Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പല്ലിന്റെ ആരോഗ്യത്തിന് ബ്രഷിങ്

brushing

വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിനചര്യയിൽ ഒഴിവാക്കാൻ പാടില്ലാത്തതാണ് പല്ല് തേയ്പ്പ്. പല്ലുകൾ വൃത്തിയാക്കുന്നത് പല്ലുകൾക്കിടയിൽ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശങ്ങളും മോണയോടു ചേർന്ന് അടിഞ്ഞുകൂടുന്ന പ്ലാക്ക് എന്ന ബാക്ടീരിയ അടങ്ങിയ പാടയും നീക്കം ചെയ്യാനാണെങ്കിൽ നാവു വടിക്കുന്നതു പ്രധാനമായും വായ്നാറ്റം അകറ്റാനാണ്.

17—ാം നൂറ്റാണ്ടിലാണ് പല്ലുകൾ വൃത്തിയാക്കാൻ മിസ്വാക്ക് പോലുള്ള ചില മരങ്ങളുടെ തണ്ട് ഒടിച്ചെടുത്ത് അതിനറ്റം ചതച്ചു പരത്തി ഒരു വശം ചവയ്ക്കാനും മറുവശം ടൂത്ത് പിക് ആയും ഉപയോഗിച്ചിരുന്നതായി രേഖകളുള്ളത്. ഭാരതത്തിൽ വേപ്പ് പോലുള്ള മരങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു. പക്ഷിത്തൂവൽ, മൃഗങ്ങളുടെ അസ്ഥി, മുള്ളൻപന്നി, കുതിര, കാട്ടുപന്നി എന്നിവയുടെ രോമം, ആനക്കൊമ്പ്, മുള തുടങ്ങിയ മരങ്ങളുടെ തണ്ട് എന്നിവയെല്ലാം ടൂത്ത് ബ്രഷ് നിർമാണത്തിനായി ഉപയോഗിച്ചിരുന്നു. മൃഗങ്ങളുടെ രോമം കൊണ്ടുള്ള നാരുകൾ ഉപയോഗശേഷം കഴുകി ഉണങ്ങാൻ താമസം നേരിട്ടിരുന്നതിനാൽ അവയിൽ സൂക്ഷ്മരോഗാണുക്കൾ പെരുകാനിടയുണ്ടെന്നു മനസിലാക്കിയിരുന്നു. നാരുകൾ പൊഴിഞ്ഞു വീഴാനും സാധ്യതയുണ്ടായിരുന്നു. 1938—ലാണു നൈലോൺ നാരുകൾ ബ്രിസിൽസ് ഉണ്ടാക്കാൻ ഉപയോഗിച്ചു തുടങ്ങിയത്. ബ്രഷിന്റെ കൈപിടി തെർമോപ്ലാസ്റ്റിക് കൊണ്ടുണ്ടാക്കാമെന്നു കണ്ടെത്തിയതും അക്കാലത്താണ്.

ബ്രഷുകൾ പലതരം

നാരുകളുടെ നെയ്ത്തുരീതി അനുസരിച്ചു മൂന്നുതരം ബ്രഷുകളുണ്ട്. സോഫ്റ്റ്, മീഡിയം, ഹാർഡ് എന്നിവ. സോഫ്റ്റ് അല്ലെങ്കിൽ മീഡിയം ബ്രഷ് ഉപയോഗിക്കാനാണ് ഡെന്റിസ്റ്റുകൾ ശുപാർശ ചെയ്യുന്നത്. ഹാർഡ് ബ്രഷുകളുടെ ഉപയോഗം മോണയെ മുറിപ്പെടുത്താനും പല്ലിന്റെ ഇനാമൽ തേഞ്ഞു പോകാനുമിടയാക്കും.

ഇലക്ട്രിക് ബ്രഷ്

ഈ ബ്രഷിൽ വൈദ്യുതിയുടെ സഹായത്താലോ, റീചാർജ് ചെയ്യാവുന്ന ബാറ്ററിയുടെ സഹായത്താലോ പ്രവർത്തിക്കുന്ന മോട്ടർ നാരുകളെ ഭ്രമണരൂപത്തിൽ ഇളക്കും.

ഇന്റർവെൽ ഡെന്റൽ

ബ്രഷ്: രണ്ടു രീതിയിൽ വളഞ്ഞ രൂപത്തിൽ പ്ലാസ്റ്റിക് കൈപ്പിടിയോടു കൂടിയ ബ്രഷാണിത്. രണ്ടു പല്ലുകൾക്കിടയിലുള്ള ഭാഗങ്ങൾ വൃത്തിയാക്കാനും പല്ലിൽ കമ്പി ഇട്ടിട്ടുള്ളവർക്ക് ഇതിന്റെ വയറുകൾക്കിടയിൽ വൃത്തിയാക്കാനും ഉപകരിക്കും.

സുൾക്ക ബ്രഷ് പല്ലിനോടു ചേർന്നുള്ള മോണയുടെ അരികുകൾ വൃത്തിയാക്കാനാണിത്.

എൻഡ് ടഫ്റ്റഡ് ബ്രഷ്: നാരുകളുടെ അഗ്രം കൂർത്ത ആകൃതിയിലുള്ള ബ്രഷാണിത്. ചെറിയ വൃത്താകൃതിയിലുള്ള തലയറ്റത്ത് ഏഴു സോഫ്റ്റ് നൈലോൺ നാരുകളുടെ അടുത്ത് ഇതിനുണ്ട്. തിങ്ങിയും കയറിയിറങ്ങിയുമിരിക്കുന്ന പല്ലുകൾ, കമ്പിയിട്ടിരിക്കുന്ന പല്ലുകൾ എന്നിവയ്ക്കിടയിൽ വൃത്തിയാക്കാൻ ഈ ബ്രഷ് ഉപകരിക്കും.

സൂപ്പർ ബ്രഷ് മൂന്നു തലയറ്റങ്ങൾ ത്രികോണാകൃതിയിൽ ഒന്നിച്ചു ചേർന്നിട്ടുള്ള ബ്രഷാണിത്. നേരെയുള്ള തലയറ്റം പല്ലിന്റെ കടിക്കുന്ന വശത്ത് വച്ചാൽ മറ്റു രണ്ടു തല അറ്റങ്ങൾ അകവും പുറവും ഭാഗങ്ങൾ വൃത്തിയാക്കും.

ച്യൂവബിൾ ബ്രഷ് വായിനുള്ളിൽവച്ചു ചവച്ചരയ്ക്കേണ്ട ബ്രഷാണിത്. പുതിന മുതലായ രുചിയിൽ ഇതു ലഭിക്കും. ഉപയോഗശേഷം തുപ്പിക്കളയാം.

എക്കോളജിക്കൽ ബ്രഷ് പ്രകൃതിയോട് ഇണങ്ങുന്ന ടൂത്ത് ബ്രഷ്. പ്ലാസ്റ്റിക്കിനു പകരം മണ്ണിൽ അഴുകിച്ചേരുന്ന വസ്തുക്കളാൽ നിർമിതമാണിത്. ബ്രഷിന്റെ തലയറ്റം മാറ്റിമാറ്റി വീണ്ടും ഉപയോഗിക്കാവുന്നതാണ്.

തിരഞ്ഞെടുക്കാം

ബ്രഷിന്റെ തലയറ്റത്തിന്റെ ആകൃതി ദീർഘചതുരത്തിലോ ഡയമണ്ട് ആകൃതിയിലോ, ഓവൽ ആകൃതിയിലോ, വൃത്താകൃതിയിലോ ആവാം. ഡയമണ്ട് ആകൃതി മറ്റുള്ളവയെക്കാൾ ഒതുക്കമുള്ളതായതിനാൽ ഏറ്റവും പുറകിലുള്ള പല്ലുകൾ വരെ വൃത്തിയാക്കാൻ സാധിക്കും. വായുടെ വലുപ്പമനുസരിച്ചു ബ്രഷിന്റെ തലയറ്റത്തിന്റെ വലുപ്പം തിരഞ്ഞെടുക്കണം. രണ്ടു വയസിനു താഴെയുള്ള കുട്ടികളുടെ ബ്രഷിന്റെ തലയറ്റം 15 മില്ലിമീറ്റർ ആവാം. രണ്ടുമുതൽ ആറു വയസുവരെ 19 മി. മീറ്റർ, ആറു മുതൽ 12 വയസുവരെ 22 മി. മീറ്ററും 12 നു മുകളിൽ പ്രായമുള്ളവർക്ക് 25 മി. മീറ്റർ വരെ വലുപ്പമുള്ള തലയറ്റം ആവാം.

ശ്രദ്ധിക്കേണ്ടവ

മറ്റുള്ളവരുമായി ഒരാളുടെ ടൂത്ത് ബ്രഷ് പങ്കുവയ്ക്കരുത്. ഓരോ ഉപയോഗത്തിനുശേഷവും ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ ബ്രഷ് കഴുകി, കുടഞ്ഞ് തലയറ്റം മുകളിൽ വരത്തക്കവിധം ഉണങ്ങാൻ വയ്ക്കണം. ബ്രഷിലെ നാരുകൾ ഒടിഞ്ഞതും തേഞ്ഞതുമായ അവസ്ഥ എത്തുന്നതിനു മുമ്പ് ബ്രഷ് മാറി ഉപയോഗിക്കണം. ഒന്നര മാസം മുതൽ നാലുമാസം വരെ മാത്രമേ ഒരു ബ്രഷ് ഈടുനിൽക്കൂ.

ക്ലീനിങ് ടങ്ക്

നാക്കിനു മുകൾവശം നിറയെ വിള്ളലുകളും വിടവുകളും ഉണ്ട്. അവയ്ക്കുള്ളിൽ ഭക്ഷണത്തിന്റെ അംശങ്ങൾ കുടുങ്ങാനും അതിനുള്ളിൽ ബാക്ടീരിയ വളരാനും വായ്നാറ്റത്തിനു കാരണമാകാം. സാധാരണ വളഞ്ഞു പരന്ന ചെമ്പുകമ്പിയാണു നാക്കു വടിക്കാനായി ഉപയോഗിക്കാറുള്ളത്. ഇത് ഉപയോഗിക്കുമ്പോൾ തൊണ്ടയ്ക്കുള്ളിൽ തട്ടി ഓക്കാനം വരില്ല. നാക്ക് വൃത്തിയാക്കിയതിനുശേഷമേ ഭക്ഷണം കഴിക്കാവൂ. ദിവസത്തിൽ ഒരു തവണ ചെയ്താൽ മതിയാകും. നാക്ക് വടിച്ചശേഷം സാമാന്യം വീര്യമുള്ള അണുനാശിനിയടങ്ങിയ മൗത്ത്‍്വാഷ് കൊണ്ടു വായ് കുലുക്കുഴിയാം.

ഡോ. ബി. സുമാദേവി ഇഎൻടി സർജൻ ഇഎസ്ഐ ഹോസ്പിറ്റൽ ഉദ്യോഗമണ്ഡൽ എറണാകുളം