Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാമതൊരാളിന്റെ നിഴൽ വീഴാതിരിക്കാൻ

ajay Image Courtesy : Vanitha Magazine

അജയ്മേനോൻ ഒരു സർക്കാർ ഓഫിസിലെ സുപ്രണ്ടാണ്. വളരെ കൃത്യനിഷ്ഠയും ചുറുചുറുക്കുമുള്ള ഉദ്യോഗസ്ഥൻ. 45 വയസ് പ്രായം. സുന്ദരിയായ ഭാര്യ, മക്കൾ. സന്തുഷ്ടമെന്ന് മറ്റുള്ളവർക്കെല്ലാം തോന്നുന്ന കുടുംബജീവിതമായിരുന്നു അയാളുടേത്.

അങ്ങനെയിരിക്കെ സുന്ദരിയായ പെൺകുട്ടി എൽ ഡി ക്ലർക്കായി അദ്ദേഹത്തിന്റെ ഓഫിസിൽ എത്തി. ആരിലും പെട്ടെന്ന് മതിപ്പുണ്ടാക്കുന്ന പ്രകൃതി. ജോലികളിലും മിടുക്കു കാട്ടിയ ആ പെൺകുട്ടിയെ അജയ്മേനോൻ മിക്കപ്പോഴും അഭിനന്ദിക്കുമായിരുന്നു. മറ്റു ജീവനക്കാരോട് അവരെ കണ്ടുപഠിക്കാനും പറയാറുണ്ടായിരുന്നു.

മിടുക്കനും സഹായിയുമായ മേലുദ്യോഗസ്ഥനെ പെൺകുട്ടിക്കും ഇഷ്ടമായി. അവർക്കിടയിലെ ഔദ്യോഗികബന്ധം ക്രമേണ സൗഹൃദത്തിനു വഴിമാറി. എന്നാൽ അജയ്മേനോന്റെ മനസ് സൗഹൃദത്തിനും അതിനപ്പുറത്തേക്കു നീങ്ങിയിരുന്നു. ആദ്യമായി പ്രണയിക്കുന്ന ഒരു കൗമാരക്കാരന്റെ ഭാവവും പിരിമുറുക്കവുമൊക്കെ അജയ്മേനോനിൽ അറിയാതെ വന്നെത്തി. ഒരുദിവസം കാണാതിരുന്നാൽ, ഒന്നു ഫോൺ ചെയ്യാതിരുന്നാൽ അയാൾ അസ്വസ്ഥനായി.

പിന്നീടുള്ള കുറേനാളുകൾ വീട്ടിൽ നല്ലൊരു ഭർത്താവായി അയാൾ അഭിനയിക്കാൻ ശ്രമിച്ചു. പിന്നീട് അതും പാളി. ആ പെൺകുട്ടിയുടെ സ്വഭാവശുദ്ധിയെ പുകഴ്ത്തി അയാൾ ഭാര്യയോടു പോലും തർക്കിച്ചു തുടങ്ങി. അസ്വാരസ്യങ്ങൾ കിടപ്പറയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. മാന്യൻ എന്ന ഇമേജ് അജയ്മേനോന് വീട്ടിലും ഓഫിസിലും നഷ്ടപ്പെട്ടു. ക്രമേണ കുടുംബജീവിതവും.

ഈ സംഭവകഥ ഇവിടെ നിർത്താം. ഇത്തരത്തിൽപ്പെട്ട ബന്ധങ്ങൾ ഇന്ന് സാധാരണമാണ്. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്?

വിവാഹജീവിതത്തിന്റെ കെട്ടുറപ്പിനു വേണ്ട മൂന്നു ഘടകങ്ങളാണ് ഉത്കടമായ വികാരവായ്പ് (Passion), ആത്മബന്ധം (Intimacy), പ്രതിബദ്ധത (Commitment) എന്നിവ. പ്രണയകാലത്തും വിവാഹത്തിന്റെ ആദ്യനാളുകളിലും മാത്രം നിലനിൽക്കുന്നതാണ് ഉത്കടമായ വികാരവായ്പ്. ഇത് കുറയുമ്പോഴേക്കും ആത്മബന്ധവും പിന്നാലേ പ്രതിബദ്ധതയും വളർന്നു വരണം എന്നു സൂചിപ്പിച്ചിരുന്നു.

18 വർഷത്തെ ദാമ്പത്യജീവിതം പൂർത്തിയായിക്കഴിഞ്ഞ അജയ്മേനോന്റെ കുടുംബജീവിതത്തിൽ ഉൽക്കടമായ വികാരവായ്പ് ഉണ്ടാകില്ല. എന്നാൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ആത്മബന്ധവും പ്രതിബദ്ധതയും വളരെ കുറഞ്ഞു പോയിരുന്നു. ഓഫിസിൽ പുതിയതായി വന്ന പെൺകുട്ടിയോടു തോന്നുന്ന അടുപ്പം ഉൽകടമായ വികാരവായ്പ് ജീവിതത്തിൽ തിരിച്ചുകൊണ്ടുവരുന്നു. അവർക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയാതിരുന്നതുകൊണ്ടുതന്നെ അതു കുറച്ചു നീണ്ടുനിൽക്കുകയും ചെയ്യും. ജീവിതത്തിൽ കാര്യമായ പ്രണയബന്ധമൊന്നുമില്ലാതിരുന്ന അദ്ദേഹത്തിന് ഈ പുതിയ അനുഭവം വൈകാരികമായ ഒരു കീഴ്പ്പെടലിലേക്കു നയിച്ചു. ഒപ്പം വളർന്നുവരുന്ന ആത്മബന്ധവും പ്രതിബദ്ധതയും ഒക്കെ കൂടിച്ചേർന്ന് തടുക്കാൻ കഴിയാത്ത ബന്ധമായി മാറുകയും ചെയ്യുന്നു. എന്നാൽ സ്വന്തം ദാമ്പത്യജീവിതത്തിൽ ശക്തമായ ആത്മബന്ധവും പ്രതിബദ്ധതയും വികാരവായ്പിന്റെ അംശങ്ങളും നിലനിർത്താൻ കഴിയുന്ന ഒരാൾക്ക് ഇത്തരം സാഹചര്യങ്ങളിൽ വഴുതിവീഴാതിരിക്കാനാകും. അതിനുള്ള വഴികൾ ഇനി മനസിലാക്കാം.

ഭാര്യയ്ക്കു ലഭിക്കേണ്ടത്

ഒരു നല്ല ദാമ്പത്യജീവിതത്തിൽ നിന്നും സ്ത്രീ പ്രതീക്ഷിക്കുന്നതും പുരുഷൻ പ്രതീക്ഷിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്.

ഏതു സ്ത്രീയും ഭർത്താവിൽ നിന്നു പ്രഥമവും പ്രധാനവുമായി ആഗ്രഹിക്കുന്നത് കെയറിങ് എന്ന പരിലാളനമാണ്. തന്റെ മനസും ശരീരവും കൊതിക്കുന്ന സാന്ത്വനവും സ്പർശനവും ആശ്വാസവും താങ്ങും തണലുമെല്ലാം ഉൾപ്പെടുന്ന കെയറിങ് ഏതു സ്ത്രീയുടേയും ഏറ്റവും മുൻഗണനയുള്ള ആഗ്രഹമാണ്.

തന്നെ ഭർത്താവ് മനസിലാക്കണമെന്നത് (Understanding) സ്ത്രീയുടെ രണ്ടാമത്തെ ആഗ്രഹമാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങൾ, മെച്ചങ്ങളും പോരായ്മകളും, മുതലായവയൊക്കെ മനസിലാക്കി ഉൾക്കൊള്ളാൻ ഭർത്താവിന് കഴിയണം.

മൂന്നാമത്തേത് ആദരവ് (Respect) ആണ്. ഭർത്താവ് തന്നെ ബഹുമാനിക്കണമെന്നല്ല, പകരം സ്ത്രീയെന്ന നിലയിലുള്ള അർഹിക്കുന്ന ആദരവ് നൽകണമെന്നാണ് അവരുടെ ആഗ്രഹം. ഏതു ഭാര്യയും അർഹിക്കുന്ന ഈ മൂന്നു കാര്യങ്ങളും പിശുക്കു കൂടാതെ നൽകിയാൽ അതിൽപരം സന്തോഷം ഭþര്യയ്ക്കു വേറെന്തുണ്ട്.

ഭർത്താവിനു നൽകേണ്ടത്

ഇനി ഭർത്താവ് ഭാര്യയിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്തൊക്കെയെന്നു നോക്കാം. ഭർത്താവിന്റെ മുൻഗണനകൾക്ക് മാറ്റമുണ്ട്. ഒന്നാമതായി അയാൾ ഭാര്യയിൽ നിന്നും ആഗ്രഹിക്കുന്നത് വിശ്വാസമാണ്. (Trust). തന്നെ വിശ്വസിക്കാൻ ഭാര്യ തയാറാകണമെന്നതുപോലെ ഏതുവിധത്തിലുള്ള വിശ്വാസവഞ്ചനയും പുരുഷന് സഹിക്കാനാവില്ല.

രണ്ടാമത്തേത് അംഗീകാരമാണ്. ഭർത്താവെന്ന നിലയിലുള്ള, കുടുംബനാഥൻ എന്ന നിലയിലുള്ള അംഗീകാരം അയാൾ ആഗ്രഹിക്കുന്നു. നിർണായക തീരുമാനങ്ങളിൽ ഭർത്താവിന്റെ വാക്കുകൾ അംഗീകരിക്കാതെ മറ്റു ബന്ധുക്കളുടെ വാക്കുമാത്രം കേൾക്കുന്ന ഭാര്യയെ ഒരു ഭർത്താവും ഇഷ്ടപ്പെടില്ല. കുട്ടികൾക്കു മുന്നിൽ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിലൊക്കെ തന്റെ ഭർത്താവിന് വേണ്ട നിലയും വിലയും നൽകുന്ന ഭാര്യയെ അയാൾക്ക് സ്നേഹിക്കാതിരിക്കാനാകില്ല.

മൂന്നാമത്തേതാണ് അഭിനന്ദനം. ഭർത്താവിനുണ്ടാകുന്ന ചെറിയ നേട്ടങ്ങൾക്കുപോലും ഭാര്യയുടെ അടുക്കൽ നിന്ന് അഭിനന്ദനം പ്രകടമാകുന്ന ഒരു വാക്കോ പ്രവൃത്തിയോ ഉണ്ടായാൽ അത് അയാളെ എത്ര സന്തോഷിപ്പിക്കുമെന്നോ. ഒരു നേട്ടത്തിന്റെ പേരിൽ മറ്റാരെല്ലാം അഭിനന്ദിച്ചാലും, ഭാര്യയുടെ കൈയിൽ നിന്നുകിട്ടുന്ന അഭിനന്ദനം— അതൊരു ചുംബനമായാലും, വാക്കായാലും ഭർത്താവിന് മറ്റെന്തിനേക്കാളും ഇഷ്ടമാകും.

ഇവിടെ പരാമർശിച്ച മൂന്നുവീതം കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഇല്ലെങ്കിൽ ഒന്നു പരീക്ഷിക്കുക. എനിക്കു കിട്ടിയാലേ ഞാൻ നൽകൂ എന്നു ചിന്തിക്കരുത്. ഉപാധികളില്ലാതെ സ്നേഹം നൽകുക. പങ്കാളി വൈകാരികപ്രകടനത്തിൽ എത്ര പിശുക്കനാണെങ്കിലും നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ അത് അലിഞ്ഞുപോകുന്നത് കാണാനാകും.

ഡോ പി പി വിജയൻ

മൈൻഡ് പവർ ട്രെയ്നർ

ലൈഫ് ലൈൻ ഫൗണ്ടേഷൻ, തിരുവനന്തപുരം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.