Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ സ്നേഹം മക്കളെ മിടുക്കരാക്കും

father-love

അച്ഛന്റെ സ്നേഹവും കരുതലും ശ്രദ്ധയും മക്കളെ മിടുക്കരാക്കുമോ? ഉവ്വ് എന്നു തന്നെയാണ് ഒരു പഠനം പറയുന്നത്. അച്ഛന്റെ ശ്രദ്ധ ലഭിക്കുന്ന കുഞ്ഞുങ്ങൾ കൗമാരപ്രായം ആകുമ്പോഴേക്കും ശുഭാപ്തിവിശ്വാസമുള്ളവരും സ്വയംപര്യാപ്തരും ഇതിനെല്ലാമുപരി വലിയ നേട്ടങ്ങൾ കൊയ്യുന്നവരുമാകുമെന്നാണ് പഠനം.

അച്ഛന് അവനവനെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള വിശ്വാസങ്ങൾ കുഞ്ഞുങ്ങളെയും സ്വാധീനിക്കുന്നു. യു.എസിലെ ടെക്സസ് സർവകലാശാലയിലെ ഗവേഷകയായ മേരി ആൻ സൂയിസോയുടെ നേതൃത്വത്തിലാണു പഠനം നടത്തിയത്.

അച്ഛന്റെ സ്നേഹം പെൺകുഞ്ഞുങ്ങളെ ശുഭാപ്തിവിശ്വാസമുള്ളവരാക്കുകയും അവരെ അക്കാദമിക് മേഖലയിൽ ദൃഢനിശ്ചയത്തോടെ മുന്നേറാൻ സഹായിക്കുകയും ചെയ്യും. കണക്കിൽ മികച്ച ഗ്രേഡ് നേടാനും അവരെ സഹായിക്കും.

കൗമാരക്കാരായ ആൺകുട്ടികളുടെ വിശ്വാസങ്ങളെയും അക്കാദമിക് വിജയങ്ങൾ നേടാനുള്ള കഴിവിനെയും അച്ഛന്റെ ഇടപെടൽ സഹായിക്കുന്നു. ഈ സ്വാധീനം ആൺകുട്ടികളെ ആത്മവിശ്വാസമുള്ളവരാക്കുകയും ഭാഷാപഠനത്തിലും ആർട്ട് ക്ലാസുകളിലും വിജയത്തിലെത്തിക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു.

കുട്ടികളിൽ ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യംവയ്ക്കുന്ന വിദ്യാഭ്യാസപ്രവർത്തകരും കൗൺസിലർമാരും അച്ഛൻമാരെ മക്കളോട് സ്നേഹത്തോടെ സംവദിക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് ആൻ സൂയിസോ പറയുന്നു.

താഴ്ന്ന വരുമാനമുള്ള ന്യൂനപക്ഷ കുടുംബങ്ങളിലെ സിക്സ്ത്ത് ഗ്രേഡിൽ പഠിക്കുന്ന 183 കുട്ടികളെയാണ് ഗവേഷകസംഘം പഠനത്തിനായി തിരഞ്ഞെടുത്തത്. സ്കൂളിലെ പ്രവർത്തനങ്ങളിൽ അവർ എത്രമാത്രം പ്രചോദിതരാണെന്നും അച്ഛനുമായുള്ള ഇടപെടൽ എങ്ങനെയെന്നും മനസ്സിലാക്കി. സെക്സ് റോൾസ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Your Rating: