Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനുള്ളിൽ ആരോഗ്യം നിലനിർത്താൻ?

healthy-home

താമസിക്കുന്നവരുടെ ആരോഗ്യം നിലനിർത്തുന്നതിൽ വീടിനുളളിലെ വായുവിനും വെളിച്ചത്തിനുമുളള പങ്കിനെ കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രഫസറായ ഡോ. ബി. പത്മകുമാർ എഴുതുന്നു.

വീട് തണലാണ്. പൊരിവെയിലിൽ തണ‌ുപ്പേകുന്ന വൻവൃക്ഷംപോലെ വീട് നമുക്ക് സ്വസ്ഥതയും സമാധാനവും തരുന്നു. വീടു വെറുമൊരു കെട്ടിടം മാത്രമല്ല. ഒാരോ മുറിയിലും ജീവൻ തുടിക്കുന്ന, ഒാർമകൾ ഉറങ്ങുന്ന ചൈതന്യവത്തായ ഒരിടംകൂടിയാണത്. എവിടെ നിന്നൊക്കെയോ ക്ഷീണിച്ച ശരീരവും തളർന്ന മനസ്സുമായി തിരിച്ചെത്തുന്നവർക്ക് അമ്മയുടെ മടിത്തട്ടെന്നപോലെ വീടു സുരക്ഷിതത്വവും ആശ്വാസവുമേകുന്നു. അതുകൊണ്ടാണല്ലോ ഏതു പാതിരാത്രിയായാലും വീടണയാൻ നാം കൊതിക്കുന്നത്.

വീട് എന്ന സ്വസ്ഥവൃത്തത്തിൽ മറ്റെല്ലാ ടെൻഷനും മാറ്റിവച്ച് റിലാക്സ് ചെയ്യാന്‍ സാധിക്കണമെങ്കിൽ വീട്ടിലെ അന്തരീക്ഷം ആരോഗ്യകരമായിരിക്കണം. ഒാരോ മുറിയിലും ആവശ്യത്തിനു വെട്ടവും വെളിച്ചവും വായുസഞ്ചാരവുമുണ്ടായിരിക്കണം. പരിസരം വൃത്തിയുളളതായിരിക്കണം. വീട് അത്യാഡംബരസൗകര്യങ്ങൾ കൊണ്ടു മോടിപിടിപ്പിക്കാൻ തിരക്കു കൂട്ടുന്നതിനിടയിൽ ഈ അടിസ്ഥാനകാര്യങ്ങൾ കാണാതെ പോകരുത്.

നല്ല ആരോഗ്യത്തിനു നല്ല വായു സഞ്ചാരം

ശുദ്ധവായു ശുദ്ധജലം പോലെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വീട്ടിലെ മുറികൾക്കുളളിൽ ആവശ്യമായ ശുദ്ധവായു സഞ്ചാരം ഉറപ്പാക്കി ആരോഗ്യകരമായ ഗൃഹാന്തരീക്ഷം ഒരുക്കുക എന്നതാണ് നല്ല വെന്റിലേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഏറ്റവും പുതിയ നിർവചനമനുസരിച്ചു വെന്റിലേഷൻ തൃപ്തികരമാകണമെങ്കിൽ അകത്തു കെട്ടിക്കിടക്കുന്ന ദുഷിച്ച വായു പുറന്തള്ളിയാൽ മാത്രം പോരാ. മറിച്ച് അകത്തേക്കു കടത്തിവിടുന്ന വായു ശുദ്ധവും സുഖകരമായ താപനിലയും ഈർപ്പനിലയും ക്രമീകരിക്കപ്പെട്ടതുമായിരിക്കണം. എയർകണ്ടീഷനറുകൾ പ്രവർത്തിക്കുന്നത് ഈ ലക്ഷ്യം മുൻനിർത്തിയാണ്.

വെന്റിലേഷൻ രണ്ടുതരത്തിൽ

വെന്റിലേഷൻ പ്രധാനമായും രണ്ടുതരത്തിലുണ്ട്. സ്വാഭാവിക വെന്റിലേഷൻ: പ്രകൃതി തന്നെ ഒരുക്കിത്തന്നിട്ടുളള ഏറ്റവും ലളിതവും സ്വാഭാവികവുമായ വെന്റിലേഷൻ മാർഗങ്ങളാണിത്. ജനലും വാതിലുമൊക്കെ തുറന്നിടുമ്പോൾ കാറ്റ് ഇരച്ചുകയറുകയാണെങ്കിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കാം. മുഖത്തോടു മുഖം നോക്കി നിൽക്കുന്ന ജനലുകളും വാതിലുകളുമാണു നല്ല വായുസഞ്ചാരം (ക്രോസ് വെന്റിലേഷൻ) ഉറപ്പാക്കുന്നത്. എന്നാൽ ഒരു വീടിന്റെ പുറകിൽ മറ്റൊന്ന് എന്ന തരത്തിലുളള നിർമാണം സുഗമമായ വായുസഞ്ചാരത്തിനു തടസ്സം ചെയ്യുന്നു.

വായുവിന്റെ പ്രവാഹം സാന്ദ്രത കൂടിയ ഇടങ്ങളിൽ നിന്നും സാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലേക്കാണ്. വായു ചൂടുപിടിക്കുമ്പോൾ അന്തരീക്ഷത്തിലൂടെ ഉയർന്നു മുറിയുടെ മുകളിലുളള ദ്വാരങ്ങളിലൂടെ പുറത്തേക്ക് പ്രവഹിക്കുന്നു. ബാഹ്യാന്തരീക്ഷത്തിലുളള തണുത്തതും സാന്ദ്രത കൂടിയതുമായ വായു മുറിയുടെ താഴെയുളള ദ്വാരങ്ങളിലൂടെയായിരിക്കും അകത്തേക്കു പ്രവേശിക്കുന്നത്. മുറിയുടെ അകത്തും പുറത്തുമുളള വായുവിന്റെ താപനിലയിലുളള വ്യത്യാസം കൂടുന്തോറും മുറിക്കുളളിലേക്ക് വായു ഇരച്ചുകയറുവാനുളള സാധ്യതയും വർധിക്കുന്നു.

വായുവിന്റെ ഈ പ്രത്യേകതകളെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കണം വീടുപണിയുമ്പോൾ വാതിലുകളും ജനലുകളും വെന്റിലേറ്ററുകളുമൊക്കെ ക്രമീകരിക്കേണ്ടത്. കാറ്റിന്റെ ഗതിയെയും വായുവിന്റെ താപനിലയെയും ഈർപ്പനിലയുമൊക്കെ ആവശ്യാനുസരണം നിയന്ത്രിക്കാനാവുകയില്ല എന്നതാണു സ്വാഭാവിക വായുസഞ്ചാരമാർഗങ്ങളെ മാത്രം ആശ്രയിക്കുമ്പോഴുണ്ടാകുന്ന പ്രധാന പരിമിതി.

കൃത്രിമ വെന്റിലേഷൻ

എക്സ്ഹോസ്റ്റ് ഫാനുപയോഗിച്ചു മുറിക്കുളളിലെ പഴകിയതും കെട്ടിനിൽക്കുന്നതുമായ വായു വലിച്ചെടുത്തു പുറന്തളളുകയാണ് ഒരു മാർഗം. അപ്പോഴുണ്ടാകുന്ന ശൂന്യതയിലേക്ക് പുറത്തുനിന്നും ശുദ്ധവായു ജനലിലൂടെയും വാതിലിലൂടെയും അകത്തേക്കു തള്ളിക്കയറുന്നു. ചുവരിൽ ഉയരത്തിലായി മേൽക്കൂരയ്ക്കു സമീപമായിരിക്കും ഇവ പിടിപ്പിക്കേണ്ടത്. മുറിക്കുളളിലെ ചൂടുപിടിച്ച് ഉയർന്നു നിൽക്കുന്ന വായുവായിരിക്കും പ്രധാനമായും പുറന്തളളപ്പെടുന്നത്. അടുക്കളയിലും ബാത്ത്റൂമിലുമൊക്കെ വായുസഞ്ചാരം ഉറപ്പാക്കി അന്തരീക്ഷം ശുദ്ധമായി നിലനിർത്താൻ എക്സ്ഹോസ്റ്റ് വെന്റിലേഷൻ സഹായിക്കുന്നു.

എയർകണ്ടീഷനറുകളാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന കൃത്രിമ വെന്റിലേഷൻ ഉപകരണങ്ങൾ. മുറിക്കുളളിലെ വായു എയർകണ്ടീഷനറുകളിലൂടെ കടന്നുപോകുമ്പോൾ വായുവിലുളള പൊടിപടലങ്ങൾ, ഹാനികരമായ വാതകങ്ങൾ, ബാക്ടീരിയകൾ, മറ്റു സൂക്ഷ്മജീവികൾ എന്നിവയെ അരിച്ചുമാറ്റുന്നു. അമിതമായ ഈർപ്പനില (ഹ്യുമിഡിറ്റി) ഉണ്ടെങ്കിൽ അതും ഒഴിവാക്കുന്നു. തുടർന്ന് ആവശ്യാനുസരണം ചൂടാക്കിയോ തണുപ്പിച്ചോ ഊഷ്മാവ് ക്രമീകരിച്ചു വായുവിനെ മുറിയിലേക്കു കടത്തിവിടുന്നു.

വെന്റിലേഷൻ കുറഞ്ഞാൽ

ഒരോ വർഷവും ലോകമാകെ 43 ലക്ഷത്തോളമാളുകൾ വെന്റിലേഷനില്ലാത്ത മുറികളിലെ ഗാർഹിക മലിനീകരണം കൊണ്ടുണ്ടാകുന്ന വിവിധതരം ആരോഗ്യപ്രശ്നങ്ങൾ കൊണ്ടു മരിക്കുന്നുണ്ടെന്നാണു കണക്ക്. ഇടുങ്ങിയ വായുസഞ്ചാരമില്ലാത്ത മുറികളിൽ കഴിയേണ്ടിവരുമ്പോൾ വായുവിലൂടെ പകരുന്ന രോഗങ്ങൾ പിടിപെടാനും പടർന്നുപിടിക്കാനും സാധ്യത കൂടുതലാണ്. ക്ഷയം, ഇൻഫ്ലുവൻസ, ചിക്കൻപോക്സ്, അഞ്ചാംപനി, ശ്വാസകോശരോഗങ്ങളായ ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയവയ്ക്കാണു സാധ്യത കൂടുതൽ. കുട്ടികളിൽ ചുമയും ശ്വാസംമുട്ടലും അലർജി രോഗങ്ങളും വിട്ടുമാറാതെയിരിക്കുന്നതിന്റെയും കാരണങ്ങളിലൊന്ന് മുറിക്കുളളിലെ വെന്റിലേഷന്റെ പോരായ്മയാണ്. കുട്ടികളിൽ റുമാറ്റിക് ഫീവർ എന്ന സന്ധിവാതജന്യ ഹൃദ്രോഗം വ്യാപകമായിരുന്ന കാലത്ത് ഇടുങ്ങിയ മുറികളിൽ ഒരുമിച്ചു കഴിയുന്ന കുട്ടികളിലായിരുന്നു സ്ട്രെപ്റ്റോകോക്കൽ അണുബാധയും തുടർന്നു സന്ധിവേദനകളും ഉണ്ടായിരുന്നത്. ആവശ്യത്തിനു വെട്ടവും വെളിച്ചവും വായുസഞ്ചാരവുമുളള മുറികൾ വായുജന്യരോഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്തുന്നു.

വീടിനുളളിലെ ചെടികൾ

വീടിനുളളിലെ അന്തരീക്ഷം ശുദ്ധീകരിക്കാൻ ഏറ്റവും ലളിതവും ചെലവു കുറഞ്ഞതുമായ മാർഗമാണ് വീടിനുളളിൽ ചെടികൾ വളർത്തുക എന്നത്. ചെടികൾ ഭക്ഷണം തയാറാക്കുന്ന പ്രക്രിയയ്ക്കായി നമ്മൾ ശ്വസിച്ചു തളളുന്ന കാർബൺഡൈഒാക്സൈഡാണ് ഉപയോഗിക്കുന്നത്. എന്നിട്ട് നമ്മൾ ശ്വസിക്കുന്ന ശുദ്ധവായുവായ ഒാക്സിജൻ പുറത്തുവിടുന്നു. അങ്ങനെ മുറിയ്ക്കുളളിൽ ശുദ്ധവായുവിന്റെ അളവ് കൂടുന്നു. ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന ചൂട് കുറയ്ക്കാനും മുറിക്കുളളിലെ പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാനും ഇലച്ചെടികൾ ഉപയോഗപ്പെടുത്താം.

സ്പാത്തി ഫില്ലം, ആഫ്രിക്കൻ വയലറ്റ്സ്, ഗ്ലോക്സീനിയ, പലതരം ഒാർക്കിഡുകൾ എല്ലാം അകത്തളങ്ങളിൽ വയ്ക്കാൻ അനുയോജ്യമായവയാണ്. കലാഡിയം, അഗ്ലോനിമ, ഡംബ്കേൻ, ആന്തൂറിയം എന്നിവ ചിലരിൽ പ്രത്യേകിച്ച് കുട്ടികളിൽ അലർജി ഉണ്ടാക്കും.

വെളിച്ചം നല്ലതാവണം

വെട്ടവും വെളിച്ചവുമുളള മുറികൾ ആഹ്ലാദം മാത്രമല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു. പ്രകാശം രണ്ടു തരത്തിലാണ് ലഭ്യമാകുന്നത്. സ്വാഭാവികപ്രകാശവും ലൈറ്റുകളിൽ നിന്നു ലഭിക്കുന്ന കൃത്രിമപ്രകാശവും.

സൂര്യപ്രകാശമാണു സ്വാഭാവികപ്രകാശത്തിന്റെ മുഖ്യസ്രോതസ്സ്. സൂര്യപ്രകാശം വേണ്ടത്ര ലഭിക്കുന്നയിടത്ത് കൃത്യമായ പ്ലാനിങ്ങോടെ വീടു നിർമിച്ചാൽ മാത്രമേ സ്വാഭാവികമായ പ്രകാശം ആവശ്യത്തിനു ലഭിക്കുമെന്ന് ഉറപ്പുവരുത്താനാകൂ. വീടിന്റെ ജനാലകൾക്ക് ആവശ്യത്തിനു വീതിയും ഉയരവുമുണ്ടായിരിക്കണം. സൂര്യപ്രകാശം മുറിയിലേക്ക് കടന്നുവരാനുളള തടസ്സങ്ങളും നീക്കണം.

മുറിക്കുളളിലെ പെയിന്റിങ്ങും മറ്റു സജ്ജീകരണങ്ങളും സ്വാഭാവിക പ്രകാശത്തെ ഏറ്റവും കൂടുതലായി പ്രയോജനപ്പെടുത്തുന്ന തരത്തിലായിരിക്കണം. മുറിയുടെ സീലിങ്ങുകൾ വെളളപെയിന്റ് അടിക്കുന്നതാണു സ്വാഭാവിക പ്രകാശത്തെ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്. ചുമരുകളുടെ മുകൾഭാഗം നേരിയ നിറമുളള പെയിന്റും കീഴ്ഭാഗം അല്പം കടുപ്പമുളള നിറവുമാക്കുന്നകതാണു കണ്ണിനു സുഖകരം.

കൃത്രിമ വെളിച്ചത്തിന് ബൾബ്

ഇലക്ട്രിക് ബൾബുകളാണു കൃത്രിമപ്രകാശം നൽകുവാനായി ഉപയോഗിക്കുന്നത്. പ്രധാനമായും രണ്ടുതരത്തിലുളള വിളക്കുകളാണ് ഉളളത്. ഫിലമെന്റ് ലാമ്പും ഫ്ലൂറസെന്റ് ലാമ്പും. ഫിലമെന്റ് ലാമ്പിലെ ടങ്ങ്സ്റ്റൺ ഫിലമെന്റിൽ വൈദ്യുതി കടത്തിവിട്ട് ചൂടുപിടിപ്പിക്കുമ്പോഴാണ് പ്രകാശം ചൊരിയുന്നത്. പ്രകാശതീവ്രത ഫിലമെന്റിന്റെ ചൂടിനെ ആശ്രയിച്ചിരിക്കുന്നു. ഫ്ലൂറസന്റ് ലാമ്പിന് വൈദ്യുതി കുറച്ചുമതി, പ്രകാശത്തിനു സ്വാഭാവിക പ്രകാശവുമായി ഏറെ സാമ്യവുമുണ്ട്. ബൾബ് ചൂടുപിടിക്കുന്നതു കുറവാണെന്ന മെച്ചവുമുണ്ട്.

നല്ല വെളിച്ചമില്ലെങ്കിൽ ‌‌‌

മനുഷ്യനേത്രങ്ങൾക്ക് നിലാവെളിച്ചത്തിൽ മുതൽ (0.1 ലക്സ് പ്രകാശതീവ്രത) വസ്തുക്കള്‍ കാണാനുളള ശേഷിയുണ്ട്. മങ്ങിയ വെളിച്ചത്തിൽ വായിക്കുന്നതും ജോലി ചെയ്യുന്നതും കണ്ണിൽ സമ്മർദമേകും. വിട്ടുമാറാത്ത തലവേദനയായും കണ്ണിനു ചുറ്റുമുളള വേദനയായും ഇതു പ്രകടമായെന്നു വരും. കണ്ണിനു കഴപ്പ്, കണ്ണിൽ നിന്നു വെള്ളം വരിക, കണ്ണിനു ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളും തുടർച്ചയായി മങ്ങിയ വെളിച്ചത്തിൽ പ്രവൃത്തിയിലേർപ്പെടുന്നതു കൊണ്ടാകാം.

വൃദ്ധർക്കും പ്രശ്നം

വൃദ്ധജനങ്ങളിലെ വീഴ്ചയ്ക്കും തുടർന്ന് അസ്ഥിക്കു പൊട്ടലും ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വീട്ടിലെ ഇരുണ്ട ഇടനാഴികളും കോണിപ്പടികളും മറ്റുമാണ്. പടികളിലും വീട്ടുസാമഗ്രികളിലും മറ്റും തട്ടിവീഴാന്‍ പ്രകാശക്കുറവ് കാരണമാകുന്നു. വെട്ടവും വെളിച്ചവുമില്ലാത്ത ബാത്ത്റൂമിലും കാൽതെന്നി വീഴാനുളള സാധ്യത കൂടുതലാണ്. വൃദ്ധജനങ്ങൾ പെരുമാറുന്നയിടങ്ങളിൽ ആവശ്യത്തിനു വെളിച്ചമുണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധയുണ്ടായിരിക്കണം. കിടപ്പുമുറിയിൽ കിടക്കയിൽ കിടന്നു കൊണ്ടുതന്നെ പ്രവർത്തിക്കാവുന്ന തരത്തില്‍ ലൈറ്റ് സ്വിച്ചുകൾ ക്രമീകരിക്കണം. ബാത്ത്റൂമിലും ആവശ്യത്തിനു വെളിച്ചമുണ്ടായിരിക്കണം. വെളിച്ചക്കുറവുളളയിടങ്ങളിൽ സ്ഥിരമായി ജോലി ചെയ്യുന്നവരിൽ വിഷാദം പോലെയുളള ലഘു മനോരോഗങ്ങൾക്കു സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കിടപ്പറകൾ

ജീവിതത്തിന്റെ മൂന്നിലൊന്നു ചെലവാക്കുന്ന കിടപ്പുമുറികള്‍ ആരോഗ്യകരമാക്കാന്‍

ഒരു വ്യക്തി തന്റെ ജീവിതത്തിലെ മൂന്നിലൊന്നു ഭാഗവും ചെലവഴിക്കുന്നത് കിടപ്പുമുറിയിലാകും. ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധവിഭാഗം പകൽ ശരീരത്തിനേറ്റ വിഷാംശങ്ങളിൽ നിന്നു മുക്തി നേടി പ്രതിരോധശേഷി പുനരുജ്ജീവിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കിടപ്പുമുറി എന്നും വൃത്തിയായി സൂക്ഷിക്കുകയും അവിടുത്തെ വായുവും വെളിച്ചവും നല്ല രീതിയിൽ ആകുകയും വേണം.

∙ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പൊടിപടലങ്ങൾ ഇല്ലാതെ ഇരിക്കണം.
∙ കിടക്കവിരി, തലയിണ ഉറ എന്നിവ ഇടയ്ക്കിടെ മാറ്റണം.
∙ ഒാർക്കിഡുകൾ, ബ്രൊമീലിയാഡ് തുടങ്ങി ചിലയിനം അകത്തളച്ചെടികൾ കിടപ്പുമുറിയുടെ ജനാലയ്ക്കരുകിലും മറ്റും വെച്ചാൽ കൂടുതൽ ശുദ്ധവായു ലഭിക്കും.
∙ കൊതുകുതിരിയും മൊസ്കിറ്റോ മാറ്റും ഉപയോഗിക്കുന്ന സമയം മുറിക്കുള്ളിൽ നിൽക്കരുത്. ജനലും വാതിലും തുറന്നിടുക.
∙ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇവ ഒാഫ് ചെയ്യുക.
∙ രാത്രികാലങ്ങളിൽ കിടക്കമുറിയിൽ സി.എഫ്.എൽ ലാമ്പുകൾ ഉറക്കത്തിനു തടസ്സമാകും. പ്രത്യേകിച്ചും വൃദ്ധജനങ്ങൾക്ക്. ഫിലമെന്റ് ലാമ്പുകളാണ് നല്ലത്.
∙ രാത്രി ഉറക്കത്തിന് ഒരു തരത്തിലുളള പ്രകാശവും ഇല്ലാതെയിരിക്കുന്നതാണു നല്ലത്. പ്രകാശം ഉറക്കഹോർമോണായ മെലറ്റോസിന്റെ ഉത്പാദനത്തെ കുറയ്ക്കും. സുരക്ഷിതത്വത്തിനായി മങ്ങിയ നിറമുളള ലാമ്പുകൾ ഉപയോഗിക്കുക.
∙ മുറി ഉണങ്ങി വായു സഞ്ചാരമുളളതാകാൻ ഒരു മണിക്കൂർ വീതം രണ്ടു തവണ ജനൽ തുറന്നിടുക.

Your Rating: