Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽഫോൺ കളിപ്പാട്ടമാകുമ്പോൾ

517678925

കിലുക്കാംപെട്ടിയല്ല, കുലുക്കിയാൽ സംഗീതംപൊഴിക്കുന്ന സ്മാര്‍ട്ട് ഫോണാണ് പുതിയകാലത്തെ കുട്ടികളുടെ കളിപ്പാട്ടം. അമ്മ എന്ന് അക്ഷരസ്ഫുടതയോടെ വിളിക്കുന്നതിനു മുമ്പേ സ്മാർട്ട് ഫോണിന്റെ ലോക്കഴിക്കാൻ അവരെ ആരും പഠിപ്പിക്കേണ്ടതില്ല. പക്ഷേ, കഥകളിലെ കുഴപ്പങ്ങൾ വിതയ്ക്കുന്ന പാൻഡോറയുടെയും ബോക്സ് പോലെയൊന്നാണ് ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളെന്ന തിരിച്ചറിവിൽ ചില മാതാപിതാക്കളെങ്കിലും സംശയിക്കുന്നുണ്ട്, കുട്ടിക്ക് ഇതൊക്കെ നൽകാമോ എന്ന്? കുട്ടിയുടെ ബുദ്ധിവികാസത്തിന് ഇതു തടസ്സമാകുമോ എന്ന്. എപ്പോഴും കുനിഞ്ഞുകൂനിയിരുന്ന് കാണുന്ന മൊബൈലിന്റെ ഇത്തിരിച്ചതുരത്തിലേക്കൊതുങ്ങിപ്പോകുമോ അവന്റെ സന്തോഷങ്ങളും സൗഹൃദങ്ങളുമെന്ന്.

എന്തുകൊണ്ട് ടെക് കളികൾ?

എന്തുകൊണ്ടാണ് ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് ഇത്തരം ഗാഡ്ജറ്റുകൾ കളിപ്പാട്ടങ്ങളാകുന്നത് ? പ്രധാനകാരണം നമ്മുടെ പുതു തലമുറ സാങ്കേതികമായി വളരെയേറെ മുന്നിലാണെന്നതു തന്നെ. പുതിയതരം ഫോണുകൾ, ടാബ്‌‌‌‌‌‌‌‌ലറ്റുകൾ, ഐപാഡുകൾ.... മൊബൈൽ ഫോണുമായി അപ്പുറവുമിപ്പുറവും കിടക്കുന്ന അച്ഛനമ്മമാരെ നോക്കി ‘എന്നെയും ഡൗൺലോഡ് ചെയ്തെടുത്തതാണോ’ എന്നു കുട്ടി ചിന്തിക്കുന്ന ചിത്രം സോക്ഷ്യൽ മീഡിയകളിൽ ചിരിയുണർത്തിയിരുന്നു. പക്ഷേ, ഈ അവസ്ഥയാണ് നമ്മുടെയൊക്കെ വീടുകളിൽ എന്നത് നഗ്നമായ സത്യമാണ്.

അച്ഛനുമമ്മയും മൊബൈലിൽ കളിക്കുന്ന വീട്ടിലെ കുട്ടികളും സ്വാഭാവികമായും ടെക് സാവിയാകാനേ തരമുള്ളു. രണ്ടാമത്തെ പ്രധാനകാരണം ഇന്നത്തെ അച്ഛനമ്മമാരില്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥരും ദിവസത്തിന്റെ ഏതാണ്ട് മുക്കാൽ സമയവും കുഞ്ഞിനെ പിരിഞ്ഞിരിക്കുന്നവരുമാണെന്നതാണ്. കുഞ്ഞിനോടൊപ്പം സമയം പങ്കിടാനാവാത്തതിന്റെ കുറ്റബോധം തീർക്കാൻ ഇത്തരം ചില ‘സന്തോഷിപ്പിക്കലുകൾ’ നടത്തുന്നു. ഭാവിയിൽ അതൊരു വലിയ പ്രശ്നമാകുമെന്ന് അവരത്ര ചിന്തിക്കുന്നുമില്ല.

