Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവജാതശിശുക്കളെ പരിചരിക്കുമ്പോൾ

newborn-care

കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കല്ലേ... ചില അമ്മമാർ മക്കളെ പരിചരിക്കുന്നതു കാണുമ്പോൾ തല മുതിർന്നവർ പറയുന്നതാണിത്. പലർക്കും കുഞ്ഞുങ്ങളെ പരിചരിക്കുന്ന കാര്യത്തിൽ പേടിയാണ്. മുതിർന്നവർ പലപ്പോഴും പറയുന്ന കാര്യങ്ങൾ പഴമക്കാരുടെ ഓരോരോ തമാശകൾ, അങ്ങനെയൊന്നുമല്ല വേണ്ടതെന്നു പറഞ്ഞ് തള്ളുന്ന ന്യൂജെൻ അമ്മമാരാണ് ഇപ്പോഴുള്ളത്. കുഞ്ഞിനെ കുളിപ്പിക്കുന്ന കാര്യം മുതൽ കണ്ണെഴുതി വാലിട്ട് പൊട്ടു തൊടുവിക്കുന്നതു വരെയുള്ള കാര്യങ്ങളിൽ വരെ സംശയങ്ങളാണ്. സർവതിലും മായം കലർന്ന ഈ കാലത്ത് കുഞ്ഞുങ്ങൾക്ക് അതിൽ നിന്നും മുക്തി നൽകി വീട്ടിൽതന്നെ എണ്ണയും കൺമഷിയും ഉണ്ടാക്കി പേടി കൂടാതെ ഉപയോഗിക്കാൻ ഇതാ ചില വഴികൾ.

1. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്ത കുഞ്ഞാണെങ്കിൽ ദിവസവും എണ്ണതേച്ച് കുളിപ്പിക്കണം. തേങ്ങാ വെന്ത വെളിച്ചെണ്ണയാണ് കുടുതൽ നല്ലത്. ഇതു വീട്ടിൽ തന്നെ തയാറാക്കാവുന്നതാണ്.

രണ്ടോ മൂന്നോ തേങ്ങയുടെ പാലെടുക്കുക. ഇത് ഓട്ടുരുളിയിലോ ചീനച്ചട്ടിയിലോ വേവിക്കുക. നന്നായി ഇളക്കിക്കൊടുക്കുകയും വേണം. കുറച്ചു കഴിയുമ്പോൾ എണ്ണ തെളിയും. അപ്പോൾ അടിയിലുണ്ടാകുന്ന മട്ട് ബ്രൗൺ നിറമാകുമ്പോഴോ നെല്ല് അതിലേക്കിട്ട് മലരാകുന്ന പാകത്തിലോ വാങ്ങുക.

2. കുളിക്കാനുള്ള വെള്ളത്തിൽ പനിക്കൂർക്ക ഇലയും തുളസിയിലയും ചേർത്ത് വെയിലത്തോ അടുപ്പിലോ വച്ച് ഇളം പരുവത്തിൽ ചൂടാക്കുക. ഇതിലേക്ക് വീണ്ടും പച്ചവെള്ളം ഒഴിക്കാതിരിക്കുക. നാൽപ്പാമരപ്പൊടി ചേർത്ത് ചൂടാക്കിയ വെള്ളമായാലും മതി. ഇത് ഒരു പരിധിവരെ രോഗങ്ങൾ അകറ്റാൻ സഹായിക്കും.

3. വിപണിയിൽ കിട്ടുന്ന ബേബി സോപ്പുകളുടെ ഉപയോഗം കഴിവതും കുറച്ച് പകരം ചെറുപയർ കഴുകി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം

4. കുളി കഴിഞ്ഞ് കണ്ണെഴുതിക്കാൻ ആയുർവേദവിധി പ്രകാരമുള്ള കൺമഷി വീട്ടിൽത്തന്നെ തയാറാക്കാം. ഇത് കണ്ണിനു കുളിർമയും കറുത്ത പീലികൾ ഉണ്ടാകാനും സഹായിക്കും. പൂവാൻകുറുന്നിലയും കയ്യോന്നിയും സമൂലമെടുത്ത് അരച്ച് ചാറുണ്ടാക്കുക. ഇതിൽ ചെറിയ കഷണം അലക്കിയ വെള്ളത്തുണി മുക്കി നിഴലത്തുണക്കുക. നീര് തീരുന്നിടം വരെ തുണി അതിൽ മുങ്ങി ഉണങ്ങുന്നത് നന്ന്. ഈ തുണി തെറുത്ത് ഒരു ഓട്ടുവിളക്കിൽ ശുദ്ധമായ വെളിച്ചെണ്ണയോ ആവണക്കണ്ണയോ നല്ലെണ്ണയോ ചേർത്ത് കത്തിക്കുക. ഈ ദീപനാളത്തിൽ തട്ടത്തക്ക വിദത്തിൽ വൃത്തിയാ്കകിയ ഓടിൻകഷണമോ കമത്തോടോ വയ്ക്കുക. കുറച്ചു കഴിയുമ്പോൾ ഓടിൽ നിന്ന് കരി ചുരണ്ടിയെടുക്കാൻ സാധിക്കും. ഈ കരി വൃത്തിയുള്ള പാത്രത്തിൽ എത്ര നാൾ വേണമെങ്കിലും സൂക്ഷിക്കാം. ആവശ്യമുള്ള കരിയെടുത്ത് ഒരു തുള്ളി ആവണക്കെണ്ണ ചേർത്ത് കൺമഷിയാക്കി ഉപയോഗിക്കാം. എണ്ണ അധികമാകാതെ ശ്രദ്ധിക്കണമെന്നു മാത്രം.

ഇനി കുഞ്ഞിനെ പരിചരിച്ചോളൂ... ആരും നിങ്ങളെ കുറ്റപ്പെടുത്താൻ വരില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.