Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതുകു നശീകരണത്തിനുള്ള ഉപകരണങ്ങൾ വില്ലനാകല്ലേ...

mosquito-coil

കൊതുക് ഇന്നു നമ്മുടെ മുഖ്യ ശത്രുവാണല്ലോ. പ്രത്യേകിച്ചും രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ. പുകയുന്ന കൊതുകുതിരിയായും ഉറക്കമുണരും വരെ അന്തരീക്ഷത്തിൽ ഗന്ധം വമിക്കുന്ന ഇലക്ട്രിക് വേപ്പറൈസറുകളുമൊക്കെയായി കൊതുകിനെ തുരത്താൻ നമ്മൾപെടുന്ന പാട് ചില്ലറയൊന്നുമല്ല. ഇവയ്ക്കൊക്കെയായി പ്രതിമാസം കേരളം ചെലവഴിക്കുന്നതു കോടികളാണ്.

ആരോഗ്യവും നഷ്ടം

ഏതാനും വർഷം മുമ്പുവരെ കത്തിത്തീരുന്ന കോയിലുകളാണു വ്യാപകമായി ഉപയോഗിച്ചിരുന്നത്. അവ സൃഷ്ടിക്കുന്ന പുകയിലെ രാസവസ്തുക്കൾ ശ്വസിക്കുന്നതു വഴിയുണ്ടാകുന്ന രോഗങ്ങൾക്കു പുറമേ, അലർജി രോഗങ്ങളും അത് ഉണ്ടാക്കിയിരുന്നു. മാത്രമല്ല പരിസര മലിനീകരണവും സൃഷ്ടിച്ചിരുന്നു.

പിന്നീടാണ് ഇലക്ട്രിക് ഹീറ്ററുകളിൽ വയ്ക്കുന്ന ചെറിയ ബെഡ്ഡുകൾ ഉപയോഗിച്ചു തുടങ്ങിയത്. അതു പരിഷ്കരിച്ച് ലായനികളിൽ അലിയിച്ച രാസവസ്തുക്കൾ കുപ്പികളിലാക്കി, അതിൽ ഒരു തിരിയിട്ടു ചൂടു പിടിപ്പിച്ച് ഇപയോഗിച്ചു തുടങ്ങി. ഈ തിരികളിലൂടെ വരുന്ന വാതകമാണ് കൊതുകുകളെ, മയക്കിക്കിടത്തുന്നത്. ഇത്തരത്തിലുള്ള എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കുന്നത് അപകടകരങ്ങളായ കീടനാശിനികളുടെ വകഭേദങ്ങളാണ്.

മറ്റു പല കൊതുകുതിരികളിലും ഉപയഗിക്കുന്നതു ‘പൈറത്രം’പോലുള്ള രാസവസ്തുക്കളാണ്. ഇവ ചൂടുകൊണ്ടു വാതകമാകുകയും ആ വാതകം കൊതുകുകളിൽ തട്ടുമ്പോൾ അവയ്ക്കു വിഷമമുണ്ടാവുകയും അവ മുറി വിട്ടു പറന്നു പോകുകയും ചെയ്യും എന്നാണു കണക്കുകൂട്ടൽ.

ശ്വാസതടസം മുതൽ

കൊതുകിനെ തുരത്താൻ ഇത്തരം രാസപ്രയോഗം നടത്തുമ്പോൾ അധികം പേരിലും കണ്ടുവരുന്ന ഒരു പ്രശ്നം ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ്. ആസ്മയുള്ളവരിൽ പലർക്കും രോഗം വഷളാകാനും ഇതു കാരണമാകും. കണ്ണുകളിലെ ചൊറിച്ചിൽ, ചുമ,തലവേദന പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

electric-machine

ദീർഘകാലം ഇത്തരം രാസവസ്തുക്കൾ ശരീരത്തിൽ കടന്നുചെന്നുകൊണ്ടിരുന്നാൽ മാരകമായ ദോഷഫലങ്ങൾ ഉണ്ടാകുമെന്ന് എലികളിലും മറ്റും നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. നവജാത ശിശുക്കൾ ഉറങ്ങിക്കിടക്കുന്ന മുറിയിൽ പോലും ഒരു മടിയും കൂടാതെ ഇത്തരം കൊതുകുനാശിനികൾ നമ്മൾ തുടർച്ചയായി ഉപയോഗിക്കുന്നതിന്റെ ദൂഷ്യങ്ങൾ എന്തൊക്കെയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

സുരക്ഷിതമാകാൻ

കൊതുകു കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതയും അപകടങ്ങളും ഓർക്കുമ്പോൾ അറിഞ്ഞുകൊണ്ടു തന്നെ ഇത്തരം കൊതുകുതുരത്തികളെ ആശ്രയിക്കാൻ നമ്മൾ തയാറാവും. കേരളത്തിൽ ഏറെ വിറ്റഴിയുന്ന ഒരു ലിക്വിഡ് വേപ്പറൈസറിന്റെ പായ്ക്കറ്റിലെ വിശദീകരണക്കുറുപ്പിൽ വളരെ ചെറിയ അക്ഷരത്തിൽ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉപയോഗിക്കുമ്പോൾ ജനലുകളും വാതിലുകളും തുറന്നു വെയ്ക്കണം— എന്നതാണ് ആ മുന്നറിയിപ്പ്. കൊതുകുകടി ഭയന്നു നമ്മളിലെത്രപേർ അതു ചെയ്യും. കൊതുകുവലകൾ പോലുള്ള സുരക്ഷിതമാർഗങ്ങളാണ് ഉത്തമം.

ഏറ്റവും പ്രധാനം കൊതുകു വളരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ്. ഒരു ചിരട്ടിയിൽ കെട്ടിനിൽക്കുന്ന വെള്ളം മറിച്ചു കളയുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് അതിൽ നിന്നും വരാനിരിക്കുന്ന നൂറിൽപരം കൊതുകുകളെയെങ്കിലുമാണ്. അതിനുപകരം അടച്ചിട്ട മുറിയ്ക്കുള്ളിൽ കുറഞ്ഞത് ഏഴെട്ടുമണിക്കൂറിലെങ്കിലും കൊതുകിനെ പേടിച്ചു വിഷവാതകം ശ്വസിക്കുന്നത് ഒരു തരത്തിലും സുരക്ഷിതമല്ല.

ദോഷഫലങ്ങൾ കുറയ്ക്കാൻ

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊതുകുതിരിയും, മൊസ്കിറ്റോ മാറ്റും വേപ്പറൈസറും ഉപയോഗിക്കുമ്പോഴുള്ള ദോഷഫലം കുറയ്ക്കാം.

1. ഉപയോഗിക്കുന്ന സമയം മുഴുവൻ ജനാലകളും വാതിലുകളും തുറന്നു വെയ്ക്കുക.

2. കിടക്കുന്നതിനു ഒരു മണിക്കൂർ മുൻപെങ്കിലും അവ ഓഫ് ചെയ്യുകയോ മുറിയിൽ നിന്നും മാറ്റുകയോ ചെയ്യുക.

3. കൊച്ചു കുട്ടികളുടെ മുറിയിൽ ഉപയോഗിക്കാതിരിക്കുക.

4. ശ്വാസംമുട്ടലോ ഏതെങ്കിലും വിധത്തിലുള്ള ശാരീരാസ്വസ്ഥതകളോ ഉള്ളപ്പോൾ തീർത്തും ഒഴിവാക്കുക.

5. അലർജി പ്രശ്നങ്ങൾ നീണ്ടു നിൽക്കുന്നുവെങ്കിൽ ഇവ ഒഴിവാക്കി പരീക്ഷിക്കുക.

6. ആഹാര സാധനങ്ങൾ അടച്ചുവച്ചിരിക്കുകയാണെന്ന് ഉറപ്പാക്കുക.