Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൽ ജോസിന് ‘ആ’ സുഹൃത്ത് വേണ്ട

laljose

ലാൽ ജോസിന് ഒരു സുഹ്യത്ത് ഉണ്ടായിരുന്നു. കോളജുപഠനകാലത്ത് കൂടെ കൂടിയതാണ്. അന്ന് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമെ സന്ദർശനം നടത്താറുണ്ടായിരുന്നുള്ളൂ. എന്നാൽ പഠനം കഴിഞ്ഞ് സിനിമാസ്വപ്നവുമായി മദിരാശിയിലേക്ക് ചേക്കേറിക്കഴിഞ്ഞപ്പോഴെക്ക് സുഹ‍‍ൃത്ത് ലാലിന്റെ ശ്വാസത്തോടൊപ്പം തന്നെ അലിഞ്ഞുചേർന്നു. ലാലിന്റെ സിനിമാജീവിതത്തിൽ ഉടനീളം സുഹൃത്ത് തന്റെ കഥാപാത്രം ഉജ്ജ്വലമാക്കി. എന്നാൽ ഏകദേശം ഒരു മാസം മുമ്പ് ലാൽ ഒരു വേദിയിൽ വച്ച് പരസ്യമായി ഒരു പ്രഖ്യാപനം നടത്തി- ‘ആ സുഹൃത്തിനെ, ഞാൻ ഉപേക്ഷിക്കുകയാണ്. എന്നന്നേക്കുമായി.’

ഈ സിനിമാപ്രവർത്തകർ എന്തു ദുഷ്ടൻമാരാണെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ? 30 വർഷത്തോളം കൂടെയുണ്ടായിരുന്നു മിത്രത്തെ യാതൊരു മനസാക്ഷിയും ഇല്ലാതെ ഉപേക്ഷിക്കുകയല്ലേ? എന്നാൽ ആ സുഹൃത്ത് ആര‍ാണെന്ന് അറിഞ്ഞാൽ നിങ്ങൾ ലാൽ ജോസിന് ഒരു സലൂട്ട് നൽകും . ഒപ്പം നിങ്ങളാകുന്നു യഥാർഥ മാതൃക എന്നും പറയും. ഇനി ആ സുഹ്യത്ത് ആരാണെന്നല്ലേ-പുകവലി. ലാലിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ദുഷ്ടനായ സ‍ുഹൃത്ത്. ജീവിതത്തിലേക്കുള്ള ആ സുഹൃത്തിന്റെ കടന്നുവരവും അവൻ മാനസികമായും ശാര‍‌ീര‍ികമായും ആധിപത്യം സ്ഥാപിച്ചതുൾപ്പെടെയുള്ള അനുഭവം ലാൽ ജോസ് പങ്കുവയ്ക്കുന്നു.

സീൻ ഒന്ന്: അച്ഛൻ പുകവലിക്കാത്ത വീട്

എന്റെ ആദ്യത്തെ പുകവലി എന്നു പറയുന്നത് ആഞ്ഞിലി പ്ലാവിന്റെ തിരി കടലാസിൽ ചുരുട്ടി വച്ച് കത്തിച്ചു വലിക്കുന്നതാണ്. പിന്നെ ഉണങ്ങിയ ഒാല കത്തിച്ചു വലിക്കുന്നതും. പത്താം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലത്ത് കൂട്ടുകാരോടെപ്പമാണ് ഈ പുകവലി. ശരിക്കുള്ള പുകയിലയുടെ ഗന്ധം അറിയുന്നത് കോളജിൽ ചേർന്ന ശേഷമാണ്. സ്കൂൾ ഘട്ടം കഴിഞ്ഞ് വല്യ കുട്ടിയായി, പുകവലിയൊക്കെ ആകാം എന്ന മട്ടായി. ബ‍ീഡിയാണ് വലിച്ചിരുന്നത്. കോളജിലെ ഏറ്റവും പൊക്കവും വലുപ്പവും കുറഞ്ഞ വിദ്യാർഥികളിലൊരാളായിരുന്നു ഞാൻ. അതിന്റെ ക്ലോപ്ലക്സിനെ മറികടക്കാനുള്ള തന്ത്രവുമായിരുന്നു ബീഡി വലി. സുഹൃത്തുകളും ഒപ്പമുണ്ട്. ആദ്യമൊക്കെ ഒരു പഫ്, പിന്നെ ആഴ്ചയിൽ മൂന്നോ നാലോ എണ്ണം-ഇങ്ങനെയായിരുന്നു കണക്ക്. ഒരിക്കൽ എന്റെ ബീഡിവലി വീട്ടിൽ അപ്പച്ചൻ കണ്ടുപിടിച്ചു. അപ്പച്ചൻ സാമാന്യം നന്നായി വലിക്കുന്ന ആളായിരുന്നു. ചില ദിവസങ്ങളിൽ പുള്ളിയുടെ ബീഡിക്കെട്ടിന്റെ വണ്ണം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടു. വൈകാതെ തൊണ്ടിമുതലോടെ എന്നെ പിടിച്ചു. നല്ല തല്ലു തന്നു. അപ്പച്ചൻ ആദ്യമായിട്ടാണ് എന്നെ തല്ലുന്നത്. സംഭവത്തിനും ശേഷം ഗുണമുണ്ടായി. എനിക്കല്ല, അപ്പച്ചന്. അദ്ദേഹം പുകവലി പതിയെ നിർത്തി. പക്ഷെ അപ്പച്ചന്റെ ആ തീരുമാനമൊന്നും എനിക്ക് മാനസാന്തരം വരുത്തിയില്ല.

സീൻ രണ്ട്: പുകവലിയും ഞാനും തമ്മിൽ

സിനിമാസ്നേഹം എന്നെ മദ്ര‍ാസിലെത്തിച്ചു. ആ കാലത്താണ് ശരിക്കും പുകവലിക്ക് അടിമപ്പെടുന്നത്. അപ്പോഴെക്കും ബീഡ‍ിയുടെ സ്ഥാനത്ത് സിഗരറ്റു വന്നു. ദിവസവും നാലോ അഞ്ചോ എണ്ണം വലിക്കും. സ്വതന്ത്രസംവിധായകനായപ്പോഴെക്കും എണ്ണം കൂട‍ി. പുക വലി എന്നത് ചിന്തയുടെ ഭാഗമായി മാറി. എഴുത്തിന്റെ സമയത്ത്, ചർച്ചകൾ നടക്കുമ്പോൾ, ഷൂട്ടിങ് നേരത്ത് എല്ലാം സിഗരറ്റ് ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പോകില്ല എന്ന മട്ട്. പക്ഷെ ഷൂട്ടിങ് സമയത്ത് മദ്യപിക്കുകയോ മാംസാഹാരം കഴിക്കുകയോ ചെയ്യില്ല. ദീർഘമായ യാത്രകൾ ചെയ്യുമ്പോഴും പുകവലിക്കില്ല. കഥാചർച്ചകൾ‌ക്കിടയിൽ ആലോചന തുടങ്ങ‍ുമ്പോൾ തന്നെ സിഗരറ്റിനായി പാൻറ്സിന്റെ പോക്കറ്റിലേക്ക് കൈ അറിയാതെ നീളും പായ്ക്കറ്റ് തപ്പിപ്പിടിച്ച്, അതിൽ നിന്ന് സിഗരറ്റ് എടുത്ത്, ചുണ്ടിൽ വച്ച്, ലൈറ്റർ കണ്ടുപിടിച്ച്, സിഗരറ്റ് കത്തിക്കുമ്പോഴെക്ക് ആലോചിച്ച കാര്യത്തിന് ഒരു പരിഹാരം കിട്ടിയിട്ടുണ്ടാകും.

സീൻ മൂന്ന്: അറബിക്കഥ

പുകവലി നിർത്തണമെന്ന് പലപ്പോഴും സുഹ‍ത്തുക്കളും വീട്ടുകാരും നിർബന്ധിക്കുമ‍ായിരുന്നു. ഇടയ്ക്ക് മൂന്നു മാസത്തോളമൊക്കെ വലിക്കാതിരുന്നിട്ടുമുണ്ട്. അപമാനം എന്ന വികാരമാണ് എന്നെ പുകവലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുള്ളത്. ഒരു സംഭവം പറയാം. അറബിക്കഥയുടെ ഷൂട്ടിങ് തീർന്ന സമയം ദുബായ് എയർപോർട്ടിൽ ഇരിക്കുകയാണ്. അവിടെ പുകവലിക്കാൻ പ്രത്യേകം ഇടമുണ്ട്. അവിടെ ഇരുന്നു സിഗരറ്റ് വലിക്കാൻ തുടങ്ങി അപ്പോൾ ഒരു അറബി വന്ന് എന്നെ ഭയങ്കരമായി വഴക്കുപറയാൻ തുടങ്ങി. അപ്പോഴാണ് മനസ്സിലായത് ഞാൻ ഇരുന്നത് നോൺ സ്മോക്കേഴ്സ് ഏര‍ിയയിൽ ആണെന്ന്. മിണ്ടാതെ ഇരുന്ന് ചീത്ത കേൾക്കേണ്ടി വന്നു. ഏയർപോർട്ടിൽ ധാരാളം മലയാളികൾ ഉണ്ടായിരുന്നു. എല്ലാവരുടെയും ശ്രദ്ധ എന്റെ നേർക്കായി. നന്നായി അപമാനിക്കപ്പെട്ടു. ആ ഈർഷ്യയിൽ ആ സിഗരറ്റ് പായ്ക്കറ്റും ലൈറ്ററും ചവറ്റുകുട്ടയിലേക്ക് ഇട്ടു. ഈ സംഭവത്തിനു ശേഷം ഒന്നര വർഷത്തോളം ഞാൻ പുകവലിച്ചില്ല. അത്രയും ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ലേശം അഹങ്കാരമായി, ഇനി ഒരു പഫ് എടുത്താലും പുകവലി ശീലമാക്കില്ല എന്ന്. സ്പാനിഷ് മസാലയുടെ ഷൂട്ടിങ് തീർന്ന സമയം ആ സംഘത്തിലുള്ള അടുത്ത ഒരാൾ എന്റെ അടുത്ത് നിന്ന് സിഗരറ്റ് വലിച്ച‍ു. അതുകണ്ടപ്പോൾ ഞാൻ അതു വാങ്ങി ഒരു പഫ് എടുത്തു. തീർന്നു! അതോടെ എന്റെ പുകവലിക്കില്ലാ വ്രതം അവസാനിച്ചു. പിന്നെ പഴയ ശീലത്തിലേക്കു പോയി.

സീൻ നാല്: നീനയും ഡോ. ഗംഗാധരനും

ആഗസ്റ്റിലായിരുന്നു മലപ്പുറത്തെ കാൻസർ ബോധവൽക്കരണ പരിപാടി. ഡോ.വി.പി. ഗംഗാധരന്റെ ക്ല‍ാസും ഉണ്ടായിരുന്നു. ഈ പരിപാടിക്കു മാസങ്ങൾക്കു മുമ്പ് തന്നെ പുകവലി നിർത്തണം എന്ന് ശക്തമായ തോന്നൽ മനസ്സിൽ ഉണ്ടായിരുന്നു. മാത്രമല്ല നീന സിനിമയുടെ ഭാഗമായി തൃശൂരിലെ ഒരു ഡിഅഡിക്ഷൻ സെൻറ്റിലൊക്കെ പോയിരുന്നു. പുകവലി നിർത്താൻ നീനയും ഒരു കാരണമാണെന്നു പറയാം. മക്കൾക്കായിരുന്നു കൂട‍‍ുതൽ നിർബന്ധം. അങ്ങനെയിരിക്കെയാണ് മലപ്പുറത്ത് പോക‍ുന്നത്. വലിച്ചിട്ടാണ് സ്റ്റ‍േജിൽ കയറിയതുപോലും. പുകവലി ഉപേക്ഷിക്കുകയാണ് എന്ന് പറയണമെന്ന് വിചാരിച്ചല്ല പ്രസംഗിക്കാൻ തുടങ്ങിയത്. പക്ഷെ സംസാരിക്കുന്നതിനിടയിൽ എന്റെ മനസ്സിൽ അങ്ങനെ വന്നു. ഒരു സദസ്സിൽ ഇത്രയും ജനങ്ങളെ സാക്ഷിയാക്കി ഒരു തീരുമാനം പരസ്യമാക്കുമ്പോൾ അതിൽ നിന്ന് പിൻമാറാൻ എനിക്ക് കഴിയില്ല. പിന്നീട് വലിച്ചാൽ അതു നാണക്കേടല്ലേ? അപമാനം അല്ലെങ്കിൽ ദുരഭിമാനം. ഇതൊക്കെ കൊണ്ടേ എെന്ന പിടിച്ചു നിർത്താൻ ആകൂ. എന്നെ ഞാൻ തന്നെ കെണിയിലാക്കി, ആ പ്രഖ്യാപനം നടത്തി. എന്നന്നേക്കുമ‍ായി പുകവലി ഉപേക്ഷിക്കുന്നു.

സീൻ അഞ്ച്: രണ്ട് സുന്ദര മാസങ്ങൾ

ഇനി പുകവലിക്കില്ല എന്ന തീരുമാനം ഉറച്ചതായതുകൊണ്ട് തന്നെ ഇതിനോടുള്ള ആസക്തി നിയന്ത്രിക്കാൻ നിക്കോട്ടിൻ ച്യൂയിംഗ് ഗം വാങ്ങിയിട്ടുണ്ട്. രണ്ടു തവണയേ ഉപയോഗിക്കേണ്ടി വന്നിട്ടുള്ള‍ൂ. കഴിഞ്ഞ മാസ‍ം, ഋഷികേശ് യാത്രയ്ക്കിടെ കാലിലെ കാഫ് മസിലിൽ വേദന വന്നു. പിൻവലിയൽ ലക്ഷണങ്ങളിലൊന്നാണെന്ന് മനസ്സിലായി. വേറെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. മരണഭയമോ രോഗഭയമോ കൊണ്ടല്ല വലിനിർത്തിയത്. എന്റെ ശീല‍‍‍‍ം കാരണം മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒാർത്താണ്. എവിടെ ഇരുന്നും ഞാൻ വലിക്കും. അത്തരം മര്യാദകേടുകൾ അവസാനിപ്പിക്കണമെന്നുണ്ടായിരുന്നു. പണ്ട് പാസീവ് സ്മോക്കിങ്ങ‍ിനെ കുറിച്ചുള്ള പരസ്യമൊക്കെ കാണുമ്പോൾ മക്കൾ എന്നോട് പറയുമായിരുന്നു, അവർക്ക് എന്തൊക്കെ രോഗമാണോ വരാൻ പോകുന്നതെന്ന്. ഇതൊക്കെ കേൾക്കുമ്പോൾ ഒരു പ്രയാസം ഉണ്ടാകും . മാത്രമല്ല ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ പോകുമ്പോൾ അവിടെത്തെ കുട്ടികളെ എടുത്താൽ വീട്ടുകാർക്ക് അസ്വസ്ഥത ഉണ്ടാകും. നമ്മൾ പുകവല‍ിച്ചിട്ടാണല്ലോ വന്നത്. ഞാൻ വലി നിർത്തിയത് അറിഞ്ഞ എന്റെ ഒരു അടുത്ത ബന്ധുവും പുകവലി നിർത്തി. ദിവസവും 40 എണ്ണം വരെ വലിച്ചിര‍ുന്ന വ്യക്തിയായിരുന്നു. കൂടാതെ മകളുടെ സുഹൃത്തിന്റെ അച്ഛനും ഈ ശീല‍ം ഉപേക്ഷിച്ചു. എനിക്ക് വേണ്ടതും ഇതായിരുന്നു, എെന്റ പ്രവൃത്തി കാരണം ഒരാളെങ്കിലും വലി നിർത്തണമെന്ന്.

ഏതെങ്കിലും വസ്ത‍ുവിനോടുള്ള ആസക്തി അല്ലെങ്കിൽ വിധേയത്വം ഒരു തരം അപമാനമാണ്. അതു മനസ്സിലാക്കിയാൽ നമ്മൾ ആ ശീലം ഉപേക്ഷിക്കും. എന്റെ അനുഭവമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.