Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേറ്റ എന്ന മയക്കുമരുന്ന്

528241497

ഇന്റർനെറ്റിലേക്കു കടക്കാനുള്ള വാതിലുകളാണ് ബ്രൗസറുകൾ. എക്സ്പ്ലോറർ മുതൽ മോസില്ല വരെയുള്ള ബ്രൗസറുകളുടെ ഐക്കണുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവയ്ക്കെല്ലാം ഭൂഗോളത്തിനോട് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സാദൃശ്യമുണ്ട്. ഇതൊരു യാദൃച്ഛികതയല്ല. നമ്മുടെ യാഥാർഥ ലോകത്തിനു സമാന്തരമായൊരു ലോകമായി ഇ–ലോകം പരിണമിച്ചിരിക്കുന്നു.

പാട്ടുകേൾക്കാൻ, സിനിമകാണാൻ, ടിവി കാണാൻ, കളിക്കാൻ, ബില്ലുകളടയ്ക്കാൻ, പണമയയ്ക്കാൻ, സാധനം വാങ്ങാൻ, വായിക്കാൻ, അറിവു നേടാൻ, ലൈംഗികത ആസ്വദിക്കാൻ, കൂട്ടുകൂടാൻ, വർത്തമാനം പറയാൻ.. ഇങ്ങനെ ജീവിതത്തിലെ ഏതു കാര്യത്തിനും ഇ–ലോകമുണ്ട്. ഈ സമാന്തര ലോകത്തെ നിർണയിക്കുന്ന അടിസ്ഥാന ഘടകമാണ് ഇന്റർനെറ്റ് ഡേറ്റ. വലിയ വിലകൊടുത്തു ഡേറ്റ വാങ്ങി ഇന്റ്ർനെറ്റ് ഉപയോഗിച്ചിരുന്ന സമയത്ത് സ്വയം നിയന്ത്രണം അനിവാര്യമായിരുന്നു. ഉപയോഗം കഴിഞ്ഞാലുടൻ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കുമായിരുന്നു. എന്നാൽ ആറുമാസത്തേക്ക് റിലയൻസ് ജിയോ നൽകുന്ന സൗജന്യ 4ജി ഡേറ്റ പ്ലാൻ വരുത്തിയത് വിപ്ലവകരമായ മാറ്റമാണ്. മറ്റ് ടെലികമ്മ്യൂണിക്കേഷൻ കമ്പനികളും തുടർന്ന് ഡേറ്റാ നിരക്കുകള്‍ വെട്ടിക്കുറച്ചു. ഇതോടെ ഇന്റർനെറ്റ് സുഖസൗകര്യങ്ങളിൽ മയങ്ങുകയാണ് നമ്മൾ.

പ്രതിദിനം 16,000 ടെറാബൈറ്റ് (ടി. ബി) ഡേറ്റാ ഉപയോഗമാണ് (ഒരു ടി. ബി = 1,000 ജി. ബി) റിലയൻസ് ജിയോയിലൂടെ മാത്രം ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ചൈനയിലെ ‘ചൈനാ മൊബൈലി’നെ പിന്തള്ളി ലോകത്തുതന്നെ ഏറ്റവുമധികം ഡേറ്റ കൈമാറുന്ന സ്ഥാപനമായി ജിയോ മാറിക്കഴിഞ്ഞിരുന്നു. സൗജന്യമായി ഡേറ്റ കിട്ടിയതോടെ ഇന്റർനെറ്റിന്റെ എല്ലാ മേഖലകളിലും ഉപഭോക്താക്കൾ അഭിരമിക്കാൻ തുടങ്ങി.

ഡേറ്റയിലെ നീലനിറം

‘മക്കളുടെ ഫോണിലൊക്കെ നെറ്റുണ്ട്. അതൊക്കെ അവരെ പഠിക്കാൻ ധാരാളം സഹായിക്കും’ എന്നു പറയുന്ന രക്ഷകർത്താക്കളുണ്ട്. ശരിയാണ്, പക്ഷേ കണ്ണടച്ച് അനിയന്ത്രിതമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ മക്കള്‍ക്ക് അനുവാദം നൽകുന്നവർ ചില കണക്കുകൾ കൂടി അറിഞ്ഞിരിക്കണം. ഇന്റർനെറ്റിൽ അനിവാര്യമായ ഡേറ്റയുടെ 30 ശതമാനത്തോളം ലൈംഗികതയും അശ്ലീലവുമായി ബന്ധപ്പെട്ടവയാണ്. പ്രതിദിനം ഇന്റർനെറ്റിലൂ‍ടെ കൈകാര്യം ചെയ്യുന്ന ഡേറ്റയുടെ 50 ശതമാനമോ അതിലധികമോ ലൈംഗികമായ ‘പോൺ ഡേറ്റ’യാണെന്ന കാര്യം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു.

ഡേറ്റാ സൗജന്യ നിരക്കിലായപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കണ്ടന്റായി മാറിയത് വിഡിയോകളാണ്. പതിവായി അശ്ലീലവിഡിയോ കാണുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായതെന്ന് ഡേറ്റാ നിരീക്ഷണം നടത്തുന്ന വിവിധ സൈറ്റുകൾ ഒരേ സ്വരത്തിൽ പറയുന്നു. അശ്ലീല ഡേറ്റ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചതായി വിശകലനങ്ങൾ സൂചിപ്പിക്കുന്നു.

അപകടം അഡിക്ഷനായി

നിരന്തരമായി ചെയ്യുന്ന ഏതു കാര്യവും ക്രമേണ നമ്മുടെ ശീലമായി മാറും. കൂടുതൽ കൃത്യമായി മനശ്ശാസ്ത്ര സഹായത്തോടെ പറഞ്ഞാൽ, 21 ദിവസം അതായത് മൂന്നാഴ്ച തുടർച്ചയായി ചെയ്യുന്ന കാര്യം നമ്മുടെ ശീലമായി പരിണമിക്കും. സുഖം തരുന്ന തെറ്റായ ശീലങ്ങൾ അഡിക്ഷനായി മാറും. മാസങ്ങൾ തുടരുന്ന നിരന്തര ഡേറ്റാ ഉപയോഗം നമ്മളെ അതിന് അഡിക്ടറാക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതുണ്ടോ?

ഒരു സമയത്ത് അമിത ഡേറ്റാ നിരക്കിനെ കുറ്റം പറഞ്ഞിരുന്നവര്‍ ഇപ്പോൾ കുറ്റം പറയുന്നത് കൈയിലുള്ള സ്മാർട് ഫോണിന്റെ ബാറ്ററിയുടെ ചാർജ് വേഗം നഷ്ടപ്പെടുന്നതിനെയാണ്. ഓരോരുത്തരും പൂർണസമയവും ഇന്റർനെറ്റിലേക്ക് കണക്ടഡാണ്. ദിവസം സ്വകാര്യ ആവശ്യത്തിന് അരമണിക്കൂറിൽ താഴെ മാത്രം ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നവർ നാലും അഞ്ചും മണിക്കൂറുകൾ തുടർച്ചയായി നെറ്റിന്റെ ലോകത്താണ്.

കരുതിയിരിക്കുക

അടുത്തിടെ എൻജിനീയറിങ് വിദ്യാർഥിയായ മകൻ മയക്കുമരുന്നിന് അടിമയാണോ എന്നു സംശയവുമായി രക്ഷകർത്താക്കൾ സൈക്കോളജിസ്റ്റിനെ കാണാനെത്തി. മകന്റെ രൂപം വിചിത്രമായിരുന്നു. അലസമായി മുടി, കണ്ണിനു ചുറ്റും കറുപ്പ് വരണ്ടുണങ്ങിയ കണ്ണുകൾ, ഭക്ഷണത്തിൽ താൽപര്യമില്ല, മുറിയടച്ച് ഒറ്റയ്ക്കിരിക്കൽ.. ഇങ്ങനെ ലക്ഷണമെല്ലാം മയക്കുമരുന്നിന് അടിമയായ ഒരാളുടേതുതന്നെ. ആ കുട്ടിയോട് വിശദമായി സംസാരിച്ച ശേഷം മനശാസ്ത്രജ്ഞൻ അച്ഛനമ്മമാരെ മുറിയിലേക്കു വിളിച്ചു. എന്നിട്ടു പറഞ്ഞു. ‘‘നിങ്ങളുടെ മകൻ അഡിക്ടറാണ്, പക്ഷേ മയക്കു മരുന്നിനല്ല. ഹി ഈസ് അഡിക്ടഡ് റ്റു ഡേറ്റ. ഇന്റർനെറ്റ് ഡേറ്റ’’

രാത്രിയിൽ ഒരു സമയം വരെ സോഷ്യൽ മീഡിയയിൽ. പിന്നെ ഓൺലൈൻഗെയ്മുകൾ. ചൂതാട്ടങ്ങള്‍ പിന്നെ ഒടുവിൽ അശ്ലീലസൈറ്റുകളിലും വിഡിയോകളിലും അഭിരമിച്ച്, അമിത സ്വയംഭോഗവും ദിവസം കഷ്ടിച്ച് ഒന്നോ ഒന്നരയോ മണിക്കൂർ ഉറങ്ങിയാലായി....

ഈ വിദ്യാർത്ഥി ഒരു ഒറ്റപ്പെട്ട സംഭവമേയല്ല. സൗജന്യ നിരക്കുകൾ പിൻവലിക്കപ്പെടുമ്പോൾ, ഡേറ്റയ്ക്കു നിയന്ത്രണം വരുമ്പോൾ, പിന്മാറ്റ പ്രശ്നങ്ങൾ– വിത്ഡ്രാവൽ സിപ്റ്റംസ് ഉള്ളവർ കുറച്ചൊന്നുമാവില്ല നമുക്കു ചുറ്റും. അതിനാല്‍ കരുതിയിരിക്കുക. ഡേറ്റയോടും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.