Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗമില്ലെന്നു ഡോക്ടർ, ഉണ്ടെന്നു രോഗി

medical-checkup Representative Image

ചിലർ അങ്ങനെയാണ്... രോഗമില്ലെന്നു ഡോക്ടർ പറഞ്ഞാലും വിശ്വസിക്കില്ല, സ്റ്റെതസ്കോപ്പ് വച്ചു പരിശോധിച്ചില്ലെങ്കിൽ ആ ഡോക്ടർക്ക് ഒന്നും അറിയില്ല, എന്തെങ്കിലും ചെറിയ അസ്വസ്ഥതകളുമായി ചെല്ലുമ്പോൾ അത് ഒരു രോഗത്തിന്റെയും ലക്ഷണമല്ലെന്നു പറഞ്ഞാൽ സമ്മതിക്കില്ല, മരുന്ന് കിട്ടിയാലേ ആ അസ്വസ്ഥതയ്ക്ക് ശമനമുണ്ടാകൂ... ഇതൊക്കെ ശരിക്കും മനസ്സിന്റെ രോഗമാണോ?

26 വയസുള്ള രാഗേഷിന് സംഘർഷം ഉണ്ടാകുന്ന സാഹചര്യങ്ങളിൽചെന്നുപെട്ടാൽ അസാധാരണമായ ഹൃദയമിടിപ്പ് ഉണ്ടാകാറുണ്ട്. അതേ സാഹചര്യങ്ങൾ ആവർത്തിക്കുമ്പോൾ ഹൃദയമിടിപ്പിൽ വർധനയുണ്ടാകുന്നു. അമിതമായ ഹൃദയമിടിപ്പ് ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണമാണെന്ന് കരുതിയ രാഗേഷ് ഡോക്ടർമാരെ മാറി മാറി കണ്ടുകൊണ്ടിരുന്നു. എന്നാൽ ശാരീരിക പരിശോധനയിലോ ഇ.സി.ജി പരിശോധനയിലോ രോഗമുണ്ടെന്ന് കണ്ടെത്താൻ ഒരു ഡോക്ടറിനും കഴിഞ്ഞില്ല.തന്നിലെ ഹൃദ്രോഗത്തെ ഈ ഡോക്ടർമാർക്കൊന്നും കണ്ടുപിടിക്കാനാകുന്നില്ലെന്ന് അയാൾ വിശ്വസിച്ചു. വിശ്വസനീയനായ ഒരു സുഹൃത്തിന്റെ പ്രേരണയാൽ അയാൾ ഒരു വൈദ്യനെ കണ്ടു. വൈദ്യൻ ഒരു മരുന്ന് കൊടുത്തുകൊണ്ട് പറഞ്ഞു, “ആയിരക്കണക്കിന് ആളുകളുടെ ഹൃദ്രോഗം മാറ്റിയ ഒരു ഒറ്റമൂലിയാണിത്”. ആ മരുന്ന് കഴിച്ചതോടെ അയാളുടെ അസാധാരണമായ ഹൃദയമിടിപ്പ് കുറഞ്ഞു. രാഗേഷ് ഇപ്പോഴും വിശ്വസിക്കുന്നത് തനിക്ക് ഹൃദ്രോഗം ഉണ്ടായിരുന്നുവെന്നും ,അത് മാറിയത് ആ ഒറ്റമൂലി കൊണ്ടാണെന്നുമാണ്.

നിർദേശങ്ങൾ മനുഷ്യ ശരീരത്തിൽ ഏൽപ്പിക്കുന്ന സ്വാധീനത്തെപ്പറ്റി ശാസ്ത്രീയമായ വിവരങ്ങൾ നൽകിയത് റഷ്യൻ ശരീര ശാസ്ത്രജ്ഞനായ ഡോ. പാവ്ലോവ് ആണ്. സ്വയമോ, മറ്റുള്ളവരാലോ നൽകുന്ന പ്രേരണകൾ വ്യക്തിയെ ഹിപ്നോട്ടിക് ഹാലൂസിനേഷൻ എന്ന അവസ്ഥയിൽ എത്തിക്കുന്നു. ഈ അവസ്ഥയിൽ മനസ്സിൽ സങ്കൽപ്പിച്ച കാര്യങ്ങൾക്ക് അനുസൃതമായ പ്രതികരണങ്ങൾ ശരീരത്തിൽ ഉണ്ടാകുമെന്ന് ഡോ. പാവ്ലോവ് കണ്ടെത്തുകയുണ്ടായി.

ഒരു വ്യക്തിക്ക് പ്രേരണകൾ നൽകി ഹിപ്നോട്ടിക് അവസ്ഥയിൽ എത്തിച്ചതിനു ശേഷം മധുരപാനീയമാണെന്നു പറഞ്ഞു കൊണ്ട് ഒരു ഗ്ലാസ് പച്ചവെള്ളം നൽകിയപ്പോൾ അയാൾ അത് മധുരപാനീയമായി കരുതി സന്തോഷത്തോടെ കുടിച്ചു .ആ സമയത്തു ആ വ്യക്തിയിൽ ഉണ്ടായ ഉമിനീർ സ്രവം പാവ്ലോവ് രാസപരിശോധന നടത്തി. നിർദേശങ്ങൾക്കു അനുസ്‌തൃതമായി ഉല്പാദിപ്പിക്കപ്പെട്ട പചനദ്രാവകങ്ങൾ സാധാരണഗതിയിൽ മധുരപാനിയം കുടിക്കുമ്പോൾ ഉണ്ടാക്കുന്നതു തന്നെയാണെന്ന് പരിശോധനയിൽ തെളിയുകയുണ്ടായി .

ഏതെങ്കിലും ഒരു കാര്യം സങ്കല്പിക്കുകയും അത് തീവ്രതയോടെ വിശ്വസിപ്പിക്കുകയും ചെയ്താൽ, അതേക്കുറിച്ചുള്ള തുടർച്ചയായ സ്വയം നിർദേശങ്ങൾ (Auto Suggestion), പ്രേരണകൾ, ഓർമ്മ, ഹിപ്നോട്ടിക് ഹാലൂസിനേഷൻ തുടങ്ങിയവ കൊണ്ട് അത്തരം സങ്കൽപ്പത്തിന് തുല്യമായ പ്രതികരണങ്ങൾ മനുഷ്യന്റെ ത്വക്കിൽ ഉണ്ടാകുമെന്ന് ആധുനിക ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. സൈക്കോ ഡെർമറ്റോളജി എന്ന ശാഖ ഈ വിഷയത്തെക്കുറിച്ച വിശദമായ വിവരങ്ങൾ നൽകുന്നു .

ഗ്യാസ്ട്രബിൾ പോലുള്ള വയർ സംബന്ധമായ അസുഖങ്ങളിൽ പലതും മാനസികമായ വിഷാദം, ആധി, ഉത്കണ്ഠ, ദേഷ്യം തുടങ്ങിയവമൂലം ഉണ്ടാകുന്നതാണ്. തീക്ഷണമായ വൈകാരികതകൾ ഉണ്ടാകുമ്പോൾ കുടലിന്റെയും പാൻക്രിയാസിലേയും അമ്ല ഉത്പാദനം കൂടുന്നു. വിഷാദം ഉണ്ടാകുമ്പോൾ രക്ത ചംക്രമണവും അമ്ല ഉല്പാദനവും കുറയുന്നു. ഭയമുണ്ടാകുമ്പോൾ വയറിനുള്ളിലെ ഞരമ്പുകളിലേക്ക് രക്തം കൂടുതലായി എത്തുന്നു. വിവിധ തരം വൈകാരികതകളുടെ ഫലമായി ഉണ്ടാകുന്ന ഇത്തരം ഏറ്റക്കുറച്ചിലുകൾ വയറിന്റെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കുമ്പോൾ വ്യക്തി ദഹന സംബന്‌ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നു.

നിരന്തരമായ ആകാംഷ, മത്സരം, വിഷാദം,ഭയം, സംഘർഷം എന്നിവ നിരവധി ശാരീരിക രോഗങ്ങൾ ഉണ്ടാക്കുന്നു. പ്രധാനമായും കുടലിനെ ബാധിക്കുന്ന അൾസർ, കിഡ്നി രോഗങ്ങൾ എന്നിവ.‌

അമിതമായ ആകാംഷയും ഭയവും ഉള്ളവരിൽ അസാധാരണമായ ഹൃദയമിടിപ്പ് ഉണ്ടാകാറുണ്ട്. പാനിക് അറ്റാക്ക് ഉള്ളവരിൽ അമിതമായ ഹൃദയമിടിപ്പ് ഒരുതരം കണ്ടിഷനിംഗ് ആയി മാറുന്നു . ഇത്തരത്തിലുള്ള ഹൃദയമിടിപ്പ് ഹൃദ്രോഗമായി തെറ്റിദ്ധരിക്കാറുണ്ട്.

ഇ.സി.ജി പരിശോധനയിൽ അത് തിരിച്ചറിയണമെന്നില്ല. എന്നാൽ പ്രകടമായ ലക്ഷണങ്ങൾ ഒരു ഹൃദ്രോഗിയുടേത് തന്നെയായിരിക്കും. ആസ്തമ, രക്തസമ്മർദം, പെപ്റ്റിക് അൾസർ, ചിലതരം ത്വക്ക് രോഗങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ, അലർജി , ഉറക്കമില്ലായ്മ,ആർത്തവ തകരാർ, ഇറിറ്റബിൾ ബൗൾ സിൻഡ്രോം, മലബന്ധം, വിട്ടുമാറാത്ത പേശീവേദന, അമിതവണ്ണം തുടങ്ങിയവയാണ് മാനസിക പ്രശ്നം സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട മനോജന്യരോഗങ്ങൾ. ഇതുകൂടാതെ ചില ശാരീരിക രോഗങ്ങളായ കാൻസർ, അപസ്മാരം, സ്ട്രോക്ക്, ഹൃദ്രോഗം, ഹൈപ്പോ തൈറോയിഡിസം, പാർക്കിൻസൺ രോഗം തുടങ്ങിയ ശാരീരിക രോഗങ്ങൾ ഉള്ളവരിൽ വിഷാദം, ഉൽക്കണ്ഠ, ഉറക്ക കുറവ്, സൈക്കോസിസ് എന്നിവ ഉണ്ടാവാം.

കാൻസർ രോഗികളിൽ 25 % ആളുകൾക്ക് വിഷാദ രോഗമോ ഉൽക്കണ്ഠാ രോഗമോ ഉണ്ടാവാറുണ്ട്. കാൻസർ രോഗികളിൽ കാണുന്ന മാനസിക രോഗങ്ങളുടെ ചികിത്സ സൈക്കോ ഓങ്കോളജി എന്ന് പറയുന്നു. മനോജന്യരോഗത്തിനിരയാകുന്നവരുടെ മസ്തിഷ്കത്തിലെ ചില രാസവസ്തുക്കളും ചില ന്യൂറോണുകളുമാണ് വൈകാരികമായ വിക്ഷോഭങ്ങൾ സൃഷ്ടിക്കുന്നത്. നിരന്തരം ദേഷ്യം, സംഘർഷം എന്നിവ അനുഭവിക്കുന്നവരിലും മാനസികമായ അപചയം, വളർച്ചാമാന്ദ്യം എന്നിവ ഉള്ളവരിലും ന്യൂറോൺ വലയങ്ങൾ നിരന്തരമായി ഉത്തേജിതമാകുന്ന അവസ്ഥ ഉണ്ടാകുന്നു. തീവ്രമായ വൈകാരികാവസ്ഥയിൽ അഡ്രിനാലിൻ എന്ന ഹോർമോൺ കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്നു .ആ സമയത്തു നാഡി രാസികങ്ങളായ ഡോപമിൻ, സെറോട്ടിൻ എന്നിവ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രമായി പ്രവർത്തിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു മസ്തിഷ്കത്തിലെ വിവര വിനിമയത്തിന് സഹായിക്കുന്ന രാസികങ്ങളിൽ ഉണ്ടാകുന്ന അപാകതകൾ പ്രീഫ്രോണ്ടൽ കോർട്ടെക്സിന്റെ പ്രവർത്തനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നുണ്ട്. പ്രീഫ്രോണ്ടൽ കോർട്ടെക്സിനു താഴെയുള്ള എൽ .സി (locus coeruleus)എന്നറിയപ്പെടുന്ന ന്യൂറോൺ കേന്ദ്രമാണ് തീവ്രവമായ മാനസിക സംഘർഷം ,ഭീതി എന്നിവയുടെ സന്ദേശങ്ങൾ അയക്കുന്നത്. മനോജന്യരോഗങ്ങൾ അനുഭവിക്കുന്നവരുടെ പ്രീഫ്രോണ്ടൽ കോർട്ടെക്സിന്റെ പ്രവർത്തനത്തിൽ പന്തികേടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

മനോജന്യ രോഗങ്ങൾക്ക് അടിമപ്പെടുന്നവരിൽ ചില പെരുമാറ്റ പ്രത്യേകതകൾ കാണാം.

1. അമിതമായ ആകാംഷ. ഓരോ സംഭവങ്ങൾക്കും അമിതമായ പ്രധാന്യം നൽകുന്നു.

2. വളരെ പെട്ടെന്ന് സന്തോഷവും സങ്കടവും അനുഭവിക്കുക

3. സാമൂഹ്യബന്ധം വളരെക്കുറവ്, വിഷാദ മനസ്കത.

4. ഉറക്കത്തിന്റെ പ്രശ്നം അനുഭവിക്കുന്നവർ.

5. ആകാംഷ രോഗങ്ങൾ, കൺവെർഷൻ രോഗങ്ങൾ, ഒബ്‌സെസ്സിവ് കാംപൽസിവ് രോഗങ്ങൾ, സംഘർഷജന്യ രോഗങ്ങൾ, സൊമാറ്റോഫോം ഡിസോർഡർ എന്നീ ന്യൂറോസിസ് രോഗങ്ങൾ അനുഭവിക്കുന്നവർ.

പ്ലാസിബോ എഫക്ട്

നിർദ്ദേശം കൊണ്ടോ സ്വയം വിശ്വാസം കൊണ്ടോ പ്രവർത്തിക്കുന്ന മരുന്നുകളെയും ചികിത്സയെയും പ്ലാസിബോ (placebo) എന്ന് പറയുന്നു. മാനസിക കാരണങ്ങൾ ഉണ്ടാക്കുന്ന വേദനകളോ ശാരീരിക പ്രയാസങ്ങളോ പ്രേരണഫലം കൊണ്ടോ പ്ലാസിബോ ഗുളികകൾ കൊണ്ടോ മാറാറുണ്ട്. രോഗിക്ക് ചികിത്സയിലും ചികിത്സകനിലുമുള്ള വിശ്വാസം, ചികിത്സകന്റെ നല്ല പെരുമാറ്റം എന്നിവ പ്ലാസിബോ പ്രഭാവത്തെ വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ചികിത്സകൻ കൊടുക്കുന്ന പ്രേരണയുടെ ഫലമായി താൽക്കാലിക ഉത്തേജനം ലഭിച്ച രോഗി തന്റെ മനോനിലയെ രോഗശമനമായി തെറ്റിദ്ധരിക്കുന്നു. ക്ഷിപ്രവിശ്വാസ ശീലരായ രോഗികളെ പല വ്യാജ ചികിത്സകരും മാനസികമായി സ്വാധീനിക്കുന്നു. ഭൂരിഭാഗം ആൾക്കാരും തങ്ങളുടെ രോഗത്തിനും പ്രശ്നങ്ങൾക്കും മാന്ത്രികമായ ഒരു പരിഹാരം ആഗ്രഹിക്കുന്നവരാണ്. ആളുകൾക്ക് നിഗൂഢത നിറഞ്ഞ കപടചികിത്സാരീതികളോടാണ് കൂടുതൽ താല്പര്യമുള്ളത്.

ഇത്തരം ചികിത്സ കൊണ്ട് ഫലമില്ലെങ്കിൽ തന്നെയും ഫലമുണ്ടായെന്ന് പറയാനുള്ള പ്രവണത അത്തരം ആളുകളിൽ കാണും. തങ്ങളുടെ ചികിത്സയെപ്പറ്റി അമിതമായ അവകാശവാദം ഉന്നയിക്കുന്നവരാണ് വ്യാജ ചികിത്സകർ. കഴിക്കുന്ന മരുന്ന് ഫലിക്കുമെന്ന വിശ്വാസമുണ്ടെങ്കിൽ രോഗശമനം സംഭവിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നു. രോഗത്തിനെതിരായ ശരീരത്തിന്റെ പ്രതിരോധം ഊർജ്ജിതപ്പെടുത്തുക വഴി ചിലരിൽ ചില രോഗങ്ങൾ കുറയാനിടയുണ്ട്. എന്നാൽ മാരക രോഗങ്ങളിൽ (ന്യൂമോണിയ,
കാൻസർ, എയ്ഡ്‌സ് ,ലിവർ സിറോസിസ് തുടങ്ങിയവ) മാറ്റമുണ്ടാകില്ല.

പല രോഗങ്ങളും ചികിത്സയൊന്നുമില്ലാതെ മാറുന്നവയാണ്. നമ്മുടെ ശരീരത്തിന് സ്വാഭാവിക പ്രതിരോധ ശക്തിയുണ്ട്. പല മാരക രോഗങ്ങൾക്കും ദീർഘമായി അനുഭവിക്കുന്ന രോഗങ്ങൾക്കും സ്വാഭാവിക ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. അതിനെ പലരും രോഗശമനമായി തെറ്റിധരിക്കുന്നു.

മനോജന്യരോഗങ്ങൾ അനുഭവിക്കുന്നവർക്കും, കാൻസർ ഉൾപ്പെടെ ശാരീരിക രോഗങ്ങൾ ഉള്ളവരും മാനസിക അയവു വരുത്തുന്ന ചികിത്സകൾ ഗുണമാകും. മാനസിക അയവ് ലഭിക്കുന്നത് ചെറിയ തോതിൽ പ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തിയേക്കാമെന്ന് ചില പഠനങ്ങൾ അഭിപ്രായപ്പെടുന്നു. വികാര തീവ്രത ഉണ്ടാകുന്ന സന്ദർഭങ്ങളിൽ വിശ്രമാവസ്ഥ സാധ്യമാക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുക. ദീർഘ നേരം ആയാസമില്ലായ്മ അനുഭവിക്കുക, സംഘർഷം അനുഭവിക്കുന്നതിന് കാരണമായ നിയന്ത്രിത ഘടകങ്ങളെ ഒഴിവാക്കുക, വ്യക്തി അനുഭവിക്കുന്ന വിവിധതരം കണ്ടിഷനിങിൽ നിന്നും വിമുക്തമാക്കുന്ന പെരുമാറ്റ പ്രതിരോധങ്ങൾ (interventions) ചെയുക. എന്നിവ വക്തിഗതമായും സാമൂഹികമായും ചികിത്സാപരമായും നടപ്പിലാക്കാവുന്നതാണ്. ഹിപ്നോസിസ്, പ്രോഗ്രസ്സിവ് റിലാക്‌സേഷൻ രീതികൾ, കോഗ്നേറ്റീവ് ബിഹേവിയർ തെറാപ്പി എന്നിവ മനോജന്യ രോഗങ്ങളെ നേരിടാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ സൈക്കോ തെറാപ്പി സമ്പ്രദായങ്ങളാണ്.

പ്രസാദ് അമോർ
ലൈസൻസ്ഡ് സൈക്കോളജിസ്റ്റ് .
സോഫ്റ്റ് മൈൻഡ് .
ലക്ഷ്മി ഹോസ്പിറ്റൽ
അരൂർ

Your Rating: