Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ വലിയവിജയത്തിനു വേണം വൈകാരിക പിന്തുണ

children-support

ജീവിത തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും കുട്ടികള്‍ക്കായി സമയം കണ്ടെത്താന്‍ ചില മാതാപിതാക്കള്‍ക്ക് കഴിയാറില്ല. ഇനി സമയം വേണ്ടുവോളം ഉള്ളവര്‍ കുട്ടികളെ അമിതമായി ലാളിച്ച് അവരുടെ സ്വയം പര്യാപ്തത നശിപ്പിക്കുകയാണോ എന്ന ആശങ്കയിലും. എന്നാല്‍ മുഴുവന്‍ സമയം കുട്ടികള്‍ക്ക് പിറകെ നടന്ന് അവര്‍ക്കെല്ലാം ചെയ്തുകൊടുക്കുന്നതിനെക്കാൾ, വൈകാരികമായി പൂര്‍ണപിന്തുണ നല്‍കുന്നത് അവരുടെ ജീവിതവിജയത്തിനു ഗുണം ചെയ്യുമെന്നു വിദഗ്ദര്‍ പറയുന്നു.

സാമൂഹിക–സാമ്പത്തിക അവസ്ഥകളെക്കാളും ജീവിത വിജയം നേടാന്‍ കുട്ടികള്‍ക്ക് നിര്‍ണായകമാവുക മാതാപിതാക്കളുടെ പിന്തുണയാണ്. അതായത്, സാമ്പത്തിക സാമൂഹിക ചുറ്റുപാടുകള്‍ എതിരാണെങ്കിലും അച്ഛനമ്മമാരുടെ വൈകാരിക പിന്തുണ ലഭിച്ചാല്‍ കുട്ടികള്‍ക്ക് അത് വിജയത്തിലേക്കുള്ള വഴി തുറക്കും. അതേസമയം ഉയര്‍ന്ന ചുറ്റുപാടിലും ഇത്തരം വൈകാരിക പിന്തുണ ഇല്ലാത്തതു കുട്ടികളുടെ വളര്‍ച്ചയെ പിന്നോട്ടടിക്കും. മാതാപിതാക്കള്‍ കുട്ടിക്ക് വൈകാരികമായി നല്‍കുന്ന ശ്രദ്ധയും പിന്തുണയും ഇതില്‍ ഏറ്റവും ഗുണം ചെയ്യുന്നതാണെന്നാണു പുതിയ പഠനം പറയുന്നത്. അങ്ങനെയുള്ള കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും ഓര്‍ത്തുവയ്ക്കാനുമുള്ള കഴിവും കൂടുതലായി ഉണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.

കുട്ടികളില്‍ സ്വയം പര്യാപ്തതയും ഉത്തരവാദിത്വവും ഉണ്ടാക്കിയെടുക്കാനായി അവര്‍ക്കാവശ്യമുള്ള സ്വാതന്ത്യം നല്‍കുന്നതിനോടൊപ്പം വൈകാരികമായ വിഷയങ്ങളില്‍ അവര്‍ക്ക് പൂര്‍ണ പരിരക്ഷ നല്‍കണം. എന്ത് വിഷമസന്ധികളിലും മാതാപിതാക്കള്‍ തനിക്കൊപ്പം ഉണ്ടാവുമെന്ന വിശ്വാസം അവരില്‍ ആത്മവിശ്വാസവും ജീവിതത്തെ നേരിടാന്‍ ധൈര്യവും പ്രദാനംചെയ്യുമെന്ന് പഠനം അടിവരയിടുന്നു.

ഇഇജി ഉപയോഗിച്ച് കുട്ടികളുടെ തലച്ചോറിലെ പലഭാഗങ്ങളിലെയും പ്രവര്‍ത്തനം അളന്നും, ചോദ്യോതരങ്ങളിലൂടെയും കളികളിലൂടെയും സ്വഭാവരീതികള്‍ വിലയിരുത്തിയും തികച്ചും ശാസ്ത്രീയമായാണ് പഠനം നടത്തിയിരിക്കുന്നത്. ഫ്രോണ്ടിയേഴ്സ് ഓഫ് ന്യുറോസയന്‍സ് എന്ന ശാസ്ത്ര മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.