കളി കുറയുന്നു

എന്താണ് ഇത്തര ഗാഡ്ജറ്റുകളുടെ പ്രശ്നമെന്നു നോക്കാം. ഏറ്റവും പ്രധാന പ്രശ്നം കുട്ടിയുടെ ലോകം മൊബൈലിന്റെയോ ടാബിന്റെയോ സ്ക്രീൻവട്ടത്തിൽ ഒതുങ്ങിപ്പോകുമെന്നതാണ്. കുട്ടിയുടെ ബുദ്ധിപരമായ പൂർണവികാസത്തിന് വ്യത്യസ്തമായ സംവേദനങ്ങൾ ആവശ്യമാണ്. കണ്ടും കേട്ടും അനുഭവിച്ചും കാര്യങ്ങളറിയണം. അനുഭവങ്ങളുടെ ലോകം ചെറുതായിരുന്നതിനാൽ അവർ ലോകത്തെ കാണുന്നതും ആ ചുരുങ്ങിയ അറിവനുസരിച്ചാകും. പ്രശ്നങ്ങൾ പരിഹരിക്കുക ഉൾപ്പെടെയുള്ള സാമൂഹികശേഷികൾ, ഭാവിയിൽ അവരിൽ പരിമിതമായിരിക്കും.

പഠന ഇടവേളകളിൽ വിഡിയോഗെയിം എന്നത് ഒരു തുടർക്കഥയാകുമ്പോള്‍ പുറത്തിറങ്ങി കളിക്കാനുള്ള സാഹചര്യങ്ങളാണ് നഷ്ടമാകുന്നത്. കുട്ടിയുടെ പ്രാഥമികമായ സാമൂഹിക ഇടപെടാലാണ് കൂട്ടം ചേർന്നുള്ള കളി. അത് ഇല്ലാതാക്കുമ്പോൾ സാമൂഹികമായി അവൻ ഒറ്റപ്പെടുന്നു. ജയപരാജയങ്ങളെ നേരിടുന്നതുപോലുള്ള സാമൂഹികശേഷികൾ വികസിക്കാതെ പോകുന്നു. ഒരു ഹാവാർ‌ഡ് പഠനം പറയുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ഗുണകരമായി മാറ്റിമറിക്കുമെന്നാണ്.

പതിവായി ദീർഘസമയം വിഡിയോഗെയിം ഉൾ‍പ്പെടെയുള്ളവ കാണുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണത, ആത്മാരാധന (നാർസിസം) എന്നിവ കാണുന്നതായി പഠനങ്ങളുണ്ട്. ഇവർക്ക് ഭാവനാപരമായ ശേഷികൾ കുറവായിരിക്കും. പതിവായി രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം ചെലവിടുന്ന. 10–11 വയസ്സുള്ള. 1000 കുട്ടികളിൽ നടത്തിയ പഠനത്തിൽ മനശാഃശാസ്ത്രപരമായ പ്രയാസങ്ങൾ വ്യാപകമാണെന്ന് കണ്ടിരുന്നു. വിഷാദം, ഉത്കണ്ഠ. ശ്രദ്ധക്കുറവ്, പെരുമാറ്റ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഇവരിൽ കണ്ടത്.

വാശി കൂടുന്നു ദേഷ്യവും

എപ്പോഴും അയഥാർഥമായ ലോകത്തു കണ്ണും നട്ടിരിക്കുന്ന കുട്ടികളുടെ പെരുമാറ്റത്തിലും യഥാർഥലോകത്തിനു ചേരാത്ത ചില പ്രത്യേകതകൾ കാണാം. പിടിവാശി, അമിതമായ ദേഷ്യം, ഇരിപ്പുറയ്ക്കാതെ ഉഴറി നടക്കുക. ചെറിയ കാര്യങ്ങൾക്കു പോലും വയലന്റാവുക, കൊച്ചുകുറ്റപ്പെടുത്തലുകൾക്കു പോലും സ്വയം മുറിവേൽപ്പിച്ചു ശിക്ഷിക്കുക എന്നിവയൊക്കെ ഇങ്ങനെയുള്ള കുട്ടികളിൽ കാണാറുണ്ട്.

ഫോൺ വാങ്ങിവച്ചതിന് കൈത്തണ്ട മുറിച്ചവർ, വീട്ടുകാരുമായി വഴക്കിട്ട് പുലരുംവരെ മുറിയടച്ചിരുന്ന് പ്രിയപ്പെട്ട ഗെയിം കണ്ടു തീർക്കുന്നവർ എന്നിങ്ങനെ വിചിത്രമായ പെരുമാറ്റ പ്രശ്നങ്ങളുമായി എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളതെന്നു മനശാസ്ത്രവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

‘ഐ പാഡി’ എന്നൊരു പ്രയോഗം തന്നെ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ എടുത്തുമാറ്റുമ്പോൾ കുട്ടികൾ കാണിച്ചുകൂട്ടുന്ന ബഹളത്തെയാണ് ഈ പദം കൊണ്ടുദ്ദേശിക്കുന്നത്.

ടെക്നോളജിയുടെ ഈ നിഗ്രഹശക്തി അറിയുന്നതു കൊണ്ടാവണം ഐ പാഡും ആപ്പിൾ ഫോണുകളും വിപണിയിൽ അവതരിപ്പിച്ച സ്റ്റീവ് ജോബ്സ് തന്റെ കുട്ടികള്‍ക്ക് ഇതുവരെ ഐപാഡ് നൽകിയിട്ടില്ല. എന്ന് വെളിപ്പെടുത്തിയിരുന്നു. ഇത്തരം ഉപകരണങ്ങൾക്കായി നിശ്ചിത ഉപയോഗ സമയവും വച്ചിട്ടുണ്ടത്രെ.

ഡേഞ്ചർ ഗെയിമുകൾ

മുതിർന്ന കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ‌ചെറിയ കുട്ടികൾ ഗെയിം കളി‌ക്കാനാണ് ഫോൺ കൂടുതലും ‌ഉപയോഗിക്കുന്നത്. ഗെയിമല്ലെ. നിർദോഷമാണ് എന്നു കരുതുന്നുണ്ടാകാം. എന്നാൽ, ആളുകളെ കൊല്ലുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനായി ചിത്രീകരിക്കുന്ന വീഡിയോഗെയിമുകളുണ്ട്. ‌ഇത്തരം ഗെയിമുകൾ കുട്ടികളെ ദേഷ്യക്കാരും അക്രമണപ്രവണതയുള്ളവരുമായി രൂപപ്പെടുത്താം. വൈകാരികമായ മരവിപ്പുമുണ്ടാക്കാം. 12 വയസ്സിനു മുമ്പ് എന്ത‌ാണ് യഥാർഥം, എന്താണ് അയഥാർഥം എന്ന വിവേചന ബുദ്ധി കുറവായിരിക്കും.‌ ‌കാർ റെയ്സ് ഗെയിം കളിക്കുന്ന കുട്ടി റോഡിലിറങ്ങുമ്പോഴും ‘പോയി ഇടിക്ക്, ഇടിച്ചു തകർക്ക്’ എന്നാവേശം കൊണ്ടാൽ അദ്ഭുതപ്പെടേണ്ടതില്ല. സ്ക്രീനിൽ ‌‌കാണുന്നത് അനുകരിക്കാനുള്ള പ്രവണതയും കുട്ടികളിൽ കൂടുതലാണ്.

വിഡിഗെയിമുകളെക്കാൾ അപകടകരമാണ് കാർട്ടൂണുകൾ എന്നാണ് ചില മനഃശാസ്ത്രവിദഗ്ധരുടെ അഭിപ്രായം. നോടിനേരം കൊണ്ട് പുറത്തുപോകുന്ന ‌കാർട്ടൂണുകൾ ആസ്വദിക്കാൻ വലിയ ശ്രദ്ധയുടെയൊന്നും ആവശ്യമില്ല. പതിവായി കാർട്ടൂണുകൾ കാണുന്ന കുട്ടികളിൽ ശ്രദ്ധക്കുറവു വരാൻ സാധ്യതയേറെയാണ്.

ശാരീരിക പ്രശ്നങ്ങള്‍

ഗാഡ്ജറ്റുകൾക്കു മുന്നിൽ കുനിഞ്ഞ് കൂനിയിരിക്കുന്നത് ശരീരത്തിന്റെ‌ ‌സ്വാഭാവിക നിലയെ തകരാറിലാക്കും. ഇതു തുടർന്നാൽ ഭാവിയിൽ നടുവേദന, തോൾവേദന പോലുള്ള പ്രശ്നങ്ങളും അസ്ഥി–ഡിസ്ക് സംബന്ധമായ തകരാറുകളും ഉണ്ടായേക്കാം. രാത്രിയിലെ മൊബൈൽ കാഴ്ച ഉറക്കം തടസ്സപ്പെടുത്താനിടയാക്കും. ഫലമോ കുട്ടി പിറ്റേന്നു ക്ലാസ്സിൽ ഇരുന്ന് ഉറക്കം തൂങ്ങും. പഠനം അവതാളത്തിലാകും.

എന്നാൽ ടെക്നോളജി ഭാവിയുടെ സാധ്യതയായതിനാൽ അങ്ങനെയങ്ങു തള്ളിക്കളയുന്നത് പ്രായോഗികമല്ല. സുഡോക്കു, സ്പെല്ലിങ് ക്വിസ്, ബ്രെയിൻ ഗെയിം പോലുള്ള ഉപയോഗപ്രദമായ പ്രോഗ്രാമുകൾ ഉണ്ടെന്നതും സത്യമാണ്. ‌എന്നാല്‍ ഇവയുടെ ഉപയോഗം മാതാപിതാക്കളുടെ നിയന്ത്രണത്തിലാകണം. ‌സ്കൂൾ സമയത്തുള്ള ഉപയോഗം തടയുകയും വേണം.

എങ്ങനെ പരിഹരിക്കാം

∙ ക്ലാസ്സിലെ കുട്ടികൾക്കെല്ലാം മൊബൈലുണ്ട്. എനിക്കു മാത്രമാണ് ‌ഇല്ലാത്തത്–ഇത്തരം വാശികളുടെ പേരിൽ കളിപ്പാട്ടം വാങ്ങി നൽകും പോലെ ഫോൺ ‌വാങ്ങരുത്. യഥാർഥത്തിൽ മൊബൈലിന്റെ ആവശ്യം ഉണ്ടോയെന്നു നോക്കുക.

∙ ആത്മാഭിമാനവും ആത്മവിശ്വാസവും ഇല്ലാത്ത കുട്ടികളാണ് കൂട്ടുകാരുടെ ‌പ്രലോഭനങ്ങളിൽ എളുപ്പം വീഴുക. അതുകൊണ്ട് കുട്ടിയുടെ ആത്മവിശ്വാസം ‌കൂട്ടാൻ ശ്രമിക്കുക.

∙ വീട്ടിൽ കുട്ടി ഒറ്റപ്പെടുന്നില്ല എന്നുറപ്പാക്കണം. കുട്ടിയോട് ധാരാളം സംസാരിക്കുക. ഇടയ്ക്ക് ചെറിയ പിക്നിക്കുകൾക്കു കൊണ്ടുപോവുക. പുതിയ ‌സൗഹൃദങ്ങള്‍ ‌ഉണ്ടാക്കാൻ പ്രേരിപ്പിക്കുക. എന്നിവയൊക്കെ നല്ലതാണ്.

∙ എപ്പോഴും കുട്ടിയു‍ടെ ഫോട്ടോയും വിഡിയോയും എടുത്ത് സോഷ്യൽ മീഡിയയിലിടുന്നത് കുറയ്ക്കുക. അല്ലെങ്കിൽ, ‘ഞാൻ വലിയ ആരോ ആണ്’ ‌എന്ന അബദ്ധചിന്ത വേരൂന്നാനും ഭാവിയിൽ മറ്റുള്ളവരുടെ ശ്രദ്ധ തേടുന്ന വ്യക്തിത്വമാകാനും സാധ്യതയുണ്ട്.

∙ ഗാഡ്ജറ്റ് ഉപയോഗത്തിന് നിശ്ചിതസമയം വയ്ക്കുകയാണ് മറ്റൊരു പോംവഴി. കുട്ടി വിഡിയോ ഗെയിം കളിക്കുമ്പോൾ കൂടെക്കൂടാം. സമയപരിധി ‌അനുസരിക്കുന്നില്ലെങ്കിൽ ഉപയോഗം വിലക്കുക.

∙ ഗെയിം കളിക്കുന്ന കുട്ടി ആകപ്പാടെ ഉദ്വേഗത്തിലായിരിക്കും. ഇടയ്ക്ക് ‌വച്ച് കാഴ്ച മുറിഞ്ഞു പോയാൽ‌ ആകെ അസ്വസ്ഥനാകാം. അതുകൊണ്ട് നിശ്ചിത ‌സമയത്തിനുള്ളിൽ തീരുന്ന വിഡിയോകളോ ഗെയിമുകളോ നൽകുക.

∙ നെറ്റ് ഉപയോഗം ലൈംഗികമായ ചൂക്ഷണങ്ങള്‍ക്കിരയാകാൻ കാരണമാകാം. ‌കുട്ടിയുടെ ഓൺലൈൻ കാഴ്ചകളുടെ മേൽ‌ കണ്ണുവേണം.

∙ ഫോണോ ടാബോ കിട്ടാതെ വന്നാൽ അസ്വസ്ഥത, വെപ്രാളം, തലവേദന, കയ്യിൽ കിട്ടുന്ന സാധനങ്ങൾ വലിച്ചെറിയുക. ഇരിപ്പുറയ്ക്കാതെ നടക്കുക. ‌എന്നിവയൊക്കെ അഡിക്ഷന്റെ ലക്ഷണങ്ങളാണ്. നിയന്ത്രിക്കാൻ പ്രയാസമെന്നു തോന്നിയാൽ മനഃശാസ്ത്രവിദഗ്ധനെ കാണിക്കണം.

മൂന്നുവയസ്സിനു മുമ്പുള്ള മൊബൈൽ ഉപയോഗം

രണ്ടു വയസ്സിനു താഴെയുള്ള കുട്ടിയെ സംബന്ധിച്ച് ‘എജ്യൂക്കേഷനൽ ടിവി’ ‌എന്ന ഒന്നില്ല എന്നാണ് അമേരിക്കൻ പീഡിയാട്രിക് അക്കാദമി പറയുന്നത്. അതായത് ടിവിയോ വിഡിയോകളോ ആപ്പുകളോ നൽകുന്ന അറിവുകളെ താങ്ങാൻ പോന്നത്ര ശക്തിയില്ല അവരുടെ കുഞ്ഞുതലച്ചോറിന് എന്ന്. ഈ പ്രായത്തിൽ ‌മൊബൈൽഫോൺ പോലുള്ള ഗാഡ്ജറ്റുകൾ കാണിക്കുന്നത് മാതാപിതാക്കളുമായുള്ള കളി ചിരി സമയം കുറയ്ക്കുകയേ ഉള്ളൂ ‌എന്നാണ് ‌അക്കാദമിയുടെ അഭിപ്രായം. പതിവായി വിഡിയോ ഗെയിം പൊലുള്ളവ ‌കാണുന്ന, സിംഗപ്പൂരിലെ പ്രീസ്കൂൾ കുട്ടികളിൽ നടത്തിയ പഠനത്തിൽ ഗെയിമുകളോട് ‌അഡിക്ഷൻ, കണ്ണുകൾക്ക് ആയാസം, തെറ്റായ ശരീരനില എന്നിവ കണ്ടിരുന്നു. ‌രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിലെ ദീർഘനേര ഗാഡ്ജറ്റ് ഉപയോഗം ‌ശ്രദ്ധക്കുറവ് പഠനത്തകരാറുകൾ, ഗ്രഹണശേഷി സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവയ്ക്കിടയാക്കുമെന്ന് മറ്റൊരു പഠനം പറയുന്നു.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ഗംഗ കൈമൾ
സൈക്യാട്രി വിഭാഗം, മെഡി. കോളജ്, ആലപ്പുഴ, കോട്ടയം

ഡോ. അരുണ്‍ ബി. നായർ.
അസി. പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡി. കോളജ്, തിരുവനന്തപുരം