Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്തർ പുരട്ടും മുമ്പ് അറിയേണ്ട കാര്യങ്ങൾ

attar-perfume

വർഷങ്ങൾക്കു മുമ്പ്, ഡിയോഡറന്റുകളും സ്പ്രേകളും വിപണി കൈയടക്കും മുമ്പ് ശരീരത്തിനു സുഗന്ധം ലഭിക്കാൻ അത്തർ ഉപയോഗിച്ചിരുന്നു. മനോഹരമായ പളുങ്കു കുപ്പികളിൽ വന്നിരുന്ന അത്തറിന് ഇന്നും ധാരാളം ആവശ്യക്കാരുണ്ട്. അത്തർ പൂശി ഇറങ്ങിയാൽ അന്തരീക്ഷത്തിലാകെ ആ സുഗന്ധം നിറഞ്ഞു നിൽക്കുമെന്നാണ് പറയാറ്. ഇത് ശരിരത്തിലേക്ക് നേരിട്ട് പുരട്ടുന്നതിനാൽ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം.

ചെടിയിൽ നിന്ന്

അത്തർ എന്നറിയപ്പെടുന്ന സുഗന്ധലേപനത്തിന്റെ ഉപയോഗം 5000 വർഷങ്ങൾക്കു മുമ്പുതന്നെ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അത്തർ ആദ്യമായി ഉത്പാദിപ്പിച്ചത് ഇന്ത്യയിലാണ്. എന്നാൽ ഇത്തർ എന്ന പേരിലും അറിയപ്പെടുന്ന അത്തർ ഇന്ന് അറബ് രാജ്യങ്ങളിൽ വളരെ പ്രചാരത്തിലുണ്ട്.

അത്തർ ഉണ്ടാക്കുന്നത് ചിലതരം ചെടികളുടെ പൂക്കൾ, തണ്ട്, വേര്, മുതലായ ഭാഗങ്ങൾ ഓട്ടോ ഡിസ്റ്റിലേഷൻ (Auto distilation) എന്ന പ്രക്രിയ വഴി വാറ്റിയെടുത്താണ്. ഇങ്ങനെ ലഭ്യമാകുന്ന എണ്ണ വളരെ സാന്ദ്രത കൂടിയതും അതിനാൽ തന്നെ ചെറിയ കുപ്പികളിലാക്കിയുമാണ് വിപണിയിലെത്തുന്നത്. വളരെ ചെറിയ അളവിൽ മാത്രമെ ഇത് ഉപയോഗിക്കേണ്ടതുള്ളൂ. ചെടിയുടെ പേരും ചെടിയുടെ ഏതു ഭാഗമാണ് ഉപയോഗിക്കുന്നത് എന്നതുമനസരിച്ച് അത്തർ പല പേരുകളിൽ അറിയപ്പെടുന്നു.

എവിടെ പുരട്ടണം

അത്തർ ഉപയോഗിക്കേണ്ടത് കൈകളിലും കൈപ്പത്തിയുടെ താഴെയായി ഉൾഭാഗത്തും ചെവിയുടെ പുറകിലുമാണ്. അവിടെ വളരെ കുറച്ച് അളവിലെ പുരട്ടാവൂ. ചിലയിടങ്ങളിൽ ആളുകൾ അത്തര്‍ കാൽമുട്ടിന്റെ പിൻഭാഗത്തും പുരട്ടാറുണ്ട്. യഥാർഥത്തിൽ അത്തറിൽ ചന്ദനതൈലമാണ് അടിസ്ഥാനമായി ഉപയോഗിക്കുന്നത്. സമീപകാലത്തായി ചന്ദനത്തിന്റെ ദൗര്‍ലഭ്യവും വിലക്കൂടുതലും കാരണം ചെലവു കുറഞ്ഞ പെട്രോളിയം ഉൽപന്നമായ പാരഫിൻവാക്സ് പൊലെയുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നത്. അതുപോലെ കൃത്രിമ സുഗന്ധ ഫ്ളേവറുകളും ഉപയോഗിച്ചുവരുന്നു. വിപണിയിൽ ഇപ്പോൾ ലഭ്യമായ നല്ലൊരു ശതമാനം അത്തറുകളും ഇത്തരത്തിൽ നിർമിച്ചവയാണ്. യഥാർഥ അത്തറിനു വില കൂടുതലാണ്.

ചര്‍മരോഗങ്ങൾക്കു സാധ്യത

കൃത്രിമ ചേരുവകളുടെ സാന്നിധ്യവും നിലവാരം കുറഞ്ഞ വസ്തുക്കളുടെ ഉപയോഗവും കാരണം ഇത്തരത്തിലുള്ള അത്തർ തുടർച്ചയായി ഉപയോഗിക്കുന്നത് ചർമ്മരോഗങ്ങള്‍ക്കു കാരണമാകാം. അമിതമായി ഉപയോഗിക്കുകയോ നിലവാരമില്ലാത്തവ ഉപയോഗിക്കുകയോ ചെയ്താൽ ചർമ്മത്തില്‍ ചൊറിച്ചിൽ, ചുവപ്പുനിറം, നീറ്റൽ, പൊള്ളൽ, കറുപ്പുനിറം എന്നിവ ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാൽ അത്തറിന്റെ ഉപയോഗം നിർത്തുകയും വൈദ്യസഹായം തേടുകയും വേണം. തുടക്കത്തിലാണെങ്കിൽ മരുന്ന് ആവശ്യമായി വരില്ല. ഉപയോഗം നിർത്തുന്നതുതന്നെ മതിയാകും. ചില അവസരങ്ങളിൽ മരുന്ന് ആവശ്യമായി വരാം. പാച്ച് ടെസ്റ്റിങ് (patch testing) പരിശോധനയിലൂടെ അലർജിയുണ്ടെങ്കിൽ അതു കണ്ടുപിടിക്കാം. അംഗീകൃത ബ്രാന്‍ഡിന്റെ അത്തർ മാത്രം വാങ്ങുക. ചെറിയ അളവിൽ പുരട്ടി നോക്കിയശേഷം വാങ്ങുന്നതാണ് ഉചിതം.

വിവരങ്ങൾക്കു കടപ്പാട്
ഡോ. ബിഫി ജോയി
പ്രഫസർ, ഡെർമറ്റോളജി വിഭാഗം,
അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, പരിയാരം

ഡോ. റസീന, ഡോ. അരുൺ (ജൂനിയർ റെസിഡന്റ്സ്)
അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, പരിയാരം