Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിക്കും കറിവേപ്പിലയും സുരക്ഷിതമോ? ഭക്ഷ്യവസ്തുക്കളിലെ മായം– ഒരു അന്വേഷണം

vegetables

പണ്ടെ‍ാക്കെ നല്ല പച്ചക്കറി തിരഞ്ഞെടുക്കാൻ നല്ല തുടുപ്പും നിറവുമുണ്ടോ എന്നാണ് നോക്കിയിരുന്നത്. എന്നാൽ ഇന്നോ? നല്ല നിറവും തുടപ്പും മുഴുപ്പുമുള്ള പച്ചക്കറി തപ്പിയെടുത്താൽ പണികിട്ടും. കാരണം ആ നിറവും വലുപ്പവുമെല്ലാം വിവിധ രാസപദാർഥങ്ങളും നിറങ്ങളും കാർ ബൈഡും തളിച്ച് കൃത്രിമമായി സൃഷ്ടിക്കുന്നതാണ്. മുന്ത‍ിരിങ്ങ, ആപ്പിൾ, അത്തപ്പഴം എന്നിവയിലൊക്കെ കീടനാശിനി അംശങ്ങളുണ്ടെന്ന് സാധാരണക്കാർക്കുൾപ്പെടെ അറിയാം. എന്നാൽ പൊതുവേ സുരക്ഷിതമെന്നു കരുതുന്ന കരിക്കും കറിവേപ്പിലയും പോലുള്ളവയുടെ സ്ഥിതി എന്താണ്? ഒരു അന്വേഷണം.

വിത്തുവിതയ്ക്കുന്നത‍ിനു മുമ്പ് കളനാശിനിയായി തുടങ്ങുന്നു വിഷപ്രയോഗം. വളർച്ചയുടെ ഒാരോ ഘട്ടത്തിലും വിവിധ കീടനാശിനികൾ മാറി മാറി അടിക്കുന്നു. കൂടാതെ വിളവെടുക്കുന്നതിനു തൊട്ടുമുമ്പ് ഒരു മരുന്നടി കൂടെയുണ്ട് . എങ്കിലേ വിറ്റു തീരും വരെ ഇവ കേടുകൂടാതിരിക്കൂ. കറിവേപ്പിലയിലൊക്കെ കടകളിലേക്ക് കയറ്റിയയ്ക്കുന്നതിനു തൊട്ടുമുമ്പും വിഷം സ്പ്രേ ചെയ്തുകൊടുക്കുന്നുണ്ടത്രെ. പഴങ്ങൾക്ക് തുടുപ്പും മിനുപ്പും കിട്ടാൻ മെഴുകുപുരട്ടുക, ഫ്രഷായി തോന്നിക്കാൻ കൃത്രിമനിറങ്ങളിൽ മുക്കിയെടുക്കുക എന്നിങ്ങനെ പോകുന്നു മറ്റ് പച്ചക്കറി വിൽപന സൂത്രങ്ങൾ.

റമ്മടിച്ച് ഏലയ്ക്ക, വിഷപരിധി വിട്ട് കറിവേപ്പില

cardamom

നാം നിത്യജീവിതത്തിൽ സംശയലേശമന്യേ ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളില‌‍ും വിഷാംശങ്ങളും നിരോധിക്കപ്പെട്ട കീടനാശിനികളുടെ പോലും അവശിഷ്ടങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ വെള്ളായണിയിലെ കീടനാശിനി അവശിഷ്ട പരിശോധന ലാബിൽ നിന്നുള്ള ഫലങ്ങൾ കാണിക്കുന്നത്.

∙ ഏലയ്ക്ക

ഇറച്ചിക്കറ‍ി മുതൽ പായസം വരെ എന്തിലും ഏതിലും മണവും രുചിയും കൂട്ടാൻ‌ പൊടിച്ചിടുന്ന ഏലയ്ക്കയിൽ നിഷ്കർഷിച്ച പരിധിക്കും മുകളിലാണ് വിഷാംശം കണ്ടെത്തിയത്. ക്യൂനാൽഫോസ് സെപെർമെത്രിൻ, ക്ലോർ പെറിഫോസ്, എത്തയോൺ, ലാംബ്ഡാ, സൈഹാലോത്രിൻ എന്നിവയുടെ അംശമാണ് കണ്ടത്. പരിശോധനകളിൽ വെളിവായിട്ടില്ലെങ്കിലും നിരോധിച്ച കീടനാശിനികളായ എൻഡോസൾഫാനും ഫ്യൂറാഡാനും ഏലക്കൃഷിയിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ നിരോധിച്ച കീടനാശിനികൾ പലതും തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾ വഴിയാണ് ഏലത്തോട്ടങ്ങളിലെത്തുന്നത്. ഏലം വേഗം പൂക്കാനും കായ വളരാനും സ്റ്റീറോയ്ഡുകളും ആന്റിബയോട്ടിക്കുകളും വിറ്റമിൻ ബിയും പോലുള്ള അലോപ്പതി മരുന്നുകളും റമ്മും വരെ ചേർക്കുന്നുണ്ടെന്നാണ് റിപ്പ‍ോർട്ടുകൾ.

∙ കറിമസാല, ജീരകം, അയമോദകം

ചുവന്ന മുളകിൽ എത്തയോൺ, ബെഫെൻത്രിൻ, പ്രൊപെനോഫോസ് എന്നിവയുടെ അംശംമാണ് കണ്ടെത്തിയത്. എത്തയോൺ‌ ഒാർഗാനോഫോസ്ഫെറ്റ് വിഭാഗത്തിൽ പെടുന്ന കീടനാശിനിയാണ്. നാഡ‍ീവ്യൂഹത്തിന്റെ പ്രവർ‌ത്തനം മന്ദീഭവിപ്പിക്കാൻ ശേഷിയുള്ളതാണിത്.

ജീരകത്തിൽ ക്ലോർപെറിഫോസിന്റെയും സെപെർമെത്രിന്റെയും അംശം കണ്ടിരുന്നു. ക്യൂനാൽഫോസിന്റെയും ക്ലോർപെറിഫോസിന്റെയും അംശം ജീരകപ്പൊടിയിലുണ്ട്. വികസിതരാജ്യങ്ങളിൽ നിരോധിത കീടനാശിനിയായാണ് ക്യ‍ുനൽഫോസിനെ കണക്കാക്കുന്നത്. ഫോർമോൺ വ്യവസ്ഥയെ തകിടം മറിക്കാൻ ശേഷിയുള്ള മാരകവിഷമാണിത്. രസംപൊടിയിൽ പ്രൊഫൈനോഫോസിന്റെ അംശം കണ്ടിരുന്നു. ഇതു രസംപൊടിയിൽ ചേർക്കുന്ന മുളകുവഴി വന്നതാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പൊതുവേ സുരക്ഷിതമെന്നു കരുതിപ്പോരുന്ന, കുഞ്ഞ‍ുങ്ങൾക്കു സംശയലേശമന്യേ നൽകുന്ന അയമോദകത്തിൽ പ്രൊഫെനോഫോസ് എന്ന നിരോധിത കീടനാശിനിയുടെ അംശം കണ്ടു. പ്രൊഫൈനോഫോസ് പച്ചക്കറി കൃഷിയിൽ അനുവദിച്ചിട്ടുള്ള കീടനാശിനിയല്ല. അതുകൊണ്ടു തന്നെ പൊതുവേ സുരക്ഷിതമായ ഒരു അളവ് ഇതിനു നിഷ്കർഷിച്ചിട്ടുമില്ല.

∙ കറിവേപ്പിലയില

ഡൈമെത്തോയേറ്റ്, പ്ര‍ൊഫൈനോഫോസ്, ബൈഫെൻത്രിൻ, ഏത്തയോൺ, സൈഹാലോത്രിൻ, സൈപ്പർമെത്രിൻ, മീതൈൽ പാരത്തിയോൺ എന്നിങ്ങനെ ഒരു കൂട്ടം വിഷങ്ങളുണ്ട് കറിവേപ്പിലയിൽ. ചില കറിവേപ്പില സാമ്പിളുകളിൽ ഈ വിഷാംശങ്ങൾ നിഷ്കർഷിച്ചിരിക്കുന്ന പരിധിവിട്ടും കണ്ടിരുന്നു.

curry-leaves

∙ മല്ലിയില, പുതിനയില, പച്ചമുളക്

ക്ലോർപൈറോഫോസ്, എതിയോൺ, ഫോറേറ്റ്, പ്രൊഫേനോഫോസ് എന്നിവയുടെ അവശിഷ്ടങ്ങളാണ് മല്ലിയിലയിൽ കണ്ടത്. ഇതിൽ ഫോറേറ്റ് അതിമാരകമായ വിഷമാണ്. പുതിനയിലയിൽ ക്ലോർപെറ‍ിഫൊസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടത്. പച്ചമുളകിൽ എത്തയോൺ പ്രൊഫെനോഫോസ് എന്നിവയുടെ അവശിഷ്ടം കണ്ടു.

മഞ്ഞ ഉണക്കമുന്തിരിയിൽ കോർപെറ‍ിഫോസ്, പ്രോഫെനോ ഫോസ്, സൈഹാലോത്ര‍ിൻ എന്നീ കീടനാശിനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇവയ്ക്കൊന്നും സുരക്ഷിത ഉപയോഗപരിധി നിശ്ചയിച്ചിട്ടുപോലുമില്ല. മുന്തിരിയുടെ വളർച്ചാഘട്ടത്തിൽ ചേർക്കുന്ന കീടനാശിനികളാകാം ഇതെന്നാണ് അനുമാനം. മുന്തിരിപ്പാടങ്ങളിൽ വൻതോതിൽ രാസമരുന്നുകൾ അടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പരിശോധയിൽ കറുത്ത ഉണക്കമുന്തിരിയിൽ കീടനാശിനികളുടെ അംശം കണ്ടെത്താനായിട്ടില്ല.

പരിശോധനാലാബുകളിൽ നിന്നുവെളിവാകാത്ത ചില യാഥാർഥ്യങ്ങളുണ്ട്. ഫീൽ‌ഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നവ. ആരേയും ഞെട്ടിക്കുന്ന കണക്കുകളും കാഴ്ചകളുമാണ് ഇവിടങ്ങളിൽ നിന്നും ലഭിക്കുന്നത്. ലാഭം മാത്രം മുൻനിർത്തിയുള്ള ഒാട്ടപ്പാച്ചിലിൽ നമ്മ‍ുടെ ഭക്ഷ്യസംസ്കാരം മരണസംസ്കാരമായി മാറുന്നതെങ്ങനെയെന്ന് ഇവിടെങ്ങളിൽ നിന്നുള്ള വിവരങ്ങൾ വെളിവാക്കുന്നു. ‍

കരിക്ക് സുരക്ഷിതമോ?

tender-coconut

അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന കരിക്കിൽ വൻതോതിൽ കീടനാശിനികളുടെ അവശിഷ്ടമുണ്ടെന്ന വാർത്ത കോളിളക്കം സൃഷ്ടിച്ചിരുന്നു. മോണോ ക്രോറ്റൊഫോസ്, കോപ്പർ ഒക്സിക്ലോറൈഡ് എന്നിങ്ങനെ ഒന്നിലധികം രാസകീടനാശിനികളുടെ അവശിഷ്ടങ്ങൾ കരിക്കു വെള്ളത്തിൽ കണ്ടെതായി തമിഴ്നാട്ടിൽ നടന്ന ചില പഠനങ്ങൾ സൂചിപ്പിക്കുന്നുമുണ്ട്.

∙ ഏത്തപ്പഴം

ഫ്യൂറഡാൻ, ബെൻസോ ഹെക്സാക്ലോറൈഡ്, എക്കാലക്സ്, ഹിൽബാൻ, ബവിസ്റ്റിൻ, ബോർഡോക്സ് എന്നിങ്ങനെയുള്ള കീടനാശിനികൾ വാഴക്കൃഷിയിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഏത്തവാഴക്കുലകൾ വലുപ്പം വയ്ക്കാന‍ായി പൂവ് ഒടിച്ച് വളർച്ചാത്വരകങ്ങളായ രാസപദാർഥങ്ങൾ മുക്കിവച്ചു കൊടുക്കുന്ന രീതിയും പ്രചാരത്തിലുണ്ടെത്രെ. വണ്ടുകൾ പോലുള്ള കീടങ്ങളെ നശിപ്പിക്കാൻ ഫോറേറ്റ് പോലുള്ള മാരകവിഷങ്ങളാണ് ഉപയോഗിക്കുന്നത്.

∙ പൈനാപ്പിൾ

കേരളത്തിൽ ഏറ്റവുമധികം ആളുകൾ ഭയത്തോടെ കാണുന്ന പഴമാണ് പൈനാപ്പിൾ. ഹോർമോൺ അടിക്കുന്നുവെന്നാണ് പൈനാപ്പിൾ നേരിടുന്ന വലിയ ആരോപണം. എന്നാൽ പൈനാപ്പിൾ ഒരേപോലെ പൂവിടാനാണ് ഹോർമോൺ തളിക്കുന്നതെന്നും വളരെ നിരുപദ്രവകാരിയാണ് ഇതെന്നുമാണ് കർഷകരുടെ വാദം. പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഭീകരനല്ലെങ്കിലും ചിലയിടങ്ങളിലെങ്കിലും നിരോധിക്കപ്പെട്ട കീടനാശിനികളായ എൻഡോസൾഫാനും ഹിൽബാനുമൊക്കെ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിര‍ുന്നു. കേരളസംസ്ഥാന ബയേ‍ാ ഡൈവേഴ്സിറ്റിബോർഡ് നടത്തിയ നിരീക്ഷണത്തിൽ എത്തിഫോൺ, കാൽസ്യം കാർബണേറ്റ് എന്നിവയൊക്കെ പൈനാപിൾ തോട്ടങ്ങളിൽ അടിക്കുന്നതായി കണ്ടിരുന്നു.

pineapple

മരുന്നടി തോന്നും പോലെ

അശാസ്ത്ര‍ീയമായ മരുന്നടിയാണ് മിക്കയിടങ്ങളിലും നടക്കുന്നത്. അതാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതും. പലതരം കീടനാശിനികൾ കൂട്ടിക്കലർത്തി അടിക്കുന്നതും പതിവാണ്. ഇതു ദോഷകരമായ പ്രതിപ്രവർത്തനങ്ങൾക്ക് ഇടയ‍ാക്കാം. കൂടുതൽ വിഷമടിച്ചാൽ കൂടുതൽ വിളവു കിട്ടുമെന്ന ലാഭക്കൊതിയിൽ പച്ചക്കറിപാടങ്ങൾ വിഷത്തിൽ മുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കേരളകാർഷിക സർവകലാശാലയിൽ നടന്ന ഒരു പഠനത്തിൽ സുരക്ഷിതമായ രാസവസ്തുക്കളുടെ ഉപയോഗം കുറയുന്നതായും രൂക്ഷതയേറിയതും ചെടിയിലേക്ക് ആഴ്ന്നിറങ്ങുന്നതുമായ കീടനാശിനികൾ കൂടുതൽ ഉപയോഗിക്കുന്നതായി കണ്ടിരുന്നു. ഉദാഹരണത്തിന് മാങ്ങ പഴുപ്പിക്കാൻ അനുവദനീയമായത് എതിഫോൺ ആണ്. എന്നാൽ ഇതിനേക്കാൾ വില കുറഞ്ഞതാണ് കാർബൈഡ്. അതുകൊണ്ട് കൂടുതൽ കച്ചവടക്കാരും കാർബൈഡ് ഉപയോഗിക്കുന്നു. എന്നാൽ കാൻസറുണ്ടാക്കാൻ സാധ്യതയുണ്ടെന്നു കണ്ട് വികസിതരാജ്യങ്ങളിൽ നിരോധിച്ചതാണ് കാർബൈഡെന്ന് ആരറിയുന്നു.

കീടനാശിനികളുടെ പ്രവർത്തനം

വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും കീടനാശിനികളുടെ അംശം ദീർഘനാൾ ഉള്ളിലെത്തിയാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മനുഷ്യരിലെ കൊഴുപ്പു കലകളിലാണ് വിഷാംശം അടിഞ്ഞുകൂടുന്നത്. ഇങ്ങനെ ഉള്ളിലെത്തുന്ന ചില രാസവസ്തുക്കൾ കാലക്രമേണ വിഘട‍ിച്ച് ശരീരത്തിൽ നിന്നും നീക്കപ്പെടുന്നു. ചിലത് കാലങ്ങളോളം ശരീരത്തിൽ തങ്ങിനിന്ന് ആരോഗ്യപ്രശ‍്നങ്ങളുണ്ടാക്കുന്നു.

രണ്ടു തരത്തിലുള്ള കീടനാശിനികളാണ് പ്രധാനമായും ഉപയോഗിച്ചു കാണുന്നത്. ഒാർഗാനോഫോസ്ഫറസ് സംയുക്തങ്ങളും ഒാർഗാനോക്ലേ‍ാറിൻ സംയുക്തങ്ങളും ക്ലോർപൈറിഫോസ്, മാലത്തിയോൺ, മീതൈൽ പാരത്തിയോൺ എന്നിവ ഒാർഗാനോഫോസ്ഫേറ്റ് വിഭാഗത്തിൽപെട്ട എഡിഎച്ച്ഡി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് നിരീക്ഷണങ്ങളുണ്ട്. ഡിഡിറ്റി, ക്ലോർഡെയ്ൻ, ആൽഡ്രിൻ എന്നിവ രണ്ടാമത്തെ ഗ്രൂപ്പിൽപെടുന്നു. ഒർഗാനോഫോസ്ഫ‍േറ്റുകൾ കീടങ്ങളുടെ നാഡിവ്യൂഹത്തെ പ്രവർത്തനത്തെ തകരാറിലാക്കുന്നവയാണ്. സാമാന്യയുക്തിയിൽ ചിന്തിച്ചാൽ സമാനമായ ജൈവരാസഘടനയുള്ള മനുഷ്യരുടെ തലച്ച‍ോറിനും ഇവ ദോഷകരമായേക്കാമെന്നു മനസ്സിലാകും. ചില പഠനങ്ങൾ ഇതു സംബന്ധിച്ചു നടന്നിട്ടുമുണ്ട്.

കാൻസർ ഉണ്ടാക്കുമോ?

ചില കീടനാശിനികൾ ശരീരത്തിലെത്തിയാൽ ഹോർമോണുകളെ പോലെ പ്രവർത്തിക്കും. പല കീടനാശിനികൾക്കും ഈസ്ട്രജനു സമാനമായ ശേഷികളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ഹോർമോൺ അ സന്തുലിതാവസ്ഥയ്ക്കും അതുവഴി സതാനാർബുദം പോലുള്ള അർബുദങ്ങൾക്കും കാരണമാകും. ഇതിനു ചിലപ്പോൾ ദശാബ്ദങ്ങളെടുക്കാം. പുരുഷന്മാരിൽ കീടനാശിനി നിർമാതാക്കൾക്ക് അവയുടെ ദൂരവ്യാപകഫലങ്ങളേക്കുറിച്ച് വിവരം നൽകേണ്ടാത്തതിനാൽ ഇതു സംബന്ധിച്ചുള്ള പഠനങ്ങളൊന്നും നടക്കുന്നുമില്ല.

കീടനാശിനികൾ നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ മന്ദ‍ീഭവിപ്പിക്കുന്നതിനാൽ കാലിലും കൈയിലും പെരുപ്പും മരവിപ്പും പോലെ ന്യൂറോപ്പതിക്കുസമാനമായ പ്രശ്നങ്ങളുണ്ട‍ാക്കാം ഉദരപ്രശ്നങ്ങൾക്കും കാരണമാകാം. ആമാശയം, കുടൽ എന്നിവിടങ്ങളിൽ നീർവീക്കം, ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ എന്നിവ വരാം. ആമാശയവ്രണങ്ങൾക്കിടയാക്കാം. തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാം. ഒാർമക്കുറവു സംഭവിക്കാം. പേശീതളർച്ച, ബലക്ഷയം എന്നിവയ്ക്കു കാരണമാകാം. കീടനാശിനികളുടെ അങ്ങേയറ്റം ഗുരുതരമായ ദോഷഫലമാണ് അർബുദം. കീടനാശിനികളും അർബുദവുമായി നേരിട്ടു ബന്ധമുണ്ടെന്നു തെളിയിക്കാൻ കൃത്യമായ സൂചനകളോ ക്ലിനിക്കൽ പഠനങ്ങളോ ഇല്ലെന്നതു സത്യം തന്നെ. എന്നാൽ സാഹചര്യതെളിവുകൾ നമ്മുടെ നാട്ടിൽ തന്നെ ധാരാളമുണ്ട്. െനൽകൃഷിക്കുവേണ്ടി ധാരാളമായി കീടനാശിനികൾ ഉപയോഗിക്കുന്നു കുട്ടനാടൻ പ്രദേശങ്ങളിൽ നിന്നുള്ളവരിൽ ചുണ്ട്, ആമാശയം, ചർമം, തലച്ചോറ് എന്നിവിടങ്ങളിലെ കാൻസർ വ്യാപകമായി കാണുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പഠനത്തിൽ പറഞ്ഞിട്ടുണ്ട്.

കുട്ടികളിലും ഗർഭിണികളുലും അപകടകരം

മുതിർന്ന ഒരാളുടെ ശരീരത്തിൽ കീടനാശിനികൾ സൃഷ്ടിക്കുന്നതിലുമധികമാണ് കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ. കാരണം, കുട്ടികളിൽ അവരുടെ ശരീരഭാരത്തെ അപേക്ഷിച്ച് ഗണ്യമായ അളവിൽ ക‍ീടനാശിനികൾ ഉള്ളിലെത്തുന്നുണ്ട്. 1പിപിഎം കീടനാശിനി 60 കിലോ ഉള്ള ഒരാളിൽ സൃഷ്ടിക്കുന്നതിലും അപകടകരമായിരിക്കുമല്ലോ 10 കിലോ ഉള്ള ഒരാളിൽ സൃഷ്ടിക്കുന്നത്. തന്നെയുമല്ല വളരുന്ന പ്രായത്തിൽ ഉണ്ടാകുന്ന ഇത്തരം വിഷക്ക‍ൂട്ടുകെട്ടുകൾ അവരുടെ തലച്ച‍ോറിന്റെ വികാസത്തെ തന്നെ ദോഷകരമായി ബാധിക്കും. ഭ്രൂണമായിരിക്കേ ക്ലോർപൈറിഫോസ് എന്ന കീടനാശിനിയുമായുണ്ടായ സമ്പർക്കം കുഞ്ഞിന്റെ തലച്ചോറിന്റെ നിർമാണഘടനയെ പോലും തകിടംമറിച്ചതായി അമേരിക്കയിൽ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രീ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ കീടനാശിനികളുടെ സമ്പർക്കം അർബുദസാധ്യത കൂട്ടുന്നതായി മറ്റൊരു അമേരിക്കൻ പഠനം പറയുന്നു. കുഞ്ഞുങ്ങളുടെ സ്വതവേ ദുർബലമായ ശരീരസംവിധാനത്തെ ചെറിയ ഡോസിലുള്ള രാസവസ്തുക്കൾ‌ പോലും താളം തെറ്റിക്കാമെന്നു ഗവേഷകർ പറയുന്നു.

ഗർഭിണിയായിരിക്കേ ഭക്ഷണത്തിലൂടെ ഉയർന്ന അളവിൽ കീടനാശിനികളെത്തുന്നത് ഗർഭസ്ഥശിശുവിനു ദോഷമാണ്. കാരണം അമ്മയുടെ ശരീരത്തിലെത്തുന്ന രാസമാലിന്യങ്ങൾ മറുപിള്ളയിലൂടെ കുഞ്ഞിലേക്കു നീക്കപ്പെടുന്നുണ്ട്. കുഞ്ഞ് വളരുന്ന ആദ്യ അന്തരീക്ഷം തന്നെ അങ്ങനെ വിഷമയമാകുന്നു. കുഞ്ഞുങ്ങളിൽ മുതിർന്നവരിലെ പോലെ വിഷങ്ങൾ വിഘടിച്ചു നിർവീര്യമാകാനും സാധ്യത കുറവാണ്.

ഭക്ഷണത്തിലൂടെ മാത്രമല്ല കീടനാശിനികളുമായി സമ്പർക്കം വരുന്നത്, ഇവ ഉപയോഗിക്കുന്ന കൃഷിയിടങ്ങളോടു ചോർന്നു താമസിക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാം എന്നു മറക്കരുത്. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തം തന്നെ ഉദാഹരണം. വൻതോതിലുള്ള കീടനാശിനി പ്രയോഗം മൂലം അവിടം ജനിച്ച കുഞ്ഞുങ്ങളിൽ ഏറിയ പങ്കിനും വൈകല്യങ്ങളുണ്ടായിരുന്നു. കീടനാശിനി പ്രയോഗമുള്ളിടങ്ങളുമായി ഇങ്ങനെ സമ്പർക്കമുണ്ടായ ഗർഭിണികളുടെ കുഞ്ഞുങ്ങൾ വൈകല്യങ്ങളോടെ ജനിക്കാനുള്ള സാധ്യത കൂടുതലാണെന്നു വിദേശപഠനങ്ങളും പറയുന്നു.

പോംവഴിയെന്ത്?

കഴുകിയാലും തൊലിയുരിഞ്ഞു കളഞ്ഞാലും ഉയർന്ന ചൂട‍ിൽ വേവിച്ചാലും ചെടിയുടെ കോശങ്ങളിലേക്ക് കടന്നു വളരുന്ന കീടനാശിനികളൊന്നും അത്ര എളുപ്പം മാറിക്കിടില്ല അവ സാവധാനം നമ്മുടെ ഉള്ളിൽ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കും.

അതുകൊണ്ട് വിഷവിമുക്തമായ ഭക്ഷണത്തിന് കൂടുതൽ പ്രയോഗികവഴികൾ കണ്ടെത്ത‍േണ്ടിയിരിക്കുന്നു. നമ്മുടെ പച്ചക്കറി വാങ്ങൽ രീതി തന്നെ മാറ്റണം. കാഴ്മീരീ ആപ്പിളിനു പകരം നാടൻ പേരയ്ക്ക കഴിക്കുക. കാരറ്റിനും ബ്രോക്കോളിക്കും പകരം പപ്പായയും ചീരയും കഴിക്കുക. ഇങ്ങനെ അതാതു സ്ഥലങ്ങളിൽ പ്ര‍ാദേശികമായി ലഭ്യമായ ഭക്ഷ്യവസ്തുക്കൾ കൂടുതൽ ഉപയോഗിച്ചാൽ ഉയർന്ന അളവിൽ രാസമാലിന്യങ്ങൾ ഉയർന്ന അളവിൽ രാസമാലിന്യങ്ങൾ ഉള്ളിലെത്തുന്നതു തടയാം. നമ്മുടെ തനിനാടൻ പഴങ്ങളും പച്ചക്കറികളും വിദേശ വെറ്റൈറ്റികളേക്കാൾ പോഷകമേറിയതുമാണ്. സീസണനുസരിച്ചു ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും മതിയെന്നു തീരുമാനിക്കാനുള്ള ആർജവം ഉപഭോക്താവിനുണ്ടായാൽ തന്നെ വിഷവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി വിളയിക്കുന്നതും പഴുപ്പിക്ക‍‌ുന്നതും നിലയ്ക്കും. ജൈവകൃഷി രീതിയിലൂടെ സ്വന്തം ആവശ്യത്തിനുള്ളത് ഉത്പാദിപ്പിക്കുകയാണ് മറ്റൊരു മാർഗം. അൽപം ക്ഷമയും ചെലവിടാൻ സമയവുമുണ്ടെങ്കിൽ അതു തീർച്ചയായും സാധ്യമാകും. ആമാശയത്തിന്റെയും മനസ്സിന്റെയും സമാധാനത്തിന് ഇതേയുള്ള‍ു പോംവഴി.

വിഷം പരിധി വിടുന്നോ?-തിരിച്ചറിയാം

ഇന്ത്യയിലെ ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി കീടനാശിനികൾക്ക് നിയമാനുസൃതമായ ഒരു പരിധി (പെർമിസിബിൾ മാക്സിമം റെസിഡ്യൂ ലിമിറ്റ്) അനുവദിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാത്ത ഏറ്റവും കുറഞ്ഞ വിഷാംശ അളവെന്നാണ് ഇതു കൊണ്ടുദ്ദേശിക്കിന്നത് . എന്നാൽ ഈ അളവിലാണെങ്കിൽ പോലും ദീർഘകാലമായി വിഷം ശരീരത്തിൽ അട‍‍‌ിഞ്ഞുകൂടുന്നത് ഒട്ടും ആരോഗ്യകരമല്ല എന്നാണ് വൈദ്യശാസ്ത്രവിദഗ്ധരുടെ അഭിപ്രായം. വിഷാംശത്തിനു പരിധി നിശ്ചയിച്ചിട്ടുള്ളതുപോലെ ചില വിലക്കുകളും ഉണ്ട്. പച്ചക്കറികളുലും പഴങ്ങളിലും കൃത്രിമനിറം ഉപയോഗ‍ിക്കുന്നത് അനുവദന‍ിയമല്ല. അതുപോലെ തിളക്കം കിട്ടാനായി മിനറൽ എണ്ണകൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ചിലയിനം മെഴുകുകൾ മാത്രമാണ് അനുവദനീയമായുള്ളത്.

സേഫ് ടു ഈറ്റ് പദ്ധതി

പച്ചക്കറികളിലെ വിഷാംശം കണ്ടുപിടിക്കാനായി 2013-ൽ തിരുവനന്തപുരത്ത്, വെള്ളായണിയിലെ കേരള കാർഷിക സർവകലാശയും കൃഷിവകുപ്പും യോജിച്ച് സേഫ് ടു ഈറ്റ് പദ്ധതി കൊണ്ടുവന്നു. ഈ പദ്ധതിപ്രകാരം വിവിധ ജില്ലകളിലെ പച്ചക്കറി കടകൾ, പച്ചക്കറി ചന്തകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയിൽ നിന്നും നേരിട്ടും ശേഖരിച്ച പച്ചക്കറി സാമ്പിളുകൾ വെള്ളായണിയിലുള്ള കീടനാശിനി അവശ‍ിഷ്ട വിഷാംശ പരിശോധനാ ലാബിലെത്തിച്ച് പരിശോധിക്കുന്നു. പച്ചക്കൾ, പഴവർഗങ്ങൾ എന്നിവ കൂടാതെ സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ഉണക്കപഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മസാലപ്പൊടികൾ ഇവയ‍ിലും പരിശോധന നടത്തുന്നു. കീടനാശിനിയുടെ 100 കോടിയിൽ ഒരു അംശ‍ം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, മാസ് സ്പെക്ട്രോമീറ്റർ എന്നിങ്ങനെ എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള സർക്കാർ തലത്തിലെ ഒരോയൊരു കീടനാശിനി പരിശോധനാ ലാബാണിത്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ.ബി.പത്മകുമാർ, മെഡിസിൻ വിഭാഗം, മെഡിക്കൽ കോളജ്, തിര‍ുവനന്തപുരം
ഡോ. തോമസ് ബിജു മാത്യു, എന്റമോളജി വിഭാഗം, കാർഷികസർവകലാശാല, വെള്ളായണി, തിരുവനന്തപുരം
ഡോ. ഷിനോജ് സുബ്രഹ്മണ്യൻ സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ്,
പി. ശ്രീലത, ഗൃഹശാസ്ത്രവിഭാഗം, കേരള കാർഷിക വിജ്ഞാനകേന്ദ്രം, എറണാകുളം
 

Your Rating: