Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ സ്കൂള്‍ വര്‍ഷം ആരോഗ്യത്തോടെ

school-open1

പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. അതിനു മുമ്പുള്ള ഈ ഇത്തിരി നാളുകള്‍ ഷോപ്പിങ് സമയമാണ്. പുതിയ ബാഗും ചെരുപ്പും കുടയും പുത്തനുടുപ്പുമെല്ലാം തിരഞ്ഞെടുക്കുമ്പോള്‍ ചില ആരോഗ്യവിചാരങ്ങള്‍ കൂടെയാകാം

യൂണിഫോം മുതല്‍ ശ്രദ്ധിക്കാം

യൂണിഫോം തിരഞ്ഞെടുക്കുമ്പോള്‍ പോളിസ്റ്റര്‍ തുണിത്തരങ്ങള്‍ ഒഴിവാക്കണം. പലരിലും പോളിസ്റ്റര്‍ തുണികള്‍ അലര്‍ജിക് കോണ്ടാക്ട് ഡെര്‍മറ്റൈറ്റിസ് ഉണ്ടാക്കുന്നതായി കണ്ടുവരുന്നു. ശരീരം ചൊറിഞ്ഞുതടിക്കലാണ് പ്രധാന ലക്ഷണം. കടുത്ത നിറങ്ങളോ ചായം ഇളകിപ്പോകുന്ന തരത്തിലുള്ള തുണിത്തരങ്ങളോ എടുക്കരുത്. വിയര്‍ക്കുമ്പോള്‍ അവയിലെ ചായം ഇളകി കക്ഷത്തിലും മറ്റും പുരളുകയും ചൊറിച്ചിലുണ്ടാക്കുകയും ചെയ്യും. പല സ്കൂളുകളിലും യൂണിഫോമിനൊപ്പം ടൈ കാണാം. ഇത് നമ്മുടെ കാലാവസ്ഥയ്ക്ക് തീരെ അനുയോജ്യമല്ല. അവ ചൂടും വീര്‍പ്പുമുട്ടലുമുണ്ടാക്കാം. കഴുത്തില്‍ കെട്ടുന്ന തരം ടൈയാണെങ്കില്‍ അതു മുറുകി അപകടങ്ങളുണ്ടാകാം. പകരം ചെറിയ ഭംഗിയുള്ള ബോ മതിയാകും.

തുണി എടുക്കുമ്പോഴും തയ്പിക്കുമ്പോഴും കൃത്യം അളവില്‍ ചെയ്യിക്കുക. അമിതമായി ഇറുക്കി തയ്ച്ച വസ്ത്രം വീര്‍പ്പുമുട്ടലുണ്ടാക്കും. എല്ലാ ദിവസവും യൂണിഫോം ധരിക്കേണ്ടവര്‍ക്ക് മൂന്നു ജോഡി ഉള്ളതാണ് നല്ലത്. ഒരു ദിവസം ഉപയോഗിച്ച വസ്ത്രം വെയിലത്തിട്ട് ഉണക്കി പിറ്റേന്ന് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ഒന്നുപയോഗിച്ചാല്‍ കഴുകി മാത്രം വീണ്ടുമുപയോഗിക്കുക. ഒരു പാട് വീര്യമുള്ള ഡിറ്റര്‍ജന്റുകളോ കടുത്ത ഗന്ധമുള്ള ഫാബ്രിക്ക് കണ്ടീഷണറുകളോ കഴുകാന്‍ ഉപയോഗിക്കരുത്. വെയിലത്തുള്ള അസംബ്ളിയും കളിയും ധാരാളം കുട്ടികളില്‍ ഫോട്ടോ അലര്‍ജി ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ കളിക്കാന്‍ പോകുമ്പോള്‍ കൈയും കാലും പൂര്‍ണമായും മറയുന്ന വസ്ത്രം ധരിക്കുന്നതാണ് നല്ലത്. സ്കൂള്‍ അധികൃതരും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഴുത്തിലും മുഖത്തും ചുമലിലുമെല്ലാം ചുവന്ന തടിപ്പുകള്‍ , ചൊറിച്ചില്‍ , വെളുത്ത പാടുകള്‍ എന്നിവയെല്ലാം ഫോട്ടോ അലര്‍ജിയുടെ ലക്ഷണങ്ങളാണ്.

നനഞ്ഞുകുതിര്‍ന്ന സോക്സ് ധരിച്ച് മണിക്കൂറുകളോളം ഇരിക്കുന്നതുകൊണ്ട് മഴക്കാലത്ത് ഫംഗസ് അണുബാധ വരാം. നൈലോണ്‍ സോക്സുകള്‍ അലര്‍ജി ഉണ്ടാക്കുന്നതായും കണ്ടുവരുന്നു. ഇതോടൊപ്പം കാല്‍ മുഴുവന്‍ മൂടുന്ന തരം ഷൂവും ചേരുമ്പോള്‍ പ്രശ്നം ഗുരുതരമാകാം. പകുതി തുറന്ന ഷൂ സോക്സില്ലാതെ ധരിക്കുന്നതാണ് കൂടുതല്‍ ഗുണകരം. കൃത്യമായ അളവിലുള്ള ഷൂ തിരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം

സ്കൂള്‍ ബാഗും ബസ് യാത്രയും

ഒന്നാം ക്ളാസ് മുതല്‍ 10-12 വര്‍ഷത്തോളം സ്കൂള്‍ബാഗും തൂക്കി നടക്കുന്ന കുട്ടികള്‍ ഭാവിയില്‍ നടുവേദനയാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയിക്കാനൊന്നുമില്ല. സ്കൂള്‍ ബാഗുകളുടെ അശാസ്ത്രീയമായ ഉപയോഗം അത്രമേല്‍ ആപത്തുണ്ടാക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

*നടു വേദനിപ്പിക്കും ഭാരം *

school-open2

ഒാസ്ട്രേലിയയിലെ സ്കൂളുകളില്‍ ഈയടുത്തായി നടത്തിയ പഠനങ്ങളില്‍ സ്കൂള്‍ ബാഗ് ഉപയോഗിക്കുന്ന 70ശതമാനത്തോളം സ്കൂള്‍ കുട്ടികളും നടുവേദന അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തി. പേശികള്‍ക്കുണ്ടാകുന്ന വലിച്ചില്‍ , നട്ടെല്ലിന്റെ സ്വതവേയുള്ള എസ് ആകൃതിയിലുള്ള വളവും തോളുകളുടെ വൃത്താകാരവും നഷ്ടമാകല്‍ എന്നിവയും ഉണ്ടാകുന്നുണ്ട്. ഒാസ്ട്രേലിയന്‍ സ്പൈന്‍ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

കുട്ടിയുടെ തൂക്കത്തിന്റെ 10 ശതമാനത്തിലും കൂടുതല്‍ ഭാരമുള്ള ബാഗ്, ബാഗ് ഒരു കൈകൊണ്ട് തൂക്കിപ്പിടിക്കുന്നത്, ഒരൊറ്റ തോളില്‍ മാത്രമായി ഇടുന്നത്, തെറ്റായ പായ്ക്കിങ്, കൃത്യമായി പാകമാകാത്ത ബാഗ് എന്നിവയെല്ലാം നടുവേദനയുണ്ടാക്കുന്ന ഘടകങ്ങളാണ്.

അപകടം കുറയ്ക്കാന്‍ ചെയ്യേണ്ടത്

വലിയ ബാഗല്ല, കുട്ടിയുടെ വലുപ്പത്തിനനുസൃതമായ ബാഗാണ് വാങ്ങേണ്ടത്

ഇടുപ്പിലിടാനുള്ള സ്ട്രാപ് കുടിയുള്ള ബാഗ് തിരഞ്ഞെടുക്കാം. അപ്പോള്‍, മുഴുവന്‍ ഭാരവും നടുവിലും തോളിലും മാത്രമാകില്ല. ഇടുപ്പിലേക്കാകും ഇതാണ് നല്ലതും

തോളിലെ സ്ട്രാപുകള്‍ സൗകര്യപ്രദമായി ക്രമീകരിക്കാവുന്ന ബാഗുകള്‍ വാങ്ങണം

ലെതറിനേക്കാള്‍ നല്ലത് കാന്‍വാസ് ബാഗുകളാണ്

school-bag

പായ്ക്കിങ്ങില്‍ ശ്രദ്ധിക്കേണ്ടത്

40 കിലോ ഭാരമുള്ള കുട്ടിയുടെ ബാഗിന് പരമാവധി നാലു കിലോ ഭാരമേ ആകാവൂ. രണ്ടു മൂന്നു കിലോ വരെയാണ് കൂടുതല്‍ ആരോഗ്യകരം

കൂടുതല്‍ ഭാരമുള്ള വസ്തുക്കള്‍ കുട്ടിയുടെ പുറംഭാഗത്തോടു ചേര്‍ന്ന അറകളില്‍ വയ്ക്കാം. ഭാരം കൂടുതലുള്ളവ ഏറ്റവും പുറമേയുള്ള അറകളില്‍ വച്ചാല്‍ നടുവിനു കൂടുതല്‍ ആയാസമുണ്ടാകും.

നടക്കുമ്പോള്‍ ബാഗിലെ വസ്തുക്കള്‍ അങ്ങോട്ടുമിങ്ങോട്ടും ഇളകും പോലെ വയ്ക്കരുത്. ബാഗിലേ അറകളിലായി മുറുകിയിരിക്കും വിധം പുസ്തകങ്ങളും മറ്റും വയ്ക്കാം.

