Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിളങ്ങട്ടെ.... ആമ്പലും അമ്പിളിയും പോലെ

beauty

ഒന്നൊരുങ്ങി ഒന്നുകൂടി അത് മിനുക്കി കണ്ണാടി മുന്നിൽ നിൽക്കുമ്പോൾ ഒരിത്തിരി കൂടി സൗന്ദര്യം ഉണ്ടായിരുന്നെങ്കിൽ എന്നാശിക്കാത്തവർ ഉണ്ടോ? ഐശ്വര്യ റായിയേയും ദീപിക പദുക്കോണിനെയും പോലെ നാലാൾ അംഗീകരിക്കുന്ന സൗന്ദര്യ റാണിമാരാകുന്നത് സ്വപ്നം കാണാത്തവരുണ്ടോ? കാഴ്ചയിൽ നന്നായിരിക്കാനുള്ള പരിശ്രമങ്ങൾ ലോകമെമ്പാടുമുള്ള സ്ത്രീകൾ ചെയ്യുന്നു. ഇപ്പോൾ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും സൗന്ദര്യ കാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ്. ഐശ്വര്യ റായിയുടെ മനം മയക്കുന്ന സൗന്ദര്യത്തെക്കുറിച്ച് പറയുന്നതുപോലെ തന്നെ ഹൃത്വിക് റോഷന്റെ സൗന്ദര്യത്തെക്കുറിച്ചും നാം ഇന്നു സംസാരിക്കുന്നു.

സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനായുള്ള ഈ ശ്രമങ്ങളെ പക്ഷേ, ഒരു വിഭാഗം ആളുകൾ പുച്ഛത്തോടെയാണ് കാണുന്നത്. ഏറി വരുന്ന പാശ്ചാത്യ സ്വാധീനത്തിന്റെ ദോഷമെന്നും അന്താരാഷ്ട്ര സൗന്ദര്യ വർധക കമ്പനികളുടെ വല വീശലെന്നും മറ്റും കുറ്റപ്പെടുത്തുന്നവർ ഒന്നു മറക്കുന്നു. ഈജിപ്ഷ്യൻ— ഗ്രീക്ക്— ഏഷ്യൻ— ഏതു പ്രാചീന സംസ്കാരങ്ങളെ പരിശോധിച്ചാലും സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നതിന്റെ തെളിവുകൾ കാണാം. പുരാതന ഈജിപ്ഷ്യൻ സുന്ദരി ക്ലിയോപാട്ര സൗന്ദര്യമേറ്റാൻ കഴുതപ്പാലിലാണ് കുളിച്ചിരുന്നത്. ജപ്പാനിലെ സ്ത്രീകൾ മേക്കപ്പ് നീക്കാൻ വാനമ്പാടിയുടെ കാഷ്ഠമാണ് ഉപയോഗിച്ചിരുന്നത്. ഇതായിരുന്നത്രെ അവരുടെ നിത്യയൗവന രഹസ്യം. സൗന്ദര്യം നേടാനുള്ള പരിശ്രമങ്ങളിൽ വിഷവസ്തുക്കളെപോലും ഉപയോഗിച്ചിരുന്നു. നിറം വർധിപ്പിക്കാനായി ഗ്രീക്കുകാർ വെള്ള ലെഡും ഒലിവ് ഓയിലും മുഖത്തു പുരട്ടിയിരുന്നത്രെ. ലെഡ് ചർമത്തിലൂടെ ഉള്ളിൽ ചെന്ന് മരണങ്ങൾ വരെ നടന്നിരുന്നു.

അവയവപൊരുത്തവും അഴകും

കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം, വ്യക്തിത്വമാണ് സൗന്ദര്യം. മനസിന്റെ സൗന്ദര്യമാണ് പ്രധാനം എന്നൊക്കെ പറയുമെങ്കിലും പലപ്പോഴും നമ്മുടെ തിരഞ്ഞെടുക്കലുകളിൽ മുഴച്ചു നിൽക്കുന്നത് സൗന്ദര്യചിന്ത തന്നെ. എന്താണ് ഇതിനു പിന്നിലെ കാരണം? എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡം?

ചില പരിണാമ ജീവശാസ്ത്രം— മനശാസ്ത്ര പഠനങ്ങൾ കണ്ടെത്തിയത് ശരീരത്തിന്റെ ഘടനാപരമായ പൊരുത്തമാണ് (സിമ്മട്രി) സൗന്ദര്യത്തിന്റെ അളവു കോൽ എന്നാണ്. ഗവേഷകർ ഒരു ഗ്രൂപ്പ് ആളുകളെ തിരഞ്ഞെടുത്ത് അവരുടെ അഴകളവുകൾ എടുത്ത് ശരീരത്തിന്റെ അവയവപൊരുത്തം പരിശോധിച്ചു. ശേഷം സൗന്ദര്യമനുസരിച്ച് ഇവരെ തരംതിരിക്കാൻ ഒരു കൂട്ടം ആളുകളോട് ആവശ്യപ്പെട്ടു. സൗന്ദര്യമുള്ളവരായി തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം തന്നെ ശാരീരികമായി ഐക്യരൂപ്യം ഉള്ളവരായിരുന്നു.

ഗുഹാമനുഷ്യർ പോലും തങ്ങളുടെ ഇണയെ തിരഞ്ഞെടുത്തിരുന്നത് ശാരീരികമായ ഏകതാനത പരിശോധിച്ചായിരുന്നെന്നാണ് പരിണാമ ജീവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം എന്തുകൊണ്ടാണ് ഘടനാപരമായ പൊരുത്തം ഇത്രയേറെ നിർണായകമാകുന്നതെന്ന സംശയം വരാം. കരുത്തുറ്റവയുടെ അതിജീവനം എന്ന ഡാർവിൻ തിയറിയാണ് ഇതിന്റെ കാരണം എന്നാണ് പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവർ പറയുന്നത്. ശാരീരികമായ ഐക്യ രൂപ്യതയ്ക്ക് മികച്ച ജനിതകഗുണവും ആരോഗ്യവുമായി ഏറെ ബന്ധമുണ്ടെന്ന യാഥാർഥ്യമാണ് ഇതിനു കാരണം. ഇത് പ്രാപഞ്ചികമായ ഒരു സത്യമൊന്നുമല്ല. പക്ഷേ, ഒരുപാട് ജീവിവർഗങ്ങളിൽ ഏകതാനതയും ആരോഗ്യവും തമ്മിൽ ബന്ധമുള്ളതായാണ് കാണുന്നത്. അങ്ങനെ നോക്കുമ്പോൾ ആകർഷകത്വത്തിനു പിന്നിൽ അബോധമായ ഒരു ആരോഗ്യചിന്ത കൂടിയുണ്ട്.

ശിശുസമാനമായ മുഖം സുന്ദരം

ആകർഷകമായ മുഖം എങ്ങനെയുള്ളതാവണമെന്നതിന് ഉറപ്പിച്ചൊരുത്തരം നൽകാൻ ഗവേഷകർക്കായിട്ടില്ല. എങ്കിലും ചില പരീക്ഷണങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ ആകർഷകമായ മുഖാകൃതിയെക്കുറിച്ച് ഒരേകദേശ രൂപം അവർ പറയുന്നുണ്ട്. കൊച്ചുകുട്ടികളുടേതിനു സമാനമായ മുഖാകൃതിയുള്ളവരാണത്രേ കൂടുതൽ ആകർഷകത്വമുള്ളവർ. ചെറിയ താടി, വലിയ വിടർന്ന കണ്ണുകൾ, ചെറിയ മൂക്ക്, എടുത്തു നിൽക്കുന്ന കവിളെല്ലുകൾ, പൂർണാധരങ്ങൾ എന്നിങ്ങനെ ശിശുസമാനമായ മുഖത്തോട് നമുക്ക് പെട്ടെന്നൊരിഷ്ടം തോന്നുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. എന്നാൽ, പുരുഷന്മാരിൽ സൗന്ദര്യത്തിന്റെ അളവുകോൽ ഇതല്ല. ഹൃദയാകൃതിയിലുള്ള ദൃഢമായ താടിയുള്ള മുഖം, കരുത്തുറ്റ തോളുകൾ എന്നിങ്ങനെ പോകുന്നു അഴകിന്റെ മാനദണ്ഡങ്ങൾ.

ഒതുങ്ങിയ അരക്കെട്ടും വിശാലമായ ഇടുപ്പും

ആകർഷകമായ ഒരു ശരീരം എങ്ങനെയുള്ളതായിരിക്കണം? ഈ ചോദ്യത്തിന് ഉത്തരം തേടി അലഞ്ഞ ഗവേഷകർ ഒടുവിൽ ചെന്നെത്തിയത് അരക്കെട്ടും ഇടുപ്പും തമ്മിലുള്ള അനുപാതത്തിലാണ്. സ്ത്രീകളിൽ മെലിഞ്ഞൊതുങ്ങിയ അരക്കെട്ടാണ് സൗന്ദര്യലക്ഷണം. അരക്കെട്ട്— ഇടുപ്പ് അനുപാതം 0.7 ആയാൽ സ്ത്രീകൾ ആകർഷകമായ അരക്കെട്ടുള്ളവളാണ്. 0.8 മുതൽ 1 വരെയുള്ള അനുപാതമാണ് പുരുഷനു വേണ്ടത്. അരക്കെട്ടനുപാതത്തിനു പിന്നിൽ ചില ഹോർമോൺ കളികളുമുണ്ട്. ഈസ്ട്രജൻ എന്ന സ്ത്രൈണ ഹോർമോൺ അരക്കെട്ടിലെ കൊഴുപ്പടിയൽ തടയും. പകരം ഇടുപ്പിലും തുടകളിലും കൊഴുപ്പടിയാൻ ഇടയാക്കും. ടെസ്റ്റോസ്റ്റിറോൺ നേരെ തിരിച്ചാണ്. ഇടുപ്പിനേക്കാൾ കൂടുതൽ അരക്കെട്ടിൽ കൊഴുപ്പടിയാനിടയാക്കും. ആർത്തവ വിരാമശേഷം സ്ത്രീകളിൽ ഈസ്ട്രജൻ അളവു കുറയുന്നതുകൊണ്ടാണ് അരക്കെട്ടു വണ്ണം ക്രമാതീതമാകുന്നത്. ഇങ്ങനെ നോക്കുമ്പോൾ അരക്കെട്ടനുപാതം കൃത്യമായ സ്ത്രീകൾ കൂടുതൽ സ്ത്രീത്വമുള്ളവരാണ്. ഈ അനുപാതത്തിൽ നമ്മുടെ കണ്ണുടക്കി പോകുന്നതിനു പിന്നിൽ ആരോഗ്യപരമായ ചില ഉള്ളറിവുകളുണ്ട്. ഇവരിൽ ആവശ്യത്തിന് ഈസ്ട്രജൻ അളവുണ്ട്. പ്രമേഹം, ഹൃദയധമനീരോഗങ്ങൾ, അണ്ഡാശയ കാൻസർ, വന്ധ്യത ഇവയ്ക്കുള്ള സാധ്യത കുറഞ്ഞവരാണ്. അതിനാൽ തന്നെ ഇവർ ഏറെ അഭിമതരായ പങ്കാളികളാകുന്നു.

മുഖാകൃതി രൂപീകരിക്കുന്നതിലും ഈ ഹോർമോൺ മായാജാലമുണ്ടെന്നു പറയുന്നു ചില ഗവേഷകർ. മുഖാകൃതി പ്രത്യുൽപാദനക്ഷമതയുമായി ബന്ധപ്പെട്ട ചില സൂചനകൾ നൽകുന്നുണ്ടത്രേ. മുഖത്തിനടിഭാഗവും താടിയും ചെറുതാകാൻ കാരണം അവിടങ്ങളിലെ അസ്ഥിവളർച്ചയ്ക്ക് ഈസ്ട്രജൻ മൂലം സംഭവിക്കുന്ന നിയന്ത്രണമാണെന്നും ഗവേഷകർ പറയുന്നു. ഇതെല്ലാം കൂട്ടിവായിച്ചാൽ നമ്മുടെ സൗന്ദര്യ സങ്കൽപങ്ങൾ ഹോർമോണും പ്രത്യുൽപാദനക്ഷമതയുമൊക്കെയായി അബോധമായി ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം.

മനസിന്റെ സൗന്ദര്യവും വേണം

സൗന്ദര്യത്തിനു പിന്നിലെ മനസു വായിച്ചറിയാൻ ശ്രമം നടത്തിയ ഗവേഷകർ പറയുന്നത് ആദ്യ വിലയിരുത്തലിൽ ഒരു മേൽക്കൈ ലഭിക്കാൻ സൗന്ദര്യത്തിനാകുമെന്നാണ്. എന്നാൽ ആ വിലയിരുത്തൽ നിലനിൽക്കണമെന്നില്ല. പുറംമോടിയേക്കാൾ മനസിൽ വേരൂന്നുന്നത് കരുണയും പാകതയും സ്ഥൈര്യവുമുള്ള വ്യക്തിത്വമായിരിക്കും. ഇതിന്റെയും കൂടി അടിസ്ഥാനത്തിലാണ് സൗന്ദര്യമുള്ള സ്ത്രീകൾ തൊഴിലിൽ വിജയം നേടുമെന്ന പഴഞ്ചൻ ധാരണയ്ക്ക് അടിസ്ഥാനമില്ലെന്ന് ഗവേഷകർ നിരീക്ഷിച്ചത്. പുരുഷന്മാരിൽ പണ്ടേ തന്നെ വിജയവും സൗന്ദര്യവും തമ്മിൽ ബന്ധപ്പെടുത്തി പറയാറില്ല. എന്നാൽ, തൊഴിലിലും മറ്റു രംഗങ്ങളിലും ലിംഗവ്യത്യാസങ്ങൾ അപ്രത്യക്ഷമാകുന്ന പുതിയ കാലഘട്ടത്തിൽ ഇങ്ങനെയൊരു ബന്ധപ്പെടുത്തൽ ഇനി ഉണ്ടായിക്കൂടെന്നില്ല.

മറ്റൊരു കാര്യം കൂടി മനശാസ്ത്ര ഗവേഷകർ സൂചിപ്പിക്കുന്നുണ്ട്. ഏതാണ്ടൊക്കെ തനിക്ക് തുല്യമായ ആകർഷകത്വമുള്ളവരെയാണ് ഭൂരിഭാഗം പേരും പങ്കാളികളായി തിരഞ്ഞെടുക്കുന്നതെത്രെ. തന്റേതിനു സമാനമായ പെരുമാറ്റം, കാഴ്ചപ്പാടുകൾ, ഇഷ്ടങ്ങൾ ഇവയുള്ളവരോട് നമുക്കും ഒരിഷ്ടം തോന്നാറുണ്ടല്ലോ. തന്റെ ജീനുകൾ സംരക്ഷിക്കുകയെന്ന ഗൂഢോദ്ദേശം കൂടി ഇതിനു പിന്നിലുണ്ടെന്നു പറയുന്നു മനശാസ്ത്രവിദഗ്ധർ.

അവർ ഗ്ലാസ് ഫിഗറും സീറോസൈസും

അരക്കെട്ട്— ഇടുപ്പ് അനുപാതം വച്ചുനോക്കുമ്പോൾ അവർ ഗ്ലാസ് ഫിഗർ ആകർഷകമാണെങ്കിലും ഇതിന് ലോകമെമ്പാടും ആരാധകരില്ല എന്നതു സത്യമാണ്. സീറോസൈസിന്റെ കാര്യവും ഇങ്ങനെ തന്നെ. അമേരിക്കയിലെ ഫാഷൻ ഇല്ലസ്ട്രേറ്റേഴ്സിന്റെ സൃഷ്ടിയാണ് സീറോസൈസെന്ന മെലിഞ്ഞുണങ്ങിയ (സ്കിന്നി) രൂപം. മെലിഞ്ഞ ശരീരമാണെങ്കിലേ വസ്ത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കൂ. അതിനുവേണ്ടി ഫാഷൻ ഡിസൈനുകൾ വരച്ചവർ മോഡലുകളെ മെലിഞ്ഞവരായി വരച്ചു. ഈ ചിത്രങ്ങൾക്ക് പരസ്യങ്ങളിലൂടെ ലഭിച്ച വൻ പ്രചാരമാണ് മോഡലുകളുടെ പോലുള്ള മെലിഞ്ഞ ശരീരപ്രിയത്തിനിടയാക്കിയത്. എന്നാൽ ശരീരം മെലിഞ്ഞിരുന്നാലും മികച്ച അഴകളവുകൾ ആണെങ്കിൽ അവർ സുന്ദരികളായി ഗണിക്കപ്പെടുമെന്നാണ്.

