Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്ങനെ കൊതുകിനെ കൊല്ലാം?

mosquito-bite

കൊതുകിനെ കൊല്ലുവാൻ എന്തുനല്ലൂ ഗരുഡരേ എന്നു വിളിച്ചു നോക്കൂ...

ഒരു കുഞ്ഞുണ്ണിക്കവിതയാണ് ഇത്. ഒരാളെ നശിപ്പിക്കുവാൻ വെറുതേ മുഖസ്തുതി പറഞ്ഞാൽ മതി എന്നാണ് വരികളുടെ സാരം. പക്ഷേ കൊതുകിനെ കൊല്ലുവാൻ എന്തുനല്ലൂ? എന്നതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. പ്രത്യേകിച്ചും നാട്ടിൽ മുഴുവൻ ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന ഇക്കാലത്ത്.

ലോകത്തിൽ ഏറ്റവും അധികം ആളുകളെ കടിച്ചു കൊല്ലുന്ന ജീവികൾ കൊതുകുകളാണ്. രണ്ടാംസ്ഥാനത്തു പാമ്പുകൾ, മൂന്നാം സ്ഥാനത്തു പട്ടികൾ, ഇങ്ങനെ പോകുന്നു കണക്കുകൾ. മറ്റ് മരണങ്ങളുടെ എണ്ണം കൊതുകു കാരണമുളള മരണങ്ങളുടെ ഒരു ശതമാനം പോലും വരികയില്ല. മലേറിയ, മന്ത്, ജപ്പാൻ ജ്വരം, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും കണ്ടുവരുന്ന മഞ്ഞപ്പനി (Yellow fever) രോഗം തുടങ്ങി ഇപ്പോള്‍ നാം എല്ലാവരും ചർച്ച ചെയ്യുന്ന ‘സിക്ക’ (Zika) വരെ നീളുന്നതാണു കൊതുകുജന്യ രോഗങ്ങളുടെ ശൃംഖല.

രോഗം പരത്തുന്ന കൊതുകുകൾ

എല്ലാ കൊതുകുകളും രോഗം പരത്താറില്ല. ഉദാഹരണത്തിനു മിക്കപ്പോഴും മൂളിക്കൊണ്ട് ആക്രമിക്കുന്ന ചാരനിറത്തിലുളള വലിയ കൊതുകുകൾ ‘ആർമിജിറസ്’ വിഭാഗത്തിൽപ്പെട്ടതാണ്. അവ രോഗങ്ങൾ പരത്തുന്നില്ല. അതേ സമയം ഡെങ്കിപ്പനി തുടങ്ങി സിക്ക വരെ പരത്താന്‍ ശേഷിയുളള ‘ഈഡിസ്’ കൊതുകുകൾ നമ്മുടെ നാട്ടിൽ വ്യാപകമാണ്. മലമ്പനി പരത്തുന്ന അനോഫിലസ് കൊതുകുകള്‍, മന്തും ജപ്പാൻ ജ്വരവും പരത്തുവാൻ ശേഷിയുളള ക്യൂലക്സ് കൊതുകുകൾ, മന്തുരോഗം പരത്തുവാന്‍ ശേഷിയുളള മറ്റൊരിനം കൊതുകായ ‘മാൻസോണിയ’ തുടങ്ങിയവയും വ്യാപകമായി കാണപ്പെടുന്നു. ഇവയിൽ ഈഡിസ് കൊതുകുകളാണു സാന്ദ്രതയിൽ മുന്നിൽ എന്നതിനാൽ പടർന്നു പിടിക്കാൻ ഏറ്റവും സാധ്യതയുളള രോഗം ഡെങ്കിപ്പനിയാണ്. അതുകൊണ്ടു തന്നെ നാം അടിയന്തിരമായി പ്രാധാന്യം കൊടുക്കേണ്ടത് ഈഡിസ് കൊതുകുകളുടെ നിയന്ത്രണത്തിനാണ്.

നശിപ്പിക്കേണ്ടതെങ്ങനെ?

കൊതുകുകൾക്ക് ജീവിതചക്രമുണ്ട്. അനുയോജ്യമായ സ്ഥലങ്ങളിൽ അവ മുട്ടയിടുന്നു. ദിവസങ്ങൾക്കുള്ളിൽ മുട്ടവിരിഞ്ഞു കൂത്താടികൾ ഉണ്ടാകുന്നു. അഞ്ചു മുതൽ ഒൻപതു ദിവസങ്ങൾക്കുള്ളിൽ കൂത്താടികൾ കൊതുകുകളായി രൂപാന്തരപ്പെടുന്നു. കൊതുകുകളുടെ വർധനവ് തടയുന്നതിനോ അവയെ നശിപ്പിക്കുന്നതിനോ ഈ മൂന്നു ഘട്ടങ്ങളിലും നമുക്ക് ഇടപെടാൻ കഴിയും. അതായത്

∙ കൊതുകുകൾ നമ്മുടെ വാസസ്ഥലങ്ങൾക്കടുത്ത് മുട്ടയിടുന്നതു തടയുക.
∙ കൂത്താടികളെ നശിപ്പിക്കുക.
∙ കൊതുകുകളെ നശിപ്പിക്കുകയോ അകറ്റി നിർത്തുകയോ ചെയ്യുക.

ഇതിൽ മൂന്നാമത്തെ തന്ത്രമാണു നാം പൊതുവേ പയറ്റാറുളളത്. എന്നാൽ ഈ മാർഗത്തിനു ചില ബലഹീനതകളുണ്ട്. ഉദാഹരണത്തിന് നാം കൊതുകകളെ അകറ്റിനിർത്തുവാൻ ഏറ്റവും അധികം ഉപയോഗിക്കുന്ന മാര്‍ഗം ലിക്വിസൈറ്റുകൾ, മാറ്റുകൾ തുടങ്ങിയവയാണ്. ചിലപ്പോഴൊക്കെ കൊതുകുതിരികളും ഉപയോഗിക്കുന്നുണ്ടാകാം. ഇതിലെല്ലാം ഉപയോഗിക്കുന്നത് പൈറിത്രം എന്ന വിഷവസ്തുവാണ്. മറ്റു ചില വിഷവസ്തുക്കളും അപൂർവമായി ഉപയോഗിക്കുന്നുണ്ട്. വൈദ്യുതിയുടെ സഹായത്തോടെയോ അല്ലാതെയോ ഈ വിഷവസ്തുവിനെ അന്തരീക്ഷത്തിലേക്കു വ്യാപിപ്പിക്കുകയും കൊതുകുകളെ അകറ്റി നിർത്തുകയുമാണ് ചെയ്യുന്നത്. വായുവിലേക്ക് പടരുന്ന ചെറിയ ഡോസിലുളള വിഷവസ്തുക്കൾ ചിലരിലെങ്കിലും ആസ്മപോലെയുളള രോഗങ്ങൾക്കു കാരണമാകുന്നു എന്നതാണു ദോഷം. പുകയ്ക്കൽ(ഫോഗിങ്), കൊതുകുവല, കൊതുക് ബാറ്റ് എന്നീ മാർഗങ്ങളിലൂടെയും കൊതുകശല്യം കുറയ്ക്കാം. എന്നാൽ ഡെങ്കിപ്പനി പരത്തുന്ന ഈ‍ഡിസ് കൊതുകുകൾ കടിക്കുന്നതു രാത്രിയിലല്ല. മറിച്ചു നാം കിടപ്പുമുറിക്കോ വീടിനു തന്നെയോ പുറത്തായിരിക്കുന്ന പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമാണ്. അതിനാല്‍ ഡെങ്കിപ്പനി തടയാൻ ഈ മാർഗം ഫലപ്രദമേ അല്ല.

കൊല്ലുവാന്‍ ഏന്തുനല്ലൂ?

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളെ തുരത്താന്‍ എന്താണു മാർഗം?

∙ ഈ കൊതുകുകൾ ചിരട്ടകൾ, ടയറുകൾ, മുട്ടത്തോടുകള്‍, പ്ലാസ്റ്റിക് വസ്തുക്കൾ, ചെടിച്ചട്ടികൾ തുടങ്ങിയ ചെറിയ വെളളക്കെട്ടുകളിലാണു മുട്ടയിട്ടു പെരുകുന്നത്. അതുകൊണ്ടുതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
∙ ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലെ വെളളം, വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ തുടങ്ങിയ ഇടങ്ങളില്‍ ഈഡിസ് ഈജിപ്തി കൊതുകുകളെ കൂടുതൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാധ്യതകൾ ഇല്ലാതാക്കുക.
∙ രാവിലെയും വൈകുന്നേരവും പുറത്തിറങ്ങുമ്പോഴും കുട്ടികളെ കളിക്കാൻ വിടുമ്പോഴും ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക/ധരിപ്പിക്കുക.
∙ ആഴ്ചയിൽ ഒരിക്കൽ വീടിനു പുറത്തിറങ്ങി നടന്നു ചുറ്റും വെള്ളം കെട്ടി കൂത്താടികൾ ഉണ്ടാകുന്നതിനുളള സാഹചര്യമില്ല എന്ന് ഉറപ്പാക്കുക. ഇതിനു ഡ്രൈ ഡേ ആചരണം എന്നാണു പറയുക.
∙ കൊതുകുകടി കൂടുതൽ ഏൽക്കാൻ സാധ്യതയുളള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവര്‍ (ഉദാഹരണത്തിന് തോട്ടം തൊഴിലാളികൾ, ടാപ്പിങ് തൊഴിലാളികൾ) തുടങ്ങിയവർ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ഉപയോഗിക്കുക. ലേപനങ്ങളും ഉപയോഗിക്കാവുന്നതാണ്.
∙ മഴക്കാലത്തു റബർ ചിരട്ടകൾ കമഴ്ത്തി വയ്ക്കേണ്ടതാണ്.
∙ ചപ്പുചവറുകള്‍ പുറത്തേക്ക് വലിച്ചെറിയാതെ ഇരിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധ ശീലം.
∙ പൊതുസ്ഥലങ്ങൾ, നിരത്തുകൾ, നീർത്തടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൊതുകുകൾ പെരുകുന്ന അവസ്ഥ തടയുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ക്രിയാത്മകമായ ഇടപെടൽ ആവശ്യമാണ്.

ഗന്ധം തേടും കൊതുകുകൾ

∙ ചില ശരീരസ്രവങ്ങളുൾപ്പെടെയുളള ഗന്ധങ്ങൾ കൊതുകുകളെ പ്രത്യേകം ആകർഷിക്കും. അതുകൊണ്ടാണ് ചിലരെ മാത്രം കൊതുകു കൂടുതൽ കടിക്കുന്നത്.
∙കൊതുകു തലയ്ക്കു ചുറ്റും മൂളിപ്പറക്കുന്നതിനു കാരണം മൂക്കിൽ നിന്നും വായിൽ നിന്നും പുറപ്പെടുന്ന കാർബൺ ഡൈ ഒക്സൈഡ് ആണ്. 100 അടി ദൂരെ നിന്നു പോലും ഈ ഗന്ധമറിയാൻ കൊതുകുകൾക്കു സാധിക്കും.
∙ സാധാരണ കൊതുകുകള്‍ സ്വന്തം വാസസ്ഥലത്തു നിന്ന് 300–500 അടി ദൂരത്തേക്കേ പറക്കൂ. അതിനാൽ പരിസരം വൃത്തിയാക്കിയാൽ കൊതുകുകടി കൊള്ളേണ്ടി വരില്ല.

ഡോ. അനീഷ് ടി.എസ്
അസി. പ്രഫസർ
കമ്യൂണിറ്റി മെഡിസിൻ
ഗവ.മെഡി.കോളജ്
തിരുവനന്തപുരം