Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തിലേക്ക് വഴുതി വീഴുന്നത് എങ്ങനെയെന്നറിയാമോ?

472136899

നല്ല കുടുംബം, കാണാനും ഫ്രീക്കൻ. പക്ഷേ പൂജയ്ക്ക് ഇഷ്ടമില്ല, ഓർമയില്ലേ ഓം ശാന്തി ഓശാനയിലെ പൂജയെ. ഇഷ്ടമുള്ളവരെ കാണുമ്പോൾ അടിവയറ്റിൽ മഞ്ഞുവീഴുംപോലെ ഒരു അനുഭവം യാർഡ്​ലിയെ കാണുമ്പോൾ ഇല്ല, എന്നാൽ ഗിരിയെ കാണുമ്പോൾ ധാരാളമായി ഉണ്ടുതാനും. അതേപോലെ ‘ഇംപെർഫെക്‌ഷനിസ്റ്റ്’ പെൺകുട്ടിയായിട്ടും ആനന്ദത്തിൽ അക്ഷയ്ക്ക് ദിയയോട് ആദ്യ കാഴ്ചയിൽത്തന്നെ പ്രണയം തോന്നുന്നു. ഏതായാലും സിനിമയിലെ നായകനെ കാണുമ്പോൾ നായികയ്ക്ക് ഇത്തരം ആകർഷണം തോന്നണമെന്നാണ് പറഞ്ഞുവച്ചിട്ടുള്ളത്. എന്നാലും ഇതേപോലെ സിനിമകളിൽ മാത്രമല്ല ജീവിത യാത്രകളിലെപ്പോഴെങ്കിലും ഒരു കണ്ടുമുട്ടൽ ഒരു ഇഷ്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാത്തവർ ചുരുക്കമായിരിക്കും. ആകർഷണം യഥാർഥ പ്രണയത്തിലേക്ക് കടക്കാൻ പിന്നെയും നിരവധി കാരണങ്ങൾ വേണമെങ്കിലും. അത്തരമൊരു അവസ്ഥയിൽ എത്തുമ്പോൾ നമ്മുടെ ശരീരത്തിനെന്തു സംഭവിക്കുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ?. ഹൃദയമിടിപ്പ് കൂടും. ചിലർക്ക് ശരീരമാകെ വിറയ്ക്കും. ചിലപ്പോൾ നാം ആകെ ദുർബലരാകും. ഏറ്റവും അധികം പഠിക്കപ്പെട്ട വിഷയമാണ് പ്രണയം പക്ഷേ ഏറ്റവും കുറവ് കാര്യങ്ങൾ നമുക്ക് അറിയാവുന്നതും പ്രണയത്തെക്കുറിച്ചാണ്. പ്രണയത്തിൽലായിരിക്കുമ്പോൾ തലച്ചോറിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

ചോക്കലേറ്റും പ്രണയവും തമ്മിൽ ബന്ധമുണ്ടോ?
ചോക്കലേറ്റ് കൊടുക്കലൊക്കെ പൈങ്കിളിയാണെന്ന് പറയാൻ വരട്ടെ. ശാസ്ത്രീയമായി പ്രണ‌യത്തെ പഠിച്ച ഏതോ വിരുതനാണ് ചോക്കലേറ്റ് കൊടുക്കാൻ തുടങ്ങിയത്, കാരണം ലവ് ഹോര്‍മോണ്‍ എന്ന ഗണത്തില്‍ വരുന്നതാണ് ഡോപാമൈൻ, നോർപിനെഫ്രിൻ എന്നീ ഹോർമോണുകൾ. നമുക്ക് നല്ല മാനസികാവസ്ഥയും സന്തോഷകരമായ അവസ്ഥയും നൽകുന്ന ഈ ഹോർമോൺ ചോക്കലേറ്റ് കഴിക്കുമ്പോൾ ശരീരത്തിലുണ്ടാവും.

തലച്ചോറിലെ കോഡേറ്റ് ന്യൂക്ലിയസ്
തലച്ചോറിലെ കോഡേറ്റ് ന്യൂക്ലിയസ് പ്രണയത്തിൽ വളരെയേറെ പ്രവർത്തിക്കുന്ന ഭാഗമാണ്. ഡോപാമൈൻ പുറപ്പെടുവിക്കുന്ന കോശങ്ങളാണ് ഇവിടെയുള്ളത്. റൊമാന്റിക് മൂഡിലേക്കെത്തുകയും ആഗ്രഹങ്ങളുണ്ടാകാനും ഇടയാക്കുന്നത് തലച്ചോറിലെ ഈ ഭാഗമാണത്രേ.

വെന്‍ട്രല്‍ ടഗ്മെന്റ് ഏരിയ
വെന്‍ട്രല്‍ ടഗ്മെന്റ് ഏരിയായ്ക്ക് കമിതാക്കളെ പ്രണയത്തിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുണ്ട്. ഡോപാമൈൻ‌ എന്ന ന്യൂറോ ട്രാന്സ്മിറ്റർ ഇവിടെയും പ്രവർത്തിക്കുന്നുണ്ട്. കവിളുകൾ ചുവക്കുന്നതിനും ഹൃദയമിടിപ്പ് കൂടുന്നതിനും കൈത്തലം വിയർക്കുന്നതുമെല്ലാം കാരണം ഈ ഭാഗത്തിന്റെ പ്രവർത്തനമാണ്.

ഓക്സിടോസിൻ
രണ്ട് ആളുകൾ ആലിംഗനം ചെയ്യുമ്പോഴും ഒരു അമ്മ കുട്ടിയെ താലോലിക്കുമ്പോഴും ശാരീരിക സ്പർശന സമയത്തുമെല്ലാം ഓക്സിടോസിൻ ഉത്പാദിപ്പിക്കും. മാനസിക ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഹോർമോണാണ് ഇത്. എന്നാൽ സംശയവും അസൂയയുമെല്ലാമാണ് നമുക്കുള്ളതെങ്കിൽ ഇത്തരം വികാരങ്ങളെ പരിപോഷിപ്പിക്കുന്നതു‌ം ഇതേ ഹോർമോണാണെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Your Rating: