Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് പുഞ്ചിരിക്കട്ടെ വൃത്തിയോടെ

house-cleaning

ശാന്തസുന്ദരമായ വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ എത്രമാത്രം ഭംഗിയുണ്ടെങ്കിലും വീട് അഴുക്കു നിറഞ്ഞതും അലങ്കോലപ്പെട്ടതുമാണെങ്കിൽ അതു രോഗാതുരമാണ്. ആദ്യം വീടിനു രോഗം വരുന്നു. തുടർന്നു വീട്ടിൽ താമസിക്കുന്നവർക്കും. അതുകൊണ്ടു വീടിന്റെ വൃത്തിക്ക് ഏറെ പ്രാധാന്യം നൽകണം. വീട് വൃത്തിയാക്കുന്നത് ഒരു കലയാണ്. ഒാരോ മുറിക്കും അതിന്റേതായ പ്രാധാന്യം നൽകി വൃത്തിയാക്കണം. അടിച്ച് തുടച്ച് തിളങ്ങുന്ന തറകളും മുറികളുമുളള വീട് കണ്ടാൽ തന്നെ ആരും സന്തോഷിക്കില്ലേ?

പൊടിക്കെതിരേ പ്രത്യേക കരുതൽ

പൊടിനിയന്ത്രണം വീടിന്റെ ആരോഗ്യത്തിൽ ഏറെ പ്രധാനമാണ്. റോഡിന്റെ അരികിലാണ് വീട് എങ്കിൽ കൂടുതൽ കരുതൽ വേണം. കാരണം എത്ര തവണ അടച്ചിട്ടാലും പൊടി സൂക്ഷ്മമായതിനാൽ തുടരെ അടിഞ്ഞു കൂടും. അഞ്ചു മൈക്രോണിനു താഴെയുളള പൊടി നേരിട്ട് ശ്വാസകോശത്തിലെത്തും. പൂമ്പൊടിയും പരാഗങ്ങളും അലർജിയിലേക്കു നയിക്കും. സിലിക്കോൺ ഡസ്റ്റ് പോലുളള പൊടിയടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളായ ആസ്മ, ബ്രോങ്കൈറ്റിസ്, സി ഒ പി ഡി എന്നിവയിലേക്കു നയിക്കാം. നഗരങ്ങളിൽ താമസിക്കുന്നവർ ദിവസവും അടിക്കുന്നതു കൂടാതെ മാസത്തിൽ ഒരിക്കൽ വീടിന്റെ ഭിത്തി, മേൽഭാഗം എന്നിവ അടിക്കുകയും തുടച്ചു വൃത്തിയാക്കുകയും ചെയ്യണം. കർട്ടനുകൾ ഉൾപ്പെടെയുളളവ നന്നായി പൊടി കഴുകി ഉണക്കണം. പൊടി നീക്കുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.

ബെഡ്ഷീറ്റ് മുഷിഞ്ഞിട്ടില്ലെങ്കിൽ ആഴ്ചയിൽ ഒന്നു മാറ്റി വിരിക്കണം. എന്നാൽ അഞ്ചു വയസ്സിൽ താഴെ പ്രായമുളള കുട്ടികളുടെ ബെഡ്ഷീറ്റ് രണ്ടു ദിവസത്തിലൊരിക്കൽ മാറ്റാം. കോട്ടൻ ബെഡ്ഷീറ്റുകളാണ് ആരോഗ്യകരം. കഴിയുന്നതും നേർത്ത കോട്ടൻ പുതപ്പുകൾ ഉപയോഗിക്കുക. അതിൽ പൊടി തങ്ങുന്നതു കുറവായിരിക്കും. കട്ടിയുളള ബ്ലാങ്കറ്റുകളിലും കമ്പിളി പുതപ്പിലും പൊടി ഏറെ തങ്ങി നിൽക്കും. അവ രണ്ടാഴ്ചയിലൊരിക്കൽ ഡ്രൈവാഷ് ചെയ്യുന്നതു നന്നായിരിക്കും. മാസത്തിലൊരിക്കൽ മെത്ത കുറേ മണിക്കൂറുകൾ സൂര്യപ്രകാശത്തിലിട്ട് ഉണക്കാം. നല്ല സൂര്യപ്രകാശത്തിൽ അണുക്കൾ നശിച്ചു കൊളളും. പത്തു ദിവസത്തിലൊരിക്കൽ തലയണയും വെയിൽ കൊള്ളിക്കാം. എയറിങ് ബെഡിങ് ഇൻ ദ സൺ എന്നാണ് ഇതിന് പറയുന്നത്.

കുറേ കാലമാകുമ്പോൾ വിയർപ്പും ഈർപ്പവും തങ്ങി, മെത്ത ഉപയോഗശൂന്യമാകും. പഞ്ഞിക്കിടക്കയാണെങ്കിൽ പഞ്ഞി കട്ട കെട്ടിയതു പോലെയാകും. അപ്പോൾ മെത്ത ഉപേക്ഷിക്കാം. അഞ്ചു വർഷം മുതൽ 10 വർഷം വരെ മെത്ത ഉപയോഗിക്കുന്നവരുണ്ട്. ഉപയോഗവും സംരക്ഷണവുമനുസരിച്ചാണ് ബെഡിന്റെ കാലാവധി. ബെഡ് കവർ ഉപയോഗിക്കുന്നതു മെത്തയുടെ ആയുസ്സ് കൂട്ടും. തലയിണയിൽ ഒരു ടർക്കി ടവ്വൽ വിരിച്ചാൽ മുടിയിലെ വിയർപ്പും എണ്ണയും ചെളിയും പുരളുകയില്ല.

ലിവിങ് റൂമും വരാന്തയും

ലിവിങ് റൂം അഥവാ സ്വീകരണമുറി എല്ലാ ദിവസവും അടിച്ചു വൃത്തിയാക്കണം. തുടർന്നു മോപ്പ് ഉപയോഗിച്ചു നനച്ചു തുടയ്ക്കാം. കാരണം പുറത്തു നിന്നുളള അതിഥികളും ഈ മുറി ഉപയോഗിക്കുന്നുണ്ട്. ലിവിങ് റൂമുകളിൽ മനോഹരങ്ങളായ കർട്ടനുകളുണ്ടാകുമല്ലോ. മിക്കവരും കട്ടിയുളള കർട്ടനുകളാകും തിരഞ്ഞെടുക്കുക. ഇത്തരം കർട്ടനുകളിൽ പൊടിയടിഞ്ഞിരിക്കും. പൊടി അലർജിയുളളവരുടെ വീടുകളിൽ ഇത്തരം കർട്ടനുകൾ അനുയോജ്യമല്ല. കനം കുറഞ്ഞ നേർത്ത തുണി കൊണ്ടുളള കർട്ടനുകളാണ് ആരോഗ്യകരം. കഴുകിയുണക്കാനും എളുപ്പമാണ്. വാക്വം ക്ലീനർ ഉപയോഗിച്ച് സോഫ, കർട്ടനുകൾ, ജനലുകൾ, വാതിലിനരികിൽ ഉപയോഗിക്കുന്ന ചവിട്ടികൾ എന്നിവയിലെ പൊടി നീക്കാം. ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ കർട്ടനുകളും ചവിട്ടുപായകളും ഒഴിവാക്കാനും ശ്രദ്ധിക്കുക.

ഏറെ ശുചിത്വത്തോടെ സൂക്ഷിക്കേണ്ട മറ്റൊരിടമാണ് വരാന്ത അഥവാ സിറ്റ് ഒൗട്ട്. പുറത്തു നിന്നു വരുന്നവർ ചെലവഴിക്കുന്ന ഇടമായതുകൊണ്ട് ഇവിടം ദിവസവും കുറഞ്ഞതു രണ്ടു നേരമെങ്കിലും അടിക്കണം. ലൈബ്രറി റൂം, സ്റ്റോര്‍ റൂം എന്നിവ വൃത്തിയുടെ കാര്യത്തിൽ പരിഗണന കുറയുന്ന ഇടങ്ങളാണ്. അവയും മാസത്തിലൊരിക്കൽ വൃത്തിയാക്കാൻ ശ്രമിക്കണം.

ക്ലീനിങ് ലിക്വിഡുകൾ

ആഴ്ചയിലൊരിക്കൽ ക്ലീനിങ് ലോഷൻ ഉപയോഗിച്ച് തറ വൃത്തിയാക്കണം. തറ നന്നായി അടിച്ചു വൃത്തിയാക്കി, നനച്ചു തുടച്ച ശേഷം ലോഷൻ നേർപ്പിച്ചതിൽ തുണിയോ മോപ്പോ മുക്കി തുടയ്ക്കു‌ക. ശേഷം ശുദ്ധജലത്തിൽ തുണി മുക്കി ഒന്നു കൂടി തുടയ്ക്കണം. ലോഷന്റെ അംശം പൂർണമായി നീക്കം ചെയ്യാനാണിത്. കൊച്ചു കുട്ടികൾ തറയിലിഴഞ്ഞു നടക്കുന്ന സമയത്ത് രാസവസ്തുക്കളുടെ അംശം ഉണ്ടാകാൻ പാടില്ല. വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്നതും പ്രകൃതി ദത്തമായ ലോഷനാണ് പുൽത്തൈലം. പുൽത്തൈലത്തിനു വില അൽപം കൂടുതലാണ് എന്നതാണ് ഏക അപര്യാപ്തത.

പുൽത്തൈലം അൽപം എടുത്ത് ഒരു ബക്കറ്റ് വെള്ളത്തിൽ നേർപ്പിച്ച് തറ തുടയ്ക്കുന്നതിനായി ഉപയോഗിക്കാം. പുൽത്തൈലത്തിന്റെ സുഗന്ധം മുറികളിൽ നിറഞ്ഞു നിൽക്കും. കൊതുക്, മറ്റ് ഷഡ്പദങ്ങൾ എന്നിവയുടെ ശല്യവും കുറയ്ക്കാം. പുൽത്തൈലം ചേർന്ന ലോഷനുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

കിണറും വാട്ടർടാങ്കും

വീട്ടിലെ പ്രധാന ജലസ്രോതസ്സായ കിണറിന്റെ ശുചിത്വം ഏറെ പ്രധാനമാണ്. വർഷത്തിലൊരിക്കൽ കിണർ തേകി വ‍ൃത്തിയാക്കണം. വേനൽക്കാലമാണ് കിണർ തേകാൻ ഉചിതമായ സമയമായി കരുതുന്നത്. കിണർവെള്ളം കോരിക്കളഞ്ഞോ അല്ലെങ്കിൽ വറ്റിച്ചോ ആണു തേകുന്നത്. വെള്ളത്തിലെ പായൽ, ദ്രവിച്ചു കിടക്കുന്ന ഇലകൾ, മറ്റു ഖര മാലിന്യങ്ങൾ ഇവയെല്ലാം നീക്കം ചെയ്യുന്നു. പിന്നീട് പുതിയ ഉറവയിലൂടെ ശുദ്ധജലം കിണറിൽ നിറയുന്നു. അല്ലെങ്കിൽ ശുദ്ധജലം നിറയ്ക്കാം.

ഇതു കൂടാതെ ആറു മാസം കൂടുമ്പോൾ കിണർ ബ്ലീച്ചിങ് പൗഡറിട്ടു ശുദ്ധീകരിക്കാവുന്നതാണ്. എന്നാൽ മഴക്കാലത്ത് വീട്ടിൽ ആർക്കെങ്കിലും വയറിളക്കപ്രശ്നമോ മറ്റോ ഉണ്ടെങ്കിൽ ദിവസവും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കണം.

കിണറിലെ റിങ്ങുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ബ്ലീച്ചിങ് പൗഡറിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു റിങ് വെള്ളത്തിന് ഒരു തീപ്പെട്ടിക്കൂട്ടിൽ കൊള്ളുന്ന അത്രയും ബ്ലീച്ചിങ് പൗഡർ മതി(2.5 ഗ്രാം.) ഇത് വെള്ളവുമായി ചേർത്ത് കുഴമ്പു പോലാക്കിയ ശേഷം ആവശ്യത്തിനു വെള്ളം ചേർത്ത് നേർപ്പിച്ച് ഒരു ബക്കറ്റ് നിറച്ചെടുക്കുക.

കുറച്ചു സമയം കഴിയുമ്പോൾ ഖര പദാർഥങ്ങൾ താഴെ അടിഞ്ഞ് തെളി മുകളിൽ നിൽക്കും. ഈ തെളി കിണറ്റിലെ ബക്കറ്റിൽ ഒഴിച്ച് കിണറ്റിലെ വെള്ളത്തിലേക്കു മെല്ലെ താഴ്ത്തിയ ശേഷം ബക്കറ്റ് ഒന്നു രണ്ടു തവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക. അങ്ങനെ കിണർ വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ ഒരു പോലെ സംയോജിക്കും. ഒരു മണിക്കൂർ കഴിഞ്ഞേ വെള്ളം ഉപയോഗിക്കാവൂ. വെള്ളത്തിന്റെ ഉപയോഗമെല്ലാം തീർന്നശേഷം രാത്രിയിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുന്നതാണ് അഭികാമ്യം. പിറ്റേ ദിവസം ശുദ്ധീകരിച്ച ജലം ഉപയോഗിക്കാനുമാകും. കിണർ വലയിട്ടു മൂടി തന്നെ സൂക്ഷിക്കണം.

വീട്ടിലെ ആവശ്യത്തിനായി ടാപ്പുകളുമായി ബന്ധിപ്പിക്കപ്പെടുന്ന സിമന്റ്, പ്ലാസ്റ്റിക് ജല സംഭരണികളുണ്ടാകും. വെള്ളത്തിന്റെ നിറവും മാറാം. ഒരോ മാസവും വൃത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ മൂന്നുമാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കണം. ടാങ്കുകൾ അടച്ചു സൂക്ഷിക്കണം. സിമന്റ് ടാങ്കുകൾ വലയിട്ടു മൂടണം. പ്ലാസ്റ്റിക് ടാങ്കുകൾക്ക് അടപ്പുണ്ടാകും. അത് യഥാസ്ഥാനത്തുണ്ടോ എന്ന് ഉറപ്പു വരുത്തണം.

മനുഷ്യമാലിന്യവും മൂത്രവും ശേഖരിച്ച് ബാക്ടീരിയകളുടെ സഹായത്തോടെ വിഘടനം നടത്തുന്നതിനു സഹായിക്കുന്ന സംവിധാനമാണ് സെപ്റ്റിക് ടാങ്കുകൾ. സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ 50 അടി അതായത് 15 മീറ്റർ വ്യത്യാസം വേണം. ക്ലോസറ്റിൽ വെള്ളം നിറയുകയും ദുർഗന്ധം വമിക്കുകയും ചെയ്യുമ്പോൾ സെപ്റ്റിക് ടാങ്ക് നിറഞ്ഞോ എന്നതും ചിന്തിക്കണം.

മാലിന്യ സംസ്കരണം എങ്ങനെ?

വീട്ടിലെ ദൈനംദിന മാലിന്യങ്ങളെ ജൈവമാലിന്യങ്ങൾ അഥവാ ബയോളജിക്കൽ വേസ്റ്റ് എന്നും അജൈവ മാലിന്യങ്ങൾ എന്നും തരംതിരിക്കാം. അവ ദിവസവും തരം തിരിച്ച് മാറ്റി വയ്ക്കണം. നാലോ അഞ്ചോ അംഗങ്ങളുളള കുടുംബമാണെങ്കിൽ അധികം വേസ്റ്റ് കാണുകയില്ല. ജൈവ മാലിന്യങ്ങൾ അതായത് പച്ചക്കറികളുടെ തൊണ്ടും ഭക്ഷണാവശിഷ്ടങ്ങളും മറ്റും പുരയിടത്തിലെ വാഴ, തെങ്ങ് എന്നിവയുടെ ചുവട്ടിൽ ഇട്ട് മീതെ മണ്ണിട്ടു മൂടണം. അതു വളമായിക്കൊള്ളും. എന്നാൽ മത്സ്യ മാംസാദികളുടെ അവശിഷ്ടങ്ങൾ കുഴിച്ചിടുകതന്നെ വേണം. അല്ലെങ്കിൽ നായ, കാക്ക ഇവയൊക്കെ അതു കഴിക്കുകയും മുറ്റത്തും മറ്റും കൊണ്ടിടുകയും ചെയ്യും.

എത്ര സ്ഥലപരിമിതിയുണ്ടായാലും ഒാരോരുത്തരും പുരയിടത്തിൽ കുറച്ചു മണ്ണ് ഇത്തരം മാലിന്യങ്ങൾ കുഴിച്ചിടാനായി മാറ്റി വയ്ക്കണം. മറ്റു മാലിന്യങ്ങൾ, പേപ്പറുകൾ, സാനിട്ടറി പാഡുകൾ എന്നിവ കത്തിച്ചു കളയണം.

ആഡംബരമോ അലങ്കാരമോ അല്ല വൃത്തിയാണ് വീടിന് ഏറ്റവും അഴകു നൽകുന്നത്. അത്തരത്തിൽ ആരോഗ്യമുളള വീടൊരുക്കാനാണ് ഒാരോരുത്തരും ശ്രദ്ധിക്കേണ്ടത്. അങ്ങനെയുളള വീടിനോട് ചേർന്നിരിക്കുമ്പോൾ തന്നെ സ്വാസ്ഥ്യം അവിടെ വിരുന്നു വന്നു കഴിഞ്ഞു.

വിവരങ്ങൾക്കു കടപ്പാട്
ഡോ.അനുജാ യു.
അഡീഷണൽ പ്രഫസർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം
മെഡിക്കൽ കോളജ്, തിരുവനന്തപുരം

ഡോ. മല്ലികാ ഭായ്
റിട്ട.പ്രഫസർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം
മെഡിക്കൽ കോളേജ്, തിരുവനന്തപുരം