കാൽപാദങ്ങൾ നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്!

Mail This Article
നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവൻ ചുമക്കുന്നത് കാല്‍പാദങ്ങളാണ്. എന്നാൽ പലപ്പോഴും കാൽപാദങ്ങൾക്ക് നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. ആരോഗ്യത്തെക്കുറിച്ചുള്ള ചില സൂചനകൾ കാൽപാദങ്ങൾ നൽകുന്നുണ്ട് എന്നതും നമ്മൾ അറിയാതെ പോകുന്നു. വൃക്ക രോഗങ്ങൾ മുതൽ പോഷകങ്ങളുടെ അഭാവം വരെയുള്ള സൂചനകൾ കാൽപാദങ്ങൾ നൽകും. ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത, ഇത്തരത്തിൽ കാൽപാദങ്ങൾ നൽകുന്ന അഞ്ച് അപകടസൂചനകളെ അറിയാം.
കാലിന് വീക്കം
കാലിനു വീക്കം ഉണ്ടായാലും പലപ്പോഴും നാം അത് അവഗണിക്കുകയാണ് പതിവ്. കാലിനുണ്ടാകുന്ന നീരും വീക്കവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ്. ലിംഫാറ്റിക് കൺജഷൻ ആകാം ഒരു കാരണം. കോശദ്രാവകങ്ങളെ വഹിക്കുന്ന ലിംഫ്ഗ്രന്ഥികളിൽ തടസ്സമുണ്ടാകുകയും കലകളിൽ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുകയും ചെയ്യുന്നതു മൂലം വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. വൃക്കകൾക്കും കരളിനും ഉണ്ടാകുന്ന സമ്മർദവും ഇതിനു കാരണമാകാം. കാരണം ഈ രണ്ട് അവയവങ്ങളാണ് ഫ്ലൂയ്ഡ് ബാലൻസ് നിയന്ത്രിക്കുന്നത് ഇവയുടെ പ്രവർത്തനത്തകരാറുകൾ കാലിൽ വീക്കമുണ്ടാക്കും. കാലിലെ വീക്കം നീണ്ടു നിൽക്കുകയാണെങ്കിൽ ഹൃദയത്തിനുണ്ടാകുന്ന ആയാസവും ഇതിനു കാരണമായേക്കാം. ഒന്നോ രണ്ടോ ദിവസത്തിലധികം കാലിലെ വീക്കം നീണ്ടു നിൽക്കുകയാണെങ്കിൽ, പ്രത്യേകിച്ച് വേദനയോ നിറം മാറ്റമോ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം.
ഫംഗൽ ഇൻഫക്‌ഷൻ
കാലിനുണ്ടാകുന്ന ഫംഗസ് അണുബാധ മറ്റെന്തെങ്കിലും രോഗങ്ങളുടെ സൂചനയാകാം. ചില അണുബാധകൾ ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ അസന്തുലനം മൂലമാകാം. ഉപദ്രവകാരികളായ ബാക്ടീരിയകളുടെ അമിതവളർച്ചയുടെ സൂചനയാകാം ഈ ഫംഗൽ ഇൻഫക്‌ഷൻ. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള അസന്തുലനമാകാം മറ്റൊരു കാരണം. ചെരുപ്പുകൾ വൃത്തിയായി സൂക്ഷിക്കാത്തത് പ്രത്യേകിച്ച് വിയർപ്പു കൊണ്ടു നനഞ്ഞ ഷൂസ് ധരിക്കുന്നത് പ്രശ്നങ്ങളെ വഷളാക്കും. തുടർച്ചയായി അണുബാധ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ കാണണം.

വിണ്ടു കീറിയ ഉപ്പൂറ്റികൾ
ഉപ്പൂറ്റി വിണ്ടു കീറുന്നത് ഒരു സൗന്ദര്യപ്രശ്നം മാത്രമല്ല, ആരോഗ്യപ്രശ്നം കൂടിയാണ്. തൈറോയ്ഡ് അസന്തുലനം, ചർമത്തിന്റെ ഘടനയെയും ഈർപ്പത്തെയും ബാധിക്കാം. കരളിന്റെ പ്രവർത്തനത്തകരാറുകൾ മൂലവും ഉപ്പൂറ്റി വിണ്ടുകീറാം. കരൾ ശരിയായി പ്രവർത്തിക്കാതിരുന്നാൽ അത് ശരീരത്തിൽ വിഷാംശങ്ങൾ അടിഞ്ഞു കൂടാൻ കാരണമാകും. ഇതുമൂലം ചർമം വരണ്ടതും ഉപ്പൂറ്റി വിണ്ടുകീറിയതുമാകാം. വൈറ്റമിൻ ഇ, ബി3, സി ഇവയുടെ അഭാവം മൂലവും ഉപ്പൂറ്റി വിണ്ടുകീറൽ ഉണ്ടാകാം.
കാൽപ്പാദങ്ങൾക്ക് മരവിപ്പ്
കാൽപ്പാദങ്ങൾക്കുണ്ടാകുന്ന മരവിപ്പ്, പെരിഫെറൽ ന്യൂറോപ്പതിയുടെ സൂചനയാകാം. വൈറ്റമിൻ ബി12 ന്റെ അഭാവവും രക്തത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ടതാണിത്. മറ്റൊരു കാരണം മെറ്റൽ ടോക്സിസിറ്റി അധികമാകുന്നതാകാം. ഇത് ക്രമേണ നാഡീക്ഷതത്തിനും കാരണമാകാം. കാലുകൾക്കുണ്ടാകുന്ന മരവിപ്പ് അവഗണിക്കുകയേ അരുത്. വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.

കാൽപ്പാദങ്ങൾക്ക് തണുപ്പ്
കാൽപ്പാദങ്ങൾ എപ്പോഴും തണുത്തിരിക്കുകയാണെങ്കിൽ ഉടനടി വേണ്ടതു ചെയ്യണം. സാധാരണയായി രക്തചംക്രമണം കുറയുന്നതു മൂലമോ ചടഞ്ഞുകൂടിയുള്ള ജീവിതശൈലി മൂലമോ വാസ്ക്കുലാർ പ്രശ്നങ്ങൾ മൂലമോ ആകാം ഇതു വരുന്നത്. തൈറോയ്ഡിന്റെ പ്രവർത്തനം കുറയുന്നത് (Hypothyroidism) മൂലം രക്തപ്രവാഹം കുറയുന്നതും തണുത്തകാൽപ്പാദങ്ങൾക്ക് കാരണമാകാം. സമ്മർദവും അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തനത്തകരാറു മൂലവും ഇതു വരാം.