Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷത്തിന് ദഹനവ്യവസ്ഥയിൽ എന്തു കാര്യം ?

food

ആഘോഷവും ദഹനവ്യവസ്ഥയും എന്നു കേൾക്കുമ്പോഴേ ഒരു പൊരുത്തക്കേട് തോന്നുന്നുണ്ടല്ലേ. ഇപ്പോൾ തന്നെ ഓണം കഴിഞ്ഞതേയുള്ളൂ. കല്ല്യാണം, മാമ്മോദീസ, പിറന്നാളാഘോഷം, ദീപാവലി എന്നിങ്ങനെ ആഘോഷങ്ങവു‌ടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് എല്ലാവരുടെയും അടുത്ത്. ഈ ആഘോഷങ്ങളിലെല്ലാം നമ്മൾ പങ്കെടുത്തു സന്തോഷിക്കുമ്പോൾ ഇരട്ടി പണിയെടുത്തു വിഷമിക്കുന്ന ആമാശയത്തെയും ലിവറിനെയുമൊക്കെ ആരോർക്കാൻ? രുചികരമായ ഭക്ഷണം മുന്നിൽ വരുമ്പോൾ ഇതൊക്കെ ഓർക്കാനാണോ സമയം എന്നായിരിക്കും ഭൂരിഭാഗം ആളുകളുടെയും മറുപടി.

എന്നാൽ ഇനി മുതൽ ആഘോഷങ്ങള്‍ക്ക് പോകുന്നതിനു മുമ്പായി ഒരൽപം മുന്നൊരുക്കം നടത്തി പാവം ദഹനപ്രക്രിയക്ക് ആശ്വാസം കൊടുക്കാം. പാർട്ടിയും ഭക്ഷണവുമൊന്നും ഒഴിവാക്കാനാവില്ല. അതുകൊണ്ട് ഡയറ്റ് നിയന്ത്രിച്ചു തുടങ്ങാം. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം...

1.കാപ്പി നിയന്ത്രിക്കാം

ദിവസം രണ്ടു കപ്പിലധികം കാപ്പി വേണ്ട. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ദഹനപ്രക്രിയയെ സാവധാനത്തിലാക്കും. കാപ്പി ഒഴിവാക്കി ഗ്രീൻ ടീ ശീലമാക്കാം.

2. പഞ്ചസാര കുറയ്ക്കാം

പഞ്ചസാരയുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നതുവഴി ദഹനം സുഗമമാക്കാം. കരളിലെ വിഷാംശം കുറയ്ക്കാൻ തേൻ പോലുള്ള പ്രകൃതിദത്തമായ വസ്തുക്കൾ പഞ്ചസാരയ്ക്കു പകരമായി ഭക്ഷ്യവസ്തുക്കളിൽ ചേർത്തു കഴിക്കാം.

3.പാലുൽപന്നങ്ങളോട് നോ പറയാം

തൈരൊഴികെയുള്ള പാലുൽപന്നങ്ങൾ ആഹാരത്തിൽ നിന്നൊഴിവാക്കാം. പാലുൽപന്നങ്ങളുടെ അമിത ഉപയോഗം കരളിൽ ശ്ളേഷ്മം അടിഞ്ഞു കൂടാനും അതുവഴി ദഹനത്തെ തടസപ്പെ‌ടുത്താനും കാരണമാകും. ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനായി പാലിനു പകരം ധാന്യവർഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

4. നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കാം

ദഹനം ആയാസരഹിതമാക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കാം. ഓട്സിന് ഭക്ഷണത്തിൽ പ്രഥമ സ്ഥാനം നൽകാം.

5.എണ്ണയുടെ ഉപയോഗം

കൊഴുപ്പു കൂടുതലുള്ള എണ്ണയുടെ ഉപയോഗം നിയന്ത്രിക്കാം. സസ്യ എണ്ണയിൽ പാകം ചെയ്ത ആഹാരം കരളിന് അമിതമായ ആയാസമുണ്ടാക്കും.അതിനാൽ ഒലിവോയിൽ പോലെയുള്ള കൊഴുപ്പു കുറഞ്ഞ എണ്ണയിലാകട്ടെ ഇനി മുതൽ പാചകം.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആഘോഷം അടിപൊളിയാക്കാം.