Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർ, വെളുക്കാൻ മരുന്നുണ്ടോ?

fairness-cream

ഡോക്ടർ, വെളുക്കാൻ മരുന്നുണ്ടോ? വളരെ സാധാരണയായി കേൾക്കാറുള്ള ഒരു ചോദ്യമാണിത്. ചർമത്തിൽ പുരട്ടുന്ന ലേപനങ്ങൾ, ഉള്ളിൽ കഴിക്കാവുന്ന ഗുളികകൾ, കുത്തിവയ്പുകൾ, കെമിക്കൽ പീലിങ് തുടങ്ങിയവയാണ് ത്വക്കിന്റെ നിറം വർധിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കാവുന്ന മാർഗങ്ങൾ. ഇവയിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന ഫെയർനെസ് ക്രീമുകളെക്കുറിച്ച് അറിയാം.

ക്ര‍ീമുകൾ രണ്ടുതരം

ഫെയർനെസ് ക്രീമുകളെ രണ്ടായി തരംതിരിക്കാം. ഡോക്ടറുടെ കുറിപ്പടികളില്ലാതെ കടകളിൽ നിന്നു ലഭിക്കുന്ന (ഒാവർ ദി കൗണ്ടർ–ഒറ്റിസി) ക്രീമുകളും ഡോക്ടറ‍ുടെ നിർദേശാനുസരണം ഉപയോഗിക്കേണ്ടതായ മെഡിക്കേറ്റഡ് ക്രീമുകളും. ഒറ്റിസി ക്രീമുകളിൽ പ്രധാനമായി സൺസ്ക്രീനുകളും ചില ചെടികളിൽ നിന്നെടുക്കുന്ന ഹെർബൽ എക്സ്ട്രാറ്റുകളും ചെറിയ അളവിൽ റെറ്റിനോയ്ഡ് മരുന്നുകളും ഉണ്ടാകാറുണ്ട്. എന്നാൽ കരിമാംഗല്യം, മുഖക്കുരുവിന്റെ കറുത്ത പാടുകൾ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായാണ് മെഡിക്കേറ്റഡ് ഫെയർനെസ് ക്രീമുകൾ ഉപയോഗിക്കാറ്.

മെഡിക്കേറ്റഡ് ക്രീമുകളുടെ പ്രവർത്തനം

ചർമത്തിന് സ്വാഭാവികമായ നിറം നൽകുന്ന മെലാനിൻ എന്ന രാസവസ്തു, ടൈറോസിനേസ് എൻസൈമിന്റെ പ്രവർത്തനഫലമായാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മെഡിക്കേറ്റഡ് ക്രീമിലെ രാസവസ്തുക്കൾ, ടൈറോസിനേസ് എൻസൈമിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിച്ച് മറ്റു കോശങ്ങളിലേക്കുള്ള മെലാനിന്റെ കൈമാറ്റത്തെ കുറച്ച് ചർമത്തിലെ കറുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. കോജിക് ആസിഡ്, ആർബട്ടിൻ, അസിലിയാക് ആസിഡ്, ഹൈഡ്രോക്യുനോൺ (Kojic acid, Arbutin, Azelaic acid, Hydroquinone) തുടങ്ങിയവ ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത്.

പാർശ്വഫലങ്ങൾ

ചില ആൾക്കാരിൽ ഹൈഡ്രോക്യുനോൺ ഉപയോഗം മൂലം ചർമത്തിൽ ചില നിറമുള്ള വസ്തുക്കൾ അടിഞ്ഞുകൂടി കറുപ്പുനിറം വർധിക്കുന്നതായും കാണാറുണ്ട്. അപൂർവം ചിലരിൽ മെലാനോസൈറ്റ് കോശങ്ങൾ പൂർണമായും നശിച്ചു വെള്ളപ്പാണ്ട് പോലെ വന്നുചേരാറുണ്ട്. മിക്കപ്പോഴും ഹൈഡ്രോക്യുനോൺ, സ്റ്റിറോയ്ഡ് എന്നിവയുടെ ഉപയോഗം അധികരിക്കുമ്പോൾ മുഖചർമത്തിൽ കുരുക്കളും വെയിൽ കൊള്ളുമ്പോൾ ചുവപ്പുനിറവും ഉണ്ടാകാറുണ്ട്. ഹൈഡ്രോക്യുനോണിന്റെ ഉപയോഗം നിർത്തുമ്പോൾ മുമ്പത്തേതിനെക്കാൾ അധികമായി കറുപ്പ‍ുനിറം തിരിച്ചുവരുന്ന അവസ്ഥയും അപൂർവമായി കാണാറുണ്ട്.

കോജിക് ആസിഡ്, ആർബട്ടിൻ, അസിലിയാക് ആസിഡ് തുടങ്ങിയവ അടങ്ങിയ ലേപനങ്ങൾ താരതമ്യേന സുരക്ഷിതമാണ്. റെറ്റിനോയ്ഡ് അടങ്ങിയ ക്രീമുകൾ ഒരു കാരണവശാലും പകൽ സമയത്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, നമ്മൾ ഉപയോഗിക്കുന്ന ക്രീമിലെ രാസവസ്തുക്കൾ ഏതൊക്കെ എന്നു കൃത്യമായി അറിഞ്ഞ് വിദഗ്ധോപദേശത്തിനു ശേഷം ഉപയോഗിക്കുക.

ഡോ. സിമി. എസ്.എം
അസോസിയേറ്റ് പ്രഫസർ, ശ്രീഗോകൂലം മെഡിക്കൽ കോളജ്, തിരുവനന്തപുരം