Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കളയിൽ 60 ഹെൽതി ടിപ്സ്

healthytip1

പാചകത്തിൽ ചിലർക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേൾക്കാറില്ലേ? എന്നാൽ ഈ കൈപ്പുണ്യത്തിന്റെ രഹസ്യമിരിക്കുന്നത് സമർഥമായ ചില പൊടിക്കൈകളിലാണ്. ഈ അടുക്കളവിദ്യകൾ ആരോഗ്യകരം കൂടിയാകുമ്പോൾ പാചകം പൂർണതയിലെത്തും.

പച്ചക്കറികളും പഴങ്ങളും

1 നേന്ത്രക്കായ്, വാഴയ്ക്ക എന്നിവ കറി വയ്ക്കാനായി അധികം തൊലികളയാതെ മുറിക്കുക, തൊലിയിലാണ് വിറ്റമിനുകൾ കൂടുതലുള്ളത്.

2 ചെറുപയർ, മുതിര, സോയാപയർ എന്നിവയൊക്കെ മുളപ്പിച്ച് ഉപയോഗിക്കുക.

3 തഴുതാമയില, കുടകനില, മുരിങ്ങയില, മത്തനില, പയറില, വള്ളി ചീരയില എന്നിവ യഥേഷ്ടം ഉപയോഗിക്കാം. വാഴക്കൂമ്പ് ഉപയോഗിക്കുമ്പോൾ വിരിഞ്ഞ വാഴപ്പൂവും എടുക്കാം. പൂവിന്റെ നടുക്കുള്ള കട്ടിയുള്ള നാര് മാറ്റിയിട്ട് ബാക്കി ഭാഗം മുറിച്ച് കറിയിലും കട്ലറ്റിലും ചേർക്കുക.

4 അവിയലിൽ തക്കാളിക്കുപകരം അൽപം തൈരു ചേർത്താൽ രുചിയും ഗുണവുമേറും. വെജിറ്റബിൾ കുറുമ തയാറാക്കുമ്പോൾ ഒരു സ്പൂൺ ഓട്സ് പൊടിയോ, കോൺഫ്ളോറോ, അരിപ്പൊടിയോ, മൈദയോ ചേർത്താൽ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.

5 കുറുമ തയാറാക്കുമ്പോൾ കുരുമുളക് വറുത്തു ചതച്ചതും അൽപം രംഭയിലയും കൂടി ചേർത്താൽ സ്വാദു കൂടും.

6 ആഹാരത്തിൽ നാരുള്ള ഭക്ഷണം ധാരാളം ഉൾപ്പെടുത്തുക. വാഴക്കൂമ്പ്, വാഴപ്പിണ്ടി എന്നിവയിൽ ധാരാളം നാരുണ്ട്. വാഴയ്ക്കാ തൊലികൊണ്ടും തോരനുണ്ടാക്കാം.

7 മിക്സഡ് വെജിറ്റബിൾ കറിയിൽ അൽപം ബ്രഡ് പൊടി ചേർത്താൽ വേഗം കുറുകും. തേങ്ങ കുറയ്ക്കാം.

8 തക്കാളി പെട്ടെന്ന് പഴുക്കാൻ ബ്രൗൺ പേപ്പർ ബാഗിലിട്ട് ഇരുട്ടത്ത് വയ്ക്കുക.

9 പച്ചക്കറികൾ വാടിപോയാൽ നാരങ്ങാനീരോ വിനാഗിരിയോ ചേർത്ത വെള്ളത്തിൽ ഒരു മണിക്കൂർ മുക്കിവച്ചാൽ പുതുമ തിരികെ കിട്ടും.

healthytip2

10 കാരറ്റ് കുറുകെ മിറിക്കാതെ നീളത്തിൽ മുറിച്ചാൽ പെട്ടെന്നു വേകും.ഗ്യാസും ലാഭിക്കാം.

11 പച്ചക്കറികൾ തുറന്നുവച്ചു വേവിക്കരുത്. പോഷകഘടകങ്ങൾ നഷ്ടപ്പെടും.

12 വാഴപ്പിണ്ടി കറുക്കാതിരിക്കാൻ അരിഞ്ഞ് മോരിലിട്ടു വച്ചാൽ മതി.

13 പച്ചക്കറികൾ അരിയുമ്പോൾ കൈയിലെ കറ കളയാൻ വാഴപഴത്തിന്റെ തൊലി കൊണ്ടു അമർത്തിതുടച്ചാൽ മതി.

14 ഗ്രീൻപീസ് വേവിക്കുമ്പോൾ അൽപം പഞ്ചസാര കൂടി ചേർത്താൽ സ്വാദ് കൂടും.

