Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ ഉപയോഗിക്കാം ഭയം കൂടാതെ

mobile-use

കുറച്ചുകാലമായി മറവി കൂടുതലാണ്. ചില സുഹൃത്തുക്കളുടെ പേരുപോലും ഒറ്റയടിക്കു നാവിൽ വരുന്നില്ല. കോൺസൻട്രേഷനും കുറച്ചു കുറഞ്ഞിട്ടുണ്ടോ എന്നു സംശയം... അടിക്കടി തലവേദനയും വരുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം കുറച്ചു കൂടുതലാ... ഇനി അതാവുമോ കാരണം?... ഏഴെട്ടുവർഷമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന 32 കാരനായ ഒരു മാർക്കറ്റിങ് എക്സിക്യൂട്ടീവിന്റെ വാക്കുകളാണിത്.

ഇതുപോലെയൊക്കെയുള്ള സംശയങ്ങൾ നമ്മിൽ പലരും സ്വയം ചോദിച്ചു തുടങ്ങിയിട്ടുണ്ട്. സത്യത്തിൽ ഈ മൊബൈൽ ഫോണുകൾ കുഴപ്പക്കാരാണോ? ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ നടന്ന വിപുലമായ ഒരു പഠനത്തിൽ നിലവാരമുള്ള മൊബൈൽ ഫോണുകളുടെ ഉപയോഗം കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് തറപ്പിച്ചു പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പക്ഷേ ലോകമെമ്പാടും നടന്നുവരുന്ന നിരവധി പഠനങ്ങൾ മൊബൈൽ ഫോൺ തലച്ചോറിൽ അർബുദവും ട്യൂമറും മുതൽ വന്ധ്യത, ഓർമക്കുറവ്, തലവേദന, ക്ഷീണം, ചർമപ്രശ്നങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും അപസ്മാരം, മൈഗ്രേൻ പോലുള്ള രോഗങ്ങളെ ഉദ്ദീപിപ്പിക്കുമെന്നും വ്യക്തമാക്കുന്നു.

ഒന്നുറപ്പ്: തലച്ചോറിൽ മാറ്റം വരുത്തുന്നു

വിവാദങ്ങൾ അവിടെ നിൽക്കട്ടെ, വിശ്വസനീയമായ ഒരു റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്തുവരികയുണ്ടായി. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്, 47 പേരിൽ ലളിതമായ ഒരു പരീക്ഷണം നടത്തി. മൊബൈൽ ഫോണിൽ സംസാരിക്കുന്ന സമയത്തും അല്ലത്തപ്പോഴുമുള്ള അവരുടെ തലച്ചോറിന്റെ പ്രവർത്തനം സ്കാൻ ചെയ്തു നോക്കി. ഫോൺ ചേർത്തുവെച്ച ചെവിയോട് അടുത്തുവരുന്ന തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടാകുന്നതായി അവർ കണ്ടെത്തി. ഈ മാറ്റം അപകടകരവുമാണ്.

പക്ഷേ, തലച്ചോറിലുണ്ടാകുന്ന ഈ മാറ്റങ്ങൾ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നു മനസിലാക്കാൻ കൂടുതൽ പഠനങ്ങൾ വേണ്ടിവരുമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മൊബൈൽഫോണുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തുതന്നെയായാലും എത്രയും നേരത്തേ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നോ അത്രയും നല്ലത്.

സാർ അറിഞ്ഞ് ഫോൺ വാങ്ങാം

മൊബൈൽഫോണിൽ നിന്നുള്ള വൈദ്യുതകാന്തികവികിരണങ്ങളെയാണ് റേഡിയേഷൻ എന്നു വിളിക്കുന്നത്. ഈ വൈദ്യുതകാന്തികഊർജം ശരീരകോശങ്ങളിൽ ഏൽപിക്കുന്ന സ്വാധീനത്തിന്റെ നിരക്കാണ് സാർ അഥവാ സ്പെസിഫിക് അബ്സോർപ്ഷൻ റേറ്റ്(SAR). അമേരിക്കയിൽ വിൽക്കുന്ന ഫോണുകളുടെ പരമാവധി SAR നിരക്ക് 1.6 W/Kgയായും യൂറോപ്യൻ യൂണിയനിൽ 2 W/Kg യായും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഈ നിരക്ക് നടപ്പിലായിട്ടില്ല. മികച്ച ബ്രാൻഡുകൾ എല്ലാം തന്നെ അവരുടെ വെബ്സൈറ്റുകളിൽ ഓരോ ഫോണിന്റെയും റേഡിയേഷൻ നിരക്ക് നൽകിയിട്ടുണ്ട്. ഫോൺ വാങ്ങുമ്പോൾ അതിന്റെ ഭംഗിയും വിലയും സൗകര്യങ്ങളും മാത്രം മാനദണ്ഡമാക്കാതെ റേഡിയേഷൻ നിരക്കും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. SAR നിരക്ക് ചുരുങ്ങിയത് 2 W/Kgൽ താഴെയുള്ളതാണ് നല്ലത്.

ഡ്യുവൽ സിം ഫോണിനെ സൂക്ഷിക്കുക

വളരെ വില കുറഞ്ഞ, ഇരട്ട സിമ്മുള്ള ഫോണുകൾ ഇരട്ടറേഡിയേഷനുകളുള്ളവയാണ്. ഫോൺ കൈവശമുള്ളപ്പോഴെല്ലാം ഇത്രയും റേഡിയേഷൻ ശരീരത്തിലെത്തുന്നു. SAR കർശനമാക്കിയ രാജ്യങ്ങളിൽ ഡ്യുവൽ സിംഫോണുകളുടെ ഉപയോഗം കുറവാണ്. SAR നിരക്കിന്റെ പരിധിയ്ക്കുള്ളിൽ റേഡിയേഷൻ നിർത്താൻ പ്രയാസമായതിനാലാണ് മികച്ച മൊബൈൽ കമ്പനികൾ ഡ്യുവൽ മോഡലുകൾ വിപണിയിൽ അധികം ഇറക്കാത്തത്. ഇത്തരം ഫോണുകൾ ഉപയോഗിക്കുന്നവർ തീർച്ചയായും ഹെഡ്സെറ്റ് (ഇയർഫോൺ) ഉപയോഗിക്കാൻ മറക്കരുത്.

മറുചെവിയിലേക്ക് മാറ്റുക

തുടർച്ചയായ സംസാരം അരമണിക്കൂറിലേറെ നീളരുത്. പത്തുമിനിറ്റിലേറെ നീളുന്ന കോളുകൾക്ക് സാധാരണഹെഡ്ഫോൺ (ഇയർഫോൺ—വയേർഡ് ഹെഡ്സെറ്റ്) ഉപയോഗിക്കണം. അല്ലെങ്കിൽ ലൗഡ്സ്പീക്കർ ഉപയോഗിക്കുക. കഴിയുന്നില്ലെങ്കിൽ ഓരോ പത്തുമിനിറ്റിനിടയിലും മറു ചെവിയിലേക്ക് ഫോൺ മാറ്റുക. മൊബൈൽഫോൺ എപ്പോഴും ശരീരത്തിൽ നിന്നും അകറ്റി സൂക്ഷിക്കുന്നതാണ് നല്ലത്. യാത്രചെയ്യുമ്പോൾ പോക്കറ്റിൽ വയ്ക്കാതെ ബാഗിൽ സൂക്ഷിക്കുകയും ഓഫീസിലോ വീട്ടിലോ എത്തിയാൽ മേശപ്പുറത്തേയ്ക്കോ മറ്റോ മാറ്റി വെയ്ക്കുന്നതുമാണു നല്ലത്.

തലയണയ്ക്കടിയിൽ വയ്ക്കരുത്

ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമല്ല ഓണായിരിക്കുന്ന എല്ലാ സമയത്തും അതിൽ നിന്നും റേഡിയേഷൻ ഉണ്ടാകുന്നുണ്ട്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സെൽഫോൺ തലയണയ്ക്കടിയിൽ സൂക്ഷിക്കുന്ന ശീലം പലർക്കുമുണ്ട്. ചിലർ അലാറം സെറ്റ് ചെയ്ത് തലയണയ്ക്കടിയിൽ വയ്ക്കും. രാത്രിമുഴുവൻ തലച്ചോർ ഈ വികിരണങ്ങളിൽ പുഴുങ്ങി എടുക്കേണ്ടതുണ്ടോ? തലവേദനയുമായി ഉറക്കമുണരുമ്പോൾ ഫോൺ ഒന്നു മാറ്റിവെച്ചു നോക്കൂ.

സിഗ്നൽ കുറഞ്ഞാൽ റേഡിയേഷൻ കൂടും

സിഗ്നൽ ദുർബലമായ സ്ഥലങ്ങളിൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മൊബൈൽ ടവറിൽ നിന്നുള്ള സിഗ്നൽ ദുർബലമാകുമ്പോൾ വിനിമയം മുറിയാതിരിക്കാൻ മൊബൈൽഫോണുകൾ ഇലക്ട്രോമാഗ്നറ്റിക് ഊർജം വളരെ കൂടുതൽ ഉപയോഗിക്കും. ഇത് റേഡിയേഷൻ കൂട്ടും. സന്ദേശം കൈമാറാൻ എസ് എം എസിനെ ആശ്രയിക്കുന്നതാണ് നല്ലത്. ഈ സമയം ഫോൺ ഓഫ് ചെയ്തു വെയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ബാറ്ററിചാർജും കൂടുതൽ നേരം കിട്ടും.

കോൾവരുമ്പോൾ അത് സ്വീകരിച്ച ശേഷവും വിളിക്കുമ്പോൾ മറുതലയ്ക്കൽ അത് എടുത്തശേഷവും മാത്രമേ ചെവിയോടു ചേർക്കാവൂ. റേഡിയേഷൻ കൂടുതൽ പ്രസരിക്കുന്നത് ഈ സമയത്താണ്. സംസാരിക്കുമ്പോൾ ഫോണിന്റെ പിൻഭാഗം കൈകൊണ്ട് മറച്ചു പിടിക്കാതിരിക്കാനും ശ്രദ്ധിക്കണം. അത് സിഗ്നൽ സ്ട്രെങ്ത് കുറയ്ക്കുന്നതു മൂലം റേഡിയേഷൻ കൂട്ടും. ഫോൺ ചെവിയോട് അമർത്തിപിടിക്കുന്തോറും തലയിൽ റേഡിയേഷൻ ബാധിക്കുന്നതു കൂടും. ഇയർ സ്പീക്കറിന്റെ ശബ്ദം കൂട്ടിവെച്ചാൽ ഫോൺ ചെവിയിൽ അമർത്തിവെയ്ക്കുന്നത് ഒഴിവാക്കാം.

കുട്ടികളിൽ പ്രത്യാഘാതം കൂടും

മൊബൈൽ ഫോണിൽ നിന്നും തലച്ചോറിലേയ്ക്ക് റേഡിയേഷൻ ഏൽക്കാനുള്ള സാധ്യത കുട്ടികളിലാണ് കൂടുതൽ. കുട്ടികളിൽ തലയോട്ടിയുടെ കട്ടി കുറവാണെന്നതാണ് കാരണം. ഗർഭിണികളും മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണം. നവജാതശിശുക്കളുടെ അടുത്തു ഫോൺ വെയ്ക്കുന്നതും നല്ലതല്ല.

ബ്ലൂടൂത്ത് ഹെഡ്സെറ്റ് നല്ലതാണോ?

ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ വളരെ സുരക്ഷിതമാണെന്ന ധാരണ പലർക്കുമുണ്ട്. സെൽഫോണിനോളം റേഡിയേഷൻ വയർ രഹിതബ്ലൂടൂത്ത് ഹെഡ്സെറ്റിനില്ല എന്നതു ശരിയാണ്. പക്ഷേ, ചെവിയിൽ ഈ ഹെഡ്സെറ്റ് തിരുകിവെയ്ക്കുമ്പോഴും ഒപ്പം ഉപയോഗിക്കുന്ന ഫോൺ പോക്കറ്റിൽ തന്നെയായിരിക്കും മിക്കവരും സൂക്ഷിക്കുക. ചുരുക്കത്തിൽ മൊബൈൽഫോൺ ശരീരത്തിലേൽപ്പിക്കുന്ന റേഡിയേഷൻ കുറയുന്നുമില്ല. ബ്ലൂടൂത്തിൽ നിന്നുള്ളത് അധികം കിട്ടുകയും ചെയ്യുമെന്നു സാരം. ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിക്കുന്നവർ നിർബന്ധമായും ഫോൺ ശരീരത്തിൽ നിന്നും അകറ്റി വെയ്ക്കുക തന്നെ വേണം.