Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാഫിസ് ബന്ധങ്ങൾ മെച്ചപ്പെടുത്താൻ?

boss-employees

നഗരത്തിലെ പ്രമുഖ ബാങ്കിലെ മാനേജറാണ് വിദ്യ. പ്രായം മുപ്പതോടടുത്ത്. നല്ല കഴിവും മിടുക്കും ജോലിയിൽ ആത്മാർത്ഥയും ഉളള കുട്ടി. അതുകൊണ്ട് തന്നെയാണ് ഇത്രയും ചെറുപ്പത്തിൽ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിൽ മാനേജർ പദവിയിലെത്തിയത്. അതേ വിദ്യ എന്നെ കാണാൻ വരുന്നത് ദയനീയമായ അവസ്ഥയിലായിരുന്നു. വിഷാദത്തിനടിമപ്പെട്ട് , ആത്മഹത്യയുടെ വക്കിലായിരുന്നു ആ കുട്ടി. എന്റെ മുന്നിലിരുന്നു ഏങ്ങലടിച്ചു കരയുന്നതിനിടെ വിദ്യ തന്റെ മനസ്സ് തുറന്നു.

ബാങ്കിലെ സഹപ്രവർത്തകർക്കും കസ്റ്റമേഴ്സിനുമെല്ലാം ഒരുപോലെ പ്രിയപ്പെട്ടവളായിരുന്നു വിദ്യ. പ്രശ്നം വിദ്യയുടെ മേലുദ്യോഗസ്ഥനായ സീനിയർ മാനേജരായിരുന്നു. ദിവസവും കാരണം കണ്ടെത്തി വിദ്യയെ വഴക്കു പറയും. ടാർജെറ്റ് പൂർത്തിയാക്കിയില്ല, കസ്റ്റമേഴ്സിനോട് പെരുമാറാൻ അറിയില്ല. കത്ത് ടൈപ്പ് ചെയ്യുന്നതിൽ മുഴുവൻ തെറ്റുകൾ.. വിദ്യയ്ക്കെതിരെയുളള ചാർജ് ഷീറ്റ് ഇങ്ങനെ നീളും. പലപ്പോഴും സഹപ്രവർത്തകരുടെയും കസ്റ്റമേഴ്സിന്റെയും മുന്നിൽ വച്ചാകും ഈ ശകാരവും അപമാനിക്കലും. ലീവും അനുവദിക്കാറില്ല. ആരോടും മുഖം കറുപ്പിച്ച് മിണ്ടാന്‍‍ പോലും അറിയാത്ത വ്യക്തിയാണ് വിദ്യ. അതുകൊണ്ട് തന്നെ സീനിയർ ശകാരിക്കുമ്പോഴും പ്രതികരിക്കാതെ, വിഷമമെല്ലാം മനസ്സിൽ ഒതുക്കും. ഒരിക്കൽ ബാങ്കിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥർക്ക് സീനിയർ മാനേജറെകുറിച്ച് പരാതി നൽകിയെങ്കിലും ജോലി മെച്ചപ്പെടുത്താൻ വേണ്ടിയാണ് ശകാരം എന്നായി ന്യയീകരണം.

വിദ്യയുടെ ഭർത്താവായ സുനിൽ മറ്റൊരു ജില്ലയിലാണ് ജോലി ചെയ്യുന്നത്. വിദ്യ ബാങ്കിലെ പ്രശ്നങ്ങളെക്കുറിച്ച് സുനിലിനോട് പറയുമെങ്കിലും അയാൾ അതിനൊന്നും വലിയ പ്രാധാന്യം നൽകിയില്ല. ഇടയ്ക്ക് ജോലി രാജിവയ്ക്കുന്ന കാര്യം ആലോചിച്ചുവെങ്കിലും സുനിൽ ആ തീരുമാനത്തോട് യോജിച്ചില്ല. പതിയെ വിദ്യയ്ക്ക് ജോലിക്ക് പോകാൻ മടിയായി. എന്നും എന്തെങ്കിലും അസുഖം. തലവേദന, ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, ഛർദി, ഉറക്കമില്ലായ്മ, മകനോട് അമിതമായി ദേഷ്യം തുടങ്ങി പല പ്രശ്നങ്ങൾ. ഒടുവില്‍ ആത്മഹത്യ അല്ലാതെ മറ്റൊരു വഴി തന്റെ മുന്നിൽ ഇല്ലെന്നു സുനിലിനോട് വിദ്യ പറഞ്ഞപ്പോഴാണ് പ്രശ്നം ഗുരുതരമാണെന്ന് അയാൾ മനസ്സിലാക്കുന്നത്. അങ്ങനെയാണ് വിദ്യയെ സുനിൽ എന്റെ പക്കൽ കൊണ്ടുവരുന്നത്.