15 മത്തങ്ങാ മുറിക്കുമ്പോൾ വിത്തിന്റെ ഇടയിലുള്ള നാരുപോലുള്ള ഭാഗം (മത്തങ്ങാ ചോറ്) കളയണ്ട. ഇതെടുത്തു സാലഡോ മത്തങ്ങാ ചട്നിയോ തയാറാക്കാം.

healthytip3

16 ചെറുപഴം കൂടുതൽ ഉള്ളപ്പോൾ നന്നായി ഉണക്കി വച്ചിരുന്നാൽ വളരെനാൾ കേടാകാതിരിക്കും. ഇത് ഈന്തപ്പഴം പോലെ ഉപയോഗിക്കാം.

ഉള്ളിയും സവാളയും

17 സവാള വഴറ്റുമ്പോൾ തന്നെ അൽപം ഉപ്പ് ചേർക്കുക. വേഗം വഴന്നുകിട്ടും. ഇങ്ങനെ എണ്ണ കുറയ്ക്കാം.

18 മീൻകറി തയാറാക്കുമ്പോൾ സവാളയ്ക്കു പകരം ചുവന്നുള്ളി ചേർക്കുക. മല്ലിപ്പൊടിയും ചേർക്കേണ്ട. ഇങ്ങനെ മീൻകറി മൺപാത്രത്തിലുണ്ടാക്കി വച്ചാൽ രണ്ടുമൂന്നു ദിവസം കേടാകാതിരിക്കും.

19 സവാളയും ചുവന്നുള്ളിയും മുറിക്കുമ്പോൾ അതിന്റെ മൂടും നാമ്പ് മുളയ്ക്കുന്ന ഭാഗവും കളയരുത് (കറിയിൽ ഉപയോഗിക്കുക) ഈ ഭാഗത്താണ് വിറ്റമിനുകൾ കൂടുതലുള്ളത്.

20 ബിരിയാണിയും മറ്റും തയാറാക്കുമ്പോൾ സവാള വെയിലിൽ വാട്ടിവറുത്താൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാം.

21 ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നാലഞ്ചുദിവസത്തേക്കുള്ളത് വെവ്വേറെ വഴറ്റി ഫ്രിഡ്ജിൽ വയ്ക്കുക. എണ്ണയുടെ ഉപയോഗം കുറയും. സമയവും ലാഭിക്കാം.

ഇറച്ചിയും മീനും മുട്ടയും

22 ഇറച്ചിക്കറി തയാറാക്കുമ്പോൾ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതൽ ചേർക്കുന്നത് ആരോഗ്യദായകമാണ്.

23 മീനും ഇറച്ചിയും തയാറാക്കുമ്പോൾ വെളുത്തുള്ളി ചേർത്താൽ കൊളസ്ട്രോൾ നിയന്ത്രിക്കാം.

healthytip4

24 മാംസം തയാറാക്കുന്നതിന് മുൻപ് അരമണിക്കൂർ നല്ല ചൂടുള്ള വെള്ളത്തിലിടുക. മാംസത്തിനടിയിലുള്ള കൊഴുപ്പ് ചൂടുവെള്ളത്തിലലിയും.

25 മീൻകറിയും ഇറച്ചിക്കറിയും തയാറാക്കി തണുപ്പിച്ച് ഫ്രിഡ്ജിൽ വച്ചാൽ കൊഴുപ്പ് മുകളിൽ കട്ടിയാകും. ഇതു സ്പൂൺകൊണ്ട് മാറ്റാം.

26 കോഴിയിറച്ചിയും മീനും വറുക്കാതെ ആവിയിൽ പാകപ്പെടുത്തുന്നത് കൂടുതൽ ആരോഗ്യകരമാണ്.

27 ചിക്കൻ ഫ്രൈ ഇഷ്ടമുള്ളവർ വറുക്കുന്നതിന് പകരം അവ്നിലോ തന്തൂരിയിലോ ഗ്രിൽ ചെയ്യുക.

28 പോത്തിറച്ചി (ബീഫ്) പാകം ചെയ്യുമ്പോൾ ഒരു കഷണം പപ്പായ കൂടി ചേർത്താൽ ഇറച്ചിക്കറിക്കു നല്ല മാർദവം കിട്ടും.

29 മീൻകറിയിലും അച്ചാറിലും തോരനിലും മെഴുക്കുപുരട്ടിയിലും കാന്താരി മുളകു ചേർത്താൽ ബിപി നിയന്ത്രിക്കാം.

30 മീൻകറിയിലും അച്ചാറിലും മറ്റും ഇരുമ്പൻപുളി ഉപയോഗിച്ചാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാം.

31 മത്തി, കൊഴുചാള, അയില എന്നീ ചെറുമീനുകളിലെ ഒമേഗാ—3 ഫാറ്റീ ആസിഡുകൾ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നു.

32 മൺപാത്രത്തിൽ മീൻകറി തയാറാക്കിയാൽ കൂടുതൽ ദിവസം കേടു കൂടാതിരിക്കും. രുചിയേറും.

33 മീൻകറിക്കു പുളിക്കായി കുടംപുളിയോ ഇരുമ്പൻപുളിയോ ഉപയോഗിക്കുക. വാളൻപുളി കഴിവതും വേണ്ട. കുടമ്പുളിയാണു ചേർക്കുന്നതെങ്കിൽ ദഹനം സുഗമമാകും.

34 മീനും കൊഞ്ചും വറുക്കുന്നതിനു പകരം അരപ്പുപുരട്ടി ഇലയിൽ വച്ചു പൊതിഞ്ഞുകെട്ടി എണ്ണമയം പുരട്ടിയ ചട്ടിയിൽ പൊള്ളിച്ചെടുക്കുക.

35 രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ള മാത്രം കഴിക്കുക.

പാൽ മുതൽ ചായ വരെ

36 അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനം കൊണ്ട് പാൽ പിരിഞ്ഞാൽ ഇതിൽ പച്ചമുളകിന്റെ ഞെട്ടോ നാരങ്ങാനീരോ ചേർത്തു തൈരുണ്ടാക്കാം. അല്ലെങ്കിൽ പാൽ തുണിയിൽ അരിച്ചെടുത്ത് കട്ടിയാക്കി മുറിച്ച് പനീർ ഉണ്ടാക്കാം.

37 ചായയ്ക്കുള്ള പാൽ ഫ്രിഡ്ജിൽ ഒരു പാത്രത്തിൽവച്ചിരുന്ന ശേഷം പുറത്തെടുത്ത് പാട മാറ്റിയശേഷം ചായ തയാറാക്കുക. ഈ പാട ഓരോ ദിവസത്തെയും ഒന്നിച്ചാക്കി ഫ്രീസറിൽ വച്ചിരുന്നാൽ ആവശ്യത്തിന് ഉപയോഗിക്കാനുള്ള പാൽ ക്രീമായി.

38 ചായയോ കാപ്പിയോ ഒരു ദിവസം രണ്ടു നേരത്തിൽ കൂടുതൽ കഴിക്കരുത്. വേനൽകാലത്തും ഇളംചൂടു വെള്ളമാണ് ഏറ്റവും നല്ല ദാഹശമിനി.

39 പൈപ്പു വെള്ളത്തിൽ ചായ തയാറാക്കുമ്പോൾ ക്ലോറിൻ മണം മാറാനായി വെള്ളം തിളപ്പിക്കുമ്പോൾ തന്നെ വേണ്ട പഞ്ചസാര ചേർക്കുക.

പാചക എണ്ണ

40 തവിട് എണ്ണയും ഒലിവ് എണ്ണയും നല്ലെണ്ണയും ഉപയോഗിക്കുക.

41 വനസ്പതിക്കു പകരം മാർജറിൻ ഉപയോഗിച്ചാൽ ആരോഗ്യത്തിനു നല്ലതാണ്.

42 നോൺസ്റ്റിക് ഫ്രയിങ് പാനും മൈക്രോവേവ് അവനും ഒടിജിയും (അവൻ ടോസ്റ്റർ ഗ്രിൽ) ഉപയോഗിച്ചാൽ എണ്ണയുടെ ഉപഭോഗം പരമാവധി കുറയ്ക്കാം.

പ്രിസർവേറ്റീവും നിറങ്ങളും

43 ഫുഡ് കളറുകളുടെ ഉപയോഗം കുറയ്ക്കുക. ആഹാരത്തിൽ ചുവന്ന നിറത്തിനായി തക്കാളിയും ഓറഞ്ച് നിറത്തിനായി കാരറ്റും മജന്ത നിറത്തിനായി ബീറ്റ്റൂട്ടും പച്ചനിറത്തിനായി വസല ചീരയും ഉപയോഗിക്കാം.

44 അജിനോമോട്ടോ കഴിവതും ഉപയോഗിക്കാതിരിക്കുക. ഇത് ആമാശയ കാൻസർ ഉണ്ടാക്കാം.

45 ഫുഡ്പ്രിസർവേറ്റീവ്സ് കഴിവതും ഒഴിവാക്കുക. സ്ക്വാഷും സിറപ്പും വീട്ടിൽ തയാറാക്കുക. പ്രിസർവേറ്റിവിന്റെ സഹായമില്ലാതെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം.

healthytip6

46 ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് ഉണക്കിപ്പൊടിച്ചാൽ ഫുഡ്കളറാക്കാം.

നല്ല പ്രാതൽ

47 ഇളനീരിൽ പഞ്ചസാരയിട്ട് ആറുമണിക്കൂർ വച്ചശേഷം അത് അപ്പത്തിന്റെ മാവിൽ കുഴച്ചു ചേർക്കുക. നല്ല രുചിയും മണവും ലഭിക്കും.

48 വെള്ളയപ്പം മൺചട്ടിയിൽ വച്ചു പാകപ്പെടുത്തുക. നല്ല മയം കിട്ടും.

49 അപ്പത്തിന് പച്ചരി കുതിർക്കുമ്പോൾ ഒരു നുള്ളു ഉലുവയും ഉഴുന്നും കൂടി ചേർത്താൽ നല്ല മാർദവം കിട്ടും.

50 പുട്ടുപൊടി നനച്ചു ഫ്രിഡ്ജിൽ വച്ചശേഷം പിറ്റേന്നു പുട്ടുണ്ടാക്കിയാൽ മാർദവവും രുചിയുമേറും.

51 പുട്ടുണ്ടാക്കുമ്പോൾ മുളപ്പിച്ച പഞ്ഞപുല്ലുപൊടിയും തവിടു കളയാത്ത ചമ്പാവരിപൊടിയും സമാസമം ചേർക്കുന്നതു പോഷമൂല്യം കൂട്ടും. മുളപ്പിച്ച ചെറുപയറും ചീരയില പാകപ്പെടുത്തിയതും ഇടയ്ക്കിടെ വയ്ക്കുക. പോഷക പൂട്ടായി.

52 പുട്ടുപൊടി വറുക്കുന്നതിനു മുൻപ് നന്നായി ആവി കയറ്റിയാൽ മൃദുവായ പുട്ടുണ്ടാക്കാം.

53 തേങ്ങാവെള്ളത്തിൽ പുട്ടു നനച്ചാൽ ഗുണവും രുചിയും കൂടും.

healthytip5

54 ഇഡ്ലിയും ഇടിയപ്പവും ബാക്കി വന്നാൽ പച്ചക്കറികളും സവാളയും പച്ചമുളകും ഗ്രേറ്റ് ചെയ്തതും വേവിച്ചു പൊടിയായി മുറിച്ച ഇഡ്ലിയും ഇടിയപ്പവും മിക്സ് ചെയ്യുക.ഇതിൽ അൽപം മസാലപൊടി കൂടി ചേർത്താൽ നല്ല ഒരു നാലുമണി വിഭവം തയാറാക്കാം.

പൊതുവായി ശ്രദ്ധിക്കാൻ

55 നെയ്യ് സൂക്ഷിക്കുമ്പോൾ അതിൽ ഒരു കഷണം ശർക്കര ഇട്ടുവച്ചാൽ പെട്ടെന്നു കേടാകില്ല.

56 പ്രഷർ കുക്കറിലെയും പ്രഷർ പാനിലെയും കറ പോകാൻ നാരങ്ങാതൊലിയുടെ അകഭാഗം കൊണ്ടു തേച്ചുകഴുകുക.

57 കട്ടൻകാപ്പി തയാറാക്കുമ്പോൾ നാലുതുളസിയിലയും ഒരു പനികൂർക്കയിലയും ചുക്കും കരുപ്പെട്ടിയും അൽപം കുരുമുളകും ചേർത്താൽ തണുപ്പു കാലത്ത് തൊണ്ടയ്ക്കു നല്ലതാണ്.

58 കുക്കിങ്ഗ്യാസിൽ പാകം ചെയ്യുമ്പോൾ തിളച്ചാലുടൻ തീയ് സിമ്മിലിട്ടു പാകം ചെയ്യുക. ഗ്യാസ് വളരെ ലാഭിക്കാം.

59 ഫ്രൂട്ട് കേക്കിൽ ബ്രാൻഡിയോ വിസ്കിയോ തളിച്ച് സിൽവർ ഫോയിലിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ കേക്ക് കേടാകാതിരിക്കും.

60 സ്ഥിരമായി അലുമിനിയം പാത്രത്തിൽ ആഹാരം തയാറാക്കി കഴിക്കുന്നവർക്കു അൽഷിമേഴ്സ് രോഗത്തിനു സാധ്യത കൂടും. മൺപാത്രത്തിൽ ആഹാരം പാകം ചെയ്യുന്നതാണ് ആരോഗ്യകരം.

ഡോ ലൈലാറാണി വി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.