Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗം മാറാൻ മനസു വിചാരിക്കണം

mind-disease

മനസിന്റെ വിശ്വാസം രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നതുപോലെ തന്നെ ചില രോഗങ്ങൾ വരുന്നതിനും വിശ്വാസം കാരണമാകാം. ചിലർക്കു തങ്ങൾ രോഗികളാണെന്ന തോന്നൽ കലശലാണ്. അവർ നിരന്തരം ഡോക്ടർമാരെ കണ്ടുകൊണ്ടിരിക്കും. പരിശോധനയിൽ അസുഖമൊന്നുമില്ലെന്നു ഡോക്ടർ പറയുകയാണെങ്കിൽ ഡോക്ടർക്കു തെറ്റുപറ്റിയെന്ന് അവർ കരുതും. സ്വയം രോഗമുണ്ടെന്നു കരുതുന്നവരിൽ ക്രമേണ ചില രോഗലക്ഷണങ്ങൾ പ്രകടമാകുകയും രോഗമായി മാറുകയും ചെയ്യും. മനസും ശരീരത്തെ ബാധിക്കുന്ന രോഗങ്ങളും തമ്മിലുള്ള ബന്ധം അത്ര ഏറെയാണ്.

പ്ലാസിബോ ഇഫക്ട്

ഇത്തരം രോഗികൾക്കു ഡോക്ടർമാർ പ്രത്യേകിച്ചു ഗുണമൊന്നുമില്ലാത്ത ചില മരുന്നുകൾ നൽകും. ഉദാഹരണത്തിനു വെറും പഞ്ചസാര ഗുളിക നൽകിയ ശേഷം ഡോക്ടർ രോഗിയോട് അതു നല്ല ശക്തിയുള്ള ഔഷധമാണെന്നും കഴിച്ചാൽ രോഗം ഭേദമാകുമെന്നും പറയുന്നു. ഈ മരുന്നു കഴിക്കുന്നതോടെ രോഗശമനം ഉണ്ടാകുന്നു. ഇംഗ്ലീഷിൽ പ്ലാസിബോ ഇഫക്ട് (Placebo effect) എന്നാണ് ഇതിനെ വിളിക്കുക. രോഗമുണ്ടെന്ന തോന്നൽ മനസിൽ ശക്തമാകുന്നതു മൂലമാണ് അവർ രോഗലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നത്. വെറും പഞ്ചസാര ഗുളിക നൽകിയശേഷം അവരുടെ രോഗം സുഖപ്പെടുമെന്ന ഡോക്ടറുടെ ഉറപ്പാണു രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നതിലേക്കും രോഗശമനത്തിലേക്കും നയിക്കുന്നത്.

വിശുദ്ധ സൗഖ്യം?

മനസിന്റെ തോന്നലുകളെ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ നമുക്കു പല രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും. നമ്മുടെ നാട്ടിലെ ചില ധ്യാനകേന്ദ്രങ്ങളിലും രോഗശാന്തി നടത്തുന്ന ആത്മീയകേന്ദ്രങ്ങളിലും സംഭവിക്കുന്ന രോഗശാന്തിയുടെ പിന്നിലെ രഹസ്യം ഇതാണ്. രോഗം മാറും എന്ന ശക്തമായ നിർദേശം ഭക്തിയുടേയും വിശ്വാസത്തിന്റേയും രൂപത്തിലാണ് ഭക്തർക്കു നൽകുന്നത്. അപ്പോൾ രോഗം മിഥ്യാബോധമായികൊണ്ടു നടക്കുന്ന പല രോഗികൾക്കും ചിലപ്പോൾ നൊടിയിടയിൽ തന്നെ രോഗശാന്തിയുണ്ടാകുന്നു. മനോജന്യ ശാരീരിക രോഗങ്ങൾക്ക് ഇരയായവർക്കും അതു ഗുണം ചെയ്തെന്നിരിക്കും. വിശ്വാസികളായ ആ രോഗികളുടെ മനസുതന്നെയാണ് അവരുടെ യഥാർഥ ചികിത്സകനെന്ന് അവർ അറിയുന്നില്ല എന്നേയുള്ളൂ.

മനോജന്യ ശാരീരിക രോഗങ്ങൾ

വൈകാരികമായ പിരിമുറുക്കവും നിഷേധവികാരങ്ങളും മനസിൽ നിലനിൽക്കുന്നതു മൂലം ശരീരത്തിലുണ്ടാകുന്ന രോഗങ്ങളെയാണു മനോജന്യ ശാരീരിക രോഗങ്ങൾ (സൈക്കോസോമാറ്റിക് ഡിസീസ്) എന്നു വിളിക്കുന്നത്. ചർമരോഗങ്ങൾ മുതൽ ചിലതരം ഹൃദ്രോഗങ്ങൾ വരെയുള്ള 150 ഓളം രോഗങ്ങൾ ഇത്തരത്തിൽ ഉണ്ടാകാമെന്നാണു ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ.

മാനസികമായി അസ്വസ്ഥമാകുന്ന കാലത്താണു പല ചർമരോഗങ്ങളും വഷളാകുന്നതെന്നു മിക്കവർക്കും അറിയാം. അരിമ്പാറയെന്ന ചർമരോഗം 90 ശതമാനവും നേർച്ചകളും ഭക്തിയും വിശ്വാസവും കൊണ്ടു വളരെ പെട്ടെന്നു മാറുന്നതും പതിവാണ്. ഇതിനു കാരണമെന്താണ്? മനസിനെ അസ്വസ്ഥമാക്കുന്ന വികാരങ്ങളും നെഗറ്റീവായ ചിന്തകളും രോഗകാരണമാകുമെങ്കിൽ അത്തരം വൈകാരികാവസ്ഥകളുടെ വിപരീതങ്ങളായ വിശ്വാസവുമൊക്കെ രോഗപരിഹാരവും ആകും.

ദോഷവികാരങ്ങളെ അകറ്റുക

ശരീരത്തിന്റെ അവസ്ഥ മനസിനെ ആശ്രിയിച്ചിരിക്കുന്നുവെന്നതാണ് സത്യം. മനസിൽ നെഗറ്റീവ് എന്നോ ദോഷകരമെന്നോ പറയാവുന്ന പക, വെറുപ്പ്, പ്രതികാരം, അസൂയ തുടങ്ങിയ വികാരങ്ങൾ അടിഞ്ഞുകൂടുമ്പോൾ അവ ക്രമേണ ശരീരത്തെ ബാധിച്ചുതുടങ്ങും. ചില വ്യക്തികൾക്കു നിസാരകാര്യങ്ങൾ മതി മനസിൽ ഇത്തരം ദോഷവിചാരങ്ങൾ ആളിക്കത്തുവാൻ. ചെറിയ കാര്യങ്ങളെ മനസിലിട്ടു വലുതാക്കി മനസിൽ വെറുപ്പും പകയും പേറി ജീവിക്കുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ക്ഷമാശീലമില്ലായ്മ അല്ലെങ്കിൽ പൊറുക്കാൻ വയ്യായ്കയാണ് ഇക്കൂട്ടരുടെ പ്രകൃതം.

ഒരു പക്ഷേ, കുട്ടിക്കാലത്തു മാതാപിതാക്കളിൽ നിന്നോ മറ്റു സാഹചര്യങ്ങളിൽനിന്നോ ലഭിച്ചതാകാം ഈ പ്രകൃതം. ക്ഷമിക്കാനുള്ള മനസിന്റെ കഴിവില്ലായ്മ മൂലം മിക്കസമയവും ഇവർ അസ്വസ്ഥരും കോപാകുലരും വിഷാദവാന്മാരും ഒക്കെ ആയി മാറുന്നു. ക്രമേണ ഈ നിഷേധവികാരങ്ങൾ കാൻസർ, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങളായി മാറുന്നു.

മാപ്പു നൽകാം, രോഗം മാറ്റാം

ഒരു രോഗിയുടെ മനസിൽ ദോഷവികാരങ്ങൾ തങ്ങി നിൽക്കുകയാണെങ്കിൽ രോഗം മാറാൻ കൂടുതൽ സമയം വേണ്ടിവരുമെന്നു മാത്രമല്ല, രോഗം വഷളാകാനും അതു കാരണമാകും. ഏതുരോഗത്തിന്റെ കാര്യത്തിലും ഇതു പ്രകടമാകാറുണ്ട്. രോഗം മാറ്റാൻ ആദ്യംവേണ്ടതു മനസിൽ ഒരു ശുദ്ധികലശം നടത്തുകയെന്നതാണ്. മറ്റുള്ളവരോടു ക്ഷമിക്കുവാൻ തയ്യാറാവുക. അവരുടെ തെറ്റുകൾ പൊറുക്കുക. കുറഞ്ഞപക്ഷം മനസിൽ പകയും പ്രതികാരവും വെറുപ്പും പോലുള്ള നിഷേധവികാരങ്ങൾക്ക് ഇടം നൽകാതിരിക്കുക.

ഇതു പറയാൻ എളുപ്പമാണ്, പ്രവർത്തിക്കാൻ പ്രയാസവും എന്നാവും മിക്കവാരും ചിന്തിക്കുക. എന്നാൽ സത്യമതല്ല. പറയും പോലെ തന്നെ എളുപ്പമാണ്. മനസിൽ ദേഷ്യവും വെറുപ്പും പകയും ഒക്കെ തോന്നിയവരോടു നിരുപാധികമായ മാപ്പ് അവർ പോലും അറിയാതെ തന്നെ (അൺ കണ്ടീഷണൽ ഫർഗീവ്നെസ്സ്) നൽകാൻ നമുക്കു കഴിയും. അതിലൂടെ ആരോഗ്യകരമായ മനസിനും അതിലൂടെ ശരീരത്തിനും മികച്ച അടിത്തറയാണു പടുത്തുയർത്തുന്നത്. ഉപബോധ മനസിനു നൽകുന്ന സംജ്ഞകളിലൂടെ വളരെ എളുപ്പത്തിൽ അതിനു കഴിയും. അതു ചെയ്യേണ്ടതെങ്ങനെയെന്നും രോഗങ്ങൾ മാറ്റാനുള്ള പ്രായോഗിക വഴികളും അടുത്ത അധ്യായത്തിൽ.

ഡോ. പി പി വിജയൻ

മൈൻഡ് പവർ ട്രെയ്നർ ലൈഫ് ലൈൻ ഫൗണ്ടേഷൻ തിരുവനന്തപുരം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.