സംസ്കാരങ്ങളിലെ വ്യത്യാസങ്ങൾ

സംസ്കാരങ്ങളും സൗന്ദര്യബോധവുമായും ബന്ധമുണ്ട്. അൽപം തടിയുള്ള ശരീരമുള്ള സ്ത്രീകളാണ് നമ്മുടെ കേരളീയ സംസ്കാരത്തിൽ സുന്ദരികളായി ഗണിക്കപ്പെടുന്നത്. ഇടതിങ്ങിയ സ്തനങ്ങളും ഇടുങ്ങിയ അരക്കെട്ടും വിസ്താരമേറിയ ഇടുപ്പുമുള്ളവയാണ് കേരളത്തിലെ ക്ഷേത്രചുവർചിത്രങ്ങളിലെ സ്ത്രീ രൂപങ്ങൾ. ലോകമെമ്പാടും ഏറ്റവും സെക്സിയായി വാഴ്ത്തപ്പെട്ട മെർലിൻ മൺറോ ഇന്നത്തെക്കാലത്തെ സൗന്ദര്യ മത്സരങ്ങളുടെ ആദ്യഘട്ടം പോലും കടക്കുമോയെന്നു സംശയമാണ്. ജപ്പാനിലും ചൈനയിലും പതിഞ്ഞ മൂക്ക് സൗന്ദര്യമില്ലാത്തതായി ആരും കാണുന്നില്ല. നീലക്കണ്ണും ചുവന്നമുടിയും കറുത്ത മുടിയെ ഇഷ്ടപ്പെടുന്ന കേരളീയർക്ക് ആകർഷകമായി തോന്നണമെന്നില്ല.

വെളുപ്പുനിറവും ആരോഗ്യവും

വെളുത്ത നിറത്തോടുള്ള ഇന്ത്യക്കാരുടെ പ്രിയത്തിനു പിന്നിൽ പഴയ ബ്രിട്ടീഷ് ഹാങ്ഓവർ ആണെന്നൊക്കെ പറയാറുണ്ടെങ്കിലും പൊതുവേ വെളുത്ത നിറമാണ് സ്വീകാര്യമായി കാണുന്നത്. 2009—ൽ പ്രിമറ്റോളജി ജേണലിൽ വന്ന ഒരു പഠനത്തിൽ സൗന്ദര്യത്തിൽ നിറം പ്രധാനമാണെന്നും മഞ്ഞകലർന്ന വെളുത്ത നിറമാണ് കൂടുതൽ പ്രിയങ്കരമെന്നും പറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ സൂചനയാണത്രേ ഈ നിറം. എന്നാൽ തലമുറകളായി കറുപ്പു നിറമുള്ള ആളുകളുള്ള സംസ്കാരങ്ങളിൽ വെളുപ്പു നിറം ഒരു കൗതുകത്തിനപ്പുറം സൗന്ദര്യലക്ഷണമാകുന്നില്ല.

സൗന്ദര്യം കൂട്ടാൻ മാർഗങ്ങൾ

നഷ്ടപ്പെട്ടു പോയ സിമ്മട്രിയെ തിരിച്ചുപിടിക്കാനുള്ള മനുഷ്യന്റെ അന്വേഷണങ്ങളായി വേണം ഇന്നു നടക്കുന്ന സൗന്ദര്യവർധകശ്രമങ്ങളെ കാണാനെന്ന് ചില ജീവപരിണാമ ഗവേഷകർ അഭിപ്രായപ്പെടുന്നു. മുഖവും കണ്ണും ചുണ്ടും പ്ലാസ്റ്റിക് സർജന്മാർ അഴകൊപ്പിച്ചെടുക്കുന്നത് സിമ്മട്രിയുമായി തന്നെ ബന്ധപ്പെട്ട ചില അളവുകോലുകൾ വച്ചാണ്. ഇതിനെല്ലാം ആധാരമായി ഒരു സുവർണ അനുപാതമുണ്ട്. എന്നാൽ ഇങ്ങനെയുള്ള കൃത്രിമ സൗന്ദര്യമാർഗങ്ങൾ വഴി 100 ശതമാനം സിമ്മട്രി കൊണ്ടുവരാനാവില്ല. ഏതാണ്ടൊക്കെ ശരിയാക്കാനാവും കറക്ടീവ് മേക്ക് അപ് കൊണ്ട് മുഖാവയവങ്ങൾക്ക് ആകൃതിയൊപ്പിക്കാം. ഇനിയുള്ള ഒരൽപം അപൂർണതയെ അങ്ങനെ വിട്ടേക്കൂ... കാരണം അപൂർണതയും സൗന്ദര്യമാണ്.

അറിയാം സുവർണ അനുപാതം

പ്രാചീന, ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോ സൗന്ദര്യത്തിന്റെ അളവുകോലായി ഒരു സുവർണ അനുപാതത്തെയാണ് കരുതിയിരുന്നത്. പ്ലേറ്റോയുടെ അനുപാതമനുസരിച്ച് മുഖത്തിന്റെ വീതി നീളത്തിന്റെ മുന്നിൽ രണ്ടായിരിക്കണം. മൂക്കിന്റെ വീതി കണ്ണുകൾ തമ്മിലുള്ള ദൂരത്തേക്കാൾ കൂടരുത്. പ്രകൃത്യാ തന്നെ ഇങ്ങനെ ഒരു സുവർണ അനുപാതമുണ്ട്. ഡാവിഞ്ചിയുടെ ചിത്രങ്ങളിലും സുവർണ അനുപാതം പാലിച്ചിരുന്നു. ഈ സുവർണ അനുപാതം അറിയാനുള്ള ഏറ്റവും എളുപ്പമാർഗം മുഖത്തിന്റെ നീളത്തെ വീതിയേറിയ ഭാഗത്തെ അളവു കൊണ്ട് ഹരിക്കുകയാണ്. ഈ കിട്ടുന്ന സംഖ്യ 1.62 അല്ലെങ്കിൽ അതിനടുത്താണെങ്കിൽ നിങ്ങളുടെ മുഖം സുവർണ അനുപാതമുള്ളതാണ്. ഇത്തരം മുഖം കൂടുതൽ ആകർഷകത്വമുള്ളതും ഒട്ടേറെപ്പേർക്കു സ്വീകാര്യവുമായിരിക്കും. ശിശുസമാനമായ മുഖാകൃതി ഈ സുവർണ അനുപാതത്തോട് അടുത്തുനിൽക്കുന്നതായി കണ്ടിട്ടുണ്ട്.

ചെറിയ കാലും നീണ്ട കഴുത്തും

കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന ചൊല്ല് അന്വർഥമാക്കുന്നതു പോലെയാണ് ചില നാടുകളിലെ സൗന്ദര്യമാനദണ്ഡങ്ങൾ. മ്യാന്മാറിലെ കയൻ ഗോത്രവിഭാഗത്തിൽ പെട്ടവർക്ക് നീണ്ടു മെലിഞ്ഞ കഴുത്താണ് സൗന്ദര്യലക്ഷണം. കഴുത്തുനീട്ടാനായി മൂന്നു വയസു മുതലേ അവിടെയുള്ള പെൺകുട്ടികളുടെ കഴുത്തിൽ പിത്തള വളയങ്ങൾ ഇടും. കഴുത്തിനു നീളം കൂടുന്നതനുസരിച്ച് കൂടുതൽ വളയമിടും. ചൈനയിൽ സ്ത്രീകൾക്ക് വലുപ്പം കുറഞ്ഞ പാദങ്ങളാണ് ആകർഷകം. ഇതിനായി ചെറുപ്പം മുതലേ കാലുകൾ മുറുക്കിക്കെട്ടി വയ്ക്കുന്ന രീതിയുണ്ടായിരുന്നു. ഇത് മുടന്തിനു കാരണമായിത്തീർന്നു.