ബാഗ് കൊണ്ടു നടക്കേണ്ടതെങ്ങനെ?

ബാഗിന്റെ അടിഭാഗം അരക്കെട്ടിനു മുകളില്‍ വരുംപോലെ വേണം ബാഗ് ഇടാന്‍. പിന്‍ഭാഗം കഴിഞ്ഞും ബാഗ് തൂങ്ങിക്കിടക്കുന്നത് നല്ലതല്ല

നടു വളയാതെ തുടയിലെ പേശികള്‍ക്ക് ഊന്നല്‍ കൊടുത്ത് രണ്ടു കൈകൊണ്ടും ബാഗ് ഉയര്‍ത്തി ശരീരത്തോടു ചേര്‍ത്തുപിടിക്കുക. ഇനി ഒരു തോള്‍ സ്ട്രാപില്‍ കൂടി കൈ കടത്തുക. ശേഷം മറ്റേ സ്ട്രാപും ഇടുക.

ബാഗ് ഇടുമ്പോള്‍ കുട്ടിക്ക് വല്ലാതെ വളയേണ്ടിവരുന്നുണ്ടെങ്കില്‍ ബാഗിന് ഭാരം കൂടുതലുണ്ടെന്നോ, ശരിയായിട്ടല്ല പായ്ക്കു ചെയ്തതും ധരിച്ചതും എന്നോ അര്‍ഥമാക്കാം. ഒരു കാരണവശാലും ഒരു തോളില്‍ മാത്രമായി ബാഗ് ഇടരുത്

ഭാരം കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍

ഹോം വര്‍ക്ക് വേണ്ട ബുക്കുകള്‍ മാത്രം വീട്ടില്‍ കൊണ്ടു വരിക. ബാക്കി സ്കൂളില്‍ സൂക്ഷിക്കാം

അനാവശ്യ സാധനങ്ങള്‍ ബാഗില്‍ ഉണ്ടോ എന്ന് ഇടയ്ക്ക് കുട്ടിയുടെ ബാഗ് പരിശോധിക്കുക

നടുവേദനയുണ്ടെന്നു കുട്ടി പരാതിപ്പെട്ടാല്‍ ഡോക്ടറെ കാണിക്കുക

കുട്ടി അമിതഭാരം ചുമക്കുന്നുണ്ടെന്നു തോന്നിയാല്‍ സ്കൂള്‍ അധികൃതരോട് സംസാരിച്ച് പരിഹാരം കണ്ടെത്തുക

സ്കൂള്‍ ബസില്‍ കയറുമ്പോള്‍

ബസ് കാത്തു നില്‍ക്കുന്നത് നടപ്പാതയില്‍ മതി. റോഡിലേക്കിറങ്ങി നില്‍ക്കരുത്

ബസ് പൂര്‍ണമായും നിര്‍ത്തിയശേഷമേ കയറാവൂ. ഇറങ്ങുമ്പോഴും ഇത് ശ്രദ്ധിക്കുക.

ബസില്‍ കയറും മുമ്പും ഇറങ്ങുംമുമ്പും കയ്യില്‍ കുട, വാട്ടര്‍ബോട്ടില്‍ തുടങ്ങിയവ പിടിക്കരുത്. ബാഗില്‍ വയ്ക്കുക. കമ്പിയില്‍ പിടിച്ച് ശ്രദ്ധയോടെ കയറാനും ഇറങ്ങാനും ഇതു സഹായിക്കും.

ഒാട്ടോയിലും മറ്റു സ്വകാര്യവാഹനങ്ങളിലും കുട്ടികളെ അയയ്ക്കുമ്പോള്‍ മിതമായ വേഗതയിലാണോ പോകുന്നത്, കുട്ടിക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാനാകുമോ എന്നെല്ലാം അന്വേഷിക്കണം

സ്കൂള്‍ ബസിന്റെ സമയത്തു മാത്രം ഇറങ്ങുക. നേരത്തേ ഇറങ്ങി റോഡില്‍ നില്‍ക്കരുത്

ഡോ. നന്ദിനി .നായര്‍ _ക്യുട്ടിസ് ക്ളിനിക് ഫോര്‍ സ്കിന്‍ ഹെയര്‍ അന്‍ഡ് ലേസര്‍ _ _വാരിയം റോഡ്, കൊച്ചി _

ഡോ. ജോര്‍ജ് മാത്യുസ് സ്പോര്‍ട്സ് അതോറിറ്റി ഒാഫ് ഇന്ത്യ(സായ്) തിരുവനന്തപുരം

മിനി മേരി പ്രകാശ് റജിസ്റ്റേര്‍ഡ് ക്ളിനിക്കല്‍ ഡയറ്റീഷ്യന്‍ പി ആര്‍ എസ് ഹോസ്പിറ്റല്‍ തിരുവനന്തപുരം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.