Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷാദം മുതൽ വിവാഹമോചനം വരെ: ഇതിനു പിന്നിലെന്ത്?

depression-divorce

ബോളിവുഡിലെ സൂപ്പർ നായിക ദീപികാ പദുക്കോൺ ഈയിടെ താൻ വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു വെന്നും കൃത്യമായ ചികിത്സ സമയത്ത് എടുത്തത‌ുകൊണ്ട് അതിൽ നിന്നു പുറത്തു കടക്കാനായെന്നും വെളിപ്പെടുത്തിയിരുന്നു. ‘ഹാപ്പി ന്യൂ ഇയർ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ദീപികവിഷാദം തിരിച്ചരിഞ്ഞത്. സൈക്കോളജിസ്റ്റുകളുടേയും ഒരു ഘട്ടത്തിൽ മരുന്നുകളുടെയും സഹായത്തോടെ അവർ അതിജീവിക്കുകയായിരുന്നു.

‍പലരുടെയും മനസ്സിൽ അതു വായിച്ചതിനുശേഷം ഈ ചോദ്യം ഒന്നു മിന്നിമറയുകയുണ്ടായി, ‘‘ഇത്ര പ്രശസ്തിയും പണവും സൗന്ദര്യവും സ‌ുരക്ഷിതത്വവും എല്ലാ ഉള്ള ഒരാൾക്ക് ‘വിഷാദം’ വരികയോ? വിശ്വസിക്കാനാവുന്നില്ല!

പ്രശ്നങ്ങൾ കൂടുതലാണോ?

ഫിലിംറോളുകളുടെ വജ്രശോഭയിൽ മിന്നിത്തിളങ്ങുന്നവരെങ്കിലും സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും മനുഷ്യരാണ്. മറ്റേതൊരാൾക്കും വരാവുന്ന ഏതു തരം അസുഖങ്ങളും പ്രശ്നങ്ങളും അവർക്കും വന്നേക്കാം. പ്രത്യേകിച്ചു മാനസികപ്രശ്നങ്ങൾ. പ്രശസ്തരായ പലരുടെയും വ്യക്തിത്വത്തിലും ജീവിതത്തിലും സൗഹൃദങ്ങളിലുമൊക്കെ സാധാരണയിൽ നിന്നു വ്യത്യസ്തമായ പല കാര്യങ്ങളും സംഭവിക്കുന്നതുകൊണ്ടാവാം, ബഹുമുഖപ്രശ്നങ്ങൾ അവർ നേരിടേണ്ടിവരുന്നത്‌. ആത്മഹത്യാപ്രവണതയും ലഹരി ഉപയോഗവും കുറ്റവാസനയും വിവാഹമോചന നിരക്കുമെല്ലാം ഇവരിൽ ഏറിവരുന്നുമുണ്ട്. സർഗാത്മകമായ കഴിവുകൾക്കു നമ്മുടെ മൂഡിനോട് അടുത്ത ബന്ധമുണ്ട്. പലപ്പോഴും മാനസികമായി നല്ല സന്തോഷത്തിലല്ലെങ്കിൽ ഉദ്ദേശിക്കുന്നതുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ കഴിയാതെ പോകുന്നുവെന്നു പലരും അഭിപ്രായപ്പെടാറുണ്ട്. സന്തോഷമായാലും ദുഃഖമായാലും അതിന്റെ രണ്ടറ്റങ്ങളിലേക്കും, അത് അനുഭവിക്കുന്ന അവസ്ഥയിൽ ഇത്തരം ആളുകൾ പരമാവധി ദൂരം യാത്ര ചെയ്യുന്നു. എന്തുതരം വൈകാരികതയും അതിന്റെ പരമാവധി തീവ്രതയിൽ ( Intensity of feeling) അറിയുക എന്നതു കലാകാരിയുടെയും കലാകാരന്റെയും മനസ്സിന്റെ പ്രത്യേകത കൂടിയാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതലായി പ്രശസ്തരിൽ കാണപ്പെടുന്നതും ഈ മൂഡ് വ്യതിയാനങ്ങൾ കൊണ്ടുവരുന്ന അസുഖങ്ങൾതന്നെ! കടുത്ത വിഷാദം, ബൈപോളാർ ഡിസോഡർ, ഉറക്കമില്ലായ്മ, ആത്മഹത്യാപ്രവണത എന്നിവ അക്കൂട്ടത്തിൽ പെടുന്നു.

വ്യക്തിത്വവൈകല്യങ്ങൾ

ചിലരുടെ ശീലങ്ങളെക്കുറിച്ചും കടും പിടുത്തങ്ങളെക്കുറിച്ചും അവരുമായി സഹകരിച്ചു പ്രവർത്തിക്കുന്നവർ കയ്പോടുകൂടി സംസാരിക്കാറുണ്ട്. ഒരു യുക്തിയും മറ്റുള്ളവരിൽ ഉ ണർത്താത്ത അത്തരം കാര്യങ്ങൾ അവരിലെ കടുത്ത വാശിയെയും, ചില നിർബന്ധബുദ്ധികളും പെരുമാറ്റരീതിയും നമുക്കു കാണിച്ചുതരുന്നു. ദീർഘകാലം അത്തരക്കാർക്കു പിടിച്ചുനിൽക്കുവാൻ കഴിയുകയില്ല.

മറ്റൊന്നു കുറഞ്ഞുവരുന്ന സാമൂഹികമായ ഇടപെടലുകളും നല്ല സൗഹൃദങ്ങളുമാണ്. ചുറ്റും നിൽക്കുന്നവർ മിക്കവാറും സ്തുതി പാടകരുടെ സംഘമായിരിക്കും. വിവേചനബുദ്ധിയോടെ പ്രവർത്തിക്കുവാൻ ഇതു തടസ്സമാകുന്നു. തദ്വാരാ അവരുടെ ലോകം അവരിലേക്കു തന്നെ ചുരുങ്ങുന്നു. അപൂർവം ചിലരിൽ അവനവനോടുതന്നെ അനുരാഗം തോന്നുന്ന, തന്നെക്കാൾ മികച്ച വേറെയാരുമില്ല എന്ന തോന്നലുളവാക്കുന്ന നാർസിസ്റ്റിക്ക് ചിന്തകളും കടന്നുകൂടാറുണ്ട്.

ജീവിതത്തിൽ ചായം തേയ്ക്കുമ്പോൾ

ചായം തേച്ചുശീലിച്ച പലരും ചായമില്ലാതെ പുറത്തിറങ്ങാൻ ബദ്ധപ്പെടുന്നുണ്ട്. ചായം തേപ്പിനെ ജോലിയുടെ ശീലമായിക്കാണാതെ, വ്യക്തിത്വത്തിന്റെ ഭാഗമായി കാണുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു ധരിക്കും? എന്റെ ഇമേജിന് കോട്ടം തട്ടുമോ എന്നെക്കെയുള്ള ചിന്തകളാൽ മനസ്സിൽ ആധി നിറയുകയും മാനസികമായ ഒരു അരക്ഷിതാവസ്ഥയിലേക്ക് അവർ നീങ്ങുകയും ചെയ്യും. സ്വന്തം മനസ്സിനുള്ളിൽ നടക്കുന്ന ഈ പോരാട്ടം പലരെയും അസ്തിത്വദുഃഖത്തിലേക്കും വിഷാദത്തിലേക്കും നയിക്കാറുണ്ട്.

മറ്റൊന്ന് ‘ഞാൻ നിരീക്ഷിക്കപ്പെടുന്നുണ്ടോ’ എന്ന തോന്നലാണ്. എപ്പോൾ പുറത്തിങ്ങിയാലും കിട്ടുന്ന അമിതമായ ശ്രദ്ധയുടെ അങ്ങേയറ്റമാണ് രോഗഗ്രസ്തമായ ഈ ചിന്ത. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന പലവിധ നിരീക്ഷണ കാമറകളും വിവാദങ്ങളും എല്ലാം ഇത്തരം ചിന്തകളെ കൂടുതൽ ബലപ്പെടുത്തുകയും ചെയ്യുന്നു.

അവനവൻ ഇരിക്കുന്ന കസേര പോകുമോ, ഇപ്പോൾ കിട്ടിയ കിരീടം മറ്റാരെങ്കിലും അടിച്ചുകൊണ്ടു പോകുമോ എന്ന ചിന്തയും പലതരം അരക്ഷിതാവസ്ഥകളിൽ നിന്നുണ്ടായവതന്നെ. സ്വന്തം കാര്യം രക്ഷിക്കുവാൻ, സ്വന്തം കഴിവ് കാട്ടുന്നതിലുപരി പാരവയ്പിനെ ആശ്രയിക്കുവാനും മറ്റുള്ളവരുടെ തെറ്റായ ഉപദേശം കേട്ടു ദുർമന്ത്രവാദത്തിനു പോകാനും ഒക്കെ ശ്രമിക്കുന്നവരും ഒട്ടും കുറവല്ല. അങ്ങനെ വരുമ്പോൾ പലരിലും മാനസിക സംഘർഷങ്ങൾ രൂക്ഷമാകുന്നു. ഇത്തരം കാര്യങ്ങൾ തുറന്നുപറഞ്ഞു മനസ്സിൽ നിന്നൊഴിവാക്കാൻ പറ്റുന്നവയും അല്ല. ഇങ്ങനെയുള്ള അവസ്ഥയിലാണ് ഇത്കണ്ഠ അടിസ്ഥാനമായ പ്രശ്നങ്ങൾ തുടങ്ങുന്നത്. ആധി, പതിയെ പതിയെ ഉദരസംബന്ധിയായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും പലരും ടെൻഷൻ അകറ്റാൻ എന്ന പേരിൽ എളുപ്പവഴിക്കു ലഹരി മാർഗത്തിലേക്കു നീങ്ങുകയും ചെയ്യുന്നു.

കലാകാരന്റേതായ ദൗർബല്യം എന്ന പ്രയോഗം പലപ്പോഴും അർഥവത്താണ്. പലരിലും ‘ആത്മനിയന്ത്രണം’ എന്ന അടിസ്ഥാനപരമായ വിവേകം പ്രവർത്തനക്ഷമമല്ല. എടുത്തുചാടി പലതിന്റെയും പിന്നലെ ഇഷ്ടം മാത്രം നോക്കി പോകുമ്പോൾ പിന്നാലെ വരുന്ന പുലിവാലുകൾ ചില്ലറയല്ല. അതു ഭക്ഷണമാകാം. ഫാൻസിയായ വസ്തുക്കളാകാം, പരിചയമില്ലാത്ത ബിസിനസ്സാകാം, ലൈംഗികമായ ചേഷ്ടകളാകാം, ലഹരിവസ്തുക്കളാകാം, അധികാരമാകാം, അങ്ങനെ ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുന്ന എന്തുമാകാം. എന്തായാലും ഇതെല്ലാം പലവിധ അരാജകത്വത്തിലേക്കു നീങ്ങുകയും മനസ്സിന്റെ സ്വാഭാവികതാളം തെറ്റുകയും ചെയ്യുന്നു.

ശ്രീദേവിയുടെ മൂക്കും അനുഷ്കയുടെ ചുണ്ടും

സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി കൂടിയ അളവിൽ സൗന്ദര്യബോധവും ആരോഗ്യവിചാരവും വച്ചുപുലർത്തേണ്ടവരാണു സെലിബ്രിറ്റികൾ എന്നാണല്ലോ വയ്പ്. സ്വന്തം സൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്നതിനായി ഭഗീരഥപ്രയത്നം നടത്തുന്നതിനായിൽ ചിലരില്ലെങ്കിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണു ബോഡി ഇമേജ് ഡിസ്റ്റർബൻസസ് (Body image disturbances). പലരും ഏറ്റവും മികച്ച സൗന്ദര്യത്തിന്റെ അളവുകളിലേക്കെത്തുവാൻ കോസ്മറ്റിക് സർജറികൾക്കു വിധേയരാകാറുണ്ട്. പണ്ടത്തെ ശ്രീദേവിയുടെ മൂക്കിൽ തുടങ്ങി ഇന്നത്തെ അനുഷ്ക ശർമയുടെ അധരങ്ങളിലെത്തി നിൽക്കുന്നു അത്.

രോഗഗ്രസ്തമായ മനസ്സ്് ഇത്തരം തിരുത്തൽ പ്രക്രിയകളിൽ തൃപ്തരാകാറില്ല. അവർക്കിതു സദാസമയവും ആകുലപ്പെടുത്തുന്ന ഒരു എരിയുന്ന ചിന്തയായിരിക്കും ‘എന്റെ മൂക്കിന്റെ തുമ്പ് ശരിയല്ല. പുരികങ്ങൾക്കിടയിലെ അകലം ക്രമം അല്ല, മേൽചുണ്ടിനും മൂക്കിനും ഇടയിലെ വ്യത്യാസം ശരിയല്ല, പല്ലുകൾ നന്നല്ല, ചിരി അത്ര പോരാ എന്നിങ്ങനെ പലവിധ ചിന്തകൾ അവരുടെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കും. ചിലർ പല തവണ തിരുത്തൽ ശസ്ത്രക്രിയകൾക്ക് (correction surgery) വിധേയരാകുന്നു പോലുമുണ്ട്. മാനസികമായ തൃപ്തിയില്ലായ്മയാണ് ഇതിലെ അടിസ്ഥന വില്ലൻ.

ഇനിയും ചിലർ ഭക്ഷണത്തിലെ കലോറിയെക്കുറിച്ചും ഭാരം വർധക്കുന്നതിനെക്കുറിച്ചും അമിതമായ ബേജാറ് പ്രകടിപ്പിക്കുന്നവരായിരിക്കും. ഇവർ സദാസമയവും ഡയറ്റിനെക്കുറിച്ചും ഭക്ഷണത്തിലെ പോഷകങ്ങളെക്കുറിച്ചും മറ്റും വാചാലരായിരിക്കും. എന്തെങ്കിലും അല്പം കൂടുതൽ കഴിച്ചാലോ എന്ന പേടിയാൽ, കഴിക്കേണ്ടതുപോലും അകത്താക്കാതെ പട്ടിണിയിരുന്ന്, സമയം കിട്ടുമ്പോഴൊക്കെ ശരീരത്തിന്റെ അളവുകൾ ടേപ്പിനാൽ എടുത്തുകൊണ്ടിരിക്കുന്ന ഇവർക്ക് അനോറെക്സിയ നെർവാസ(Anorexia nervosa) എന്ന മാനസിക രോഗവസ്ഥയാകുന്നു.

മറ്റു ചിലർ, കാണുന്നതൊക്കെ കഴിക്കുകയും ഞാൻ ഡയറ്റ് ചെയ്യുന്നില്ല എന്നു ഭാവിക്കുകയും കഴിച്ചതൊക്കെ അടുത്ത നിമിഷത്തിൽ ആരുമറിയാതെ വാഷ്റൂമിൽ പോയി വായിൽ വിരലിട്ടു ഛർദിച്ചു കളയുകയും ചെയ്യുന്നു. തിരികെ വന്ന് വീണ്ടും ഒരു പേസ്റ്റ്റി എടുത്തു കഴിച്ച്. ‘ശ്ശൊ, എന്റെ തടി കൂടിയതുതന്നെ’ എന്നു ചുറ്റുമുള്ളവരോട് തമാശ പൊട്ടിച്ചിട്ടു വീണ്ടും ഛർദിക്കു‌വാൻ ഒാടുന്നു. ഈ രണ്ടു കൂട്ടരിലും അടിസ്ഥാനപരമായ പ്രശ്നം വിഷാദം തന്നെയാണ്.

ഏറുന്ന വിവാഹമോചനങ്ങൾ

താരങ്ങളുടെ വിവാഹമോചനം ഇന്നൊരു വാർത്തയേ അല്ല. അത്ര സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. കാവ്യ-നിഷാൽ, ദിലീപ്-മഞ്ജുവാര്യർ, മനോജ് കെ.ജയൻ-ഉർവശി, മുകേഷ്-സരിത, പ്രിയദർശൻ-ലിസി തുടങ്ങി വിവാഹമോചനം നേടിയ താരങ്ങളുടെ പട്ടിക നീളുന്നു.

ദാമ്പത്യം വേർ‌പിരിയുന്നത് താരജോഡികളിലായാലും സാധാരണക്കാരിലായാലും പൊതുവായ ചില പ്രത്യേകതകൾ കാണാറുണ്ട്
1) രണ്ടു പേരിലും പൊരുത്തപ്പെട്ടു പോകാനുള്ള പ്രയാസം(Adjustment problems)
2) ഒരാൾക്കോ രണ്ടു പേരിലുമോ വ്യക്തിത്വവൈകല്യങ്ങൾ
3) മാനസികപ്രശ്നങ്ങൾ.

രണ്ടുപേരും സെലിബ്രിറ്റികളാകുമ്പോൾ മുമ്പു പറഞ്ഞ പല പ്രശ്നങ്ങളും ഒരുപക്ഷേ, ഇരട്ടി തീവ്രതയിലാകും അനു‌ഭവപ്പെടുക. അതൊരു കാരണമാകാം. പ്ര‌ഫഷനൽ ആയ സഹായം എടുക്കാൻ പലപ്പോഴും അവർ തയാറാകുന്നില്ല،ഇമേജ് കോൺഷ്യസാകുന്നു.’ മറ്റുള്ളവർ അറിയുമോ എന്ന ചിന്ത ഭരിക്കുന്നു. താൽഫലമായി ചുറ്റുമുള്ള വിശ്വസ്തരെന്നു വിളിക്കപ്പെടുന്ന പലരും ഇടപെട്ടു കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. മാധ്യമങ്ങൾ കൂടി ഇത് ഏറ്റെടുക്കുന്നതോടെ തന്റെ ഭാഗത്താണ് ശരിയെന്നു വരുത്തിത്തീർക്കുവാനുള്ള പദ്ധതികളുടെ ഭാഗമായി പലരും മാറുന്നു. അപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല.

ഞങ്ങൾ ഞങ്ങൾക്ക് ആരാണ്

ഞാൻ ‘എന്താണ്’ എന്നതു മാറ്റിവച്ചു ഞങ്ങൾ ഞങ്ങൾക്ക് ആരാണ്’ എന്നു പരസ്പരം ചിന്തിച്ചു തുടങ്ങുന്നിടത്തേ പ്രശ്നപരിഹാരങ്ങൾ‍ക്കു വകയുള്ളൂ.

സക്സസും ഫ്ളോപ്പും (ജയപരാജയങ്ങൾ) സെലിബ്രിറ്റികളിൽ കടുത്ത മൂഡ് വ്യതിയാനങ്ങൾ ഉണ്ടാക്കുവന്നതായി കാണുന്നു. ചിലർ പ്രശസ്തിയെത്തുടർന്ന് ഏറി വരുന്ന ശ്രദ്ധയും പരിഗണനയും താങ്ങാൻ കഴിയാതെ, ജനങ്ങളെ അഭീമുഖീകരിക്കുന്നതിൽ നിന്ന് ഉൾവലിയുന്നു. ഇനിയും ചിലർ ശ്രദ്ധ പിടിച്ചുപറ്റാനായി പ്രത്യേകതരം വസ്ത്രങ്ങളും അനുബന്ധ ആഭരണങ്ങളും ധരിക്കുന്നു. (ഉദാ: ലേഡി ഗാഗ, ബാപ്പിലഹിരി) സ്വന്തം ശരീരത്തെയും സൗന്ദര്യത്തെയും കുറിച്ച് ആത്മവിശ്വാസമുള്ളവർ വളരെ രസകരമായി, നാഗരികമായി വസ്ത്രം ധരിക്കുമ്പോൾ, അങ്ങനെയല്ലാത്തവർ വളരെ ക്ഷണികപ്രഭയുള്ള, മിന്നുന്ന തരം വേഷവിധാനത്തിലേക്കു നീങ്ങുന്നു. നമുക്കു യതൊരു പിടിയും കിട്ടാത്ത തരത്തിലുള്ള അത്തരം വസ്ത്രധാരണരീതികൾ അവരിലെ ആത്മവിശ്വാസക്കുറവിനെയാണു കാണിക്കുന്നത്.

ഏതവസ്ഥയിലായാലും ജീവിതത്തിലെ സന്തോഷവും അതുണ്ടാക്കുന്ന സമാധാനവുമാണ് മുഖ്യം. ജീവിതത്തിൽ തൃപ്തിയുള്ളവരാകുക എന്നതു പ്രധാനമാണ്. തൃഷ്ണയും തൃപ്തിയും തമ്മിലുള്ള യുദ്ധത്തിൽ നാം ആരുടെ കൂടെ നിലൽക്കുന്നുവോ അവരാണു ജയിക്കുക.

ജി. സൈലേഷ്യ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. റിനൈ മെഡിസിറ്റി കൊച്ചി