Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്താൻ കൗൺസലിങ്

councelling-representative-image Representative Image

സുമയെ ഭർത്താവായ സുധീപാണ് എന്റെ പക്കൽ കൊണ്ടുവരുന്നത്. സുമയ്ക്ക് രാത്രി ഉറക്കമില്ല. പലപ്പോഴും അക്രമാസക്തയാവുന്നു. ചിലപ്പോള്‍ സ്വബോധം നഷ്ടപ്പെട്ട പോലെ അലറി വിളിക്കും. ഒാടാൻ ശ്രമിക്കും. ആരാലും നിയന്ത്രിക്കാൻ കഴിയില്ല. ഭർത്താവിനെ ഉപദ്രവിക്കും. സ്വയം മുറിവേൽപ്പിക്കും. കിണറ്റിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചു. അവളുടെ അച്ഛനെതന്നെ കൊല്ലാൻ തുനിഞ്ഞു. സൈക്യാട്രിസ്റ്റുമാരുൾപ്പെടെ പലരെയും കാണിച്ചു. ഒടുവിലാണ് എന്റെ പക്കൽ വരുന്നത്.

ഞാൻ സുമയുമായി വിശദമായി സംസാരിച്ചു. അലറി വിളിക്കുന്നതും അക്രാമസക്തയാകുന്നതും അവൾ അറിയുന്നുണ്ട്. പക്ഷെ അങ്ങനെ ചെയ്യാതിരിക്കാൻ അവൾക്കു കഴിയുന്നില്ല. അവളുടെ ഈ പെരുമാറ്റത്തിനു പിന്നിലെ കാരണം വീട്ടിൽ തന്നെയുണ്ടെന്ന് സുമയുമായി സംസാരിച്ചപ്പോൾ മനസ്സിലായി. സുധീപ് സർക്കാർ ഉദ്യോഗസ്ഥനാണ്. ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരും. വീട്ടിൽ അമ്മ മാത്രമേ ഉളളൂ. അച്ഛൻ സുധീപിന്റെ ചെറുപ്പത്തിലേ തന്നെ മരിച്ചുപോയി. രണ്ട് സഹോദരിമാരും ഉണ്ട്. അമ്മയുടെ ഓമന മകനാണ് സുധീപ്. അച്ഛന്റെ മരണശേഷം അമ്മയാണ് മക്കളെ വളർത്തി, പഠിപ്പിച്ച് നല്ല നിലയിൽ എത്തിച്ചത്.

വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സുധീപിന്റെ അമ്മ സുമ ചെയ്യുന്ന ചെറിയ കാര്യങ്ങളിൽ വരെ കുറ്റം കണ്ടെത്താൻ തുടങ്ങി. അവൾ പാത്രം കഴുകാൻ എടുത്താൽ ‘നീ കഴുകിയാൽ വൃത്തിയാവില്ല നിനക്ക് ശരിയായി കഴുകാൻ അറിയില്ല’എന്നൊക്കെ പറയും. ഈ കുറ്റപ്പെടുത്തൽ കൂടാതെ സ്വന്തം പെൺമക്കളുമായി താരതമ്യം ചെയ്തും സംസാരിക്കും. ഈ പറച്ചിൽ നിരന്തരമായതോടെ സുമയ്ക്ക് താങ്ങാൻ പറ്റാതായി. സുധീപ് വീട്ടിലുളളപ്പോൾ അമ്മ മരുമകളെ കുറിച്ച് കുറ്റമൊന്നും പറയില്ല. അതുകൊണ്ട് തന്നെ അമ്മയുടെ സ്വഭാവത്തെക്കുറിച്ച് സുമ പരാതി പറയുന്നത് സുധീപ് തീർത്തും അവഗണിച്ചു. ആറ് മാസം കഴിഞ്ഞപ്പോഴേക്കും സുമയുടെ മനോനില ആകെ തകിടം മറിഞ്ഞു. അക്രമാസക്തയായി. സുമയുടെ പെരുമാറ്റത്തിനു പിന്നിലെ കാരണം മനസ്സിലാക്കിയതോടെ ചികിത്സ എളുപ്പമായി. സുമ ഇന്ന് മിടുക്കിയായ വീട്ടമ്മയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. കൂടാതെ അധ്യാപികയായി ജോലിയും നോക്കുന്നു.

മരുമകൾ ശ്രദ്ധിക്കാൻ

മരുമകൾ എപ്പോഴും ഫ്ലെക്സിബിൾ ആയിരിക്കാൻ ശ്രമിക്കണം. പുതിയ ചുറ്റുപാടുകളിലേക്ക്, സംസ്കാരത്തിലേക്കാണ് വന്നിരിക്കുന്നത്. ആ മാറ്റത്തോട് പൊരുത്തപ്പെടാൻ തയാറെടുത്തുവേണം പുതിയ വീട്ടിലേക്ക് വരാൻ.

ഭർത്താവിന്റെ വീട്ടിൽ അധികാരം ഉപയോഗിച്ച് വ്യക്തിബന്ധം സ്ഥാപിക്കുന്നതിലും നല്ലത് നല്ല പെരുമാറ്റം കൊണ്ട് ബന്ധം ഉണ്ടാക്കാനാണ്. ഉദാഹരണത്തിന് കല്യാണം കഴിഞ്ഞ് വന്ന അടുത്ത ദിവസം മുതൽ എന്റെ ഭർത്താവിന് ഞാൻ ചായ ഉണ്ടാക്കിക്കൊടുത്തോളാം എന്നു വിചാരിക്കുന്നതിനു പകരം ചായ ഉണ്ടാക്കി ആദ്യം ഒരെണ്ണം അമ്മായിയമ്മയ്ക്കു കൊടുക്കാം. പിന്നെ ഭർത്താവിനും. ഇവിടെ ഒരു വഴി മാറൽ നടക്കുകയാണ്. മാറുന്ന വ്യക്തിയും അറിയുന്നില്ല, മാറ്റപ്പെടുന്ന വ്യക്തിയും അറിയുന്നില്ല.

കാര്യങ്ങൾ സ്പഷ്ടമായി പറയാൻ ശ്രദ്ധിക്കുക. അതായത് പറയേണ്ട കാര്യങ്ങൾ, പറയേണ്ട രീതിയിൽ, പറയേണ്ട സമയത്ത് പറയണം. അമ്മായിയമ്മ–മരുമകൾ ബന്ധത്തിൽ പലപ്പോഴും പ്രശ്നമുണ്ടാക്കുന്നത് ഒന്നുകിൽ മരുമകളുടെ വിധേയത്വസ്വഭാവമായിരിക്കും. അല്ലെങ്കിൽ പ്രകോപനപരമായ സ്വഭാവമായിരിക്കും. രണ്ടും പ്രശ്നമാണ്.

പങ്കുവയ്ക്കാൻ പഠിക്കണം. ഉദാഹരണത്തിന് മരുമകൾ പുറത്തുനിന്നും ഭക്ഷണമെന്തെങ്കിലും വാങ്ങിച്ചെന്നിരിക്കട്ടെ. താനും ഭർത്താവും മാത്രം കഴിച്ചാൽ മതിയെന്നു ചിന്തിച്ചു മുറിക്കുളളിൽ കൊണ്ടുവച്ചു കഴിക്കുന്ന ഏര്‍പ്പാട് പലയിടത്തും ഉണ്ട്. അതു ശരിയല്ല.

അടുക്കളകാര്യങ്ങൾ ഒന്നും അറിയില്ല എന്നു പറഞ്ഞു മാറി നിൽക്കരുത്. അമ്മായിയമ്മയോട് ചോദിച്ച് പഠിക്കാൻ ശ്രമിക്കണം. അമ്മയുടെ കറിക്കു നല്ല രുചിയാണ്. അതുണ്ടാക്കാൻ എന്നെക്കൂടി പഠിപ്പിക്കുമോ എന്നു ചോദിച്ചാൽ ആരായാലും അലിഞ്ഞുപോകും.

ജോലി ചെയ്യുന്ന മരുമകളാണെങ്കിൽ അമ്മായിയമ്മയ്ക്ക് പിറന്നാളിനും മറ്റും സമ്മാനങ്ങൾ വാങ്ങികൊടുക്കാം.

അമ്മായിയമ്മയും മരുമകളും രണ്ടുതലമുറയിൽപ്പെട്ടവരായിരിക്കും. ഇതു കാരണം സംസാരിക്കാൻ വിഷയങ്ങൾ ഒന്നും ഇല്ല എന്നു വിചാരിച്ച് ആശയവിനിമയം നടത്താതിരിക്കരുത്.

പുതിയ വീട്ടിൽ ഉണ്ടാക്കുന്ന ചെറിയ വഴക്കുകളും തർക്കങ്ങളും സ്വന്തം വീട്ടിൽ അറിയിക്കാതിരിക്കുക. ചെറിയ വഴക്കുകൾ രണ്ടു കുടുംബങ്ങൾ തമ്മിലുളള ബന്ധത്തെ മോശമായി ബാധിച്ചെന്നു വരാം.

അമ്മായിയമ്മ അറിയാൻ

പുതിയ ഒരംഗം വീട്ടിൽ വരുകയാണ്. മരുമകളായി. വീടിന്റെ രീതികളും ആചാരങ്ങളും അവർ കൃത്യമായി പാലിക്കണമെന്ന് കടുംപിടുത്തം വേണ്ട. ഉദാഹരണത്തിന് ആർത്തവദിനങ്ങളിൽ സ്ത്രീകൾ അടുക്കളയിൽ കയറരുതെന്ന ആചാരം ചിലയിടത്ത് ഉണ്ട്. ഈ കാലത്ത് അതൊന്നും പ്രയോഗികമായിരിക്കില്ല.

മകനുവേണ്ടി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളുടെ ചുമതല മരുമകളെ ഏൽപ്പിക്കാം. ഉദാഹരണത്തിന് രാവിലത്തെ ചായ മരുമകളുടെ കൈയിൽ കൊടുത്തുവിടാം.

മകന്റെയും മരുമകളുടെയും സ്വകാര്യത മാനിക്കുക. അവർക്കു മാത്രമായി സമയം വിട്ടുകൊടുക്കണം.

മരുമകൾ തെറ്റു ചെയ്താൽ ശാസിച്ചും വഴക്കുപറഞ്ഞും ശരിയാക്കാം എന്നു കരുതരുത്. സ്നേഹവും കരുതലും കൊണ്ടേ തിരുത്താൻ ശ്രമിക്കാവൂ.

മരുമകളോട് നെഗറ്റീവായുളള പരാമർശങ്ങൾ വേണ്ട. മാത്രമല്ല സ്വന്തം പെൺമക്കളുമായി താരതമ്യം ചെയ്യാനും ശ്രമിക്കരുത്.

അമ്മായിയമ്മ എപ്പോഴും പുതുതലമുറയുടെ മാറ്റം അറിയാൻ ശ്രമിക്കണം. മരുമകൾ ലെഗ്ഗിങ്സ്, ജീൻസ് എന്നിവ ഇട്ടതു കൊണ്ട് വീടിന്റെ അന്തസ് കെട്ടുപോകും എന്ന ചിന്ത വേണ്ട.

മകൾ എന്ന രീതിയില്‍ മരുമകളോട് പെരുമാറുക. മകൾക്കു നൽകുന്ന കരുതലും സുഹൃത്തിനു നൽകുന്ന സ്വാതന്ത്ര്യവും ആണ് നല്ല ബന്ധത്തിന്റെ അടിത്തറ.

കൗൺസിലറുടെ ഡയറി

അമ്മായിയമ്മയുടെ വാക്കുകൾ അവരുടെ വ്യക്തിത്വത്തിന്റെ വിലയിരുത്തലാണ്. അവർ സംസാരിക്കുന്നത് അവരുടെ അപര്യാപ്തമായ വ്യക്തിത്വത്തിന്റെ ഫലമാണ്. അവരുടെ വാക്കുകൾക്ക് അവർ ഉദ്ദേശിക്കുന്ന വിലയും അർഥവും കല്‍പിക്കാമോ?– ഇതാണ് ഞാൻ സുമയോട് ചോദിച്ചത്. സുമയുടെ കേസില്‍ കോഗ്‍നിറ്റീവ് തെറാപ്പിയാണ് ഫലപ്രദമായത്. കോഗ്നിറ്റീവ് തെറപ്പിയുടെ അടിസ്ഥാനഘടകങ്ങളാണ്. A(Activating Events), b(Beliefs), C(Concequences). സി രണ്ടു തരത്തിലുണ്ട്. ബിഹേവിയറൽ കോൺസിക്വൻസസ്, ഇമോഷണൽ കോൺസിക്വൻസസ്. സുമയുടെ കാര്യത്തിൽ അമ്മായിയമ്മയാണ് എ. അതു മാറ്റാൻ കഴിയില്ല. പകരം ബി മാറ്റാം. അതായത് വിശ്വാസം. അതു മാറ്റിയപ്പോൾ സുമയ്ക്കുണ്ടായിരുന്ന ഇമോഷണൽ കോൺസിക്വൻസായ ഡിപ്രഷൻ മാറി. ബിഹേവിയറൽ കോൺസിക്വൻസായ ആത്മഹത്യാശ്രമം, കൊലപാതകശ്രമം എന്നിവയും മാറി. തുടർന്നുളള സെക്ഷനുകളിൽ സുമയുടെ വ്യക്തിത്വത്തെ കൂടുതൽ ശക്തിപ്പെടുത്തി. വീട്ടിൽ അധികാരമെടുക്കാനും തുടർന്നു പഠിക്കാനും നിർദ്ദേശിച്ചു. കുത്തുവാക്കുകൾക്ക് സുമ യാതൊരു പ്രാധാന്യവും കൽപ്പിക്കുന്നില്ലെന്നു മനസ്സിലാക്കിയ അമ്മായിയമ്മ പതിയെ അടങ്ങി.

ഡോ. കെ. ഗിരീഷ്

Your Rating: