Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുയോജ്യരായ പങ്കാളിയെ എങ്ങനെ കണ്ടെത്താം?

matching-couple

വൈവിധ്യമായ സ്വഭാവ സവിശേഷതകളുള്ള ആളുകളുടെ ഒരു ലോകമാണിത്. അതിൽ നിങ്ങളുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ സൃഷ്ടിക്കുന്ന പരസ്പര സ്നേഹത്തിന്റെ സൗഹൃദത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന രണ്ടു വ്യക്തികൾ എങ്ങനെ കൂടിച്ചേരും? നിങ്ങൾക്ക് യോജിക്കുന്ന ഒരു കൂട്ടുകാരനെയോ കൂട്ടുകാരിയെയോ എങ്ങനെ തിരഞ്ഞെടുക്കാം?

വിവാഹ ജീവിതത്തിൽ നിങ്ങൾ തേടുന്ന ഒരു വ്യക്തിയുണ്ട്. നിങ്ങൾക്ക് നന്നായി ആശയ വിനിമയം സാധ്യമാകുന്ന ഒരാൾ. പരസ്പരം മനസിലാക്കി പെരുമാറുന്ന ആ കൂട്ടുകാരനോ കൂട്ടുകാരിയോ ഈ ലോകത്തെവിടെയോ ഉണ്ടെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. ആ വ്യക്തിയെ കണ്ടെത്താനായാൽ അവരുമായുള്ള നിമിഷങ്ങളിൽ പരസ്പര പ്രണയത്തിന്റെ തീവ്രതയും അല്ലെങ്കിൽ ഗാഢമായ സൗഹൃദത്തിന്റെ ഊഷമളതയും നിങ്ങൾക്ക് അനുഭവിക്കാം. ഈ അനുഭവം ഏകാന്തതയിൽ നിന്നു നിങ്ങളെ രക്ഷപ്പെടുത്തുകയും ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്യും. മറ്റൊരാളുടെ സഹകരണത്തോടുകൂടി മാത്രമേ പ്രകൃതിയുടെ ജീവശാസ്ത്രപരമായ ലക്‌ഷ്യം നിങ്ങൾക്ക് നിറവേറ്റാൻ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ പ്രകൃതി നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് തനിച്ചു ജീവിക്കാനല്ല.

നിങ്ങളെയും കൂട്ടുകാരിയെയോ/ കൂട്ടുകാരനെയോ പരസ്പരം യോജിപ്പിക്കുന്ന സ്വാഭാവ സവിശേഷതകൾ ഉണ്ടെങ്കിലേ നിങ്ങൾ തമ്മിൽ ഒരു കെമിസ്ട്രി ഉണ്ടാവുകയുള്ളു. അതാണ് നല്ല ആശയവിനിമയ സാധ്യത തുറന്നു തരുന്നത്. അല്ലാത്തപക്ഷം ദാമ്പത്യ ജീവിതത്തിൽ ലൈംഗിക താൽപര്യം കുറയുമ്പോൾ ആ ബന്ധത്തിൽ രസകരമായ ഒന്നും അവശേഷിക്കാതെ വരികയും വിവാഹം കഴിച്ചു എന്ന കാരണം കൊണ്ട് മാത്രം ബന്ധം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യും.

ഒരു വ്യക്തിയോടുള്ള പ്രണയ ബന്ധം നിലനിൽക്കുമ്പോൾ തന്നെ നിങ്ങളെ മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്ന മറ്റൊരാളെ നിങ്ങളുടെ മനസ് തേടിക്കൊണ്ടിരിക്കും. നിങ്ങൾക്ക് തീവ്രമായ പ്രണയ ബന്ധം ഉണ്ടാവുകയും അതോടൊപ്പം രൂപപ്പെടുന്ന ഉടമഭാവവും അസൂയയും നിങ്ങളെ ചങ്ങലക്കിടുകയും ചെയുന്നു. എന്നാൽ സ്വതന്ത്രമായ ആശയ വിനിമയ സാധ്യതകൾ പരിമിതമാണെങ്കിൽ അത്തരം ബന്ധങ്ങളിൽ നിന്നു മോചനം നേടാൻ നിങ്ങൾ ആഗ്രഹിക്കും.

നിങ്ങളുടെ പ്രണയവും ഇഷ്ടവും ചില വ്യക്തികളോടു മാത്രം തോന്നുകയും മറ്റുചിലരോട് തോന്നാതിരിക്കുകയും ചെയ്യുന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു. ആ വ്യക്തിക്ക് ഏത തനത് സ്വഭാവമാണ് ഉള്ളത് എന്നതിനെ ആശ്രയിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിങ്ങളോടു നന്നായി ഇടപെടുകയും സഹായിക്കുകയും ചെയ്‌ത വ്യക്തി ആണെങ്കിലും അവർ ആഗ്രഹിക്കുന്നത് പോലുള്ള ഇഷ്ടമോ പ്രണയമോ അവരോടു തോന്നണമെന്നില്ല. ചിലർ നിങ്ങളുടെ പിന്നാലെ പ്രണയം പറഞ്ഞു നടന്നാലും അവരെ സ്വീകരിക്കാൻ തയ്യാറാകണമെന്നുമില്ല.

നിങ്ങളുടെ സ്വഭാവ വിശേഷങ്ങളുമായി ചേർന്നു പോകും എന്നു തോന്നുന്ന വ്യക്തികളെ മാത്രമേ നിങ്ങൾ ജീവിതത്തിലേക്ക് സ്വീകരിക്കാൻ താൽപ്പര്യപ്പെടുകയുള്ളു. സമാന സ്വഭാവമുള്ളവർ തമ്മിൽ എപ്പോഴും ഒരു ഐക്യം രൂപപ്പെടുന്നത് കാണാം. ജാതകം നോക്കി സാമ്പ്രദായിക പെണ്ണുകാണൽ പോലുള്ള പരിമിതികളിൽ നിന്നുകൊണ്ട് നിങ്ങൾക്കിണങ്ങുന്ന സ്വഭാവ സവിശേഷതയുള്ള ആളെ കണ്ടെത്താൻ കഴിയണമെന്നില്ല. സ്വതന്ത്രമായി സംവദിക്കാനുള്ള തലങ്ങൾ ഉണ്ടാകുമ്പോഴോ കുറച്ചുകാലം ഒരുമിച്ച ജീവിക്കുമ്പോഴോ മാത്രമേ ബന്ധങ്ങൾ നിലനിന്നു പോകാനുള്ള കെമിസ്ട്രി രണ്ടുപേർക്കിടയിൽ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനാകു.അതാകട്ടെ വ്യക്തികൾ തമ്മിൽ പരസ്പരം അറിയാതെ സംഭവിക്കുന്ന ഒന്നാണ്..

വിവാഹ ജീവിതത്തിൽ ലൈംഗിക താല്പര്യത്തിനൊപ്പം സ്വഭാവ സവിശേഷതകളും യോജിക്കുന്ന തരത്തിലുള്ള ബന്ധങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുമ്പോൾ പരസ്പരമുള്ള ഇടപെടലുകളിൽ കൂടുതൽ ഊഷ്മളതയും ആരോഗ്യകരമായ സമീപനവും നിലനിൽക്കും. പരസ്പരം ഇണങ്ങുന്ന സ്വഭാവ സവിശേഷതയുള്ളവരുമായുള്ള ബന്ധം കൂടുതൽ ദൃഢതയോടെ നിലനിൽക്കുമെന്ന് ആധുനിക ഗവേഷണങ്ങൾ അഭിപ്രായപ്പെടുന്നു.

50 %ത്തോളം നിങ്ങളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നത് നിങ്ങളുടെ ബയോളജി ആണ്. ജന്മനാ നിങ്ങൾക്ക് ലഭിച്ചിട്ടുള്ള ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളും നിങ്ങളുടെ ന്യൂറൽ ശൃംഖലയിൽ ഇടപെടുന്ന ഡോപ്പാമിൻ നോർ എപിനെഫ്രിൻ, സെറാടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളും ഉയർന്നു നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ജന്മനാ ലഭിക്കുന്ന ഒരു വ്യക്തിത്വമുണ്ട്. അതു സൃഷ്ടിക്കുന്ന പെരുമാറ്റമുണ്ട്. അതാണ് ജീവിതകാലം മുഴുവൻ സ്‌ഥായിയായി നിലനിൽക്കുന്നത്.

അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ ബയോളജിക്കൽ ആന്ത്രോപോളജിസ്റ്റും ന്യൂറോ സൈക്കോളജിസ്റ്റുമായ ഹെലൻ ഫിഷർ തന്റെ നീണ്ട വർഷത്തെ ഗവേഷണത്തിലൂടെ മനുഷ്യർ തമ്മിൽ പ്രണയ ബന്ധവും സൗഹൃദ ബന്ധവും കാത്തു സൂക്ഷിക്കാനാവുന്ന തരത്തിൽ പങ്കാളികൾ എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് പ്രണയത്തിന്റെ, സ്നേഹത്തിന്റെ കെമിസ്ട്രി കണ്ടെത്തുകയുണ്ടായി.

പ്രണയാസക്തരായ കമിതാക്കളുടെയും ദമ്പതികളുടെയും പ്രണയചേഷ്ട സമയങ്ങളിൽ അവരുടെ മസ്തിഷ്‌കത്തിൽ സംഭവിക്കുന്ന പ്രവർത്തനങ്ങൾ ഫങ്ക്ഷണൽ മാഗ്നെറ്റിക് റീസണിങ് ഇമേജിങ്ങിന്റെ സഹായത്താൽ ഹെലൻ ഫിഷർ നിരീക്ഷിച്ചു. ഗാഢമായ പ്രണയ ബന്ധങ്ങൾ സൃഷ്ടിക്കുന്ന മസ്‌തിഷ്‌ക വ്യവസ്ഥകൾ അനുരൂപരായ ആളുകളിൽ കാലമേറെ കഴിഞ്ഞാലും നിലനിൽക്കുമെന്ന് അവർ കണ്ടെത്തി. മനുഷ്യന്റെ ബയോളജി പരിഗണിച്ചു ഹെലൻ ഫിഷർ കണ്ടെത്തിയ നാലുതരം വ്യക്തിത്വ സവിശേഷതകളുള്ള മനുഷ്യരാണ് ഈ ലോകത്തുള്ളത്.

1. പര്യവേഷകർ (Explorer)
ഓരോന്നിനോടും അമിത ജിജ്ഞാസ ഉള്ള, പുതുമകൾ തേടുന്ന, സാഹസികമായ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യത്യസ്ത താൽപര്യമുള്ളവരാണിവർ. ജീവിതത്തെ സന്തോഷത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും സമീപിക്കുന്ന ഇവർ സ്വതന്ത്രരായ സമീപനങ്ങൾ പുലർത്തുന്നു. പ്രകടനപരതയും വഴക്ക സ്വഭാവവും കാണിക്കുന്നവരാണിവർ. സന്ദർഭോചിതമായ പ്രതികരണം ഇത്തരക്കാരുടെ ഒരു പ്രത്യേകതയാണ്. പുതിയ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുകയും യാത്രകളിലും വിനോദങ്ങളിലും പ്രത്യേക താല്പര്യ കാണിക്കുകയും ചെയ്യും. ഈ സ്വഭാവത്തെ നിയന്ത്രിക്കുന്നത് ഡോപമിൻ, നോർഎപിനോഫിൻ എന്നീ ന്യൂറോ ട്രാൻസ്മിറ്ററുകളാണ്.

2. നിർമ്മാതാവ് (Builder)
ശാന്തതയും സ്വയം നിയന്ത്രണവുമുള്ള ഇവർ മൂല്യങ്ങൾക്കും ആശയങ്ങൾക്കും പ്രാധാന്യം കൊടുക്കുകയും വളരെ ആലോചിച്ചതിനു ശേഷം പ്രവർത്തിക്കുകയും ചെയുന്നു. വ്യകതമായ ആസൂത്രണ പാടവത്തോടെ പദ്ധതികൾ തയ്യാറാക്കുകയും ഓരോന്നും സമയബന്ധിതമായി ചെയ്തു തീർക്കുകയും ചെയ്യും. ചെയ്യുന്ന പ്രവർത്തിയോട് കൂറു കാണിക്കുക മാത്രമല്ല കുടുംബത്തിനും വ്യക്തികൾക്കും ആത്മാർഥ സുഹൃത്തുക്കൾക്കും കുട്ടികൾക്കും പ്രാധാന്യം കൊടുക്കുകയും ചെയുന്നു. മറ്റുള്ളവരുടെ നിയന്ത്രണങ്ങൾക്കനുസരിച്ച് ജീവിക്കാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. അധികാരികളോട് നല്ല ബഹുമാനം കാണിക്കുകയും മതാചാരങ്ങൾക്കും പാരമ്പര്യത്തിനും പ്രാധാന്യം കൊടുക്കുകയും ചെയ്യും. ഇവരുടെ സ്വഭാവം നിയന്ത്രിക്കുന്നത് സെറോടോണിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ ആണ്.

3. സംവിധായകർ (Director)
നല്ല യുക്തിബോധവും സ്വാതന്ത്ര്യബോധവും ഉള്ള ഇവർ പ്രയോഗികതയ്ക്ക് പ്രാമുഖ്യം കൊടുക്കുന്നു. മത്സര ശേഷിയുള്ള ഇത്തരം ആളുകൾ നേട്ടങ്ങൾക്കു വേണ്ടി എന്തു ത്യാഗം സഹിക്കാനും തയ്യാറാകുന്നു. ശക്തമായ മനഃസാനിധ്യം ഉണ്ടെങ്കിലും പെട്ടെന്നു ദേഷ്യം വരുന്ന .പ്രകൃതക്കാരാണിവർ. അനുതാപം താരതമ്യേന കുറവായ ഇവരിൽ തീരുമാനമെടുക്കാനും മറ്റുള്ളവരെ നിയന്ത്രിക്കാനുമുള്ള കഴിവ് കൂടുതലാണ്. ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ആണ് ഇത്തരക്കാരെ നിയന്ത്രിക്കുന്നത്.

4. സന്ധി ചെയ്യുന്നവർ (Negotiater)
തത്വചിന്താപരമായും ഭാവനപരവുമായ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തു ജീവിക്കുന്നവരാണിവർ . വൈരുധ്യങ്ങളിൽ സ്വയം പാകപ്പെട്ടുകൊണ്ട് സമന്വയം പാലിക്കുന്നു. ആത്മ പരിശോധന നടത്തുകയും സ്വയം വിമർശനം നടത്തുകയും ചെയ്യുമെങ്കിലും ക്ഷിപ്ര വിശ്വാസ ശീലരാണിവർ. നല്ല ഭാഷാശേഷിയുള്ള ഇവർ പഠനങ്ങളിൽ ഏർപ്പെടാൻ താൽപര്യം കാണിക്കുന്നു. ആലോചിച്ച് കാര്യങ്ങൾ നടത്തുകയും മറ്റുള്ളവരുടെ വികാരങ്ങളെ ഉൾക്കൊണ്ട് പെരുമാറുകയും ചെയ്യുന്നു. ഈസ്ട്രജൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളാണ് ഇവരെ നിയന്ത്രിക്കുന്നത്.

ഈ നാലു സ്വഭാവത്തിൽ ഏതെങ്കിലും ഒരു സ്വഭാവം ഒരാളിൽ കൂടുതലായി കാണപ്പെടുന്നു. അതായിരിക്കും ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവം. അതോടൊപ്പം തന്നെ ചെറിയ അളവിൽ മറ്റ് സ്വഭാവവും അയാളിൽ ഉൾപ്പെട്ടിരിക്കും. ഏത് സ്വഭാവ സവിശേഷതയാണ് കൂടുതൽ കാണുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് തരം തിരിവ് നടക്കുന്നത്.
നിങ്ങൾ ഒരു പര്യവേഷകനാണെങ്കിൽ(Explorer) നിങ്ങൾക്ക് അനുയോജ്യനായ വ്യക്തി മറ്റൊരു പര്യവേഷകനായിരിക്കും. നിങ്ങൾ ഒരു നിർമാതാവാണെങ്കിൽ(Builder) നിങ്ങൾക്ക് യോജിച്ചു പോകാൻ കഴിയുന്ന ആൾ ഒരുനിർമാതാവായിരിക്കും. അതേസമയം നിങ്ങൾ ഒരു സംവിധായകനാണെങ്കിൽ(Director) നിങ്ങൾക്കുപറ്റിയ ആൾ ഒരു സന്ധിചെയ്യുന്നതായിരിക്കും(Negotiater) . നിങ്ങൾ ഒരു സന്ധിചെയ്യുന്ന ആൾ ആണെങ്കിൽ നിങ്ങൾക്കുപറ്റിയവ്യക്തി .ഒരു സംവിധായകനായിരിക്കും.

വിവരങ്ങൾക്കു കടപ്പാട്
ഡോ. പ്രസാദ് അമോർ
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് സോഫ്റ്റ്മൈൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ

References:
The Anatomy of Love by Helen Fisher
Why we love: The Nature and chemistry of Romantic Love by Helen fisher
The Mating Mind: How Sexual Choice Shaped the Evolution of Human Nature by Geoffrey Miller

Your Rating: