Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടറെ കാണുമ്പോൾ ഓർമിക്കേണ്ട കാര്യങ്ങൾ

cosultation

പ്രായമാകുന്നതുകൊണ്ടു മാത്രം നിരവധി രോഗങ്ങൾ ഒരുമിച്ച് ഒരാളിൽ പ്രത്യക്ഷപ്പെടണം എന്നില്ല. പക്ഷേ, ചെറുപ്പത്തിലെയുള്ള രോഗങ്ങൾ—പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, അമിതവണ്ണം— ഇങ്ങനെ നന്നായി ചികിത്സിക്കുവാൻ കഴിയുന്ന രോഗങ്ങൾ അവഗണിക്കുക വഴി പ്രായമേറുമ്പോൾ നിരവധി രോഗങ്ങൾ ഒരുമിച്ചു ഗുരുതരമായി മാറി ജീവിതം ബുദ്ധിമുട്ടേറിയതാകാം.

സാധാരണഗതിയിൽ ഒരു രോഗിയെ ചികിത്സിക്കാൻ അഞ്ചോ, പത്തോ മിനിറ്റു മാത്രം ഒരു ഡോക്ടർക്കു ചെലവഴിക്കേണ്ടി വരുമ്പോൾ, പ്രായാധിക്യമുള്ള ഒരാൾക്കുവേണ്ടി വിശദമായ പരിശോധനകൾക്കും മറ്റുമായി ഏറെ സമയം വേണ്ടിവരും. പല ഡോക്ടർമാർക്കും ഇത്രയും സമയം ഒരു രോഗിക്കുമാത്രമായി നൽകാൻ കഴിയാതെ വരുന്നുണ്ട്.

ചെറുപ്പത്തിൽ ഒരു രോഗി തലവേദനയോ, വയറുവേദനയോ ആയി മാത്രം വരുമ്പോൾ പ്രായമുള്ള രോഗി മുട്ടുവേദന, നെഞ്ചുവേദന, മലബന്ധം, കേൾവിക്കുറവ്, നടക്കുമ്പോൾ ശ്വാസതടസം, ഉറക്കക്കുറവ് തുടങ്ങി നിരവധി രോഗങ്ങളും രോഗലക്ഷണങ്ങളുമായാണു ഡോക്ടറെ കാണാനെത്തുന്നത്. രോഗിയെ പരിശോധിച്ചു മരുന്നുകൾ എഴുതിക്കഴിഞ്ഞശേഷമായിരിക്കും പിന്നെയും പ്രധാനപ്പെട്ട ചില അസ്വസ്ഥതകൾ കൂടി പറയുന്നത്. പ്രായമേറിയ രോഗിക്ക് നല്ല ചികിത്സ ലഭ്യമാകാൻ രോഗിയോ രോഗിക്ക് ഒപ്പം പോകുന്ന ബന്ധുക്കളോ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളുണ്ട്.

മരുന്നിന്റെ കാര്യം മറക്കാതെ പറയണം

ചിലപ്പോൾ കുടുംബഡോക്ടർ, കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഗ്യാസ്ട്രോഎൻററോളജിസ്റ്റ് തുടങ്ങി നിരവധി പേരുടെ മരുന്നുകൾ രോഗി ഉപയോഗിക്കുന്നുണ്ടായിരിക്കും. എല്ലാ മരുന്നുകളുടെയും കുറിപ്പുകൾ പെട്ടെന്നു നോക്കുവാൻ പാകത്തിൽ തയാറാക്കിവയ്ക്കണം. അല്ലാത്തപക്ഷം, ഒരു മരുന്നുതന്നെ പലപേരുകളിൽ ചിലപ്പോൾ രോഗി ഉപയോഗിക്കുന്നുണ്ടാവാം. ഇതു പാർശ്വഫലങ്ങൾക്കും പ്രതിപ്രവർത്തനത്തിനും കാരണമായെന്നുവരാം.

ചില രോഗികൾ ഡോക്ടറെ കാണാനെത്തുന്നത് ഗുളികകളും മറ്റും സൂക്ഷിച്ചിരിക്കുന്ന കവറുമായാണ്. ഗുളികകൾ ഉള്ളതും ഇല്ലാത്തതുമായ സ്ട്രിപ്പുകളിൽ നിന്നും കഴിക്കുന്ന മരുന്നുകൾ ഏതൊക്കെയെന്നു കണ്ടെത്താൻ ഏറെ സമയം ഡോക്ടർക്ക് ചെലവഴിക്കേണ്ടിയും വരും. മരുന്നു കുറിപ്പുകൾ ധാരാളമുണ്ടെങ്കിൽ അതും പ്രയാസമായി മാറും. അതിനാൽ കഴിക്കുന്ന എല്ലാ മരുന്നുകളുടെ പേരും അതിന്റെ ഡോസേജും ഒരു പേപ്പറിൽ എഴുതി നൽകുന്നതായിരിക്കും ഉചിതം.

കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ കാര്യം മാത്രമല്ല ധാരാളം രോഗവിവരങ്ങളും രോഗിക്കോ ബന്ധുക്കൾക്കോ പറയാനുണ്ടാകും. അതിൽ പകുതിയിലേറെ മറക്കുകയും ചെയ്യുന്നു. തിരിച്ചു വീട്ടിലെത്തിയിട്ടാകും അതിനെക്കുറിച്ച് ഓർക്കുന്നതും വിഷമിക്കുന്നതും. മാത്രമല്ല രോഗനിർണയത്തിന് നിർണായകമായേക്കാവുന്ന വിവരങ്ങളാണ് വിട്ടു പോകുന്നതെങ്കിൽ അത് ചികിത്സയുടെ ഗുണം കുറയ്ക്കും. ഈ പ്രശ്നം പരിഹരിക്കാൻ ഒരു മെഡിക്കൽഡയറി തയാറാക്കാം.

മെഡിക്കൽഡയറി നിങ്ങൾക്കും തയാറാക്കാം

വാർധക്യത്തിലെത്തിയ ഒരു രോഗിയെ സംബന്ധിച്ച് മെഡിക്കൽഡയറി അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. രോഗങ്ങളേയും രോഗിയുടെ പ്രശ്നങ്ങളേയും കുറിച്ച് അടുത്തറിയുന്ന ഒരു ബന്ധു ഒപ്പമില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടറെകാണുന്നതെങ്കിൽപോലും ഈ ഡയറിയുണ്ടെങ്കിൽ ചികിത്സ എളുപ്പമാകും.

ഒരു ഫയലിന്റെ മാതൃകയിൽ ഡയറിതയാറാക്കുന്നതാണ് ഉചിതം. അതിലെ ആദ്യപേജ് പ്രാഥമിക വിവരങ്ങൾക്കായി മാറ്റിവയ്ക്കാം. രോഗിയുടെ പേര്, പ്രായം, രോഗങ്ങൾ, ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ, അലർജിയുള്ള മരുന്നുകളുടെ പേര് അറിയാമെങ്കിൽ അത്, പ്രമേഹം, ഹൃദ്രോഗം, അസിഡിറ്റി പ്രശ്നങ്ങൾ, അമിത രക്തസമ്മർദം മുതലായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അക്കാര്യങ്ങൾ ആദ്യപേജിൽതന്നെ എഴുതാൻ മറക്കരുത്. ഡോക്ടർക്ക് രോഗിയുടെ ശാരീരികാവസ്ഥയെക്കുറിച്ചുള്ള ഒരു പ്രാഥമിക വിവരം മാത്രമല്ല, മരുന്നുകൾ കുറിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസിലാക്കാനാവും. അത്യാവശ്യ ടെലിഫോൺ നമ്പരുകളും ഈ പേജിൽ കുറിക്കണം. ആശുപത്രിയുടെ നമ്പർ, ഡോക്ടറുടെ നമ്പരുണ്ടെങ്കിൽ അത്, ആംബുലൻസ്, മെഡിക്ലെയിമിനെ കുറിച്ചുള്ള വിവരങ്ങൾ, ആശുപത്രിയിൽ അഡ്മിറ്റാകുമ്പോൾ വിളിച്ചു പറയേണ്ട നമ്പർ മുതലായവയും ആദ്യപേജിൽ ഉൾപ്പടുത്താം.

രണ്ടാമത്തെ പേജിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളും അവയുടെ ഡോസും കൃത്യമായി എഴുതിയിരിക്കണം. ഒന്നിലേറെ ഡോക്ടർമാരുടെ മരുന്നു കഴിക്കുന്നുണ്ടെങ്കിൽ രോഗം, ഡോക്ടർ, മരുന്നുകൾ എന്ന ക്രമത്തിൽ പട്ടികയായി എഴുതുന്നതാണ് നല്ലത്. ഇത്രയും അറിഞ്ഞു കഴിഞ്ഞാൽ ഡോക്ടർക്ക് അറിയേണ്ടത് രോഗിയുടെ ഇപ്പോഴത്തെ അസ്വസ്ഥതകളും ആരോഗ്യപ്രശ്നങ്ങളുമാണ്. ആശുപത്രിയിലേക്കു പോകുന്നതിനുമുമ്പുതന്നെ ബന്ധുക്കൾ രോഗിയോട് ഇക്കാര്യം ചോദിച്ചറിഞ്ഞ് മൂന്നാമത്തെ പേജിൽ കുറിക്കണം. ലേഖനരൂപത്തിൽ എഴുതാതെ ഓരോ പ്രശ്നവും നമ്പരിട്ട് ഒന്നിനു താഴെ ഒന്ന് എന്ന് രീതിയിലാണ് എഴുതേണ്ടത്. എഴുതി നോക്കുമ്പോളറിയാം ഒന്നിനു പുറകേ ഒന്നായി നിരവധി പ്രശ്നങ്ങൾ എഴുതാനുണ്ടെന്ന്. അതിൽ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന പ്രശ്നം ആദ്യം എന്ന നിലയിൽ മുൻഗണനാക്രമത്തിൽ വേണം എഴുതാൻ.

ഇതു കഴിഞ്ഞാൽ സമീപകാലത്തായി ചെയ്ത ലബോറട്ടറി പരിശോധനകളുടെ ഫലങ്ങൾ കൂടി നാലുമുതലുള്ള പേജിൽ ഒട്ടിച്ചു വെയ്ക്കാം. ആശുപത്രിയിൽ കിടന്നിട്ടുണ്ടെങ്കിൽ ഡിസ്ചാർജ് സമ്മറികൂടി ഒടുവിലത്തെ പേജുകളായി വെയ്ക്കാം. പ്രമേഹപരിശോധനയ്ക്ക് ഗ്ലൂക്കോമീറ്റർ വീട്ടിൽ ഉപയോഗിക്കുന്നവർ, വീട്ടിൽ ബിപി അപ്പെരെറ്റസ് ഉപയോഗിച്ച് ബിപി മനസിലാക്കുന്നവർ തുടങ്ങിയവർ അതിന്റെ ഫലം, തീയതിയും സമയവും ഉൾപ്പെടെ പട്ടികയായി അവസാന പേജുകളിൽ രേഖപ്പെടുത്തിയാൽ ഏറെ നന്ന്. ഈ അളവുകളുടെ കുറച്ചു ദിവസത്തെ ഗതി മനസിലാക്കിയാൽ രോഗത്തിന്റെ സ്വഭാവം ഡോക്ടർക്കു മാത്രമല്ല രോഗിക്കും അറിയാനാകും. ഇത്രയും വിവരങ്ങൾ ഉൾപ്പെടുത്തിയാൽ മെഡിക്കൽഡയറി തയാറായിക്കഴിഞ്ഞു.

നല്ല ചികിത്സ മിനിറ്റിനുള്ളിൽ

പെട്ടെന്ന് ഒരു പുതിയ ഡോക്ടറെ മാറികാണേണ്ട സാഹചര്യമുണ്ടായാലും ഈ ഫയൽ കരുതിയാൽ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. ഏതാനും മിനിറ്റുകൊണ്ടുതന്നെ ഈ ഫയൽനോക്കി ഡോക്ടർക്ക് കാര്യങ്ങൾ കൃത്യമായി മനസിലാക്കാനാവും. പിന്നെ ഏതാനും സംശയങ്ങളും ശരീരപരിശോധനയും മാത്രം നടത്തിയാൽ മതിയാകും. അതിലൂടെ ഏറ്റവും ശരിയായ രോഗനിർണയം നടത്താനും ചുരുങ്ങിയ സമയത്തിനുള്ളിൽ നല്ല ചികിത്സ നിർദേശിക്കാനും കഴിയും. സമയാസമയങ്ങളിൽ ഈ ഡയറി നവീകരിച്ചുകൊണ്ടിരിക്കാനും ശ്രദ്ധിക്കണം.

പതിയെ തുടങ്ങി പതിയെ പോകാം

ജീറിയാട്രിക്സിന്റെ തത്ത്വം പതിയെ തുടങ്ങാം പതിയെ പോകാം. രോഗം അത് എത്ര തീവ്രത കൂടിയതാണെങ്കിൽ കൂടിയും, പെട്ടെന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തീവ്രതയേറിയ മരുന്നുകൾ ഒറ്റയടിക്ക് ഉപയോഗിക്കരുത്. ഉദാഹരണത്തിന്, ബി പി വളരെ കൂടുതലാണെങ്കിൽപോലും അതു പതുക്കെ വേണം ചികിത്സിച്ചു കുറയ്ക്കാൻ.

പ്രധാനപ്പെട്ട എല്ലാ രോഗങ്ങളും വാർധക്യത്തിൽ എങ്ങനെയാണു ചികിത്സിക്കേണ്ടത് എന്നു വ്യക്തമായ നിർദേശങ്ങളുണ്ട്. ഔഷധങ്ങളുടെ ഡോസ് എങ്ങനെ ക്രമീകരിക്കാം, ഏതൊക്കെ ഔഷധങ്ങൾ ഉപയോഗിക്കാം, ഉപയോഗിക്കാൻ പാടില്ല— ഇതേക്കുറിച്ചുള്ള വിവരങ്ങൾ വാർധക്യകാല രോഗചികിത്സയിലേർപ്പെട്ടിരിക്കുന്ന ഡോക്ടർ ശ്രദ്ധിക്കേണ്ടതുണ്ട്. ആശുപത്രിയിൽ പ്രവേശിക്കുകയോ അത്യാഹിത വിഭാഗത്തിലോ മറ്റോ കിടക്കേണ്ടിവരുകയോ ചെയ്യുമ്പോൾ വാർധക്യത്തിലെത്തിയ പലരോഗികളും ചികിത്സയോട് സഹകരിക്കാൻ വിഷമം കാണിക്കുകയും മറ്റും ചെയ്യാറുണ്ട്. ഈ പ്രശ്നം രോഗി സ്വയം മനസിലാക്കി പരിഹരിക്കാനോ ബന്ധുക്കളും ഡോക്ടറും വേണ്ടവിധത്തിൽ സമാധാനിപ്പിച്ച് രോഗാവസ്ഥയും ചികിത്സയുടെ ആവശ്യവും പറഞ്ഞു മനസിലാക്കാൻ പ്രത്യേകം ശ്രമിക്കണം.

സാധാരണ തിരക്കുള്ള ഡോക്ടർമാരിൽ നിന്നും വ്യത്യസ്തമായി ക്ഷമയോടെ കേട്ടിരിക്കുവാനും പരിശോധിക്കുവാനും ചികിത്സിക്കുവാനും വൃദ്ധജനങ്ങളെ ചികിത്സിക്കുന്ന ഡോക്ടർ പ്രത്യേകം മനസുവയ്ക്കണം. രോഗം മൂലം ദേഷ്യമോ, മറ്റു വികാരങ്ങളോ പ്രായമേറിയവർ പ്രകടിപ്പിക്കുകയാണ് എങ്കിൽ ക്ഷമയോടെ സഹിച്ച് അത് ഉൾക്കൊണ്ടുകൊണ്ട് ചികിത്സിക്കുവാൻ ചികിത്സകനു സാധിക്കണം.

ഡോ ജ്യോതിദേവ് കേശവ്ദേവ്

കൺസൽട്ടന്റ് ഇൻ ഡയബറ്റിസ് ആൻഡ് ജീറിയാട്രിക്സ്,

ഡോ ജ്യോതിദേവ്സ് ഡയബറ്റിസ് സെന്റർ,

തിരുവനന്തപുരം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.