Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മകൾ തിരഞ്ഞ് നല്ല ദാമ്പത്യം

couples

ടീച്ചർ എന്റെ കല്യാണത്തിനു തീർച്ചയായും വരണം. വരാതിരുന്നാൽ എനിക്ക് ഒരുപാടു വിഷമം വരും...... ഒരു ദിവസം എനിക്കു വന്ന ഫോൺകോളാണിത്. മറുതലയ്ക്കൽ സംസാരിക്കുന്ന യുവാവിനെ എനിക്കറിയില്ല. ആ മുഖവും ഓർമയിലില്ല. പക്ഷേ, ആ വാക്കുകളിലെ ആർദ്രത ഇപ്പോഴും എന്റെ ഹൃദയത്തോടു ചേർന്നു നിൽപ്പുണ്ട്. പാലാരൂപതയുടെ പ്രീമാര്യേജ് കോഴ്സിൽ പങ്കെടുത്തയാളാണ് ആ യുവാവ്. ഒരു മണിക്കൂർ മാത്രം നീണ്ടു നിന്ന എന്റെ ക്ലാസിൽ നൂറുകണക്കിനു വിവാഹാർഥികൾക്കിടയിൽ അവനും ഉണ്ടായിരുന്നു.

പക്ഷേ, ആ ഫോൺകോൾ ഏതോ മുജ്ജന്മബന്ധത്തെ ഓർമിപ്പിച്ചു. അതുകൊണ്ടുതന്നെ ഏറെ തിരക്കുണ്ടായിട്ടും ഞാൻ കല്യാണത്തിനു പോയി. എന്നെ കണ്ടമാത്രയിൽ ആ യുവാവ് വധുവിനെയും കൂട്ടി എന്റെ അരികിലെത്തി. അനുഗ്രഹം തേടിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

ടീച്ചർ ക്ലാസിൽ പറഞ്ഞതുപോലെ എന്നും നല്ല ദമ്പതികളായി ജീവിക്കാൻ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണം. എന്റെ കണ്ണും നിറഞ്ഞുപോയി .തികച്ചും അപരിചിതരാണു ഞങ്ങൾ. എന്നിട്ടും ജീവിതത്തിന്റെ ഏതോ ഒരു കോണിൽ ആത്മബന്ധത്തിന്റെ സ്പർശമുള്ള ചില നിമിഷങ്ങൾ സൃഷ്ടിക്കപ്പെടുന്നു. നമ്മുടെ ഉപദേശങ്ങൾ ജീവിതത്തിൽ പകർത്താൻ ആത്മാർഥമായി ചിലർ ആഗ്രഹിക്കുമ്പോൾ അത് ആത്മസംതൃപ്തിയുടെ സാഫല്യമല്ലേ?

ആ കണ്ണുനീർ പറഞ്ഞത്

ഹൈന്ദവസമുദായാംഗങ്ങൾക്കുള്ള പ്രീമാര്യേജ് കോഴ്സിലും ഞാൻ ക്ലാസെടുക്കാറുണ്ട്. അങ്ങനെയൊരു ക്ലാസിൽ നിന്നാണ് ഈ അനുഭവം വിവാഹം നിശ്ചയിച്ചവർക്കൊപ്പം കുറച്ചു വിവാഹിതരും അതിൽ പങ്കെടുത്തിരുന്നു.

നിസ്സാരകാര്യങ്ങൾക്കുവേണ്ടി പിണങ്ങിയും വഴക്കടിച്ചും ദാമ്പത്യത്തിലെ കുറേ സുന്ദരനിമിഷങ്ങളെയാണ് നമ്മിൽ പലരും നഷ്ടപ്പെടുത്തിക്കളഞ്ഞത്. ഞാൻ ക്ലാസിൽ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കവേ, മുൻനിരയിലിരുന്ന രണ്ടു ദമ്പതികളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

നല്ല ഭാര്യയും നല്ല ഭർത്താവും

ഐഡിയൽ ഹസ്ബൻഡ് —ഐഡിയൽ വൈഫ്: ഉത്തമഭാര്യഭർത്താക്കന്മാരാകാൻ എങ്ങനെ ഒരുങ്ങാമെന്നുള്ള വിഷയത്തെക്കുറിച്ചാണു സാധാരണ ചോദിക്കുന്ന സംശയമാണിത്. ഞാൻ പറയും ആഗ്രഹിച്ചതുപോലുള്ള ഭാര്യയെ/ഭർത്താവിനെ കിട്ടിയ ആളല്ല ഭാഗ്യമുള്ളയാൾ, കിട്ടിയ ആളിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കുന്നവരാണ്.

എല്ലാവരും ഖനികളാണ്: സാധ്യതകളുടെയും നന്മകളുടെയും ഖനിയാണ് ഓരോ വ്യക്തിയയുമെന്ന് ഞാൻ ഓർമിപ്പിക്കും. വിവാഹശേഷം സ്വർണം ഖനനം ചെയ്യുന്നവരെപ്പോലെയാകണം . ഖനനം തുടങ്ങുമ്പോൾ ആദ്യം കിട്ടുന്നതു മണ്ണും ചെളിയുമാണ്. ദാമ്പത്യത്തിലും പൊരുത്തക്കേടിന്റെയും സങ്കടങ്ങളുടെയും മണ്ണും ചെളിയുമാകാം ആദ്യം പുറത്തുവരുന്നത്. എന്നാൽ ക്ഷമയേടെ പങ്കാളിയിലെ നന്മ കണ്ടെത്തും വരെ ഖനനം തുടരണം. നാണം കെട്ടും സ്നേഹിക്കണം എന്നാണു ഞാൻ പറയാറ്.

എന്നും സന്തോഷം മാത്രം: വിവാഹത്തിന്റെ ആദ്യനാളുകളിൽ ഭാര്യഭർത്താക്കന്മാർ പരസ്പരം സന്തോഷിപ്പിക്കുന്നതിൽ ഏറെ ബദ്ധശ്രദ്ധരാണ്. കാലം മാറുമ്പോൾ ഈ കാൽപനികതലവും മെല്ലേ നഷ്ടമാകും. ഈ ഘട്ടത്തിൽ ബോധപൂർവം ഒരു മാറ്റത്തിനു ശ്രമിക്കണം. പങ്കാളിയെ ഏറ്റവും അടുത്തസുഹൃത്തായി കാണണം. ഒരുമിച്ചുള്ള ആഹാരനേരങ്ങൾ, യാത്രകൾ ഇങ്ങനെ സ്വകാര്യസന്തോഷത്തിന്റെ അനിർവചനീയ മുഹൂർത്തങ്ങളൊരുക്കി ജീവിതത്തിൽ സന്തോഷം നിറയ്ക്കണം എല്ലാവർക്കും ദുഃഖങ്ങളും പ്രതിസന്ധികളുമുണ്ട്. സന്തോഷം ഒരിക്കലും നമ്മെത്തേടി വരില്ല. അതു നാം ബലമായി ജീവിതത്തിലേക്കു കൊണ്ടു വരണം. എന്തു വില കൊടുത്തും എന്റെ ദാമ്പത്യജീവിതം സന്തോഷഭരിതമാക്കുമെന്നൊരു തീരുമാനമെടുക്കണം. പ്രണയിക്കപ്പെടുന്ന സ്ത്രീയാണു സുന്ദരി എന്ന കമലാദാസിന്റെ കണ്ടെത്തൽ ഞാൻ എല്ലാക്ലാസിലും പങ്കുവയ്ക്കാറുണ്ട്. സ്നേഹിക്കുക എന്നാൽ പങ്കാളിയെ ആനന്ദിപ്പിക്കുക കൂടിയാണ്.

മനസ്സു തുറക്കണം: പ്രീമാര്യേജ് കോഴ്സ് കഴിയുമ്പോൾ പലരുടെയും സംശയങ്ങൾ പൊരുത്തപ്പെടലിനേക്കുറിച്ചാണ് . ഓരോ പ്രശ്നവും പരിഹരിച്ചു തന്നെ മുന്നോട്ടു പോകണം. വേദനിപ്പിക്കുന്ന സംസാരമോ, പ്രവൃത്തിയോ പങ്കാളിയിൽ നിന്നുണ്ടായാൽ അത് ഉള്ളിലൊതുക്കി സ്വയം ഉരുകേണ്ട. പക്വതയോടെ തുറന്നു പറയാം. എനിക്കു വേദനിച്ചു എന്നു തന്നെ പറയണം. സന്തോഷം, സങ്കടം, കോപം, എന്തുമാകട്ടെ തുറന്നു പറയണം. എന്നാൽ ഈ തുറന്നു പറയൽ വൈകാരികമോ ബാലിശമോ ആകാതെ ശ്രദ്ധിക്കണം

നല്ല ദമ്പതികളാകാൻ ഏഴു നിർദേശങ്ങൾ

1. ദാമ്പത്യജീവിതത്തിൽ വിശ്വസ്തത നിർബന്ധമാണ്. ഭർത്താവിന്റെ / ഭാര്യയുടെ സാന്നിധ്യത്തിൽ മറ്റു വ്യക്തികളോടു നാം എങ്ങനെ പെരുമാറുന്നുവോ, ആ സ്വാതന്ത്യ്രം മാത്രമേ അവരുടെ അസാന്നിധ്യത്തിലും മറ്റുള്ളവരോടു കാണിക്കാവൂ.

2. ഭാര്യയുടെ ജീവിതത്തിലെ പ്രധാനവ്യക്തി ഭർത്താവും ഭർത്താവിന്റെ ജീവിതത്തിലെ പ്രധാന വ്യക്തി ഭാര്യയും ആയിരിക്കണം. അതിനെക്കാൾ പ്രാധാന്യം ജോലിക്കോ, മക്കൾക്കോ മറ്റു കുടുംബാംഗങ്ങൾക്കോ നൽകാൻ പാടില്ല.

3. ദമ്പതികൾ പലസ്പരം അംഗീകാരവും ബഹുമാനവും സ്നേഹവും ശ്രദ്ധയും നൽകണം ഇല്ലെങ്കിൽ പുറത്ത് അവ തേടിപ്പോകാനുള്ള സാധ്യത ഇരുവരിലും കൂടുതലാണ്

4. ജീവിതപങ്കാളി ഒരു ദാനമാണ്/ ഭാഗ്യമാണ് എന്നു തിരിച്ചറിയണം. അതിനാൽ എപ്പോഴും സന്തോഷവും നന്ദിയും നിറഞ്ഞ മനോഭാവം പുലർത്തണം

5. ഭർത്താവിന്റെ /ഭാര്യയുടെ കുടുംബാംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കണം. അവരെ സ്നേഹിക്കണം. എന്തു കുറവുകളുള്ളവരുമാകാട്ടെ, സ്നഹിക്കാൻ ബോധപൂർവം ശ്രമിക്കണം. ഉപാധികളൊന്നും വയ്ക്കാതെ സ്നേഹിക്കാൻ പരിശീലിക്കണം

6. വാക്കുകളുടെ മാസ്മരികത ദമ്പതികൾ തിരിച്ചറിയണം. എപ്പോഴും പ്രോത്സാഹിപ്പിക്കുന്നതും സ്നേഹം നിറഞ്ഞതുമായ വാക്കുകൾ മാത്രം ഉപയോഗിക്കുക

7. ദാമ്പത്യത്തിൽ സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തമായ ഭാഷയാണ് ലൈംഗികത. അതു നന്നായി ഉപയോഗിക്കാൻ കഴിയാത്തവരുടെ ജീവിതം വൻപരാജയം തന്നെയാണ്

_ഡോ. ആൻസി ജോസഫ് _

Your Rating: