Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാണിജയറാമിന്റെ ആരോഗ്യ രഹസ്യം

vani-jayaram

നാലു ദശാബ്ദത്തിലേറെ നീളുന്നതാണ് വാണി ജയറാമിന്റെ സംഗീത ജീവിതം. വർഷങ്ങൾ കഴിഞ്ഞിട്ടും വാണിയമ്മയുടെ സ്വരത്തിനു മാധുര്യം കൂടിയിട്ടേയുളളൂ

ഇളം തെന്നൽ പോലെയാണ് വാണിജയറാമിന്റെ പാട്ടുകൾ. അതു പണ്ടു പണ്ടേ നമുക്കറിയാം. ഹൃദയത്തോടു ചേർന്നു നിൽക്കുന്ന മധുരസ്വരം. വാണിയമ്മയുടെ ജീവിതത്തിനും ഒരു സുന്ദരഗാനത്തിന്റെ അടുക്കും ചിട്ടയും പ്രസാദാത്മകതയുമുണ്ട്. വലിയ ഇടവേളയ്ക്കു ശേഷം, സപ്തതിയുടെ നിറവിൽ വാണിയമ്മ മന്ദ്രമധുരമായി പാടുമ്പോൾ (ഒലേഞ്ഞാലിക്കുരുവി, പൂക്കൾ പനിനീർപൂക്കൾ...) ആ പാട്ടുകൾ മലയാളി സഹർഷം ചുണ്ടിലേറ്റുന്നു. ഗായിക മലയാളി അല്ലെന്നതും മറക്കുന്നു. മൂന്നു തവണ മികച്ച പിന്നണിഗായികയ്ക്കുളള ദേശീയ അവാർഡ് നേടിയ വാണിയമ്മ, ചെന്നൈയിൽ നുങ്കം പാക്കത്തെ വീട്ടിൽ തനി വീട്ടമ്മയാണ്. ഭർത്താവിനൊപ്പം സ്വസ്ഥവും ശാന്തവുമായ ജീവിതം.

എന്റെ ആരോഗ്യതാളം

വളരെ വൈകി ഉറങ്ങുന്നയാളാണു ഞാൻ. ഏകദേശം പന്ത്രണ്ടരയോടെയാണ് ഉറക്കം. ആത്മീയഗ്രന്ഥങ്ങൾ, ആത്മകഥകൾ ഇവയൊക്കെയാണ് പ്രധാനമായും വായിക്കുന്നത്. വായനയ്ക്കായി സമയം കണ്ടെത്തുന്നതുകൊണ്ടാണ് ഉറങ്ങാൻ വൈകുന്നത്. രാവിലെ ആറരയോടെ ഉണരും.

ദിവസവും വ്യായാമം ചെയ്യാറുണ്ട്. സ്ട്രെച്ചിങ്, നടപ്പ് എന്നിങ്ങനെയുളള അടിസ്ഥാന വ്യായാമങ്ങളാണ് ചെയ്യാറുളളത്. മുമ്പ് നടക്കുന്നതിനായി അടുത്ത് ഒരു പാർക്കിൽ പോകുമായിരുന്നു. സെൽഫിയെടുക്കുന്നതിന് ആരാധകരുടെ തിരക്ക്. അതിനാൽ പാർക്കിലെ നടപ്പ് നിർത്തി. ഇപ്പോൾ വീടിനുളളിൽ 30 മുതൽ 45 മിനിറ്റ് വരെ നടക്കാറുണ്ട്.

ഞാനൊരു വീട്ടമ്മ

വീട്ടുജോലികളെല്ലാം തനിയെ ആണു ചെയ്യുന്നത്. കുറച്ചു സമയത്തേക്ക് ഒരു ജോലിക്കാരി വരുന്നുണ്ട്. ഞാൻ പാചകം ചെയ്യും വീടുമുഴുവൻ വ‍ൃത്തിയാക്കും. മാർക്കറ്റിൽ പോയി പച്ചക്കറികളും പലവ്യജ്ഞനങ്ങളും വാങ്ങും. ഒരു സാധാരണ വീട്ടമ്മയുടേതുപോലെയാണു ജീവിതം. ആർട്ടിസ്റ്റാണെന്നു ചിന്തിക്കാറേയില്ല. വീട്ടുജോലികളൊക്കെ ചെയ്യുന്ന സമയത്തും സംഗീത സാധകം ചെയ്യാറുണ്ട്.

വെജിറ്റേറിയൻ ജീവിതം

പൂർണമായും സസ്യഭുക്കാണ്. മുട്ടയും കേക്കും പോലും ഉപയോഗിക്കാറില്ല. അതുപോലെ എണ്ണപ്പലഹാരങ്ങളും മസാല ചേർന്ന ആഹാരവും കഴിക്കില്ല. പാചകത്തിന് അമിതമായി എണ്ണയും ചേർക്കില്ല. മാർക്കറ്റിൽ നിന്നു സ്വയം തിരഞ്ഞെടുക്കുന്ന പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.

പ്രഭാതഭക്ഷണത്തിൽ പഴങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദിവസവും പപ്പായ ഉണ്ടാകും. മാതളനാരങ്ങ, മൂസമ്പി, സീസൺ അനുസരിച്ചു ലഭിക്കുന്ന മറ്റു പഴങ്ങൾ ഇവയും ഉൾപ്പെടുത്തും. ഭർത്താവിനു വേണ്ടി നവധാന്യക്കഞ്ഞിയും തയാറാക്കും. ഉച്ചഭക്ഷണം വളരെ ലളിതമാണ്. നുറുക്കുഗോതമ്പു കൊണ്ടുളള ചോറാണു കഴിക്കുന്നത്. ഭർത്താവിനു പച്ചരി കൊണ്ടുളള ചോറും. ഒപ്പം വെജിറ്റബിൾ സാലഡും രസവും പച്ചക്കറികൾ കൊണ്ടുളള കറികളും ഉണ്ടാകും. ഉച്ചയ്ക്കുളള വിഭവങ്ങൾ തന്നെയാണ് അത്താഴത്തിനും. ദിവസവും ആറു മുതൽ എട്ടു ഗ്ലാസ്സ് വെളളം കുടിക്കും.

കരുതലേറെ സ്വരത്തിന്

സ്വരമാധുര്യം സംരക്ഷിക്കുന്നതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. സ്പൈസി ഫൂഡ്, എണ്ണപ്പലഹാരങ്ങൾ, ഡീപ് ഫ്രൈ ചെയ്തവ, കോള പോലുളള പാനീയങ്ങള്‍ ഇവയെല്ലാം ഒഴിവാക്കും. ഇതു സ്വരശുദ്ധിക്കു മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ്. സ്വരം ദുരുയോഗിക്കില്ല എന്നതിനു നല്ല ശ്രദ്ധ നൽകുന്നുണ്ട്. പ്രോഗ്രാമുകളുടെ കാര്യത്തിലൊക്കെ വളരെ സെലക്ടീവ് ആണ്.

പ്രമേഹമോ ഹൈപ്പർടെൻഷനോ ഇല്ല. മരുന്നുകളൊന്നുമില്ല. മെഡിക്കൽ ചെക്കപ്പുകൾ അത്യാവശ്യമെങ്കിൽ ചെയ്യും. ഞങ്ങൾക്ക് ഒരു നല്ല ഫാമിലി ഡോക്ടർ ഉണ്ട്. അദ്ദേഹം മലയാളിയാണ്.

എപ്പോഴും സന്തോഷം

മനസ്സു നിറഞ്ഞുളള പ്രാർഥനയാണ് സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കുന്നത്. കാർത്തികേയഭഗവാനാണ് ഇഷ്ടദൈവം. ഭഗവാനോട് പ്രാർഥിക്കാതെ ഒരിടത്തും പോവാറില്ല.

മറ്റുളളവരോട് ഏറ്റവും നന്നായി ഇടപെടണം. അതു നമ്മെ കൂടുതൽ സന്തോഷമുളളവരാക്കും എന്നാണു ഞാൻ കരുതുന്നത്. എല്ലാവർക്കും എപ്പോഴും നന്മയുണ്ടാകണമെന്നാണ് ആഗ്രഹം. ലിവ് ആൻഡ് ലെറ്റ് ലിവ് എന്നു ചിന്തിക്കാനാണ് ഇഷ്ടം.

പ്രതിസന്ധികളിൽ തളരില്ല

ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ സ്വാഭാവികമായും നാം അസ്വസ്ഥരാകും. അത്തരം ഘട്ടങ്ങളിൽ ഞാൻ മാതാപിതാക്കളെ ഒാര്‍മിച്ചു പ്രാർഥിക്കാറുണ്ട്. ഗുരുവിനെയും മനസ്സിൽ സ്മരിക്കും. ഇതൊക്കെ വലിയ ഊർജം പകരുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ പ്രാർഥന നൽകുന്ന കരുത്ത് വലുതാണ്. ടെൻഷനുണ്ടാകുമ്പോൾ മനസ്സിനെ മറ്റു കാര്യങ്ങളിലേക്കു വഴിതിരിക്കും. ടെൻഷനുളളപ്പോൾ ചിത്രങ്ങൾ വരയ്ക്കാറുണ്ട്. പുതിയ സ്കെച്ചുകളിടുമ്പോൾ കുഞ്ഞു പിരിമുറുക്കങ്ങൾ അലിഞ്ഞു പോകുന്നത് അറിയാം.

നാലു ദശാബ്ദങ്ങളായി നാം വാണിയമ്മയുടെ പാട്ടു കേൾക്കുന്നുണ്ട്. കാലം കടന്നുപോകുമ്പോൾ ഇത്രയേറെ സ്വരമാധുരി കൂടുമോ? കേൾക്കാത്ത ഗാനങ്ങൾ അതിമധുരം എന്നപോലെ . വാണിയമ്മയുടെ സ്വരത്തിന് അന്നും ഇന്നും ചെറുപ്പമാണ്.

Your Rating: