Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യത്തെ കൺമണി പിറന്നാൽ അച്ഛന് അൽപം അമിതവണ്ണം!

kanmani-dad

കുഞ്ഞിന്റെ ജനനത്തോടെ ചില അമ്മമാർക്കു തടിവയ്ക്കുന്ന കാര്യം നമുക്ക് അറിയാവുന്നതു തന്നെ. എന്നാൽ കടിഞ്ഞൂൽ കൺമണി പിറക്കുന്നതോടെ അച്ഛനും അൽപം വണ്ണം വയ്ക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആദ്യമായി അച്ഛനായ പതിനായിരം യുവാക്കളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം. ആദ്യമായി അച്ഛനായ ആറടി ഉയരമുള്ള യുവാക്കൾക്ക് ശരാശരി രണ്ട് കിലോ ഭാരം വർധിച്ചതായാണു നിരീക്ഷണത്തിൽ വ്യക്തമായത്. കു‍ഞ്ഞിൽ നിന്നും അകന്നു കഴിയുന്ന അച്ഛന്മാരിൽ 1.5 കിലോഗാം വർധനാണ് ശരീരഭാരത്തിൽ ഉണ്ടായത്.

വിവാഹശേഷം പുരുഷന്മാർക്ക് ശരീരഭാരത്തിൽ വർധനവുണ്ടാകുമെന്ന് നേരത്തെ ഗവേഷകർ തെളിയിച്ചിരുന്നു. എന്നാൽ കു‍ഞ്ഞിന്റെ ജനനം അച്ഛന്റെ ശരീരഭാരത്തെ സ്വാധീനിക്കുന്നുവെന്നത് തികച്ചും പുതിയ കണ്ടെത്തൽ തന്നെ. ഈ സമയത്ത് അച്ഛനുണ്ടാകുന്ന ശരീരഭാരവർധന നിശ്ചിത അനുപാതത്തിൽ കൂടുതലാണെങ്കിൽ ഭാവിയിൽ അച്ഛന് ഹൃദയസംബന്ധമായ രോഗങ്ങളൂം പ്രമേഹവും വരാൻ സാധ്യത കൂടുതലാണത്രേ. പിൽക്കാലത്ത് അർബുദരോഗത്തിനും സാധ്യത ഏറുന്നു. കുഞ്ഞിന്റെ ജനനത്തോടെ അച്ഛന് അമിതഭാരം ഉണ്ടാകാൻ പല കാരണങ്ങളാണ് വൈദ്യശാസ്ത്രജ്ഞർക്കു പറയാനുള്ളത്.

പ്രധാനമായും ഭക്ഷണശീലങ്ങളിൽ വരുന്ന വ്യത്യാസമാണ് കാരണം. കുഞ്ഞ് ജനിക്കുന്നതോടെ വീട്ടിൽ മധുരപലഹാരങ്ങളുടെ ഉപയോഗം വർധിക്കുന്നു. കുക്കീസ്, ചോക്ക്‌ലേറ്റ്, ബിസ്കറ്റ്, ഐസ്ക്രീം അങ്ങനെ പലതരം മധുരപദാർഥങ്ങൾ വീട്ടിൽ നിറയുന്നു. കൂടുതൽ സമയം കുഞ്ഞിനു വേണ്ടി ചെലവഴിക്കേണ്ടി വരുന്നതുകൊണ്ട് സ്വന്തം വ്യായാമകാര്യങ്ങളിലും മറ്റും വേണ്ടത്ര ശ്രദ്ധ പുലർത്താൻ അച്ഛന്മാർക്ക് കഴിയുന്നില്ല. കുഞ്ഞിന്റെ പരിചരണവും ജോലിത്തിരക്കും മറ്റുമായി ഇവരുടെ മാനസികസമ്മർദവും കൂടുന്നു. രാത്രിനേരങ്ങളിലെ ഉറക്കക്കുറവും പകൽനേരത്ത് വേണ്ടത്ര വിശ്രമിക്കാനുള്ള സമയമില്ലായ്മയുമൊക്കെ അച്ഛന്മാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാരണങ്ങൾ തന്നെ.