Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല സമയം നോക്കി ജനിച്ചാൽ?

birth-time

ആധുനികകാലത്ത് ജ്യോതിഷത്തിന്റെ പങ്കെന്താണ്? ജനനം മുതൽ മരണം വരെ ‌ജ്യോതിഷത്തിന്റെ കൈപിടിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരുണ്ട്. പഞ്ചഭൂത തത്വങ്ങളുടെ ആകർഷണ വികർഷണങ്ങളിൽ നിന്നാണ് രോഗമുണ്ടാകുന്നതെന്നാണല്ലൊ പാരമ്പര്യ ഭാരതീയ വൈദ്യശാസ്ത്രമായ ആയു‌‌ർവേദം പറയുന്നത്. എങ്കിൽ ആ രോഗങ്ങൾക്കു പരിഹാരം ചെയ്യാൻ പഞ്ചഭൂതത്തിൽ തന്നെ അധിഷ്ഠിതമായ ഗ്രഹങ്ങളുടെ സൂക്ഷ്മ വികാരണങ്ങൾക്കും ആകർഷണത്തിനും കഴിയണം എന്നാണ് ജ്യോതിഷത്തിന്റെ നിലപാട്. ജനനം മുതൽ മരണം വരെ ജ്യോതിഷം എങ്ങനെയൊക്കെ ജീവിതത്തെ സ്വാധീനിക്കുന്നു ‌എന്നു നോക്കാം.

നല്ല സമയം നോക്കി ജനനം

ആധുനിക കാലത്തു പ്രസവം ഏറിയ പങ്കും സിസേറിയനായി മാറി ‌എന്നതിനെക്കാൾ വലിയൊരു മാറ്റമാണ് ജ്യോതിഷിയുടെ സഹായത്തോടെ ഉത്തമമായൊരു ജനനസമയം കുറിക്കുക എന്നത്. ആരോഗ്യശാസ്ത്രവുമായി‌‌ ‌‌‌‌ജ്യോതിഷം കൈകോർക്കുമ്പോൾ ജനിക്കുന്ന കുഞ്ഞിന്റെ ഗ്രഹനിലയിൽ കഴിയുന്നത്ര ദോഷരഹിതമായൊരു സമയം കണ്ടെത്തുക എന്നൊരു വെല്ലുവിളിയാണ്‌ ‌ജ്യോതിഷിയെ കാത്തിരിക്കുന്നത്.

ജനിക്കുന്ന കുഞ്ഞിന്റെ നക്ഷത്രം. തിഥി, ഗ്രഹസ്ഥിതി ഇവ നന്നായിരിക്കാൻ ബദ്ധശ്രദ്ധനാകേണ്ടതുണ്ട്. കഴിവതും ശുഭകാര്യങ്ങള്‍ക്കായുള്ള ‌നക്ഷത്രങ്ങളായ ഊൺ നക്ഷത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോൾ രിക്താതിഥികൾ ഒഴിവാക്കാൻ മറക്കരുതെന്നു പ്രശസ്ത ജ്യോതിഷാചാര്യൻ ശ്രീനിവാസശർമ പറയുന്നു.‌ ‌ഗ്രഹനിലയില്‍ ചന്ദ്രന്റെ പക്ഷബലത്തിനും ചന്ദ്രന്റെ ശുഭയോഗദൃഷ്ടി ‌‍‌എന്നിവയും ഗുണകരമാണ്. ചന്ദ്രനാണത്രേ അനുഭവയോഗവും മനോബലവും നൽകുന്ന ‌ഗ്രഹം.

തീർന്നില്ല ഗ്രഹനിലയിൽ ലഗ്നത്തിനു ബലമുള്ള മുഹൂര്‍ത്തം കണ്ടെത്തുന്നതിലൂടെ ശരീരസൗന്ദര്യം, ആരോഗ്യം, ഉന്നതസ്ഥിതി ഇവ ഉറപ്പാക്കാം. ലഗ്നത്തിനു ‌ലഗ്നാധിപനും ബലമുണ്ടായാൽ മാത്രം പോര, അനുഭവയോഗം വേണമെങ്കിൽ പൂർവ പുണ്യസ്ഥനങ്ങളായ അഞ്ച്, ഒമ്പത് ഭാവങ്ങളുടെ ഭാവാധിപന്മാരുടെ ‌ശുഭത്വം ഒരു‌‌ ‌‌പ്രധാന ഘടകമാണ്. അങ്ങനെ ആധുനിക വൈദ്യശാസ്ത്രരംഗത്ത് ‌ജ്യോതിഷ പണ്ഡിതരുടെ സ്വാധീനം അത്ര ചെറുതല്ല.

സത് സന്താനത്തിന്

സന്താനഭാഗ്യഹിനതയാണ് ചില ദമ്പതികളുടെ ദുഃഖഹേതു. ‌സന്താനകാരകനായ വ്യാഴഗ്രഹത്തിനു ജാതകത്തില്‍ ബലമില്ലെങ്കിൽ സന്താനതടസ്സം വരാം. ഗ്രഹ‌നിലയിൽ ലഗ്നാലു ചന്ദ്രാലും വ്യാഴാലും അഞ്ച് ഒൻപത് ഭാവങ്ങൾക്ക് പുഷ്ടിയുണ്ടെങ്കിൽ ‌സന്താനഭാഗ്യം ലഭിക്കും. അതല്ല ആ ഭാവങ്ങൾക്ക് പാപദൃഷ്ടിയോ പാപയോഗമോ അനിഷ്ട സ്ഥിതിയോ കണ്ടാൽ വൈദികപരിഹാരങ്ങള്‍ ചെയ്തു ‌ജന്മാന്തരകൃത ദോഷങ്ങൾ ‌ഒഴിവാക്കി ഔഷധസേവ നടത്തിയാൽ സത്‌സന്താനം ‌ഉറപ്പായി ലഭിക്കും.

ശാന്തിമുഹൂർത്തം വേണമോ?

പണ്ടുകാലത്തു രാജവംശങ്ങളിൽ പോലും ഭരണ നൈപുണ്യവും യുദ്ധവീര്യവുമുള്ള രജോഗുണ പ്രധാനരായ രാജകുമാരന്മാർ പിറക്കാൻ വേണ്ടി, ദൈവജ്ഞന്മാരുടെ മേൽനോട്ടത്തിൽ ഉത്തമ ആധാന ലഗ്നമുഹൂർത്തം കുറിച്ച്, ആ സമയത്ത് സംയോഗം നടത്തി ക്ഷാത്രവീര്യമുള്ള ചക്രവർത്തിമാരെ ജനിപ്പിച്ച ചരിത്രമുണ്ട്. അങ്ങനെ ‌കുറിക്കുന്ന മുഹൂർത്തത്തിൽ ആദിത്യ, ചൊവ്വാ, ഗ്രഹങ്ങളുടെ വിശിഷ്ടയോഗബലങ്ങൾ പ്രത്യേകമായി പരിഗണിക്കപ്പെടുന്നു.

ബ്രാഹ്മണാചാരത്തിൽ ഷോഢശ കർമ സംസ്കാരത്തിന്റെ ഭാഗമായ ‌ശാന്തിമുഹൂർത്തം നിലനിന്നിരുന്നു.

ചന്ദ്രന്റെ പക്ഷബലം, സത്വഗുണ പ്രധാനമായ ശ്രേഷ്ഠ ബ്രാഹ്മണ കർമ്മങ്ങള്‍ക്കു പ്രാപ്തിയുള്ള സത്‌സന്താനങ്ങളെ ജനിപ്പിക്കാനാണ് ശാന്തിമുഹൂർത്തം ആധാനലഗ്നമായി വരാൻ തക്കവിധം സ്ത്രീ–പുരുഷബന്ധം അനുഷ്ഠിച്ചുവന്നത്. ‌കഴിയുമെങ്കിൽ ഇന്നു പ്രസവസമയം കുറിക്കുന്നതു പോലെ തന്നെ വിവാഹാനന്തരം ഉത്തമ ആധാനലഗ്നത്തിനു മുഹൂർത്തം കുറിക്കണം. അങ്ങനെ സത്‌സന്താനത്തിനായി വൈദിക പരിഹാരങ്ങളുടെ പിൻബലത്തൊടെ സ്ത്രീപുരുഷബന്ധം നടത്തിയാൽ ഭാവിയിൽ പ്രഗത്ഭരും രോഗദുരിതങ്ങൾ ഇല്ലാത്തവരുമായ സന്താനങ്ങളെ ‌ജനിപ്പിക്കാൻ കഴിയുമെന്നാണ് വേദിക് ആസ്ട്രോളജേഴ്സ് പറയുന്നത്.

സ്വഭാവദൂഷ്യത്തിനു പിന്നിൽ

ഒരു വ്യക്തി ജനിച്ചു കഴിഞ്ഞാൽ പിന്നീട് അവരെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ‌മനസ്സും ബുദ്ധിയുമാണ്. ആരോഗ്യമുള്ള ശരീരത്തിനു സത്ചിന്തയും ‌ആരോഗ്യമുള്ള മനസ്സും ഉണ്ടായേ മതിയാകൂ. സർവരോഗങ്ങൾക്കും ആദ്യബീജാപാകം നടക്കുന്നതു മനസ്സിലാണെന്നാണ് ആധുനിക മനഃശാസ്ത്രം പറയുന്നത്.

കുട്ടികളായാലും മുതിർന്നവരായാലും സ്വഭാവദൂഷ്യങ്ങളിലേക്കും അനുസരണക്കേടിലേക്കും നയിക്കുന്നതു ചന്ദ്രന്റെയും ബുധന്റെയും അഞ്ച്, ഒമ്പത് ഭാവങ്ങളുടെ ക്രൂരഗ്രഹബന്ധമാണ്.

ബുധൻ, വ്യാഴം, അഞ്ചാംഭാവം ഇവയുടെ ബന്ധത്താൽ പഠനവൈകല്യങ്ങൾ, ഓര്‍മ്മക്കുറവ്, വിദ്യാതടസ്സം ഇവ ഉണ്ടാകുന്നതായി കണ്ടുവരുന്നു. പ്രജ്ഞാസ്ഥാനത്തിനും വാക്സ്ഥാനത്തിനും ക്രൂരഗ്രഹബന്ധം, ദൃഷ്ടി ഇവയാണ് വിദ്യയിലും വിവേകത്തിലും തടസ്സമുണ്ടാക്കുന്ന ഘടകങ്ങൾ.

ഗ്രഹനിലയും ജീവിതവിജയവും

ഒരു മനുഷ്യായുസ്സിലെ സുപ്രധാന കാലഘട്ടം 19 വയസ്സു മുതൽ 30 വയസ്സുവരെയാണെന്നാണ് ‌പണ്ഡിതമതം, ‌ജ്യോതിഷ കാഴ്ചപ്പാടിൽ ‌വിദ്യാവിജയം, തൊഴിൽ, വിവാഹം തുടങ്ങി ഒരു വ്യക്തിജീവിതത്തെ പുഷ്ടിയോടെ വളർത്തിയെടുത്ത് ജീവിതവിജയം നേടേണ്ട കാലം. ഇവിടെയാണ് ‌ദൈവജ്ഞന്മാർ ഏതു ഗ്രഹനിലയിലേയും മാരകസ്ഥാനങ്ങളായ 2, 7, 11 ഭാവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്.

രണ്ടാം ഭാവം വാക്കും വിദ്യയും കുടുംബവുമാണെങ്കിൽ ഏഴാം ഭാവം പ്രണയം, ഇണ, ദാമ്പത്യം, സെക്സ്, വിവാഹം ഇവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പതിനൊന്നാം ഭാവമാണ് ഏതൊരാളുടെയും ലാഭ– ഐശ്വര്യ സ്ഥാനം.

ചുരുക്കത്തിൽ ജീവിതവിജയം നേടുന്നതും പരാജയപ്പെടുന്നതും ഈ ‌ഭാവങ്ങളുടെ ഗുണദോഷത്തെ ആശ്രയിച്ചാണ്. നമ്മുടെ ഗ്രഹനിലയോട് യോജിച്ചുപോകുന്ന അല്ലെങ്കിൽ നമ്മുടെ ഗ്രഹദോഷങ്ങളെ മറികടക്കാൻ സഹായിക്കുന്ന ഒരു ‌ജീവിത ‌പങ്കാളിയുടെ ഗ്രഹനില ഒത്തുവരുന്നതോടെ നമ്മുടെ സുകൃതകുറവുകള്‍ ‌പങ്കുവയ്ക്കപ്പെടും. വിവാഹത്തോടെ നമ്മുടെ സുഖവും ദുഃഖവും ‌സുകൃതവും ദുഷ്കൃതവും ഒരു പരിധി വരെ പങ്കാളിക്കും കൂടി ബാധകമാണല്ലോ.

വിവാഹപ്പൊരുത്തങ്ങളുടെ പൊരുള്‍

വിവാഹത്തിനു 10 പൊരുത്തങ്ങളാണ് പൊതുവിൽ പരിഗണിക്കുക. ∙ രാശി പൊരു‌ത്തം, രാശ്യാധി പൊരുത്തം – ആരോഗ്യം, ആകാരം, സൗന്ദര്യം, ധൈര്യം, വീര്യം. ∙ വശ്യപ്പൊരുത്തം – പരസ്പര ആകർഷണം, പ്രണയം, മനോഐക്യത, കാമം. ∙ മാഹേന്ദ്രപൊരുത്തം – സന്താനഭാഗ്യം, സന്താനഗുണം. ∙ ഗണപൊരുത്തം – പരസ്പര ധാരണ, മാനസിക ആരോഗ്യം, സ്വതന്ത്രജ്ഞത, സഹകരണ മനോഭാവം. ∙ യോനിപ്പൊരുത്തം – ലൈംഗികമായ പൊരുത്തം, സംതൃപ്തി. ∙ ദിനപൊരുത്തം – ദീർഘായുസ്സ്, മനോനില, മാനസിക ഗുണദോഷങ്ങള്‍. ∙ സ്ത്രീദീർഘപൊരുത്തം – ആയുസ്സ്, ഐക്യത. ∙ രജ്ജുദോഷം – മനസ്സിന്റെ ഐക്യത, വേർപാട്, പരസ്പരവിശ്വാസം. ∙ വേധം – വംശവർധനവ്, ദുഷ്പേര്, സന്താനഭാഗ്യം, ‌സന്താനഗുണം. ∙ഷഷ്ഠാഷ്ഠമദോഷം – ശത്രു, രോഗം, മരണം, ആയുസ്സ്, ∙ ദശാസന്ധി – ഒരു വർഷത്തിനകം ദശാസന്ധി വരുന്നവർ തമ്മിൽ വിവാഹത്തിലേർപ്പെട്ടാൽ വേർപാട്, പരസ്പരം പിരിഞ്ഞിരിക്കൽ, രോഗം, ആയുർദോഷം. ∙ ആയവ്യായപൊരുത്തം – ജീവിതവിജയത്തിനും കർമ ‌പുഷ്ടിക്കും. ∙ പാപസാമ്യം – ഗ്രഹനിലയിൽ ലഗ്നം, 2, 7, 8, 12 ഭാവങ്ങളിൽ പാപഗ്രഹസ്വാധീനം വന്നാൽ സ്വഭാവം, കര്‍മം, മനസ്സ്, ഇന്ദ്രീയം എന്നിവയിൽ പാപത്വം വരും.

∙ നപുംസകത്വം – ലഗ്നത്തിലേക്ക് ശനി, ബുധദൃഷ്ടി, 5, 7, ഭാവങ്ങളിൽ ശനി, ബുധയോഗങ്ങൾ, ബുധനും ശനിയും ആദിത്യചന്ദ്രന്മാര്‍ എന്നിവരുടെ ചില യോഗങ്ങൾ പ്രകൃതിവിരുദ്ധത്തിലേക്കു നയിക്കും.

ആയുസ്സും അപകടങ്ങളും

എന്തൊക്കെ ഉണ്ടായാലും ആയുസ്സും ആരോഗ്യവും മനുഷ്യന് ഒരു ‌വെല്ലുവിളിയാണ്. ജാതക‌ത്തിലെ അഷ്ടമഭാവം, അഷ്ടാധിപതി ‌എന്നിവരെക്കൊണ്ടാണ് അപകടം, മുറിവ്, ചതവ്, സർജറി, കടുത്ത ആയുസ്സിനെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവ ചിന്തിക്കുന്നത്. ഈ ഭാഗങ്ങള്‍ക്ക് ചൊവ്വയുടെയും കേതുവിന്റെയും ‌ബന്ധം വരുന്നത് അപകടങ്ങളിലേക്ക് വഴിതെളിക്കും. പാപഗ്രഹയോഗങ്ങൾ കടുത്തതല്ലെങ്കിൽ രോഗമായിരിക്കും ഫലം.

ലഗ്നത്തിനും ആദിത്യനും തമ്മിൽ ബന്ധുക്കളായിട്ടാണു ജാതകത്തിൽ നിൽക്കുന്നതെങ്കിൽ ദീർഘായുസ്സുണ്ടാകും. പഞ്ചപുരുഷമഹായോഗങ്ങളുണ്ടായാൽ യോഗായുസ്സ് വർധിക്കും. ആയുർകാരകൻ ശനി ഗ്രഹനിലയില്‍ ബലവാനായി ഇഷ്ടഭാവസ്ഥിതനായാലും ആയുസ്സിന്റെ പുസ്തകം പെട്ടെന്ന് അടയില്ല.

രോഗനിർണയം എങ്ങനെ?

പുനർജന്മസിദ്ധാന്തമനുസരിച്ചു പൂർവജന്മ കർമഫലങ്ങൾ അനുഭവിക്കാൻ ‌വേണ്ടിയാണു മനുഷ്യൻ ജന്മമെടുക്കുന്നത്. ജനനസമയത്തെ ഗ്രഹങ്ങളുടെ സ്ഥിതി പൂർവജന്മസൂക്ത ദുഷ്കൃതങ്ങളുടെ തലയിലെഴുത്താണെന്നാണ് ‌ജ്യോതിഷപ്രമാണങ്ങൾ പറയുന്നത്.

ജന്മസമയത്തെ ഗ്രഹനിലപ്രകാരം ഒരാളുടെ ആയുസ്സ്, രോഗം, കഷ്ടത, ‌വിവാഹം, ദാമ്പത്യം, സന്താനഭാഗ്യം, മനസ്സിന്റെ ഗുണഗണങ്ങൾ (മാനസികാരോഗ്യം), ‌ശരീരസുഖം, ശരീര ആരോഗ്യം ഇവ മുൻകൂട്ടി ചിന്തിച്ചു കുറവുകൾ ‌തിരുത്തി കർമപുഷ്ടിയും സുകൃതവും വരുത്താനാവുമത്രേ. ഉദാഹരണമായി ഹൈന്ദവര്‍ മാരർക്കണ്ഡേയമുനിയുടെ കഥ എടുത്തുകാട്ടാറുണ്ട്. ജാതകപത്രികയിൽ 16 ‌വയസ്സുവരെ മാത്രം ആയുസ്സുണ്ടായിരുന്ന മാർക്കണ്ഡേയൻ ശൈവാരാധനാവിധിയിലൂടെയും പൂർണശ്രദ്ധാ അർപ്പണബോധത്തോടെയും ചിരംജീവിയായി മാറിയ കഥ പുരാണം ഉദ്ഘോഷിക്കുന്നു.

ഒരു ജാതകത്തിലെ ലഗ്നം (1), 6, 8, 12 ഭാവങ്ങളാണത്രേ ഒരാളിലെ രോഗം, ശോകം, ഭയം, കഷ്ടത എന്നിത്യാദി അനുഭവങ്ങളെ വിലയിരുത്താൻ സഹായിക്കുന്നത്.

പാരമ്പര്യ ജ്യോതിഷ രോഗനിർണയ വിധികളിൽ രോഗകാരണഹേതുവിനെ ഇങ്ങനെ പറയുന്നു. ജന്മവാസന, കർമവാസന, ജന്മാന്തര കർമവാസന, ജന്മാന്തര കർമഫലം, കുടുംബപാരമ്പര്യം.

രോഗങ്ങളെ രണ്ടായി തിരിക്കുന്നുണ്ട്. ജനിക്കുമ്പോഴേ പ്രകടമാകുന്നതെന്നും, ജനനശേഷം ആഹാരവിഹാരാദികളെ കൊണ്ടും തെറ്റായ ഔഷധപ്രയോഗം, കാലാവസ്ഥദോഷങ്ങൾ, നടപടിദോഷം ഇവയാൽ ഉണ്ടാകുന്നതെന്നും.

ഒരു വ്യക്തിയുടെ ഗ്രഹനില പരിശോധിച്ചാല്‍ ഏതുതരം രോഗത്തിനു സാധ്യത എന്നും കണ്ടെത്താം അതു ചികിത്സിച്ചു മാറ്റാനാവുമോ. ദാനധർമങ്ങളും അനുഷ്‌ഠാനങ്ങളുമുൾപ്പെടുന്ന കർമ്മങ്ങളെ കൊണ്ട് (സ്രായണവിധി) ‌മാറുമോ. ‌പൂര്‍ണമായും മാറുമോ, അതോ അപൂർണമായ സുഖപ്രാപ്തിയുള്ളോ ‌എന്നെല്ലാം ‌ഗ്രഹിക്കാം.

രോഗം വരുന്ന വഴി

ജ്യോതിഷം, മന്ത്രശാസ്ത്രം, ആയുർവേദം ഇവ രോഗങ്ങളെ മൂന്നായി വിഭജിക്കുന്നു.

∙ പ്രപഞ്ച പഞ്ചഭൂതങ്ങളും ശരീരപഞ്ചഭൂതങ്ങളും തമ്മിലുള്ള ‌സന്തുലിതാവസ്ഥാ വ്യതിയാനത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഭൂതാവേശം കാരണം.

∙ നവഗ്രഹങ്ങളുടെ അനിഷ്ടഭാവങ്ങളിലൂടെയുള്ള സഞ്ചാരം മൂലം ഭവിക്കുന്ന ദുർഗ്രഹബാധകൾ ത്രിദോഷങ്ങളെ (വാതം, പിത്തം, കഫം) ഉത്പാദിപ്പിക്കുന്ന അതിൽ നിന്നും ജന്യമാകുന്ന രോഗങ്ങള്‍

∙ വാതം–പിത്തം–കഫങ്ങളാലുണ്ടാകുന്ന ത്രിദോഷരോഗങ്ങള്‍

ജ്യോതിഷ ചികിത്സ

പ്രപഞ്ചത്തെ കാലപുരുഷനായി സങ്കല്പിച്ചിരിക്കുന്ന ജ്യോതിഷം, കാലത്തെ ഭൂതം, വർത്തമാനം, ഭാവി എന്നും ലോകങ്ങളെ ആകാശം, ഭൂമി, പാതാളം ‌എന്നും വർഗീകരിച്ചിരിക്കുന്നു. ഗുണങ്ങളെ സത്വം, രജോ, തമോ ഗുണങ്ങളെന്നും ദേവതമാരെ ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ എന്നും ശരീരപരമായ ദോഷങ്ങളെ വാതം, പിത്തം, കഫം എന്നും വർഗീകരിച്ചിട്ടുണ്ട്.

ഇവയെല്ലാം പരസ്പരബന്ധിതവുമാണ്. ചുരുക്കത്തിൽ ലോകത്തിൽ നടക്കുന്നതിന്റെ പിന്നിലെല്ലാം ചില പരസ്പരബന്ധങ്ങളുണ്ടെന്നറിയുക.

വിവരങ്ങൾക്കു കടപ്പാട്

ജ്യോതിഷാചാര്യന്മാർ
എൻ. പീതാംബരൻ, തൃശൂർ
ടി. ശ്രീനിവാസശർമ, തിരുവനന്തപുരം
വേണു മഹാദേവ്
ജ്യോതിഷ ചിന്തകൻ, തിരുവനന്തപുരം