Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഖം നീട്ടിക്കോ, പക്ഷേ കൂടെപ്പോരും രോഗങ്ങളും

nail

നഖം നീട്ടി വളർത്തി ഭംഗിയായി നെയിൽ പോളിഷൊക്കെ ഇട്ട് നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് പെൺകുട്ടികളിൽ അധികംപേരും. നഖംവളർത്തുന്നത് ഫാഷനാക്കിയിരിക്കുന്ന ആൺകുട്ടികളും ഇപ്പോൾ കുറവല്ല. നഖങ്ങൾ ശരിയായി പരിപാലിച്ചില്ലെങ്കിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഈ ഫാഷൻ നിങ്ങൾക്കു സമ്മാനിക്കുന്നുമുണ്ട്. അറിഞ്ഞോ അറിയാതെയോ ഇവയെല്ലാം നമ്മൾ സ്വീകരിക്കുന്നുമുണ്ട്.

ഇൻഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് അമേരിക്ക നടത്തിയ പഠനത്തിൽ കണ്ടെത്തിയത് വിരൽത്തുമ്പിൽ നിന്നു മൂന്ന് മില്ലീമീറ്ററിൽ കൂടുതൽ നഖത്തിനു നീളമുള്ളവരിൽ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും വസിക്കുന്നുണ്ടെന്നാണ്. നഖത്തിന്റെ അടിയിലുള്ള രോഗാണുക്കൾ പുറത്തു പോകത്തക്ക രീതിയിൽ പലരും നന്നായി കൈകൾ കഴുകാറില്ലെന്നും ഇവർ പറയുന്നു. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഈ സൂക്ഷ്മങ്ങളായ ബാക്ടീരിയകളെ അകറ്റാൻ ഏറ്റവും കുറഞ്ഞത് 15 സെക്കൻഡെങ്കിലും ഒരാൾ കൈകളും നഖവും വൃത്തിയാക്കണമത്രേ.

ഒരു ദിവസം നൂറുകണക്കിനു വസ്തുക്കളുമായി കൈകൾ സമ്പർക്കത്തിലേർപ്പെടുന്നുണ്ട്. കൂടാതെ പാചകം, ആഹാരം കഴിക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങളും കൈകൾ ചെയ്യുന്നുണ്ട്. നഖത്തിനടിവശം അണുക്കൾക്ക് സുരക്ഷിതമായി ഇരിക്കാൻ പറ്റിയ ഒരിടമായതിനാൽത്തന്നെ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ ലഭിക്കുന്നതു രോഗങ്ങളുടെ പെരുമഴക്കാലമായിരിക്കും. നഖങ്ങൾ വെട്ടി സൂക്ഷിക്കാനാണ് ആരോഗ്യവിദഗ്ധരും ശുപാർശ ചെയ്യുന്നത്.

നീണ്ട നഖം വരുത്തുന്ന ബുദ്ധിമുട്ടുകൾ

മറ്റുള്ള വസ്തുക്കളിൽ കുടുങ്ങി നഖം മുറിയാനുള്ള സാധ്യത

ഫോണിലോ കീബോർഡിലോ ടൈപ്പ് ചെയ്യേണ്ടി വരുമ്പോൾ ആയാസം അനുഭവപ്പെടുക

കൃത്രിമ മാർഗങ്ങൾ ഉപയോഗിച്ച് നഖം നീട്ടുമ്പോൾ അണുബാധ ഉണ്ടാകാം

ആഹാരം കഴിക്കുമ്പോൾ ബാക്ടീരിയയും മറ്റും എളുപ്പത്തിൽ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നു.

ശ്രദ്ധിക്കാതെ പെട്ടെന്ന് ചൊറിയുകയോ മറ്റോ ചെയ്യുമ്പോൾ മുറിയാനുള്ള സാധ്യത

സാധനങ്ങളുടെ മൂടി തുറക്കാൻ കഴിയാതെ വരിക