്രിക് ആസിഡ് പല്ലിന്റെ മുകളിലത്തെ പാളിയായ ഇനാമലിനെ കേടുവരുത്തുകയും ഉളളിലുള്ള ഡെന്റിനൽ ലേയറിനു പുറത്തു വന്നു പല്ലുകളെ കൂടുതൽ സെൻസിറ്റീവാക്കുകയും ചെയ്യുന്നു. പല്ലുകളിലെ പുളിപ്പ് ഗർഭിണികൾക്ക് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും ഛര്‍ദിച്ചു കഴിഞ്ഞാൽ ഉടനെ പല്ലു തേക്കരുത്. വായിൽ വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞു തുപ്പിക്കളയുകയും ഒരു മണിക്കൂർ കഴിഞ്ഞ് ഫ്ലേവറുകൾ ഇല്ലാത്ത പേസ്റ്റുകൾ ഉപയോഗിച്ച് പല്ലു തേക്കുകയും വേണം.
അസിഡിക് ചേരുവകളുള്ള ജൂസുകളും സോഡയും കോള പോലുള്ള പാനീയങ്ങളും ഒഴിവാക്കണം. ശരീരത്തിന്റെ നിർജലനീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കുന്നതു ശീലമാക്കണം. ഗർഭിണികളിൽ ഹോർമോണിന്റെ വ്യതിയാനം മൂലം ഉമിനീരിന്റെ അളവു കുറയുന്നതും പല്ലുകളുടെ കേടുപാടുകൾക്കു കാരണമാകാറുണ്ട്. ഗർഭകാലത്ത് പല്ലുകൾക്കു മാത്രമല്ല, മോണകൾക്കും പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്.
ഗർഭാവസ്ഥയിൽ പ്രൊജസ്ട്രോൺ എന്ന ഹോർമോണിന്റെ അളവ് ശരീരത്തില്‍ കൂടുതലായിരിക്കും. ഇത് മോണയെ മൃദുലമാക്കുകയും മോണയിലേക്കുള്ള രക്തസഞ്ചാരം വർധിപ്പിക്കുകയും ചെയ്യും. വൃത്തിയായി സൂക്ഷിക്കുന്ന പല്ലുകളിൽ നിന്നും മോണകളിൽനിന്നും രക്തസ്രാവം സാധാരണയായി കണ്ടുവരാറില്ല. പക്ഷേ. പ്ലാക്കും കാൽകുലസും യഥാസമയം നീക്കം ചെയ്യാത്ത മോണകളിൽ മോണവീക്കവും രക്തസ്രാവവും ഉണ്ടാകാറുണ്ട്. പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനായി ഗർഭിണികൾ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. ഗർഭകാലത്ത് കാത്സ്യം അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് പല്ലുകള്‍ ബലമുള്ളതാവാൻ സഹായിക്കും. ഡോക്ടർ നിർദേശിക്കുന്ന കാത്സ്യം വൈറ്റമിൻ ഡി ടാബ്‌ലറ്റുകൾ മുടങ്ങാതെ കഴിക്കണം. ഫോസ്ഫറസ്, പ്രോട്ടീന്‍സ്, വൈറ്റമിൻസ് അടങ്ങിയ ഭക്ഷണം ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ദന്താരോഗ്യത്തിന് വളരെ സഹായകമാണ്.
ചുവന്നതും മൃദുലവുമായ മോണകൾ, വായ്നാറ്റം, പല്ലുകൾ തേക്കുമ്പോൾ ഉണ്ടാകുന്ന രക്തസ്രാവം തുടങ്ങിയവയാണ് മോണരോഗത്തിന്റെ ആരംഭലക്ഷണങ്ങൾ. പ്രഗ്നൻസി ജിൻജിവൈറ്റിസ് (Pregnancy Gingivitis) എന്നാണ് ഇത്തരം അവസ്ഥയെ പറയുന്നത്. ജിൻജിവൈറ്റിസ് (Gingivitis) യഥാസമയം ചികിത്സിക്കാതിരുന്നാൽ ക്രമേണ അത് കൂടുതൽ ഗുരുതരമായ പെരിയോഡോണ്ടൈറ്റിസ് (Periodontitis) എന്ന അവസ്ഥയിലേക്ക് എത്തുന്നു. മോണയിലുണ്ടാകുന്ന അണുബാധ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന എല്ലുകളെ ബാധിച്ച് പല്ലുകളിൽ ഇളക്കം ഉണ്ടാക്കും. പല്ലുകൾ കൊഴിഞ്ഞു പോകുന്നതിന് ഇത്തരം അവസ്ഥ കാരണമായേക്കാം.
ചില ഗർഭിണികളിൽ ഗർഭകാലത്തെ ഹോർമോൺ വ്യതിയാനം കാരണം മോണയിലെ കോശങ്ങൾ സാധാരണയിലും കൂടുതലായി വിഭജിച്ച് പല്ലുകളെ മൂടുന്നതായി കണ്ടുവരുന്നു. Gingival Hyperplasia എന്നറിയപ്പെടുന്ന ഇത്തരം അവസ്ഥകളിൽ പല്ലുകൾ തേക്കുവാൻ പോലും ഗർഭിണികൾക്കു പ്രയാസമായിരിക്കും. അതുപോലെ മോണയിൽ കാണപ്പെടുന്ന മൃദുലമായ മുഴയാണ് Epulis. രക്തസ്രാവമുള്ള എന്നാൽ വേദനയില്ലാത്ത ചുമന്ന മുഴകളായാണ് ഇവ കാണപ്പെടുന്നത്. Pyogenic Granuloma അഥവാ പ്രെഗ്നൻസി ട്യൂമർ (Pregnancy Tumor) എന്നാണ് ഇത്തരം ഗർഭകാല മുഴകളെ വിളിക്കുന്നത്. ട്യൂമർ എന്ന വാക്കു കേട്ട് പേടിക്കേണ്ട ആവശ്യമില്ല കാരണം ഇത് അർബുദകാരിയായ മുഴകളല്ല. മോണകൾക്കുള്ളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാക്കും കാൽകുലസും തന്നെയാണ് മോണയിലുണ്ടാകുന്ന ഇത്തരം മുഴകൾക്കും കാരണം. ഗര്‍ഭകാലത്തിനു മുൻപു തന്നെ ഒരു ദന്തഡോക്ടറിനെ കണ്ട് പല്ലുകളും മോണയും വൃത്തിയാക്കി ശുചിയായി സൂക്ഷിക്കുക എന്നതാണ് ഈ രോഗങ്ങൾ തടയാനുള്ള മാർഗം.
ഭക്ഷണത്തിനുശേഷം എല്ലായ്പോഴും വായ വൃത്തിയാക്കുകയും രാവിലെയും രാത്രിയിലും പല്ലു തേക്കുന്നതും ശീലമാക്കണം പല്ലുകളുടെ ഇട വൃത്തിയാക്കുവാൻ ഡെന്റൽ ഫ്ലോസുകൾ ഉപയോഗിക്കാം. ഡോക്ടർ നിർദേശിക്കുന്ന പോലെ ശരിയായ രീതിയിൽ ഫ്ലോസിങ് ചെയ്യാൻ ശ്രമിക്കണം. നാക്ക് വൃത്തിയാക്കുന്നതും പ്രധാനമാണ്. ടങ് ക്ലീനർ ഉപയോഗിക്കുമ്പോൾ നാക്ക് പൊട്ടാനും ചോര വരാനും സാധ്യതയുണ്ട്. മാത്രമല്ല നാക്കിലുള്ള പാപ്പിരകൾക്ക് കേടു സംഭവിക്കുകയും ക്രമേണ രുചിയറിയാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട് ടൂത്ത് ബ്രഷിന്റെ തലഭാഗത്തെ പിൻഭാഗം ഉപയോഗിച്ച് നാക്കു വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ഗർഭിണികൾ ദന്തചികിത്സ എപ്പോഴാണ് എടുക്കേണ്ടതെന്നു തീർച്ചയായും അറിഞ്ഞിരിക്കണം. ഗർഭകാലത്തെ ദന്തചികിത്സ സുരക്ഷിതമാണോയെന്ന് പലരും സംശയം ചോദിക്കാറുണ്ട്. ഗർഭകാലത്ത് ദന്തഡോക്ടറെ സന്ദർശിക്കുകയാണെങ്കിൽ ഗർഭിണിയാണെന്ന കാര്യം തീർച്ചയായും ഡോക്ടറിനെ അറിയിക്കണം. കാരണം, കുഞ്ഞിന്റെ അവയവങ്ങൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആദ്യ മാസങ്ങളിൽ കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാവുന്ന മരുന്നുകളും എക്സ്റേകളും ചികിത്സാരീതികളും ഡോക്ടർ ഒഴിവാക്കുന്നതായിരിക്കും.
ഗർഭകാലത്തിന്റെ ആദ്യ മൂന്നു മാസങ്ങളിലും അവസാന മൂന്നു മാസങ്ങളിലും അത്യാവശ്യമുള്ള ദന്തചികിത്സകൾക്കും വേണ്ടി മാത്രം ഡോക്ടറിനെ സമീപിക്കുക. 4 മുതൽ 6 മാസം വരെയുള്ള സമയമാണ് ദന്തചികിത്സകൾക്ക് അഭികാമ്യം. ദോഷകരമല്ലാത്ത ദന്തചികിത്സകൾ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാവുന്നതാണ്. അത്യാവശ്യമല്ലാത്ത ഡെന്റൽ ചെയറിൽ ദീർഘ സമയം ഇരുക്കേണ്ടി വരുന്ന ചികിത്സകൾ പ്രസവശേഷം ചെയ്യുന്നതായിരിക്കും നല്ലത്. പ്രസവശേഷവും ഡോക്ടറിനെ കണ്ട് പല്ലുകളും മോണയും വൃത്തിയാക്കി പോടുകൾ ഉണ്ടെങ്കിൽ അടച്ച് സംരക്ഷിക്കണം.
പ്രസവശേഷം മുലയൂട്ടുന്ന സമയത്തും സ്ത്രീകൾ പല്ലുകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. മുലയൂട്ടുന്ന സമയം സ്ത്രീകളിൽ കാത്സ്യത്തിന്റെ അളവ് കുറയുന്ന ഒരു സമയമാണ്. കാരണം, മുലപ്പാൽ ഉൽപാദിപ്പിക്കുവാൻ കാത്സ്യം ആവശ്യമായി വരികയും അമ്മയുടെ ശരീരത്തിലെ കാത്സ്യത്തിന്റെ ഭൂരിഭാഗവും കുഞ്ഞിലേക്കു പോവുകയും ചെയ്യുന്നു. കാത്സ്യത്തിന്റെ കുറവു മൂലം പല്ലുകളിൽ കേടുകളും തേയ്മാനവും ഉണ്ടാകുന്നു. ഈ അവസ്ഥ ഒഴിവാക്കുവാൻ അമ്മമാർ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കണം. പാലും പാലുൽപന്നങ്ങളായ തൈരും വെണ്ണയും ഇലക്കറികളും മുട്ട, കാത്സ്യം അടങ്ങിയ മീനുകളും ഉൾപ്പെടുന്ന സമീകൃതാഹാരം ശീലമാക്കണം.

മുലയൂട്ടുന്ന സമയത്ത് ദന്തചികിത്സകളും മരുന്നുകളും കഴിക്കാമോയെന്ന് പലർക്കും സംശയമുണ്ട്. അത് കുഞ്ഞിനെ ദോഷകരമായി ബാധിക്കുമോ എന്നുള്ള ആശങ്കകൾ അമ്മമാർക്കും തോന്നാം. ദന്തചികിത്സകൾക്കായി ഡോക്ടറിനെ സന്ദർശിക്കുമ്പോൾ കുഞ്ഞിനു പാൽ കൊടുക്കുന്നുണ്ട് എന്നുള്ള കാര്യം പറയണം. അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായ മരുന്നുകളേ ഡോക്ടർ നിർദേശിക്കൂ. അതുപോലെ ഡോക്ടറുടെ നിർേദശപ്രകാരമുള്ള ദന്തചികിത്സകൾ ഈ സമയത്തും ചെയ്യാവുന്നതാണ്. ആന്റിബയോട്ടിക് മരുന്നുകൾ എടുക്കുമ്പോൾ കുഞ്ഞിനു പാൽ കൊടുത്ത് അര മണിക്കൂർ കഴിഞ്ഞ് മരുന്ന് കഴിക്കുക. 4–5 മണിക്കൂർ കഴിഞ്ഞ് വീണ്ടും കുഞ്ഞിനു പാൽ കൊടുക്കുക. ധാരാളം വെള്ളം കുടിക്കുവാനും അമ്മമാർ ശ്രദ്ധിക്കണം.
(ലേഖിക ഡെന്റൽ സർജനും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊട്ടാരക്കര ബ്രാഞ്ച് അംഗവുമാണ്)