വിദ്യയുടെ കാര്യം വിശകലനം ചെയ്യുമ്പോൾ ഒാഫിസ് മേലധികാരികളും മറ്റ് ജീവനക്കാരും പൊതുവായി അറിയേണ്ട ചില കാര്യങ്ങൾ ആദ്യം പറയാം.

ബോസ് ശ്രദ്ധിക്കാൻ

∙ പരസ്പരം ബഹുമാനം നൽകണം. അതായത് മേലുദ്യോഗസ്ഥനാണെങ്കിലും തന്റെ കീഴിലുളളവരെ ബഹുമാനിക്കണം. കാരണം ഒരാൾക്ക് മേലുദ്യോഗസ്ഥൻ അഥവാ ബോസ് എന്ന പദവി ലഭിക്കുന്നത് അയാളുടെ കീഴിൽ ജീവനക്കാർ ഉളളതുകൊണ്ടാണ്. അതുകൊണ്ടുതന്നെ അവരുടെ വ്യക്തിത്വത്തെ മാനിക്കണം.

∙ താൻ ആണ് ശരി എന്ന ചിന്താഗതി അപകടമാണ്.

∙ കീഴുദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുമ്പോൾ വ്യക്തമായി പറയുക. അവരുടെ സംശയങ്ങൾക്ക് കൃത്യമായി ഉത്തരം നൽകണം. അവർ സംശയം ചോദിക്കുമ്പോൾ അസ്വസ്ഥതയും ദേഷ്യവും പ്രകടിപ്പിക്കരുത്.

∙ കീഴിലുളളവരെ ഒരു ജോലി ഏൽപ്പിച്ചു കഴിഞ്ഞാൽ അവരെ പൂർണമായി വിശ്വസിക്കുക. സംശയദൃഷ്ടിയോടെ ഇടയ്ക്കിടെ പരിശോധിക്കേണ്ട ആവശ്യമില്ല.

∙ കീഴുദ്യോഗസ്ഥരില്‍ ഒരാൾ അഭിനന്ദനാർഹമായി എന്തെങ്കിലും ചെയ്താൽ അതിൽ അനുമോദിക്കണം. പക്ഷേ മറ്റു ജീവനക്കാരുടെ മുന്നിൽവച്ചു വേണ്ട. ക്യാബിനിൽ വിളിച്ചു അഭിനന്ദിക്കാം. കാരണം പരസ്യമായുളള അഭിനന്ദനം ബോസിനു ശത്രുക്കളെ ഉണ്ടാക്കാനേ ഉപകരിക്കൂ.

∙ അഭിനന്ദനം മാത്രമല്ല തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നതും പരസ്യമായി വേണ്ട.

∙ വിമർശിക്കാൻ വേണ്ടി വിമർശിക്കരുത്. അതു ജീവനക്കാരുടെ ആത്മവിശ്വാസത്തെ ദുർബലപ്പെടുത്തുകയേയുളളൂ.

∙ജീവനക്കാർ പലതരത്തിലുളളവരാകാം. പല സ്വഭാവങ്ങളും ശീലങ്ങളും ഉളളവരും. ചിലരുടേത് ഒാഫീസിനു ചേരാത്ത ശീലങ്ങളാകാം. അവ ഒറ്റയടിക്ക് മാറ്റാമെന്ന് ചിന്തിക്കരുത്. ക്ഷമയോട് അതിനു വേണ്ടി പ്രവർത്തിക്കുക.

