Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അഡിക്ഷനുകൾ നിയന്ത്രിച്ചോളൂ...

coffee

‘അഡിക്‌ഷൻ’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ത്തന്നെ മദ്യവും മയക്കുമരുന്നുമൊക്കെയാണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത്. എന്നാല്‍ അതു മാത്രമല്ല നിത്യജീവിതത്തിലെ അഡിക്‌ഷനുകള്‍. നമ്മള്‍ നിസ്സാരമെന്നു വിചാരിക്കുന്ന ചില ശീലങ്ങള്‍ നമ്മള്‍ പോലുമറിയാതെ നമ്മെ അടിമപ്പെടുത്തും. മാരകമായ ദോഷഫലങ്ങള്‍ ഒന്നുമില്ലെങ്കിലും നിയന്ത്രിച്ചാല്‍ നന്ന് എന്നുപറയാവുന്ന ചില അഡിക്‌ഷനുകള്‍ ഇതാ.

കാപ്പി

കാപ്പിയും ചായയുമൊക്കെ എന്തു ലഹരിയാണ് എന്നു ചിന്തിക്കാന്‍ വരട്ടെ, ഒരു നേരം കാപ്പി കുടിച്ചില്ലെങ്കില്‍ ഒരു ഉഷാര്‍ ഇല്ല എന്ന തോന്നലും രാവിലെ ചായ കുടിക്കാതെ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാനാവില്ലെന്ന നിര്‍ബന്ധവുമെല്ലാം നമ്മള്‍ പോലുമറിയാതെ ഈ ശീലത്തിന് അടിമപ്പെട്ടതിന്‍റെ ലക്ഷണങ്ങള്‍ തന്നെ. കാപ്പി കുടിക്കാതിരുന്നാല്‍ ചിലര്‍ക്കു തലവേദനയും ക്ഷീണവും ഒക്കെ വരാറുണ്ട്.

ഉപ്പ് കൂടുതലുള്ള ഭക്ഷണം

ഉപ്പു കുറവുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരെക്കാളും ഉപ്പു കൂടുതല്‍ കഴിക്കുന്നവര്‍ ഭക്ഷണത്തിലെ ഉപ്പിന്‍റെ അളവില്‍ നിര്‍ബന്ധക്കാരായിരിക്കും. ഉപ്പിന്‍റെ അളവ് അൽപം കുറഞ്ഞാല്‍ ചിലര്‍ക്കു പെട്ടെന്നു ദേഷ്യം വരികയും ചെയ്യും. ഉപ്പില്‍ അടങ്ങിയിരിക്കുന്ന സോഡിയം തലച്ചോറിനെ സ്വാധീനിക്കുന്നതാണ് കാരണമെന്നു ശാസ്ത്രം പറയുന്നു. അതുപോലെ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഉപ്പ് വയറു നിറഞ്ഞാലും വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണത്തോടുള്ള ആസക്തിയെ വേദനയോടുള്ള ആസക്തിയോടാണ് ശാസ്ത്രം ഉപമിക്കുന്നത്. എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ അതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാന്‍ തലച്ചോര്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോൺ ഉൽപാദിപ്പിക്കുന്നു. ഇതു നല്‍കുന്ന ലഹരിയാണ് എരിവുള്ള ഭക്ഷണം തുടര്‍ന്നും കഴിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇതുകൊണ്ടുതന്നെയാണ് എരിഞ്ഞു കണ്ണുനീര്‍ വരുമ്പോഴും ചിലര്‍ക്ക് എരിവുള്ള ഭക്ഷണം പ്രിയപ്പെട്ടതാകുന്നത്.

ലിപ് ബാം

ചുണ്ടില്‍ വീണ്ടും വീണ്ടും ലിപ് ബാം പുരട്ടിക്കൊണ്ടിരിക്കുന്നവരെ കണ്ടിട്ടുണ്ടാകും. ബാമില്‍ അടങ്ങിയിരിക്കുന്ന ഫിനോള്‍ ആണ് ഇതിനു കാരണം. കൂടിയ അളവില്‍ ശരീരത്തിനുള്ളില്‍ കടന്നാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള പദാര്‍ഥമാണ് ഫിനോള്‍. ദീര്‍ഘനാളത്തെ ഉപയോഗം ചുണ്ടിന്‍റെ വരള്‍ച്ച കൂട്ടും. വരള്‍ച്ച അനുഭവപ്പെടുന്തോറും ബാം വീണ്ടും പുരട്ടാനുള്ള പ്രവണതയും കൂടും. എന്നാല്‍ താല്‍ക്കാലിക ആശ്വാസം മാത്രമാണു ലഭിക്കുന്നത് എന്നറിയാതെ നമ്മള്‍ ഈ ശീലത്തിനു അടിമപ്പെടും. തികച്ചും പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലിപ് ബാം വാങ്ങുകയാണ് ഇതിനു മികച്ച പോംവഴി.

ഐസ് ച്യൂയിങ്

ചിലര്‍ ജ്യൂസില്‍ ചേര്‍ത്തിരിക്കുന്ന ഐസ് കടിച്ചു പൊട്ടിച്ചു തിന്നുന്നതു കാണാം. അതിനിപ്പോള്‍ എന്താ എന്നു ചോദിക്കാന്‍ വരട്ടെ, നിര്‍ദോഷം എന്നു തോന്നുമെങ്കിലും പാഗോഫാജിയ എന്ന ഡിസോര്‍ഡറായാണ് മനഃശാസ്ത്രം ഇതിനെ കാണുന്നത്. പോഷകമൂല്യമില്ലാത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കാനുള്ള ഈ പ്രവണതയെ പിക്ക എന്ന മനോവൈകല്യവിഭാഗത്തിലാണ് വിദഗ്ധര്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴാണ് ഈ പ്രവണതയുണ്ടാകുന്നത്.

ഉച്ചത്തില്‍ സംഗീതം കേള്‍ക്കല്‍

കാതടപ്പിക്കുന്ന ഒച്ചയില്‍ സംഗീതം കേള്‍ക്കുന്നത് ചിലരുടെ ശീലമാണ്, പ്രത്യേകിച്ചും കൗമാരക്കാരുടെ. മിക്കവാറും പോപ്‌, റോക്ക് വിഭാഗത്തിലെ ചടുലമായ ഗാനങ്ങളാണ് ഇവര്‍ ഇങ്ങനെ കേള്‍ക്കുന്നതും. ഇത്തരം ഗാനങ്ങള്‍ തലച്ചോറില്‍ ഡോപ്പാമൈന്‍ എന്ന രാസപദാര്‍ഥം അധികമായി ഉൽപാദിപ്പിക്കും. ഇതു നല്‍കുന്ന ഉണര്‍വാണ് മറ്റുള്ളവര്‍ എതിര്‍ത്താലും തുടര്‍ന്നും ഉച്ചത്തില്‍ സംഗീതം കേള്‍ക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ പാട്ട് കേള്‍ക്കുന്നതില്‍നിന്ന് മറ്റുള്ളവര്‍ വിലക്കുമ്പോള്‍ ദേഷ്യവും വിഷാദവും ഒക്കെ വരുന്നതും ഇതിന്‍റെ ഭാഗമാണെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്റര്‍നെറ്റ്‌

ഒരു ശീലം എത്ര പെട്ടെന്നു ലഹരിയായി നമ്മെ അടിമപ്പെടുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്റര്‍നെറ്റ്‌. കൃത്യമായി സോഷ്യല്‍ മീഡിയയില്‍ ഹാജര്‍ വച്ചില്ലെങ്കില്‍ മനസ്സമാധാനം നഷ്ടപ്പെടുന്നവരും എന്തിനെന്നറിയാതെ വെറുതെ ഇന്‍റര്‍നെറ്റില്‍ കണ്ണില്‍ കണ്ടതു പരതി സമയം കളയുന്നവരുമൊക്കെ ഈ വിഭാഗത്തില്‍ വരും. സമയവും ഗുണവും തിരിച്ചറിഞ്ഞ് ഉപയോഗിച്ചാല്‍ ഇന്റര്‍നെറ്റ്‌ പോലെ ഉപകാരമുള്ള സംഭവം വേറെയില്ലതാനും.

ഷോപ്പിങ്

അതെ, ഇതും ഒരു ലഹരി തന്നെ. കാരണമില്ലാതെ നിങ്ങള്‍ ഷോപ്പിങ് നടത്തുന്നുണ്ടെങ്കില്‍, ഷോപ്പിങ് ചെയ്യുമ്പോള്‍ അളവറ്റ സന്തോഷവും അതിനു ശേഷം കുറ്റബോധവും നിങ്ങളെ കീഴ്പെടുത്തുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. എന്തു വിഷമത്തിനും പരിഹാരമായി ഷോപ്പിങ്ങിനെ കാണുന്നവരുണ്ട്‌. ചില സാധങ്ങള്‍ ആവശ്യമില്ലെങ്കിലും ചടങ്ങു പോലെ വാങ്ങിക്കൂട്ടുന്നവരുമുണ്ട്. നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഷോപ്പിങ് ഇനി ആവശ്യമാണോ അതോ വെറും ലഹരിയാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഈ ശീലം നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതുതന്നെ പ്രധാന ലക്ഷണം.