∙ മേലുദ്യോഗസ്ഥൻ എപ്പോഴും സ്ഥിരമായ വ്യക്തിത്വത്തിന് ഉടമയാകണം. സ്വന്തം തീരുമാനങ്ങളും നിലപാടുകളും വേണം.

കീഴ്ജീവനക്കാർ അറിയാൻ

∙ ബോസിനെ എപ്പോഴും വിമർശിക്കരുത്. അങ്ങനെ ചെയ്യുന്ന ഗ്രൂപ്പിലേക്കും പോകരുത്. ചിലപ്പോൾ നിങ്ങൾ കുറ്റം പറയുന്നത് ആര് കേൾക്കരുതെന്ന് വിചാരിക്കുന്നുവോ അവരുടെ ചെവിയിൽ തന്നെ അത് എത്തിപ്പെടാൻ സാധ്യതയുണ്ട്.

∙ ബോസ് എന്തെങ്കിലും കാര്യത്തിനു ദേഷ്യപ്പെട്ടാൽ തിരിച്ചും അതേ തീവ്രതയിൽ പ്രതികരിക്കാൻ പാടില്ല. ദേഷ്യം വരുകയാണെങ്കിൽ മനസ്സിൽ ഒന്നു മുതൽ അഞ്ച് വരെ എണ്ണുക. ദേഷ്യം പതിയെ ശമിക്കും.

∙ മേലുദ്യോഗസ്ഥരോട് പെരുമാറുമ്പോൾ അമിത വിധേയത്വവും പ്രകോപനപരവുമായ സ്വഭാവം വേണ്ട. മിതമായി ഇടപെടുക. പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയുക.

∙ ബോസിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ തലയിടാതിരിക്കുക. എന്നിരുന്നാലും ചെറിയ മൂടുമാറ്റങ്ങൾ ശ്രദ്ധിക്കാം. അതിന്റെ കാരണം അന്വേഷിക്കുകയും ചെയ്യാം. തന്റെ കീഴുദ്യോഗസ്ഥർ തന്നെ കെയർ ചെയ്യുന്നുണ്ടെന്ന തോന്നൽ ബോസിനു സന്തോഷം നൽകും.

കൗണ്‍സിലറുടെ ഡയറി

വിദ്യയുടെ കാര്യത്തിൽ മൂന്നു കാര്യങ്ങളാണ് ചികിത്സയുടെ ഭാഗമായി ഞാൻ നിർദേശിച്ചത്. ആദ്യമായി വിദ്യയോട് കുറച്ചുദിവസം അവധിയെടുത്ത് മാറി നിൽക്കാൻ പറഞ്ഞു. ഒരു മാസമെങ്കിലും നിർബന്ധമായും അവധി വേണമെന്നാണ് പറഞ്ഞത്. സീനിയർ മാനേജർ അവധി അനുവദിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ വനിതാ കമ്മീഷനില്‍ പരാതി നൽകുന്നതുൾപ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്ന ചെറിയ മുന്നറിയിപ്പ് നൽകാനും പറഞ്ഞു. അതോടെ സീനിയർ ലീവ് അനുവദിച്ചു. രണ്ടാമതായി ഭര്‍ത്താവിനൊപ്പം പോയി താമസിച്ച് മനസ്സിലെ വിഷമങ്ങൾ മറന്നു കളയാൻ ഉപദേശിച്ചു. വിദ്യ നന്നായി കഥയും കവിതകളും എഴുതുന്ന വ്യക്തിയായിരുന്നു. അവധികാലയളവിൽ എഴുത്തിലേക്ക് തിരിയാനും നിർദേശിച്ചു. മൂന്നാമതായി വിദ്യയെ കുറച്ചു കൂടി മോട്ടിവേറ്റ് ചെയ്തു. സീയർ അന്യായമായി വഴക്കു പറയുമ്പോൾ ഒന്നും മിണ്ടാതെ പരാജിതയായി കേട്ടു നിൽക്കാതെ സ്വന്തം അഭിപ്രായം തുറന്നു പറയാനുളള തന്റേടം കാണിക്കണമെന്ന് നിർദേശിച്ചു.

ഡോ.കെ.ഗിരീഷ്  

Your Rating: